
ഹെയ്തി താരങ്ങൾ | X.com/@Wolves
1974 ജൂൺ 15: ലോകകപ്പ് ഫുട്‌ബോൾ നാലാം ഗ്രൂപ്പിലെ ഇറ്റലി-ഹെയ്‌തി മത്സരം 46 മിനിറ്റ് പിന്നിട്ടു. ഇറ്റലിയുടെ ഇതിഹാസ ഗോൾകീപ്പർ ദിനോസോഫ് ഗോൾ വഴങ്ങിയിട്ട് 1142 മിനിറ്റുകൾ പിന്നിട്ടിരുന്നു. അപ്പോഴാണ് ഹെയ്തിയുടെ ഫിലിപ്പെ വോർബെ മൈതാനമധ്യത്തിൽനിന്ന് നീണ്ട പാസ് നൽകുന്നത്. പന്ത് സ്വീകരിച്ചത് ഇമ്മാനുവൽ സാനോൻ. ദിനോസോഫ് മുന്നോട്ട് ഓടിവന്നു. ദിനോസോഫിനെ കബളിപ്പിച്ച് സാനോൻ പന്ത് പോസ്റ്റിലേക്കിട്ടു. അതാണ് ലോകകപ്പിൽ ഹെയ്തിയെ അടയാളപ്പെടുത്തിയ നിമിഷം. പക്ഷേ, ആ ലോകകപ്പിൽ കാര്യമായൊന്നും ചെയ്യാനാവാതെ ഹെയ്‌തി മടങ്ങി.
2025 നവംബർ 18: 52 വർഷത്തിനുശേഷം ഹെയ്തി വീണ്ടും ലോകകപ്പിന് യോഗ്യത നേടി. മറ്റുരാജ്യങ്ങളെപ്പോലെ എളുപ്പമായിരുന്നില്ല ഹെയ്തിയുടെ യാത്ര. എതിരാളികൾക്കൊപ്പം സ്വന്തം രാജ്യത്തോടും പൊരുതിയാണ് അവർ ഇക്കുറി ഫുട്ബോൾ ലോകകപ്പിനെത്തുന്നത്.
കോൺകകാഫ് മേഖലയിലെ മൂന്നാംറൗണ്ടിൽ സി ഗ്രൂപ്പിലായിരുന്നു ഹെയ്തി. മുൻപ് ലോകകപ്പുകളിൽ കളിച്ചിട്ടുള്ള ഹോൺഡുറസിനും കോസ്റ്ററീക്കയ്ക്കുമൊപ്പം. നാലാമനായി നിക്കരാഗ്വയും. അവിടെനിന്നാണ് ചരിത്രത്തിലേക്ക് ഡ്രിബിൾ ചെയ്തുകയറിയത്.
പിടിച്ചുകുലുക്കിയ ഭൂകമ്പം
2010 ജനുവരി 12: ഹെയ്തിയെ പിടിച്ചുലച്ച ഭൂകമ്പം. 30 സെക്കൻഡ് നീണ്ട ആ വിറയലിൽ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു. ജീവിതം താറുമാറായി. ഗുണ്ടാവിളയാട്ടവും വെടിവെപ്പും പതിവായി. ഇടയ്ക്കിടെ സംഘർഷവും തുടങ്ങി.
കഴിഞ്ഞവർഷം രാജ്യം കൂടുതൽ ദുരിതത്തിലേക്ക് നീങ്ങി. തലസ്ഥാന നഗരിയായ പോർട്ട് ഔ പ്രിൻസ് ക്രിമിനൽ ഗ്യാങ്ങുകൾ കീഴടക്കി. കെനിയ സന്ദർശനത്തിലായിരുന്ന അന്നത്തെ പ്രധാനമന്ത്രി ഏരിയൽ ഹെന്റിയെ നാട്ടിലേക്ക് തിരികെവരാൻ ഗുണ്ടകൾ അനുവദിച്ചില്ല. അദ്ദേഹം രാജിവെച്ചൊഴിഞ്ഞു. അവരുടെ അഴിഞ്ഞാട്ടം ഇപ്പോഴും തുടരുന്നു. അതുകൊണ്ടുതന്നെ ലോകത്തെ മിക്കരാജ്യങ്ങളും തങ്ങളുടെ പൗരരെ ഹെയ്തി സന്ദർശനത്തിൽനിന്ന് വിലക്കിയിട്ടുണ്ട്. അവിടെയുള്ള എംബസികളും മറ്റു രാജ്യങ്ങൾ അടച്ചു. വിദേശത്തുനിന്ന് ഒരു വിമാനംപോലും അങ്ങോട്ട് പറക്കുന്നില്ല.
ഹെയ്തി കാണാത്ത കോച്ച്
ഫ്രഞ്ചുകാരാൻ സെബാസ്റ്റ്യൻ മിഗ്നെയാണ് ഹെയ്തിയുടെ ഇപ്പോഴത്തെ പരിശീലകൻ. അദ്ദേഹം ഇതുവരെ ഹെയ്തിയിൽ പോയിട്ടില്ലെന്നതാണ് രസകരം. ഫോണിലൂടെ അസോസിയേഷൻ ഭാരവാഹികളെയും പ്രാദേശിക കോച്ചുമാരെയും ബന്ധപ്പെട്ടാണ് അദ്ദേഹം താരങ്ങളെ കണ്ടെത്തുക. കളിക്കാൻ മറ്റാരും വരാത്തതിനാൽ ഹെയ്തി താരങ്ങൾ മറ്റുരാജ്യങ്ങളിലാണ് ക്യാമ്പ് ചെയ്യുന്നതും കളിക്കുന്നതും. കോംഗോ, കെനിയ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ച മിഗ്നെ 2024 മാർച്ചിലാണ് ഹെയ്തിയുടെ ചുമതല ഏറ്റെടുത്തത്.
ഹോംഗ്രൗണ്ട് വിദേശത്ത്!
പോർട്ട് ഔ പ്രിൻസിലെ സിൽവിയോ കറ്റോർ സ്റ്റേഡിയമാണ് ഹെയ്തിയുടെ ഹോം ഗ്രൗണ്ട്. രണ്ടാം റൗണ്ടിലെ ഹോം മത്സരങ്ങൾ കളിച്ചത് ബാർബഡോസിലും അറൂബയിലുമായിരുന്നു. മൂന്നാം റൗണ്ട് കുറസാവോയിലും.
ബ്ലാസ്റ്റേഴ്‌സിനും അഭിമാനിക്കാം
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻതാരമായിരുന്ന ഡങ്കൻസ് നാസണാണ് കോൺകകാഫ് യോഗ്യതാ റൗണ്ടിൽ ടീമിന്റെ ടോപ് സ്കോറർ. 2016-17 സീസണിലാണ് നാസൺ കേരള ടീമിനായി കളിച്ചത്. ബ്ലാസ്റ്റേഴ്‌സിനും കാലിക്കറ്റ് എഫ്സിക്കുംവേണ്ടി കളിച്ച കെർവെൻസ് ബെൽഫോർട്ടും ഗോകുലം കേരളയുടെ മധ്യനിര താരമായിരുന്ന ഫാബിയൻ വോർബെയുമെല്ലാം ഹെയ്തി ദേശീയ ടീമിൽ അംഗങ്ങളായിരുന്നവരാണ്.
Content Highlights: Haiti reach World Cup despite coach having never been to the country
Published: 20 Nov 2025, 04:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented