
മയാമി:ആദ്യപകുതിയിൽ ഇംഗ്ലണ്ടിന്റെ അടി...രണ്ടാം പകുതിയിൽ ഫ്രാൻസിന്റെ തിരിച്ചടി. മൂന്നാം സ്ഥാനക്കാർക്കായുള്ള തീപാറും പോരാട്ടത്തിൽ ഫ്രാൻസിനെ കീഴടക്കി ഇംഗ്ലണ്ട്. നാലിനെതിരേ ആറുഗോളുകൾക്കാണ് ഇംഗ്ലീഷ് പടയുടെ ജയം. ആദ്യപകുതിയിലാണ് ഇംഗ്ലണ്ട് നാലുഗോളുകൾ നേടുന്നത്. എംബാപ്പെ ഡബിളടിച്ച് ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലെത്തി. 10 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. 22 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും എംബാപ്പെ മാറി.
മത്സരം ആരംഭിച്ചതുമുതൽ തന്നെ ഇരുടീമുകളും ആക്രമണഫുട്‌ബോൾ പുറത്തെടുത്തു. ആദ്യമിനിറ്റുകളിൽ തന്നെ ഇരുടീമുകളും എതിർഗോൾമുഖങ്ങൾ വിറപ്പിച്ചു. മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റിൽ തന്നെ ഇംഗ്ലണ്ട് മുന്നിലെത്തി. ഡെക്ലൻ റൈസാണ് സ്‌കോറർ. മധ്യനിരയിൽ നിന്ന് ഫ്രഞ്ച് താരത്തിന്റെ പാസ് പിടിച്ചെടുത്ത റൈസ് ഒറ്റയ്ക്ക് മുന്നേറി. പിന്നാലെ ബോക്സിന് വെളിയിൽ നിന്ന് തകർപ്പൻ ഷോട്ടിലൂടെ വലകുലുക്കി. ഫ്രഞ്ച് ഗോളിക്ക് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ. ഗോൾ വീണതിന് പിന്നാലെയും ഇംഗ്ലണ്ട് മുന്നേറ്റങ്ങൾ തുടർന്നു. കിട്ടിയ അവസരങ്ങളിൽ കൗണ്ടർ അറ്റാക്കുകളുമായി ഫ്രാൻസും കളംനിറഞ്ഞു. എന്നാൽ ഇംഗ്ലീഷ് പ്രതിരോധത്തെ മറികടക്കാനായില്ല.
18-ാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡുയർത്തി. എസ്രി കോൻസ തകർപ്പൻ ഹെഡറിലൂടെ ഗോളടിച്ചു. സ്‌കോർ 2-0. അതോടെ ഫ്രാൻസ് പ്രതിരോധത്തിലായി. കെയ്നും ബെല്ലിങ്ങാമുമില്ലെങ്കിലും റാഷ്ഫോർഡും സാക്കയും ഫ്രഞ്ച് പ്രതിരോധത്തിന് കടുത്ത വെല്ലുവിളിയുയർത്തി. ഇംഗ്ലീഷ് ആക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ ഫ്രാൻസ് കുഴങ്ങി. ആദ്യപകുതിയുടെ അവസാനം ഫ്രഞ്ച് പട ഗോൾ വാങ്ങിക്കൂട്ടി. 37-ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ബുക്കായോ സാക്ക ലക്ഷ്യം കണ്ടു.
കിടിലൻ മുന്നേറ്റത്തിനൊടുക്കം ഫ്രഞ്ച് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ റാഷ്ഫോർഡിന് മികച്ച അവസരം കിട്ടിയെങ്കിലും ആദ്യം വലകുലുക്കാനായില്ല. എന്നാൽ പന്ത് വിടാതെ ബോക്സിൽ ഫ്രഞ്ച് പ്രതിരോധനിരയെ കബളിപ്പിച്ച റാഷ്ഫോർഡ് സാക്കയ്ക്ക് പാസ് നൽകി. ഗോളിയടക്കം മുന്നിൽക്കയറിയതോടെ അനായാസം വലകുലുങ്ങി. അതോടെ സ്‌കോർ 3-0. മധ്യനിരയിൽ നിന്ന് ലഭിച്ച ത്രൂബോൾ തകർപ്പൻ ഫിനിഷോടെ വലയിലാക്കി സാക്ക നാലാം ഗോളും കണ്ടെത്തി.
രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ട് ഫ്രാൻസ് പകരക്കാരെ കളത്തിലിറക്കി. ബാർക്കോളയും ഡെംബലെയും മൈതാനത്തിറങ്ങി. അതോടെ ആക്രമണങ്ങൾക്ക് മൂർച്ചകൂടി. പിന്നീട് ഫ്രാൻസിന്റെ തിരിച്ചടിക്കാണ് സാക്ഷ്യം വഹിച്ചത്. 48-ാം മിനിറ്റിൽ എംംബാപ്പെ തിരിച്ചടിക്ക് തുടക്കമിട്ടു. ഗോൾ നേടിയതോടെ മെസ്സിയെ മറികടന്ന് ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലെത്താൻ താരത്തിനായി. ഒൻപത് ഗോളുകളാണ് എംബാപ്പെ നേടിയത്. എട്ടുഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം. മിനിറ്റുകൾക്കകം ഫ്രാൻസ് രണ്ടാം ഗോളും കണ്ടെത്തി. തകർപ്പൻ ഫിനിഷിലൂടെ ബാർക്കോളയാണ് ലക്ഷ്യം കണ്ടത്. പിന്നാലെ ഇംഗ്ലണ്ടും മുന്നേറ്റങ്ങൾ നടത്തി. അതോടെ മത്സരം കടുത്തു. ആക്രമണങ്ങളുടെ ഒരുനിര തന്നെ മൈതാനത്ത് കണ്ടു.
66-ാം മിനിറ്റിൽ എംബാപ്പെ വീണ്ടും ഇംഗ്ലീഷ് വലകുലുക്കി. അതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി എംബാപ്പെ മാറി. എംബാപ്പെയുടെ ആകെ ഗോൾനേട്ടം 22 ആയി. മെസ്സിക്ക് 21 ഗോളുകളാണുള്ളത്. ഈ ലോകകപ്പിലെ ഗോൾനേട്ടം പത്തായി ഉയർന്നു. പിന്നീട് പലതവണ ഫ്രാൻസ് ഗോളിനടുത്തെത്തി. എന്നാൽ 87-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബുക്കായോ സാക്ക ടീമിന് ജയം സമ്മാനിച്ചു. അതോടെ താരം ഹാട്രിക്കും നേടി. അവസാനനിമിഷം ബെല്ലിങ്ങാമും ഗോൾപട്ടികയിൽ ഇടംപിടിച്ചതോടെ ഫ്രാൻസിനെ കീഴടക്കി ഇംഗ്ലണ്ട് മൂന്നാം സ്ഥാനക്കാരായി മടങ്ങി.
Content Highlights: England and France battle for the 2026 World Cup third-place finish
Published: 19 Jul 2026, 02:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented