മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം കെവിന്‍ ഡിബ്രുയിനെയുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ടീമിന്റെ പ്ലേമേക്കറായ ഡിബ്രുയിനെ നാലുമാസത്തോളം കളിക്കില്ലെന്ന് സിറ്റിയുടെ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള വ്യക്തമാക്കി. പേശിവലിവാണ് താരത്തിന് തിരിച്ചടിയായത്. 

To advertise here,

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിനിടെയാണ് ഡിബ്രുയിനെയ്ക്ക് പരിക്കേറ്റത്. ബേണ്‍ലിയ്‌ക്കെതിരായ മത്സരത്തിന്റെ 23-ാം മിനിറ്റിലാണ് താരം പരിക്കേറ്റ് മടങ്ങിയത്. മുടന്തി ഗ്രൗണ്ട് വിട്ട താരം ഉടന്‍ തന്നെ വൈദ്യസഹായം തേടി. കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്. 

താരത്തിന്റെ പരിക്ക് ടീമിന് വലിയ തിരിച്ചടിയാണെന്ന് ഗാര്‍ഡിയോള പറഞ്ഞു. 'ഡിബ്രുയിനെയുടെ പരിക്ക് ഞങ്ങള്‍ക്കേറ്റ വലിയ തിരിച്ചടിയാണ്. ഒന്നോ രണ്ടോ മത്സരം അദ്ദേഹമില്ലാതെ ഞങ്ങള്‍ക്ക് കളിക്കാനാകും. പക്ഷേ, മൂന്ന്-നാല് മാസങ്ങള്‍ ഡിബ്രുയിനെയില്ലാതെ കളിക്കാനാകില്ല', ഗാര്‍ഡിയോള പറഞ്ഞു. കുറച്ചുകാലമായി പേശിവലിവ് താരത്തെ അലട്ടുന്നുണ്ട്.

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഡിബ്രുയിനെയ്ക്ക് വേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് നടന്ന പ്രീ സീസണ്‍ മത്സരങ്ങളിലൊന്നിലും താരം സിറ്റിയ്ക്ക് വേണ്ടി കളിച്ചിരുന്നില്ല. കമ്യൂണിറ്റി ഷീല്‍ഡ് ഫൈനലില്‍ ആദ്യപകുതിയ്ക്ക് ശേഷം ആഴ്‌സനലിനെതിരേ കളിക്കാനിറങ്ങിയെങ്കിലും ഡിബ്രുയിനെയ്ക്ക് ഫോം കണ്ടെത്താനായില്ല. മത്സരത്തില്‍ ടീം പരാജയപ്പെടുകയും ചെയ്തു.