ബെര്‍ലിന്‍: യൂറോ കപ്പിനുശേഷം ഫുട്ബോളില്‍നിന്ന് വിരമിക്കുമെന്ന് ജര്‍മനിയുടെ റയല്‍ മാഡ്രിഡ് മധ്യനിര താരം ടോണി ക്രൂസ്. സാമൂഹിക മാധ്യമംവഴിയാണ് പ്രഖ്യാപനം നടത്തിയത്. യൂറോ ചാമ്പ്യന്‍ഷിപ്പോടെ സജീവ ഫുട്ബോള്‍ അവസാനിപ്പിക്കുമെന്ന് 34-കാരനായ ക്രൂസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'2014 ജൂലായ് 17-ന് റയല്‍ മാഡ്രിഡിലെ അരങ്ങേറ്റം എന്റെ ഫുട്ബോള്‍ ജീവിതത്തെയും വ്യക്തിജീവിതത്തെയും മാറ്റിമറിച്ചു. ലോകത്തെ ഒരു വന്‍ ക്ലബിലെ അധ്യായത്തിന്റെ തുടക്കമായിരുന്നു അത്. പത്ത് വര്‍ഷങ്ങള്‍ക്കുശേഷം, സീസണിന്റെ അവസാനത്തില്‍ ഈ അധ്യായം അവസാനിപ്പിക്കുകയാണ്. എന്നെ വിശ്വസിക്കുകയും തുറന്ന ഹൃദയത്തോടെ സ്വീകരിക്കുകയും ചെയ്തവര്‍ക്ക് നന്ദി. ആദ്യാവസാനംവരെ തന്ന സ്നേഹത്തിനും സന്തോഷത്തിനും മാഡ്രിഡിലെ സഹപ്രവര്‍ത്തകര്‍ക്ക് പ്രത്യേകം നന്ദി. അതേസമയം യൂറോ കപ്പിനുശേഷം സജീവ ഫുട്ബോള്‍ അവസാനിപ്പിക്കുകയാണെന്നുകൂടി അര്‍ഥമാക്കുന്ന തീരുമാനമാണിത്. ഞാന്‍ എപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, റയല്‍ മാഡ്രിഡാണ് എന്റെ അവസാനത്തെ ക്ലബ്. അതില്‍ സന്തോഷവും അഭിമാനവുമുണ്ട്. ഇത് ഞാന്‍ ശരിയെന്ന് മനസ്സിലാക്കിയ എന്റെ സ്വയം തീരുമാനമാണ്. കരിയറില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സമയത്ത് വിരമിക്കണമെന്നായിരുന്നു ആഗ്രഹം'- ക്രൂസ് പറഞ്ഞു.
2014-ല്‍ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിലെ അംഗമാണ്. റയല്‍ മാഡ്രിഡിനൊപ്പം നാലുതവണ ചാമ്പ്യന്സ്ലീഗ് കിരീടം നേടിയ ക്രൂസിന്, ഒരവസരം കൂടി മുന്നില്‍ നില്ക്കുന്നു. ജൂണ്‍ ഒന്നിന് വെംബ്ലിയില്‍ ഡോര്‍ട്ട്മുണ്ടിനെതിരേ നടക്കുന്ന ചാമ്പ്യന്സ്ലീഗ് ഫൈനലില്‍ കിരീടമുയര്‍ത്തി ക്ലബ് കരിയര്‍ അവസാനിപ്പിക്കാനായിരിക്കും ക്രൂസിന്റെ ശ്രമം. നാലുതഴ ലാലിഗയും ബയേണ്‍ മ്യൂണിക്കിനൊപ്പം മൂന്നുതവണ ബുണ്ടസ്ലിഗയും നേടിയിട്ടുണ്ട്.
2021-ല്‍ ജര്‍മന്‍ ദേശീയ ടീമില്‍നിന്ന് വിരമിച്ച താരം പിന്നീട് ഫെബ്രുവരിയില്‍ മടങ്ങിയെത്തി. ജര്‍മനിയുടെ പരിശീലകന് ജൂലിയന്‍ നേജല്‍സ്മന്റെ പ്രേരണയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ടീമിലെത്തിയത്. ജര്‍മനിക്കുവേണ്ടി 108 മത്സരങ്ങള്‍ കളിച്ച താരം, 17 ഗോളുകള്‍ നേടിയിട്ടുണ്ട്. 2014-ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ടീമിന്റെ സുപ്രധാന താരങ്ങളിലൊരാളായിരുന്നു. അന്ന് സെമി ഫൈനലില്‍ ബ്രസീലിനെതിരേ നേടിയ ചരിത്ര വിജയത്തില്‍ (7-1) രണ്ട് ഗോളുകള്‍ ക്രൂസിന്റെ വകയായിരുന്നു.
Content Highlights: germanys toni kroos retire Ffrom football after euro 2024
Published: 21 May 2024, 07:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented