ദോഹ: ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ താരങ്ങള്‍ പ്രതിഷേധിച്ചതിനു പിന്നാലെ വീണ്ടും മറ്റൊരു പ്രതിഷേധത്തിനു കൂടി വേദിയായി ഖത്തര്‍ ലോകകപ്പ്. വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നതിനെതിരായ ഫിഫയുടെ നിലപാടിനെതിരേ ജര്‍മന്‍ ടീം ഒന്നടങ്കം വാ പൊത്തിപ്പിടിച്ച് പ്രതിഷേധം അറിയിക്കുകയായിരുന്നു.

To advertise here,

ബുധനാഴ്ച ഖത്തറിലെ ഖലീഫ സ്റ്റേഡിയത്തില്‍ ജപ്പാനെതിരായ മത്സരത്തിന്റെ കിക്കോഫിനു തൊട്ടുമുമ്പാണ് ജര്‍മന്‍ ടീം വായ പൊത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

അതേസമയം ജര്‍മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫെയ്‌സര്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ അടുത്ത് വണ്‍ ലൗ ആം ബാന്‍ഡ് ധരിച്ചാണ് മത്സരം കാണാനിരുന്നത്.

ആം ബാന്‍ഡ് ധരിക്കുന്നതിനുള്ള വിലക്ക് സംസാരിക്കാനുള്ള തങ്ങളുടെ അവകാശത്തെ നിരോധിക്കുന്നതിന് തുല്യമാണെന്ന് ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

എല്‍.ജി.ബി.ടി.ക്യു സമൂഹത്തോടുള്ള ഖത്തറിന്റെ നിലപാടില്‍ പ്രതിഷേധം അറിയിക്കുന്നതിനായിരുന്നു മഴവില്‍ നിറത്തിലുള്ള വണ്‍ ലൗ ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങാന്‍ യൂറോപ്യന്‍ ടീമുകള്‍ തീരുമാനിച്ചിരുന്നത്. സ്വവര്‍ഗാനുരാഗം ഖത്തറില്‍ നിയമവിരുദ്ധമാണ്. ഖത്തര്‍ ലോകകപ്പില്‍ 'വണ്‍ ലൗ' ആംബാന്‍ഡ് ധരിക്കാന്‍ ഏഴ് യൂറോപ്യന്‍ രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നത്. ഇംഗ്ലണ്ട്, ജര്‍മനി, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, വെയ്ല്‍സ് ഫുട്ബോള്‍ ഫെഡറേഷനുകളാണ് ഖത്തര്‍ ലോകകപ്പിലെ മത്സരങ്ങളില്‍ തങ്ങളുടെ ടീം ക്യാപ്റ്റന്‍മാരെ 'വണ്‍ ലൗ' ആംബാന്‍ഡ് ധരിപ്പിച്ച് കളത്തിലിറക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ കളത്തിലിറങ്ങുന്നവര്‍ക്കെതിരേ വിലക്കും മഞ്ഞക്കാര്‍ഡ് കാണിക്കുന്നതും അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഫിഫ നിലപാട് കടുപ്പിച്ചതോടെ തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോകാന്‍ യൂറോപ്യന്‍ ടീമുകള്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

ഫിഫ ചട്ടമനുസരിച്ച് ഫുട്ബോള്‍ ഭരണസമിതി അംഗീകരിക്കാത്ത കിറ്റ് ധരിച്ച് കളത്തിലിറങ്ങുന്ന താരങ്ങള്‍ക്ക് ഉടനടി മഞ്ഞക്കാര്‍ഡ് ലഭിക്കും. ഇനി മത്സരത്തിനിടെ ഒരു മഞ്ഞക്കാര്‍ഡ് കൂടി കണ്ടാല്‍ മാര്‍ച്ചിങ് ഓര്‍ഡറും ലഭിക്കും.