സാൾട്ടൻ ഇബ്രാഹിമോവിച്ച് പറഞ്ഞത് കൃത്യം....ഇംഗ്ലണ്ടുകാർ ദൈവത്തിന്റെ കൈ മാത്രമല്ല, ഇടംകാലും കണ്ടു. ആ രണ്ട് അസിസ്റ്റിൽ ഇംഗ്ലീഷുകാരുടെ വിധി കുറിക്കപ്പെട്ടു. മെസ്സിപ്പടയെ പൂട്ടാൻ വന്ന ഇംഗ്ലണ്ട് തോൽവിയോടെ മടങ്ങുന്നു. വീണ്ടുമൊരു അവിശ്വസനീയ തിരിച്ചുവരവ്. 84-ാം മിനിറ്റുവരെ ഒരുഗോളിന് പിറകിൽ നിന്ന അർജന്റീന രണ്ടടിച്ച് ഫൈനലിലേക്ക്. ശ്വാസമടക്കിപ്പിടിച്ചല്ലാതെ അവസാന 15 മിനിറ്റ് കളിപ്രമികൾ കണ്ടുതീർത്തിട്ടുണ്ടാവില്ലെന്നുറപ്പ്. ഇത് ലോകചാമ്പ്യന്മാരുടെ കംബാക്ക്....മെസ്സി മാജിക്കിന്റെ മറ്റൊരു അധ്യായം. ഇനി ഫൈനൽ. യമാലും സംഘവും ആ 39 കാരനെയും കാത്തിരിക്കുകയാണ്.
മത്സരത്തിന്റെ ആദ്യഇലവൻ പുറത്തുവന്നതുമുതൽ തന്നെ ടീമുകളുടെ നയം വ്യക്തമായിരുന്നു. മധ്യനിരയിൽ ആധിപത്യം ഉറപ്പിച്ചുകൊണ്ടുള്ള ആക്രമണങ്ങൾക്കാണ് മുതിരുന്നതെന്ന് വ്യക്തം. അർജന്റീന അവരുടെ മധ്യനിരയിലെ കരുത്തുറ്റ സാന്നിധ്യമായ റോഡ്രിഗോ ഡി പോളിനെ ബെഞ്ചിലിരുത്തി. പകരം ജൂലിയാനോ സിമിയോണിയെ ഇറക്കി. ഇംഗ്ലണ്ട് നിരയിൽ മൂന്ന് മാറ്റങ്ങളുണ്ടായി. റൈറ്റ് ബാക്ക് റീസെ ജെയിംസും മിഡ്ഫീൽഡർ മോർഗൻ റോജേഴ്‌സും ഫുൾ ബാക്ക് സ്‌പെൻസും ഇറങ്ങി. എന്നാൽ മൈതാനത്ത് സ്‌കലോണിയും ടുഷേലും ഒരുക്കിയ പദ്ധതികൾ ആദ്യപകുതി നടപ്പിലായില്ല. മൈതാനത്ത് താരങ്ങൾ പലവട്ടം കൊമ്പുകോർത്തതല്ലാതെ കാര്യമായ നീക്കങ്ങളുണ്ടായില്ല.
ജൂലിയാനോ സിമിയോണി മൈതാനത്ത് ഇറങ്ങിയതിന് പിന്നിൽ വലതുവിങ്ങ് കരുത്തുറ്റതാക്കുക എന്ന ലക്ഷ്യമാണ് സ്‌കലോണി കണക്കുകൂട്ടിയത്. വലതുവിങ്ങിൽ മെസ്സിയും കൂടി ചേർന്ന് നീക്കങ്ങൾ നടത്തുകയും കൃത്യമായ സ്‌പേസ് ഒരുക്കിക്കൊടുക്കുകയുമാണ് കരുതിയിരുന്നത്. മാത്രമല്ല, ത്രൂബോളുകളിലൂടെ വിങ്ങിൽ നിന്ന് മുന്നേറ്റവും പ്രതീക്ഷിച്ചു. എന്നാൽ അത് കാര്യമായി നടപ്പിലാക്കാൻ ആദ്യപകുതിയിൽ സാധിച്ചില്ല. ഇംഗ്ലണ്ട് വിങ്ങുകളിൽ ശക്തമായ പ്രതിരോധക്കോട്ടയൊരുക്കി. പരുക്കൻ കളിയായതോടെ സിമിയോണിയുടെ വഴി മുട്ടി. ഇരുവിങ്ങുകളിൽ നിന്നും കാര്യമായ നീക്കങ്ങൾ നടത്താനും സ്‌കലോണിയും സംഘത്തിനുമായില്ല. മധ്യനിരയിൽ ഡി പോളിന്റെ അഭാവം നിഴലിട്ടു.
പലപ്പോഴും കളി പരുക്കനായി മാറി. ആദ്യ 30 മിനിറ്റിൽ ഇരുടീമുകൾക്കും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ കഴിഞ്ഞില്ല. തുടർച്ചയായ ഫൗളുകൾ കാരണം മത്സരം ഇടയ്ക്കിടെ തടസപ്പെടുകയായിരുന്നു. 37-ാം മിനിറ്റിൽ ലയണൽ മെസ്സിയെ ഫൗൾ ചെയ്തതിന് ഇംഗ്ലണ്ടിന്റെ മധ്യനിര താരം എലിയറ്റ് ആൻഡേഴ്‌സൺ മത്സരത്തിലെ ആദ്യ മഞ്ഞക്കാർഡ് വാങ്ങി. തൊട്ടുപിന്നാലെ 41-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ങാമിന്റെ കൗണ്ടർ അറ്റാക്ക് തടഞ്ഞതിന് അർജന്റീനയുടെ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനസിനും മഞ്ഞക്കാർഡ് ലഭിച്ചു.
മറുവശത്ത് ഇംഗ്ലണ്ടാകട്ടെ വിങ്ങുകളിലൂടെ കൂടുതൽ ആക്രമണം നടത്താനുറച്ചാണ് രണ്ട് ഫുൾ ബാക്കുകളെ ടീമിലെടുത്താണ് കളത്തിലിറങ്ങിയത്. എന്നാൽ വിചാരിച്ചതുപോലെ ആ പദ്ധതി നടപ്പായില്ല. ചെറിയ ചെറിയ മുന്നേറ്റങ്ങളുണ്ടായതൊഴിച്ചാൽ അപകടകരമായ നീക്കങ്ങൾ വിരളമായിരുന്നു. മധ്യനിരയിലും സമാനമായിരുന്നു സ്ഥിതി. അർജന്റീനയുടെ ഇടതുവിങ്ങിലെ ദൗർബല്യം മുതലെടുത്ത് കളിച്ചെങ്കിലും ഫൈനൽ തേർഡിൽ മികച്ചുനിൽക്കാൻ സാധിക്കാത്തത് വിനയായി. ഒരു ലെഫ്റ്റ് വിങ്ങർ ഇല്ലാത്തത് മെസ്സിപ്പടയെയും അലട്ടുന്നത് കണ്ടു. നീക്കങ്ങൾക്ക് പകരം ഇരുടീമുകളും പരുക്കൻ കളി പുറത്തെടുത്തു. ആദ്യപകുതിയിൽ പോസ്റ്റിലേക്ക് ഒറ്റ ഷോട്ടുപോലുമുണ്ടായില്ല. ആകെ അർജന്റീന രണ്ട് ഷോട്ടുകളുതിർത്തപ്പോൾ ഇംഗ്ലണ്ട് ഒരു ഷോട്ടും അടിച്ചു.
രണ്ടാം പകുതിയിൽ ഗോളടി ലക്ഷ്യമിട്ടാണ് ഇരുടീമുകളും ഇറങ്ങിയത്. ഒട്ടേറെ മുന്നേറ്റങ്ങളും നടത്തി. 47-ാം മിനിറ്റിൽ ഹൂലിയൻ ആൽവരസിന്റെ ഷോട്ട് ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡ് രക്ഷപ്പെടുത്തി. പിന്നാലെ 55-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ഗോളെത്തി. വലതുവിങ്ങിൽ നിന്ന് മോർഗൻ റോജേഴ്‌സ് നൽകിയ ക്രോസ് ആന്തണി ഗോർഡൻ വലയിലെത്തിക്കുകയായിരുന്നു. ഗോളിന് പിന്നാലെ അർജന്റീനയുടെ ഭാവം മാറി. ശൈലിയും. പിന്നീട് നിരനിരയായി ആക്രമണങ്ങളായിരുന്നു.
അർജന്റീന മുന്നേറ്റം ശക്തമാക്കാൻ പകരക്കാരെ കളത്തിലിറക്കി. നിക്കോ ഗോൺസാലസ്, റോഡ്രിഗോ ഡി പോൾ, ലൗട്ടാറോ മാർട്ടിനസ്, ഗോൺസാലോ മൊണ്ടിയേൽ എന്നിവർ വന്നു. അതോടെ വിങ്ങുകളിലൂടെയുള്ള ആക്രമണങ്ങൾക്ക് മൂർച്ചകൂടി. നിക്കോ ഗോൺസാലസ് വന്നതോടെ ഇടതുവിങ്ങും മൊണ്ടിയേലും ഡി പോളും വന്നതോടെ വലതുവിങ്ങും കരുത്തുറ്റതായി. മെസ്സിക്ക് കൃത്യമായി സ്‌പേസ് ലഭിച്ചതോടെ താരം നിറഞ്ഞുകളിച്ചു. പിന്നീട് മെസ്സി മാജിക്കിനാണ് സാക്ഷ്യം വഹിക്കുന്നത്. വലതുവിങ്ങിലെ അർജന്റൈൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇംഗ്ലീഷ് താരങ്ങൾ നന്നായി ബുദ്ധിമുട്ടി.
അർജന്റീനയെ പോലെ ഇംഗ്ലണ്ടും പകരക്കാരെ കളത്തിലിറക്കി. എന്നാൽ പ്രതിരോധത്തിനായിരുന്നു ടുഷേൽ ഊന്നൽ നൽകിയത്. ഒരു ഗോൾ ലീഡ് മുതലെടുത്ത് 90 മിനിറ്റ് പിടിച്ചുനിൽക്കാമെന്ന് കണക്കുകൂട്ടിയ ഇംഗ്ലീഷ് പടയ്ക്ക് തെറ്റി. അർജന്റീന ഉണർന്നുകളിച്ചതോടെ ഇംഗ്ലീഷ് പ്രതിരോധം ആടിയുലഞ്ഞു. ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ക്‌ഫോർഡിന്റെ തകർപ്പൻ സേവുകളാണ് ടീമിനെ രക്ഷിച്ചത്. 69-ാം മിനിറ്റിൽ മെസ്സിയുടെ ക്രോസിൽ നിന്നുള്ള നിക്കോ ഗോൺസാലസിന്റെ ഹെഡർ പിക്‌ഫോർഡ് അദ്ഭുതകരമായി രക്ഷപ്പെടുത്തി. 76-ാം മിനിറ്റിൽ റോഡ്രിഗോ ഡിപോളിന്റെ ക്രോസിൽ നിന്നുള്ള അല്ക്‌സിസ് മാക് അലിസ്റ്ററുടെ ഹെഡർ പോസ്റ്റിലിടിച്ച് മടങ്ങി. തുടർച്ചയായി അർജന്റീന ഇംഗ്ലീഷ് ഗോൾമുഖം വിറപ്പിച്ചുകൊണ്ടിരുന്നു. അധികനേരം പിക്ക്‌ഫോർഡിന് പിടിച്ചുനിൽക്കാനായില്ല. പിന്നീട് അർജന്റീനയുടെ അവിശ്വസനീയ തിരിച്ചുവരവാണ് കാണുന്നത്.
85-ാം മിനിറ്റിൽ മെസ്സി ഒരുക്കിയ പാസിൽ നിന്ന് കിടിലനൊരു ലോങ് റേഞ്ചറിലൂടെ എൻസോ ഫെർണാണ്ടസ് വലകുലുക്കിയതോടെ അറ്റ്‌ലാന്റ സ്‌റ്റേഡിയം പ്രകമ്പനം കൊണ്ടു. സ്കോർ 1-1. ഗോൾ നേടിയതിനു പിന്നാലെയും അർജന്റീന ആക്രമണം ശക്തമാക്കി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ മെസ്സിയുടെ ക്രോസിന് തലവെച്ച് ലൗട്ടാരോ മാർട്ടിനസ് വിജയഗോളും കുറിച്ചു. അറ്റ്ലാന്റ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. അർജന്റീന ഫൈനലിലേക്ക്. ഇംഗ്ലീഷുകാർ ഞെട്ടി. മെസ്സിയുടെ രണ്ട് അസിസ്റ്റിൽ ഇംഗ്ലണ്ടുകാരുടെ ഹൃദയം നിലച്ചു. തുടർച്ചയായി രണ്ടാം തവണയും മെസ്സിപ്പട കലാശപ്പോരിലേക്ക്.
Content Highlights: Argentina secured a dramatic comeback victory against England in the 2026 semi-final., Lionel Messi provided two crucial assists in the final minutes to seal the win., Enzo Fernandez and Lautaro Martinez scored the decisive goals for Argentina., Anthony Gordon scored the opening goal for England before the late collapse., Argentina advances to the 2026 final to face Yamal and his team.
Published: 16 Jul 2026, 04:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented