ആകാശത്ത് നിന്ന് മാപ്പില്‍ നോക്കിയാല്‍ ഏഴ് പുള്ളിക്കുത്തുകള്‍. അവ യോജിപ്പിച്ചാല്‍ അര്‍ധചന്ദ്രനെ പോലെയായി. കേപ് വെര്‍ഡി. ആഫ്രിക്കയിലെ വന്‍കരയിലെ രാജ്യം. പോര്‍ച്ചുഗലിന്റെ പഴയ കോളനി.
ആകെ ജനസംഖ്യ ആറ് ലക്ഷത്തിനടുത്ത്. അതായത് കേരളത്തിലെ ഏറ്റവും ചെറിയ ജനസംഖ്യയുള്ള വയനാടിനേക്കാള്‍ ചെറുത്. ഭൂവിസ്തൃതിയാകട്ടെ 4033 സ്‌ക്വയര്‍ കിലോമീറ്റര്‍. പക്ഷേ, 2026-ലെ ഫുട്ബോള്‍ ലോകകപ്പിന് ഈ ആഫ്രിക്കന്‍ രാജ്യവും യോഗ്യത നേടിയിരിക്കുന്നു. ലോകകപ്പ് ചരിത്രത്തില്‍ യോഗ്യത നേടിയ രാജ്യങ്ങളില്‍ ഏറ്റവും ജനസംഖ്യ കുറഞ്ഞ രണ്ടാമത്തെ രാജ്യം. ഭൂവിസ്തൃതിയിലും അങ്ങനെത്തന്നെ.
ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഡി ഗ്രൂപ്പിലായിരുന്നു കേപ് വെര്‍ഡിയുടെ സ്ഥാനം. ആറ് ടീമുകളുളള ഗ്രൂപ്പില്‍ കാമറൂണായിരുന്നു ഫേവറിറ്റുകള്‍. ലിബിയയും അംഗോളയും മൗറീഷ്യസും എസ്വാറ്റിനിയും അടങ്ങുന്ന ഗ്രൂപ്പ്. ഏഴ് ജയം, രണ്ട് സമനില, ഒരു തോല്‍വി, 23 പോയന്റോടെ കേപ് വെര്‍ഡി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി അമേരിക്കയിലേക്ക് ടിക്കറ്റെടുത്തു.
ഈ യാത്രയില്‍ അവര്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് അവരുടെ പ്രതിരോധതാരം റോബര്‍ട്ടോ ലോപസ് എന്ന പികോയോടാണ്. പികോയുടെ നേതൃത്വത്തിലുള്ള പ്രതിരോധനിരയാണ് ടീമിന്റെ കുതിപ്പിന് പിന്നില്‍. 33-കാരനായ പികോ കേപ് വെര്‍ഡിയുടെ ഭാഗമായതിന് പിന്നില്‍ രസകരമായ കഥയുണ്ട്.
അയര്‍ലന്‍ഡുകാരനാണ് പികോ. ജനിച്ചതും വളര്‍ന്നതുമെല്ലാം അയര്‍ലന്‍ഡിലെ ക്രംലിനില്‍. സീനിയര്‍ കരിയറിലെ ആദ്യ ക്ലബ്ബ് ബൊഹീമിയന്‍സ്. ഇപ്പോള്‍ ഷാംറോക്ക് റോവേഴ്സിന്റെ താരം. രണ്ടും ഐറിഷ് ലീഗിലെ ടോപ് ഡിവിഷന്‍ ക്ലബ്ബുകള്‍. അണ്ടര്‍- 19 ഐറിഷ് ദേശീയ ടീമിന്റെ ഭാഗം കൂടിയായിരുന്നു പികോ. പക്ഷേ, ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കുന്നത് കേപ് വെര്‍ഡിക്കുവേണ്ടി.
പികോയുടെ അമ്മ ഐറിഷുകാരിയാണ്. അച്ഛന്‍ കേപ് വെര്‍ഡിക്കാരനും ഇതാണ് അദ്ദേഹത്തെ കേപ് വെര്‍ഡിക്ക് കളിക്കാന്‍ യോഗ്യനാക്കിയത്. 2019-ല്‍ ആഫ്രിക്കന്‍ ടീമിന്റെ ഭാഗമാകുന്നതിന് മുമ്പ് ഒരിക്കല്‍പോലും അദ്ദേഹം ആ രാജ്യം സന്ദര്‍ശിച്ചിരുന്നില്ല. എന്നിട്ടും അദ്ദേഹത്തിലേക്ക് ആ രാജ്യത്തിന്റെ ഫുട്ബോള്‍ ടീം വാതില്‍തുറന്നു.
2002 ലോകകപ്പ് യോഗ്യതാ റൗണ്ട് മുതലേ കേപ് വെര്‍ഡി അവരുടെ രാജ്യത്തില്‍ പൗരത്വത്തിന് അര്‍ഹതയുളള താരങ്ങള്‍ക്കായി വലവിരിക്കുന്നുണ്ട്. ഇതിലൂടെ ടീമിലെത്തുക മിക്കപ്പോഴും പോര്‍ച്ചുഗീസ് താരങ്ങളായിരുന്നു. അതിന്റെ കാരണം എന്തെന്നാല്‍ 1975 വരെ പറങ്കികളുടെ കോളനിയായിരുന്നു കേപ് വെര്‍ഡി. 2022 ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് തുടങ്ങിയതോടെ കേപ് വെര്‍ഡി അവരുടെ അന്വേഷണത്തിന്റെ പരിധി വര്‍ധിപ്പിച്ചു. അങ്ങനെ രാജ്യത്ത് ബന്ധങ്ങളുള്ള താരങ്ങളെ തേടി മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എത്തി.
അങ്ങനെ 2019-ല്‍ പികോയുടെ രാജ്യവുമായുള്ള ബന്ധം കേപ് വെര്‍ഡി അസോസിയേഷന്‍ തിരിച്ചറിഞ്ഞു. ഐറിഷ് അണ്ടര്‍-19 ടീമിനായി കളിച്ച പികോയുടെ ദേശീയ ടീം മാറ്റണമെങ്കില്‍ കുറേ നടപടികള്‍ പൂര്‍ത്തിയാക്കണം. ആദ്യം താരത്തിന്റെ സമ്മതം കിട്ടണം. പക്ഷേ, സംസാരിക്കാന്‍ വേണ്ടി അയര്‍ലന്‍ഡ് വരെ പോകുന്നത് ചെലവല്ലേ. വെറും 40,000 രൂപയ്ക്ക് താഴെ കളിക്കാര്‍ക്ക് മാസ പ്രതിഫലം നല്‍കുന്ന അസോസിയേഷന് ആ ഭാരിച്ച ചെലവ് വഹിക്കാന്‍ തോന്നിയില്ല. അവര്‍ മറ്റൊരു വഴി തേടി. താരത്തിന് നേരിട്ട് മെസേജ് ചെയ്യുക. പികോയുടെ നമ്പറിനും മെയില്‍ ഐഡിക്കും വേണ്ടി കുറച്ചുകാലം അന്വേഷണം നടത്തി. അതും വിജയിച്ചില്ല. ഒടുവില്‍ അസോസിയേഷന്‍ മറ്റൊരു വഴിതേടി. പികോയുടെ പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിങ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡിന്‍ അക്കൗണ്ടിലേക്ക് മെസേജ് അയക്കുക. അതിനായി നല്ലൊരു ഡ്രാഫ്റ്റ് തയ്യാറാക്കി. മെസ്സേജും അയച്ചു.
പികോ ആ മെസേജ് കണ്ടു. പക്ഷേ, അതിലൊരു പ്രശ്നമുണ്ടായിരുന്നു. അസോസിയേഷന്‍ അയച്ച മെസേജ് കേപ് വെര്‍ഡിയുടെ ഒഫീഷ്യല്‍ ഭാഷയായ പോര്‍ച്ചുഗീസിലായിരുന്നു. അയര്‍ലന്‍ഡില്‍ ജനിച്ചുവളര്‍ന്ന പികോയ്ക്ക് പോര്‍ച്ചുഗീസ് ഭാഷയിലെ ഒരക്ഷരം പോലും അറിയില്ലായിരുന്നു.
തനിക്കുവന്നത് സ്പാം മെസേജ് ആണെന്ന് കരുതി പികോ മറുപടി ഒന്നും നല്‍കില്ല. ആ മെസേജ് അവിടെ കിടന്നു. മറുപടിക്കായി കേപ് വെര്‍ഡിയും കാത്തിരുന്നു. ഇടയ്ക്ക് എപ്പോഴോ കേപ് വെര്‍ഡി അവരുടെ അബദ്ധം തിരിച്ചറിഞ്ഞു. അപ്പോഴേക്കും ഒമ്പത് മാസം കടന്നിരുന്നു. പോര്‍ച്ചുഗീസ് ഭാഷയിലുള്ള ആ ഡ്രാഫ്റ്റ് ഇംഗ്ലീഷിലാക്കി. പികോയ്ക്ക് വീണ്ടും അയച്ചു. തൊട്ടടുത്ത ദിവസം തന്നെ പികോ മറുപടി നല്‍കി. അച്ഛന്റെ നാടിനായി കളിക്കാന്‍ സമ്മതവും മൂളി. അങ്ങനെ 2019 അവസാനം ടോഗോയ്ക്കെതിരായ മത്സരത്തില്‍ പികോ കേപ് വെര്‍ഡിക്കായി അരങ്ങേറി. പിന്നാലെ 2021, 2023 ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ടൂര്‍ണമെന്റിലും കളിച്ചു. ഒടുവില്‍ ഈ മാസമാദ്യം കേപ് വെര്‍ഡിയെ ലോകകപ്പിലേക്കും ഈ താരം നയിച്ചു. സെന്റര്‍ബാക്ക് പൊസിഷനില്‍ കളിക്കുന്ന പികോ കേപ് വെര്‍ഡിക്കായി ഇതുവരെ 38 മത്സരങ്ങളില്‍ ജേഴ്സിയണിഞ്ഞു. ഐറിഷ് ലീഗില്‍നിന്ന് ലോകകപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ താരമെന്ന റെക്കോഡും സ്വന്തമാക്കി. കാത്തിരിക്കാം ലോകകപ്പില്‍ പികോയുടെയും കേപ് വെര്‍ഡിയുടെയും കുതിപ്പിന്.
Content Highlights: Discover the incredible journey of Cape Verde, the second-smallest nation by population and area to qualify for the FIFA World Cup, driven by defender Pico, found via LinkedIn.
Published: 26 Oct 2025, 03:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented