സൂറിച്ച്: ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയിലേക്ക് സ്വകാര്യനിക്ഷേപകരെ കൊണ്ടുവരാനുള്ള പ്രസിഡന്റ് ജിയാനോ ഇൻഫാന്റിനോയുടെ നീക്കത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ രാജിവെച്ച് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് കാർലോസ് കൊർഡെയ്റോ.

To advertise here,

ഇൻഫാന്റിനോയുടെ ഈ നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി. ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള തീരുമാനത്തെ എതിർക്കുന്നതായി അദ്ദേഹം അറിയിച്ചു. യൂറോപ്യൻ ഫുട്ബോൾ കൂട്ടായ്മയായ യുവേഫ ബഹിഷ്‌കരണ ഭീഷണിയുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഇൻഫാന്റിനോയെ കൂടുതൽ സമ്മർദ്ദത്തിലാക്കിക്കൊണ്ട് കൊർഡെയ്റോ രാജി പ്രഖ്യാപനം നടത്തുന്നത്.

തനിക്ക് ഈ നീക്കത്തിൽ യാതൊരു പങ്കുമില്ലെന്ന് കൊർഡെയ്‌റോ പറഞ്ഞു. ഇത് വളരെ മോശം ഡീലാണ്. ഫുട്‌ബോളിനും ഫിഫയിൽ അംഗങ്ങളായ രാജ്യങ്ങൾക്കും ഇത് ഗുണകരമല്ല. ബില്ല്യൺ ഡോളറിന്മേലാണ് സംഘടനയുടെ നിൽപ്പ്. യാതൊരു കടവുമില്ല. ഇത് ഫുട്‌ബോളിന്റെ ഭാവി പണയപ്പെടുത്തുന്ന നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തിൽ പ്രതിഷേധം കനക്കുകയാണ്.

ഭാവിയിൽ ഫിഫ നടത്തുന്ന ഒരു ടൂർണമെന്റിലും പങ്കെടുക്കില്ലെന്നാണ് യുവേഫയുടെ ഭീഷണി. ലോകകപ്പ് ജേതാക്കളായ സ്പെയിൻ ഉൾപ്പെടെ സംഘടനയിലെ 55 അംഗങ്ങളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും യുവേഫ വ്യക്തമാക്കിയിട്ടുണ്ട്. ജിയാനി ഇൻഫാന്റിനോയുടെ നിർദേശങ്ങൾ അംഗരാജ്യങ്ങൾ വോട്ടെടുപ്പിലൂടെ അംഗീകരിക്കുകയാണെങ്കിൽ യുവേഫ ബഹിഷ്‌കരണത്തിലേക്ക് കടക്കും. പുരുഷ-വനിതാ ലോകകപ്പുകളും ക്ലബ് ലോകകപ്പും ഉൾപ്പെടെയുള്ള എല്ലാ ഫിഫ മത്സരങ്ങളും ഇതോടെ യൂറേപ്യൻ ടീമുകളില്ലാതെ നടത്തേണ്ടിവരും.

ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ നടത്തുന്ന ഫിഫയ്ക്കു കീഴിലെ ഫിഫ ഫോർവേർഡ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് സ്വകാര്യ നിക്ഷേപകരെ കൊണ്ടുവരാനായിരുന്നു ഇൻഫാന്റിനോയുടെ നീക്കം. 40,000 കോടിയുടെ നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. ധനകാര്യ സർവീസ് സ്ഥാപനമായ ജെ.പി. മോർഗനാണ് നിക്ഷേപകരെ കൊണ്ടുവരാൻ ഫിഫയ്ക്കായി പ്രവർത്തിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനായ ജാരദ് കഷ്‌നറുടെ സഹോദരൻ ജോഷ്വ കഷ്‌നറുടെ സ്ഥാപനമായ ത്രീവ് എറ്റേണൽ അടക്കമുള്ള സ്ഥാപനങ്ങൾ മോർഗൻ തയ്യാറാക്കിയ പട്ടികയിലുണ്ട്.

ഫിഫ ഫോർവേഡ് എന്റർപ്രൈസിലെ നിക്ഷേപകർക്ക് നിയന്ത്രണാധികാരമില്ലാത്ത ഓഹരികൾ മാത്രം അനുവദിക്കുക എന്നതാണ് ഇൻഫാന്റിനോയുടെ നിർദേശത്തിലുള്ളത്. അംഗരാജ്യങ്ങൾക്കുമുന്നിൽ വലിയ വാഗ്ദാനം മുന്നോട്ടുവെച്ചാണ് നിക്ഷേപത്തിന് ഇൻഫാന്റിനോ പിന്തുണതേടുന്നത്. നിക്ഷേപം വന്നാൽ 2027-2030 കാലയളവിൽ ഫിഫ ഫാസ്റ്റ് ഫോർവേഡ് പ്രോഗ്രാം വഴി ഫുട്‌ബോൾ വികസനത്തിനായി ഓരോ ഫെഡറേഷനും 190 കോടിരൂപ നൽകും. ഇത് 2035-38 ആകുമ്പോഴേക്കും 230 കോടി രൂപയായി ഉയർത്തും.