മലയാളി മധ്യനിരതാരം സഹല്‍ അബ്ദുസമദിനെ കൊല്‍ക്കത്ത വമ്പന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് സ്വന്തമാക്കിയതാണോ അതോ പ്രീതം കോട്ടാലിനേയും ഒപ്പം 90 ലക്ഷം രൂപയും കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചതാണോ ലാഭമെന്ന രീതിയുള്ള ചര്‍ച്ചയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിപണിയിലെ ചൂടുള്ള വര്‍ത്തമാനം. താരങ്ങളെ പരസ്പരം കൈമാറുന്ന രീതിയാണ് ഇവിടെ ഇരുക്ലബ്ബുകളും സ്വീകരിച്ചത്. സഹലിന് രണ്ടര കോടി രൂപ ട്രാന്‍സ്ഫര്‍ ഫീ നല്‍കാന്‍ ബഗാന്‍ സമ്മതിച്ചു. കോട്ടാലിന് ഒന്നരകോടിക്ക് മുകളില്‍ നല്‍കാന്‍ ബ്ലാസ്‌റ്റേഴ്‌സും. ഇതില്‍ ലാഭം ഏത് ക്ലബ്ബിനാെന്ന് കാത്തിരുന്നു കാണേണ്ട കാര്യമാണ്. എന്നാല്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ വളര്‍ച്ചയുടെ പാതയിലാണെന്ന് ട്രാന്‍സ്ഫര്‍ വിപണിയിലെ പുതിയ നീക്കങ്ങള്‍ നല്‍കുന്ന സൂചന. 2017-18 സീസണ്‍ മുതലാണ് ഇന്ത്യന്‍ ഫുട്‌ബോളില്‍ ട്രാന്‍സ്ഫര്‍ ഫീ സമ്പ്രദായം വേരുറക്കുന്നത്. അതിനു ശേഷം ക്ലബ്ബുകള്‍ കളിക്കാരുടെ കൈമാറ്റ വിപണിയില്‍ ഇത്രകണ്ട് സജീവമാകുന്നത് ഇതാദ്യം. പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം ബ്ലാസ്റ്റേഴ്‌സ് തന്നെ നാല് കോടിക്ക് മുകളില്‍ ട്രാന്‍സ്ഫര്‍ ഫീയായി നേടിയിട്ടുണ്ട്.

To advertise here,

ട്രാന്‍സ്ഫര്‍ വിപണിയെന്ന മായാലോകം

ഓരോ സീസണിലും രണ്ട് ട്രാന്‍സ്ഫര്‍ വിന്‍ഡോകളിലായി ലോകമെമ്പാടും ശതകോടികളാണ് കളിക്കാര്‍ക്ക് വേണ്ടി ഒഴുകുന്നത്. ക്ലബ്ബുകളുടെ വരുമാനത്തിന്റെ മുഖ്യസ്രോതസ്സാണ് ട്രാന്‍സ്ഫര്‍ ഫീ. ജര്‍മന്‍ ക്ലബ്ബ് ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡ് പോലെയുള്ളവ കളിക്കാരെ ചെറിയ തുകക്ക് ടീമിലെത്തിച്ച് വമ്പന്‍ തുകക്ക് വില്‍ക്കുന്നതില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരാണ്. 

ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ കണക്ക് പ്രകാരം 2022-ല്‍ പുരുഷ-വനിത വിഭാഗങ്ങളിലായി 20,209 ട്രാന്‍സ്ഫറുകളാണ് നടന്നത്. 4770 ക്ലബ്ബുകളാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇടപെട്ടത്. ഇതില്‍ 2843 എണ്ണമാണ് ട്രാന്‍സ്ഫര്‍ ഫീയായി നല്‍കിയത്. ഏതാണ്ട് 53,350 കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. അത്രയും വലുതാണ് ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിപണിയെന്ന് സാരം.

കളിക്കാരുടെ കൈമാറുന്നതിലൂടെ ലഭിക്കുന്ന തുകയാണ് ക്ലബ്ബുകളെ  നിലനിര്‍ത്തുന്ന പ്രധാനഘടകങ്ങളിലൊന്ന്. കളിക്കളത്തിലെ മികവിനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് വിപണിയിലെ ഇടപെടലും. മികച്ച കളിക്കാരെ ചുരുങ്ങിയ വിലക്ക് ടീമിലെത്തിക്കാനും തങ്ങളുടെ കയ്യിലുള്ള താരങ്ങള്‍ മാക്‌സിമം വിലക്ക് കൈമാറാനും  കഴിയുന്ന ക്ലബ്ബുകള്‍ക്ക് സാമ്പത്തികനേട്ടമുണ്ടാക്കാം. ചെറുപ്രായത്തില്‍ മികച്ച കളിക്കാരെ ടീമിലെത്തിച്ച് വമ്പന്‍ നേട്ടമുണ്ടാക്കുന്നതില്‍ സമീപകാലത്ത് ഡോര്‍ട്മുണ്‍ഡ്, മൊണാക്കോ, പോര്‍ട്ടോ ക്ലബ്ബുകള്‍ വിജയിച്ചിട്ടുണ്ട്. മികച്ച കളിക്കാരെ ടീമിലെത്തിക്കുന്നതില്‍ റയല്‍ മഡ്രിഡ്, മാഞ്ചെസ്റ്റര്‍ സിറ്റി എന്നിവക്ക് പ്രത്യേക കഴിവുണ്ട്. കളിക്കാരെ നേടുന്നതില്‍ പണമൊഴുക്കുന്ന കാര്യത്തില്‍ ചെല്‍സിയേയും പി.എസ്.ജിയേയുമൊന്നും വെല്ലാന്‍ ടീമുകളുമില്ല.

ഇന്ത്യന്‍ ട്രാന്‍സ്ഫര്‍ വിപണി

2014-ല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആദ്യസീസണ്‍ ആരംഭിച്ചതിന് ശേഷമാണ് ട്രാന്‍സ്ഫര്‍ ഫീ അടക്കമുള്ള കാര്യങ്ങളില്‍ കാര്യമായി ചര്‍ച്ച നടക്കുന്നത്. അതുവരെ അമച്വര്‍ രീതിയാണ് ഇന്ത്യയിലെ ക്ലബ്ബ് ഫുട്‌ബോള്‍ മുന്നോട്ടുപോയിരുന്നത്. ഓരോ വര്‍ഷത്തേക്കും കളിക്കാരുമായി കരാറുണ്ടാക്കുകയും  സീസണ്‍ കഴിയുമ്പോള്‍ മന്ദഗതിയിലാകുകയുമായിരുന്നു ഇന്ത്യന്‍ ഫുട്‌ബോളിന്റെ രീതി. എന്നാല്‍, പ്രൊഫഷണലിസത്തിന്റെ പുത്തന്‍ രീതികളുമായി സൂപ്പര്‍ ലീഗ് അവതരിച്ചതോടെ കാര്യങ്ങള്‍ മാറി. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ മികച്ച സംപ്രേഷണവും റിലയന്‍സിന്റെ മികച്ച സംഘാടനവും കേരള ബ്ലാസ്റ്റേഴ്‌സ് പോലുള്ള ക്ലബ്ബുകളുടെ മികച്ച ഫാന്‍ ബെയ്‌സും ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ ദിശാബോധം നല്‍കി.

2018-ല്‍ വിങ്ങര്‍ മൈക്കള്‍ സൂസെരാജിന്റെ കൈമാറ്റമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ മാറ്റത്തിന് തുടക്കമിടുന്നത്. ഐ ലീഗ് ക്ലബ്ബ് ചെന്നൈ സിറ്റിയില്‍ നിന്നാണ് സൂസെരാജിനെ സൂപ്പര്‍ ലീഗ് ക്ലബ്ബ് ജംഷേദ്പുര്‍ എഫ്.സി. സ്വന്തമാക്കുന്നത്. 25 ലക്ഷം രൂപയാണ് ട്രാന്‍സ്ഫര്‍ ഫീയായി നല്‍കിയത്. തൊട്ടടുത്ത വര്‍ഷം കൊല്‍ക്കത്ത ക്ലബ്ബ് എ,ടി.കെ. സുസെരാജിനെ റിലീസിങ് ക്ലോസ് (വിടുതല്‍ തുക) നല്‍കിയാണ് ടീമിലെത്തിക്കുന്നത്. 90 ലക്ഷം രൂപയാണ് താരത്തിനായി ബഗാന്‍ ജംഷേദ്പുരിന് നല്‍കിയത്. സുസെരാജിനെ ജംഷേദ്പുര്‍ വിട്ടുനല്‍കാന്‍ വിമുഖത കാണിച്ചതോടെയാണ് കരാറിലുണ്ടായിരുന്ന റിലീസിങ് ക്ലോസ് തുക നല്‍കി താരത്തെ ബഗാന്‍ നേടുന്നത്.

റിലീസിങ് ക്ലോസ് തുകയുടെ കാര്യത്തില്‍ റെക്കോഡ് ഫ്രഞ്ച്- മൊറോക്കന്‍ താരം ഹ്യൂഗോ ബൗമാസിന്റെ പേരിലാണ്. എഫ്.സി. ഗോവയില്‍ നിന്ന് 2019-20 സീസണില്‍ താരത്തെ മുംബൈ സിറ്റി ടീമിലെത്തിക്കുന്നത് 1.76 കോടി രൂപക്കാണ്. താരത്തെ ഗോവ വിട്ടുകൊടുക്കാതിരുന്നതോടെയാണ് മുംബൈ സിറ്റി ട്രാന്‍സ്ഫര്‍ വിപണിയിലെ പതിനെട്ടാമത്തെ അടവ് പുറത്തെടുത്തത്. അതേ ബൗമാസിനെ 2021-ല്‍ രണ്ട് കോടി ട്രാന്‍സ്ഫര്‍ ഫീ വാങ്ങി എ,ടി.കെ. മോഹന്‍ ബഗാന് മുംബൈ കൈമാറുകയും ചെയ്തു

ട്രാന്‍സ്ഫര്‍ വിപണിയില്‍ ബെംഗളൂരു എഫ്.സി്ക്ക് ഒരിക്കലും തകര്‍ക്കപ്പെടാത്ത റെക്കോഡുണ്ട്. വിദേശ ക്ലബ്ബില്‍നിന്ന് ട്രാന്‍സ്ഫര്‍ ഫീ ലഭിച്ച ആദ്യ ക്ലബ്ബാണ് ബെംഗളൂരു എഫ്,സി. തങ്ങളുടെ സ്പാനിഷ് താരം എഡു ഗാര്‍ഷ്യയെ ചൈനീസ് ക്ലബ്ബ് ഷെജിയാങ് ലുചെങിന് കൈമാറിയതിന് ഒരു കോടിയോളം രൂപ ഫീ യായി ലഭിച്ചു. 2021-ല്‍ ഹൈദരാബാദ് എഫ്.സിയില്‍ നിന്ന് വിങ്ങര്‍ ലിസ്റ്റ്ണ്‍ കൊളാസോയെ എ.ടി.കെ. ബഗാന്‍ സ്വന്തമാക്കുന്നത് ഒരു കോടി രൂപ ട്രാന്‍സ്ഫര്‍ ഫീ നല്‍കിയാണ്.

വിപണിയിലെ ഉയര്‍ച്ച

ഇന്ത്യന്‍ ഫുട്‌ബോളില്‍ ട്രാന്‍സ്ഫര്‍ ഫീ ശൈശവദശയിലാണ്.  മൂന്ന്‌ കോടിയാണ് ഏറ്റവും ഉയര്‍ന്ന തുകയെന്നതില്‍ തന്നെ അത് വ്യക്തവുമാണ്. ഇത്തവണ ചെന്നൈയിന്‍ എഫ്.സിയില്‍ നിന്ന് അനിരുദ്ധ് ഥാപ്പയെ നേടാന്‍ ബഗാനാണ് മൂന്ന് കോടി ട്രാന്‍സ്ഫര്‍ ഫീ നല്‍കിയത്. വിപണിയുടെ ക്രമാനുഗതമായ വളര്‍ച്ചയുടെ ശുഭസൂചനയായും ഇതിനെ വ്യാഖാനിക്കാം. ഐ.എസ്.എൽ. ഏഴാം സീസണില്‍ 9.5 കോടി രൂപയാണ് ക്ലബ്ബുകള്‍ക്ക് ട്രാന്‍സ്ഫര്‍ ഫീയായി ലഭിച്ചത്. അതിന് തൊട്ടുമുമ്പത്തെ വര്‍ഷം 1.4 കോടിയായിരുന്നു മൊത്തം ട്രാന്‍സ്ഫര്‍ ഫീ. സൂപ്പര്‍ ലീഗ് പത്താം സീസണിലേക്ക് കടക്കുമ്പോള്‍ ഏഴാം സീസണിലേതിന്റെ ഇരട്ടിയിലേറെ തുക ക്ലബ്ബുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. പുതിയ സംപ്രേഷണ കരാര്‍ വരാനുളളതും ക്ലബ്ബുകളുടെ സാമ്പത്തികനില മെച്ചപ്പെടുന്നതും വരും വര്‍ഷങ്ങളില്‍ ട്രാന്‍സ്ഫര്‍ വിപണിക്ക് കരുത്ത് പകരം. ഇതിനൊപ്പം മികച്ച ഇന്ത്യന്‍ കളിക്കാരുടെ ലഭ്യതക്കുറവ്  വിലയുയര്‍ത്താന്‍ സാധ്യതയുണ്ട്. മുമ്പത്തെ ഒരു വര്‍ഷത്തെ കരാറിന് പകരം യുവതാരങ്ങളുമായി ദീര്‍ഘകാല കരാറിനാണ് ക്ലബ്ബുകള്‍ ശ്രമിക്കുന്നത്. ബഗാന്‍ സഹലിന് അഞ്ച് വര്‍ഷത്തെ കരാറാണ് നല്‍കിയത്.

ബ്ലാസ്റ്റേഴ്‌സിന്റെ കളി

2018-ല്‍ ജിതിന്‍ എം.എസിനെ എഫ്.സി. കേരളത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നതിന് നല്‍കിയ അഞ്ച് ലക്ഷം രൂപയാണ് കേരള ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യ ട്രാന്‍സ്ഫര്‍ ഫീ. ഇന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ സ്റ്റാര്‍ അക്രഡിറ്റേഷന്‍ ഉള്ള, അംഗീകൃത ടൂര്‍ണമെന്റുകളില്‍ കളിക്കുന്ന ക്ലബ്ബുകള്‍ക്കെല്ലാം താരകൈമാറ്റത്തില്‍ പണം ലഭിക്കുന്നുണ്ട്. കരോളിന്‍ സ്‌കിന്‍കിസ് സ്‌പോര്‍ട്ടിങ് ഡയറക്ടറായെത്തിയതു മുതല്‍ ബ്ലാസ്‌റ്റേഴ്‌സ് ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. മികച്ച യൂത്ത് ഡെവലപ്പ്‌മെന്റ്  സിസ്റ്റത്തിന് അവര്‍ മികച്ച പ്രധാന്യം നല്‍കുന്നുണ്ട്. മൂന്ന് വര്‍ഷം മുമ്പ് വരെ അവരുടെ റിസര്‍വ് ടീം കളിക്കാര്‍ സീനിയര്‍ ടീമിലേക്കുള്ള പ്രവേശനം വലിയ കടമ്പയായിരുന്നു. എന്നാല്‍ ഇപ്പോൾ മികച്ച യുവകളിക്കാരെ സീനിയര്‍ ടീമിലേക്ക് എടുക്കുന്നതിനൊപ്പം ദീര്‍ഘകാല കരാര്‍ ക്ലബ്ബ് നല്‍കുന്നുമുണ്ട്.

മികച്ച കളിക്കാരെ വളര്‍ത്തിയെടുത്ത് ട്രാന്‍സ്ഫര്‍ വിപണിയില്‍ വില്‍ക്കുകയെന്നത് ക്ലബ്ബിന്റെ നയമായി മാറുന്നുവെന്ന് വേണം കരുതാന്‍. കളിക്കളത്തിലും ട്രാന്‍സ്ഫര്‍ വിപണിയിലും മികച്ച റിസള്‍ട്ടാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്. കളിക്കാരുടെ വില്‍പ്പന വഴി സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്താനും അതുവഴി മികച്ച വിദേശകളിക്കാരെ എത്തിക്കാനും ടീം ശ്രമിക്കുന്നു. കഴിഞ്ഞ വര്‍ഷം വിങ്ങര്‍ വിന്‍സി ബാരറ്റോയെ ചെന്നൈയിന് വില്‍പ്പന നടത്തി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഈ നയം നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു.

കഴിഞ്ഞ സീസണില്‍ വിങ്ബാക്ക് സഞ്ജീവ് സ്റ്റാലിനെ 60 ലക്ഷം രൂപയും വിന്‍സിയേയും പുടിയയേയും 30 ലക്ഷം രൂപ വീതവും ട്രാന്‍സ്ഫര്‍ ഫീ വാങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സ് വിറ്റത്. അതിന് തുടര്‍ച്ചയാണ് ഈ സീസണിലേത്. ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ സിങിനെ ഈസ്റ്റ് ബംഗാളിന് നല്‍കിയതില്‍ ഒന്നര കോടി ഫീ ലഭിച്ചെന്നാണ് പുറത്തുവരുന്ന വിവരം.സഹല്‍, ഗില്‍, ഹര്‍മന്‍ജ്യോത് ഖബ്ര, മഹീത് സാബിര്‍,ധനചന്ദ്ര മീത്തി എന്നിവര്‍ ക്ലബ്ബ് വിട്ടു. നിഷുകുമാറിനേയും പുതുതായി ടീമിലെത്തിച്ച ബികാഷ് സിങിനേയും വായ്പ അടിസ്ഥാനത്തില്‍ മറ്റ് ക്ലബ്ബുകള്‍ക്ക് നല്‍കി. മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐ്മന്‍, നിഹാല്‍ സൂധീഷ് എന്നിവര്‍ക്ക് റിസര്‍വ് ടീമില്‍നിന്ന് സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം നല്‍കി. ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ്, പ്രതിരോധത്തില്‍ മുഹമ്മദ് ഷഹീഫ്, മധ്യനിരയില്‍ ആയുഷ് അധികാരി, ഗിവ്‌സന്‍ സിങ്, ജിക്‌സന്‍ സിങ്, സൗരവ് മണ്ഡല്‍, നിഹാല്‍, അസ്ഹര്‍, വിബിന്‍ മോഹന്‍, ബ്രൈസ് മിറാന്‍ഡ, മുന്നേറ്റത്തില്‍ കെ.പി.രാഹുല്‍, ഐമന്‍, എംഎസ്. ശ്രീകുട്ടന്‍ എന്നിവരാണ് ടീമിലെ യുവതാരങ്ങള്‍. ഇത്തവണ ഫ്രീ ട്രാന്‍സ്ഫറില്‍ പ്രബീര്‍ ദാസും ട്രാന്‍സ്ഫര്‍ ഫീ നല്‍കി പ്രീതം കോട്ടാലും ടീമിലെത്തി.

കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ദൗര്‍ബല്യം വിങ്ബാക്കുകളായിരുന്നു. അത് പരിഹരിക്കാനാണ് പരിചയസമ്പന്നരായ കോട്ടാലിനേയും പ്രബീറിനേയും ടീമിലെത്തിച്ചത്. ഒപ്പം ഐ ലീഗില്‍ തിളങ്ങിയ നവോച്ച സിങ്ങുമുണ്ട്. യൂത്ത് ഡെവലപ്പ്‌മെന്റിലാണ് ക്ലബ്ബ് കൂടുതല്‍ നിക്ഷേപം നടത്തുകയെന്ന് സ്‌കിന്‍സ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാസ് റൂട്ട് തലത്തില്‍ മികച്ച ഇടപെടല്‍ നടത്താന്‍ ക്ലബ്ബിന് കഴിയുന്നുണ്ട്. മികച്ച കളിക്കാരെ കണ്ടെത്തി വളര്‍ത്തിയെടുക്കാനും ക്ലബ്ബിന് ഉപകാരപ്പെടും വിധം ഉപയോഗിക്കാനുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം. കളിക്കളത്തിലും ട്രാന്‍സ്ഫര്‍ വിപണിയിലും മികച്ച റിസള്‍ട്ടെന്ന ലക്ഷ്യത്തിന്റെ പ്രാരംഭഘട്ടത്തിലാണ് ക്ലബ്ബ്. അതിന്റെ ലക്ഷണമൊത്ത ഇടപെടലാണ് സഹലിന്റേത്. കാരണം ക്ലബ്ബ് വളര്‍ത്തിയെടുത്ത് താരമാക്കിയ ശേഷം മികച്ച ട്രാന്‍സ്ഫര്‍ ഫീ വാങ്ങിയാണ് സഹലിനെ കൈമാറുന്നത്.