ഓക്ക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ സൗഹൃദമത്സരത്തിൽ വൻ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. എതിരില്ലാത്ത അഞ്ചുഗോളിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ന്യൂസിലൻഡിനായി സ്‌ട്രൈക്കർ ജെസ്സെ റൻഡൽ ഇരട്ടഗോളുകൾ നേടി.
മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റിൽ തന്നെ ന്യൂസിലൻഡ് മുന്നിലെത്തി. പ്രതിരോധതാരം ബിജോയ് വർഗീസിന്റെ സെൽഫ് ഗോളാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ന്യൂസിലൻഡ് മുന്നേറ്റം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ പന്ത് ക്ലിയർ ചെയ്യാനുള്ള സഹതാരത്തിന്റെ നീക്കം പാളി. ഷോട്ട് ബിജോയ്‌യുടെ കാലിൽ തട്ടി വലയിലേക്ക് കയറി. ഒരു ഗോൾ അടിച്ചതിന് പിന്നാലെയും ന്യൂസിലൻഡ് മുന്നേറ്റങ്ങൾ തുടർന്നു. കിട്ടിയ അവസരങ്ങളിൽ ഇന്ത്യയും കൗണ്ടർ അറ്റാക്കുകളുമായി കളംനിറഞ്ഞു.
എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് ന്യൂസിലൻഡ് രണ്ട് ഗോളുകൾ കൂടി നേടി. മുന്നേറ്റതാരം ജെസ്സെ റാൻഡൽ 34-ാം മിനിറ്റിലും 43-ാംമിനിറ്റിലും താരം വലകുലുക്കി. അതോടെ ഇന്ത്യ പ്രതിരോധത്തിലായി. രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങിയത്. എന്നാൽ വിങ്ങുകളിലൂടെ മുന്നേറിയ ന്യൂസിലൻഡ് ഇന്ത്യയെ പലകുറി പരീക്ഷിച്ചു. കൃത്യമായി പന്ത് ക്ലിയർ ചെയ്യാൻ സാധിക്കാത്തതും തിരിച്ചടിയായി.
57-ാം മിനിറ്റിൽ തകർപ്പൻ ഹെഡറിലൂടെ ക്രിസ് വുഡ് ന്യൂസിലൻഡിന്റെ നാലാം ഗോളും കണ്ടെത്തി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ ഇന്ത്യക്ക് സാധിച്ചില്ല. രണ്ടാം പകുതിയുടെ അവസാനം ഇന്ത്യ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 74-ാം മിനിറ്റിൽ ഒരു ഗോൾ കൂടി വഴങ്ങിയതോടെ ഇന്ത്യ വൻ പരാജയം ഏറ്റുവാങ്ങി. ലക്ലാൻ ബെയ്‌ലിസാണ് സ്‌കോറർ. 77-ാം മിനിറ്റിൽ ന്യൂസിലൻഡിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. ബിൽ ടുയിലോമയെടുത്ത കിക്ക് വിശാൽ കെയ്ത്ത് തട്ടിയകറ്റിയതോടെ ആറാം ഗോൾ വഴങ്ങിയില്ലെന്ന് മാത്രം. അതോടെ എതിരില്ലാത്ത അഞ്ചുഗോളിന് ന്യൂസിലൻഡ് വിജയിച്ചു.
Content Highlights: India lost 0-5 to New Zealand in a friendly match
Published: 12 Nov 2026, 01:58 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented