Photo: twitter.com/EURO2024
ലണ്ടന്‍: യുവേഫ നേഷന്‍സ് ലീഗിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി. എതിരില്ലാത്ത ഒരു ഗോളിനാണ് ഇറ്റലിയുടെ വിജയം. മറ്റൊരു മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മനി ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി.
ലീഗ് എ ഗ്രൂപ്പ് മൂന്നില്‍ നടന്ന പോരാട്ടത്തില്‍ ഇറ്റലിയ്ക്ക് വേണ്ടി ജിയാകോമോ റസ്പദോറിയാണ് വിജയഗോള്‍ നേടിയത്. യൂറോകപ്പ് ഫൈനലിന് സമാനമായ മത്സരത്തില്‍ 68-ാം മിനിറ്റിലാണ് താരം വിജയഗോള്‍ നേടിയത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ഇംഗ്ലണ്ടിന് ഗോള്‍ നേടാനായില്ല.
ഈ വിജയത്തോടെ ഇറ്റലി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റാണ് ടീമിനുള്ളത്. ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ സാധ്യകള്‍ ഏകദേശം അവസാനിച്ചു. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ത്രീ ലയണ്‍സിന് ഇതുവരെ ഒരു വിജയം പോലും നേടാനായിട്ടില്ല. രണ്ട് സമനിലയും മൂന്ന് തോല്‍വിയുമടക്കം വെറും രണ്ട് പോയന്റുള്ള ഇംഗ്ലണ്ട് ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.
ഈ തോല്‍വിയോടെ പരിശീലകന്‍ ഗരെത് സൗത്ത്‌ഗേറ്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരാധകര്‍ രംഗത്തെത്തി. ലോകത്തിലെ ഏറ്റവും താരമൂല്യമുള്ള ടീമായിരുന്നിട്ടും ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാന്‍ സൗത്ത്‌ഗേറ്റിന് സാധിച്ചിട്ടില്ല.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജര്‍മനിയെ ഹംഗറിയാണ് അട്ടിമറിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഹംഗറിയുടെ വിജയം. 17-ാം മിനിറ്റില്‍ ആദം സലായിയാണ് ടീമിനായി വിജയഗോള്‍ നേടിയത്. മികച്ച നിരയുമായി കളിക്കാനെത്തിയ ജര്‍മനിയുടെ തോല്‍വി അപ്രതീക്ഷിതമായിരുന്നു. ഈ തോല്‍വിയോടെ ജര്‍മനി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തായി. ജര്‍മനിയുടെ സെമി ഫൈനല്‍ സാധ്യതകളും ഏകദേശം അവസാനിച്ചു. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് ടീമിന് നേടാനായത്.
മറുവശത്ത് അട്ടിമറിയിലൂടെ അത്ഭുതക്കുതിപ്പ് നടത്തുന്ന ഹംഗറി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. അഞ്ച് മക്‌സരങ്ങളില്‍ നിന്ന് മൂന്ന് വിജയമടക്കം 10 പോയന്റുമായി ടീം ഏകദേശം സെമി ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.
Content Highlights: england vs italy, england football, italy football, germany vs hungary, germany football, sports new
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..