റൊസാരിയോ: ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ കീഴടക്കിയ ജൂലായ് 15-ാം തീയതി ദേശീയ ഫുട്‌ബോൾ ടീം ദിനമായി ആചരിക്കാൻ അർജന്റീന. അർജന്റീനയുടെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ വിജയങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അർജന്റീന നായകൻ ലയണൽ മെസ്സി ആദ്യമായി ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിനെതിരേ കളിക്കാനിറങ്ങിയ മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് അർജന്റീന ജയിച്ചത്. മെസ്സി രണ്ട് അസിസ്റ്റുകളുമായി തിളങ്ങി.

To advertise here,

ജൂലായ് 15 അർജന്റീനയുടെ ദേശീയ ഫുട്‌ബോൾ ടീം ദിനമായി ആചരിക്കുമെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷനാണ് അറിയിച്ചത്. ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ചരിത്രജയത്തിന്റെ ഓർമയ്ക്കായാണ് ഈ തീയതി തിരഞ്ഞെടുത്തതെന്നും എഎഫ്എ വ്യക്തമാക്കി. കളത്തിനകത്തും പുറത്തും വിവാദങ്ങൾ നിറഞ്ഞുനിന്ന മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം അവിശ്വസനീയമായി അർജന്റീന തിരിച്ചുവരുകയായിരുന്നു.

അർജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കിയേക്കും; ബാനർ ഉയർത്തിയതിൽ കടുത്ത നടപടിക്ക് ബ്രിട്ടൻ

55-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സിന്റെ ക്രോസ് വലയിലെത്തിച്ച് ആന്തണി ഗോർഡനാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. വലതുവിങ്ങിൽ നിന്ന് മോർഗൻ റോജേഴ്‌സ് നൽകിയ ക്രോസ് ആന്തണി ഗോർഡൻ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് തുടർച്ചയായ അർജന്റീന ആക്രമണങ്ങളായിരുന്നു. 69-ാം മിനിറ്റിൽ മെസ്സിയുടെ ക്രോസിൽ നിന്നുള്ള നിക്കോ ഗോൺസാലസിന്റെ ഹെഡർ പിക്‌ഫോർഡ് അദ്ഭുതകരമായി രക്ഷപ്പെടുത്തി. 76-ാം മിനിറ്റിൽ റോഡ്രിഗോ ഡിപോളിന്റെ ക്രോസിൽ നിന്നുള്ള അല്ക്‌സിസ് മാക് അലിസ്റ്ററുടെ ഹെഡർ പോസ്റ്റിലിടിച്ച് മടങ്ങി. തുടർച്ചയായി അർജന്റീന ഇംഗ്ലീഷ് ഗോൾമുഖം വിറപ്പിച്ചുകൊണ്ടിരുന്നു. 85-ാം മിനിറ്റിൽ മെസ്സി ഒരുക്കിയ പാസിൽ നിന്ന് കിടിലനൊരു ലോങ് റേഞ്ചറിലൂടെ എൻസോ ഫെർണാണ്ടസ് വലകുലുക്കിയതോടെ അറ്റ്‌ലാന്റ സ്‌റ്റേഡിയം പ്രകമ്പനം കൊണ്ടു. ഗോൾ നേടിയതിനു പിന്നാലെയും അർജന്റീന ആക്രമണം ശക്തമാക്കി. ഇൻജുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ മെസ്സിയുടെ ക്രോസിന് തലവെച്ച് ലൗട്ടാരോ അർജന്റീനയെ ഫൈനലിലെത്തിച്ചു.

അതേസമയം മത്സരശേഷം ബ്രിട്ടനുമായുള്ള രാഷ്ട്രീയവൈരം വ്യക്തമാക്കുന്ന ഫോക്‌ലൻഡ് ദ്വീപ് തർക്കം സൂചിപ്പിക്കുന്ന ബാനർ ഉയർത്തി അർജന്റീനാ കളിക്കാർ ആഘോഷിച്ചത് വൻ വിവാദമായിരുന്നു. വിജയാഘോഷത്തിനിടെ ഗാലറിയിൽനിന്ന് ആരാധകർ കൈമാറിയ ബാനർ വാങ്ങിയ മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസൊയും ഡിഫൻഡർ നിക്കോളാസ് ഒട്ടാമെൻഡിയും മൈതാനത്ത് പ്രദർശിപ്പിക്കുകയായിരുന്നു. താരങ്ങൾ ഒരുമിച്ച് ഗാലറിയെ അഭിവാദ്യം ചെയ്യുമ്പോഴാണിത്. ‘ലാസ് മാൽവിനാസ് സൺ അർജന്റീനാസ്’ (ഫോക്‌ലൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്നാണ് ബാനറിൽ എഴുതിയിരുന്നത്. കളിക്കാരുടെ ജേഴ്‌സിയിലോ മറ്റു വസ്തുക്കളിലോ രാഷ്ട്രീയവും മതപരമായതുമായ മുദ്രാവാക്യങ്ങളോ പ്രസ്താവനകളോ ചിത്രങ്ങളോ പാടില്ല. ഇത് ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കാം. രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തിയ അർജന്റീനയ്ക്കെതിരേ നടപടിയെടുക്കണമെന്ന് ബ്രിട്ടൻ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു.

സ്‌പെയ്‌നിന് മാത്രമല്ല, ബ്രസീലിനുവേണ്ടിയും മെസ്സിക്ക് കളിക്കാമായിരുന്നു; ഗവേഷണത്തിൽ പുതിയ കണ്ടെത്തൽ   

ഫോക്‌ലൻഡ് ദ്വീപുകൾ

അറ്റ്‌ലാന്റിക് സമുദ്രത്തിൽ, അർജന്റീനയ്ക്ക് സമീപത്തെ പ്രകൃതിമനോഹരമായ ദ്വീപസമൂഹമാണ് ഫോക്‌ലൻഡ് ഐലൻഡുകൾ. ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള പ്രാദേശിക ഭരണകൂടമാണ് അധികാരം കൈയാളുന്നത്. 1832-ൽ ഇവിടെ അവർ തങ്ങളുടെ ഭരണം ഉറപ്പിച്ചു. ലാസ് മാൽവിനാസ് (Las Malvinas) എന്നുവിളിക്കുന്ന ഫോക്‌ലാൻഡിന്റെ പരമാധികാരം തങ്ങൾക്കാണെന്ന് അർജന്റീനയും അവകാശവാദം ഉന്നയിച്ചു. 1982-ൽ അർജന്റീനയും ബ്രിട്ടനും തമ്മിൽ 74 ദിവസം നീണ്ട ഫോക്‌ലൻഡ് യുദ്ധമുണ്ടായി. ആയിരത്തോളം പേർക്ക് ജീവൻ നഷ്ടമായി. യുദ്ധത്തിൽ അർജന്റീന പരാജയപ്പെട്ടു.