ബ്യൂണസ് ഐറിസ്: ഫുട്ബോളിൽ അച്ചടക്കത്തിന്റെ ഭാഗമായി കാർഡുകൾ ഏർപ്പെടുത്താൻ കാരണക്കാരനായ അർജന്റീനയുടെ മുൻ ഫുട്ബോൾ ക്യാപ്റ്റൻ അന്റോണിയോ റാറ്റിൻ (89) അന്തരിച്ചു. 1959 മുതൽ 1970 വരെ അർജന്റീനാ ടീമിലുണ്ടായിരുന്ന റാറ്റിൻ 1962, 1966 ലോകകപ്പുകളിൽ കളിച്ചു. 1956 മുതൽ 70 വരെ അർജന്റീനയിലെ പ്രമുഖ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിനുവേണ്ടിയും കളിച്ചു. മധ്യനിരക്കാരനായിരുന്നു.

To advertise here,

1966-ലെ ലോകകപ്പിൽ, ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ ജർമൻ റഫറി റുഡോൾഫ് ക്രീറ്റ്ലീൻ, അച്ചടക്ക നടപടിയായി റാറ്റിനോട് മൈതാനം വിടാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ജർമൻകാരനായ റഫറിയുടെ വാക്കുകൾ മനസ്സിലായില്ലെന്നാണ് റാറ്റിൻ പറഞ്ഞത്. പിന്നീട് പുറത്തുപോയെങ്കിലും കോർണർ ഫ്ളാഗിനു പുറത്തുള്ള ചുവപ്പുപരവതാനിയിലിരുന്ന് പ്രതിഷേധിച്ചു. ഇതിനുശേഷമാണ്, കളിക്കിടെയുള്ള കുറ്റത്തിന് ഏതു ഭാഷയിലുള്ളവർക്കും മനസ്സിലാകുന്നവിധം മഞ്ഞ, ചുവപ്പ് കാർഡുകൾ നൽകാൻ അന്താരാഷ്ട്ര ഫുട്ബോൾ സംഘടന തീരുമാനിച്ചത്.

ബൊക്ക ജൂനിയേഴ്സിനുവേണ്ടി 382 മത്സരം കളിച്ച റാറ്റിന് 28 ഗോളുമുണ്ട്. നാലുതവണ ലീഗ് കിരീടം നേടി. ബൊക്ക ടീമിനെ 1963-ൽ കോപ ലിബർട്ടഡോറസ് ചാമ്പ്യൻമാരാക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. കളിയിൽനിന്ന് വിരമിച്ച ശേഷം അർജന്റീനാ പാർലമെന്റംഗമായിരുന്നു.