
ന്യൂയോർക്ക്: ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിന് പിന്നാലെ ഫോക്‌ലൻഡ് ദ്വീപ് തർക്കം സൂചിപ്പിക്കുന്ന ബാനർ ഉയർത്തിയതിൽ വിവാദം മുറുകുന്നു. ബാനർ ഉയർത്തിയ അർജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിൽ ബാനർ ഉയർത്തിയതിനെതിരേ വൻ പ്രതിഷേധം ഉയർന്നുവരുകയാണ്. സംഭവം അന്വേഷിക്കുകയാണെന്ന് ഫിഫ അറിയിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾക്കെതിരേയാണ് നടപടിക്ക് സാധ്യത. ക്രിസ്റ്റ്യൻ റൊമേറോ, എൻസോ ഫെർണാണ്ടസ്, ലിസാൻഡ്രോ മാർട്ടിനസ് എന്നിവരുടെ യു.കെ വിസ റദ്ദാക്കിയേക്കും. നടപടി വന്നാൽ താരങ്ങൾക്ക് അടുത്ത സീസണിൽ കളിക്കാനാവില്ല. അത് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കും തിരിച്ചടിയാകും. എക്‌സ്പ്രസ്സ് യു.കെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലിസാൻഡ്രോ മാഞ്ചെസ്റ്റർ യുണൈറ്റഡിനായും എൻസോ ചെൽസിക്കായും റൊമേറോ ടോട്ടനത്തിനായുമാണ് കളിക്കുന്നത്. അതേസമയം ബാനർ ഉയർത്തിയതിന്റെ പേരിൽ മാത്രം വിസ റദ്ദാക്കുന്നത് എളുപ്പമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചശേഷം, ബ്രിട്ടനുമായുള്ള രാഷ്ട്രീയവൈരം വ്യക്തമാക്കുന്ന ഫോക്‌ലൻഡ് ദ്വീപ് തർക്കം സൂചിപ്പിക്കുന്ന ബാനർ ഉയർത്തി അർജന്റീനാ കളിക്കാർ ആഘോഷിച്ചതാണ് വിവാദമായത്. രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തിയ അർജന്റീനയ്ക്കെതിരേ നടപടിയെടുക്കണമെന്ന് ബ്രിട്ടൻ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു.
വിജയാഘോഷത്തിനിടെ ഗാലറിയിൽനിന്ന് ആരാധകർ കൈമാറിയ ബാനർ വാങ്ങിയ മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസൊയും ഡിഫൻഡർ നിക്കോളാസ് ഒട്ടാമെൻഡിയും മൈതാനത്ത് പ്രദർശിപ്പിക്കുകയായിരുന്നു. താരങ്ങൾ ഒരുമിച്ച് ഗാലറിയെ അഭിവാദ്യം ചെയ്യുമ്പോഴാണിത്. ‘ലാസ് മാൽവിനാസ് സൺ അർജന്റീനാസ്’ (ഫോക്‌ലൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്നാണ് ബാനറിൽ എഴുതിയിരുന്നത്. കളിക്കാരുടെ ജേഴ്‌സിയിലോ മറ്റു വസ്തുക്കളിലോ രാഷ്ട്രീയവും മതപരമായതുമായ മുദ്രാവാക്യങ്ങളോ പ്രസ്താവനകളോ ചിത്രങ്ങളോ പാടില്ല. ഇത് ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കാം.
ഫോക്‌ലൻഡ് ദ്വീപുകൾ
അറ്റ്‌ലാന്റിക് സമുദ്രത്തിൽ, അർജന്റീനയ്ക്ക് സമീപത്തെ പ്രകൃതിമനോഹരമായ ദ്വീപസമൂഹമാണ് ഫോക്‌ലൻഡ് ഐലൻഡുകൾ. ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള പ്രാദേശിക ഭരണകൂടമാണ് അധികാരം കൈയാളുന്നത്. 1832-ൽ ഇവിടെ അവർ തങ്ങളുടെ ഭരണം ഉറപ്പിച്ചു. ലാസ് മാൽവിനാസ് (Las Malvinas) എന്നുവിളിക്കുന്ന ഫോക്‌ലാൻഡിന്റെ പരമാധികാരം തങ്ങൾക്കാണെന്ന് അർജന്റീനയും അവകാശവാദം ഉന്നയിച്ചു. 1982-ൽ അർജന്റീനയും ബ്രിട്ടനും തമ്മിൽ 74 ദിവസം നീണ്ട ഫോക്‌ലൻഡ് യുദ്ധമുണ്ടായി. ആയിരത്തോളം പേർക്ക് ജീവൻ നഷ്ടമായി. യുദ്ധത്തിൽ അർജന്റീന പരാജയപ്പെട്ടു.
Content Highlights: Argentina players face potential UK visa revocation following a controversial Falklands banner display
Published: 21 Jul 2026, 12:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented