വാഷിങ്ടൺ: ലോകകപ്പിൽ എക്വഡോറിനോടേറ്റ തോൽവിക്കു പിന്നാലെ ജർമൻ ക്യാമ്പിൽ ഭിന്നത. ഗ്രൂപ്പ് ഇ-യിൽ തങ്ങളുടെ അവസാന മത്സരം കളിച്ച ജർമനിക്ക്, വിജയിക്കണമെന്ന വാശിക്ക് കുറവില്ലായിരുന്നുവെന്ന് കോച്ച് ജൂലിയൻ നാഗൽസ്മാൻ. ഈ വാദങ്ങളെ ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ചും സ്ട്രൈക്കർ ഡെനിസ് ഉൺഡാവും തള്ളി. കുറാസോ, ഐവറി കോസ്റ്റ് എന്നീ ടീമുകളോട് ജയിച്ച് ജർമനി ഇതിനകംതന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്നു.

To advertise here,

തോൽവിക്ക് കാരണം എക്വഡോറിന്റെ കടുത്ത പോരാട്ടവീര്യമാണെന്നാണ് ഐവറി കോസ്റ്റിനെതിരായ മത്സരത്തിൽ ഇരട്ടഗോൾ നേടിയ ഡെനിസ് ഉൺഡാവ് വ്യക്തമാക്കിയത്. ജർമനിയേക്കാൾ കൂടുതൽ വിജയം ആഗ്രഹിച്ചത് എക്വഡോറാണെന്നും, 100 ശതമാനം വീര്യത്തോടെയാണ് അവർ കളിച്ചതെന്നും ഉൺഡാവ് പറഞ്ഞു. കിമ്മിച്ചും ഈ അഭിപ്രായം ശരിവെച്ചു. വിജയത്തിനായി എതിരാളികൾ കാണിച്ച അത്ര ദൃഢനിശ്ചയം തങ്ങളുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നും എക്വഡോർ ഈ വിജയം അർഹിച്ചിരുന്നുവെന്നും കിമ്മിച്ച് കൂട്ടിച്ചേർത്തു.

എന്നാൽ, കളിക്കാരുടെ ഈ വാദങ്ങളെ വിഡ്ഢിത്തമെന്നാണ് നാഗെൽസ്മാൻ വിശേഷിപ്പിച്ചത്. കളിക്കാർക്ക് ആത്മാർഥത കുറവായിരുന്നു എന്ന രീതിയിലുള്ള കേവലമായ ന്യായീകരണങ്ങൾ ദയവായി നിർത്തണം. ആദ്യ ഗോൾ നേടിയതിന് തൊട്ടുപിന്നാലെ പൊസിഷനിങ്ങിൽ വരുത്തിയ തന്ത്രപരമായ പിഴവുകളാണ് താൽവിക്ക് കാരണമായത്. നിലനിൽപ്പിനായി ജീവൻമരണ പോരാട്ടം നടത്തിയ എക്വഡോർ സർവശക്തിയും പുറത്തെടുത്ത് കളിച്ചപ്പോൾ തങ്ങളുടെ തന്ത്രങ്ങൾ പാളുകയായിരുന്നു. അല്ലാതെ കളിക്കാർ ആരുംതന്നെ നൂറുശതമാനം നൽകാതിരുന്നിട്ടില്ലെന്നും നാഗെൽസ്മാൻ വ്യക്തമാക്കി.