ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിലെ വിജയികൾക്ക് ട്രോഫിക്കും സ്വർണ മെഡലിനും പുറമെ ഇത്തവണ ഒരു സർപ്രൈസ് സമ്മാനവും. ഫൈനൽ വിജയികൾക്ക് ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ സമ്മാനമായി നൽകാൻ ഫിഫ തീരുമാനിച്ചിരിക്കുകയാണ്. ട്രോഫിക്കും സ്വർണ മെഡലുകൾക്കും പുറമെയാണ് ഈ പുതിയ ബഹുമതി വിജയികൾക്ക് ലഭിക്കുന്നത്. അമേരിക്കൻ കായിക പാരമ്പര്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിക്കുന്ന ഈ പ്രത്യേക മോതിരങ്ങൾ ഫൈനലിൽ വിജയിക്കുന്ന ടീമിലെ അംഗങ്ങൾക്കാണ് ലഭിക്കുക.

To advertise here,

ലോകകപ്പിന്റെ വർഷത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ആകെ 2,026 മോതിരങ്ങളാണ് ഫിഫ നിർമിക്കുന്നത്. ഇതിൽ 30 എണ്ണം വിജയിക്കുന്ന ടീമിലെ അംഗങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു. ബാക്കിയുള്ള 1,996 മോതിരങ്ങൾ ലോകമെമ്പാടുമുള്ള ആരാധകർക്കായി ഔദ്യോഗിക ഉത്പന്നമായി വിപണിയിലെത്തും.

ഓരോ മോതിരത്തിന്റെയും ഒരു വശത്ത് ഫിഫ ലോകകപ്പ് ട്രോഫിയും മറുവശത്ത് വിജയിക്കുന്ന ടീമിനെ പ്രതിനിധീകരിക്കുന്ന അടയാളങ്ങളും ഉണ്ടായിരിക്കും. ഓരോ മോതിരവും പ്രത്യേകമായി നമ്പറിട്ട്, അത് ലഭിക്കുന്ന ആളിന്റെ വിരലിന് അനുയോജ്യമായ രീതിയിൽ തയ്യാറാക്കിയതായിരിക്കും. ഇതിനൊപ്പം ആധികാരികത തെളിയിക്കുന്ന സർട്ടിഫിക്കറ്റും നൽകും.

ജൂലൈ 19-ന് ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടക്കുന്ന സ്‌പെയിൻ-അർജന്റീന ഫൈനൽ മത്സരത്തിന് ശേഷം വിജയികൾക്ക് ഈ മോതിരങ്ങൾ സമ്മാനിക്കും. ഫൈനലിന് തൊട്ടുപിന്നാലെ ക്യാപ്റ്റനും ഹെഡ് കോച്ചിനും താത്കാലിക മോതിരങ്ങൾ നൽകും. ടീം അംഗങ്ങളുടെ അളവനുസരിച്ച് പ്രത്യേകം തയ്യാറാക്കിയ സ്ഥിരം മോതിരങ്ങൾ പിന്നീട് ഔദ്യോഗിക ചടങ്ങിൽ കൈമാറും.