ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിനൊപ്പമുള്ള പത്തുവര്‍ഷത്തെ യാത്രയവസാനിപ്പിച്ച് അന്റോയിന്‍ ഗ്രീസ്മാന്‍ കളംവിടുന്നു. 2018-ലെ ലോകകപ്പ് കിരീടം, 2016-ലെ യൂറോ കപ്പില്‍ ആറുഗോളുമായി ടോപ് സ്‌കോറര്‍, 2022-ലെ ലോകകപ്പ് റണ്ണറപ്പ്, 2020-21-ലെ നേഷന്‍സ് ലീഗ് വിജയങ്ങളില്‍ നിര്‍ണായക ഭാഗഭാക്കായ താരം.... 33-ാമത്തെ വയസ്സില്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
'ഹൃദയംനിറഞ്ഞ ഓര്‍മകളോടെ, ഞാന്‍ ഈ അധ്യായം അവസാനിപ്പിക്കുകയാണ്. നന്ദി, പിന്നീട് കാണാം', എന്ന വീഡിയോ സന്ദേശത്തോടെയാണ് പടിയിറങ്ങുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. രാജ്യത്തിനായി 137 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 44 ഗോളുകള്‍ സ്വന്തംപേരില്‍ കുറിച്ചു. 2014-ലാണ് ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.

പറന്നുകളിക്കുന്ന ഗ്രീസ്മാന്‍
2018 ലോകകപ്പില്‍ ഫ്രാന്‍സിന് കിരീടം.. 2022 ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സ് ഫൈനലില്‍. ഈ രണ്ട് ടീമിന്‍റെയും ഭാഗമായിരുന്നു ഗ്രീസ്മാന്‍. ഈ രണ്ട് ലോകകപ്പിലും ഗ്രീസ്മാന്റെ മികവിലാണ് ഫ്രാന്‍സ് ഫൈനലിലെത്തിയത് എന്ന് പറയുന്നതാവും കൂടുതല്‍ ശരി. രണ്ട് ലോകകപ്പിലും കോച്ച് ദിദിയര്‍ ദെഷോം നിര്‍ണായകമായ പൊസിഷനിലാണ് ഗ്രീസ്മാനെ കളിപ്പിച്ചത്. 2018-ല്‍ മുന്നേറ്റനിരയില്‍ കളിച്ച ഗ്രീസ്മാന്‍, ആ ലോകകപ്പില്‍ ഏഴ് ഗോളുകള്‍ നേടിയിരുന്നു. ഫൈനലില്‍ ക്രൊയേഷ്യക്കെതിരേ നേടിയ ഒരു ഗോളും ഇതില്‍ ഉള്‍പ്പെടും. 4-2 നായിരുന്നു അന്ന് ഫ്രാന്‍സിന്റെ ജയം.

എന്നാല്‍, 2022-ല്‍ ഖത്തറിലെത്തിയപ്പോള്‍ പരിക്കുമൂലം മധ്യനിരക്കാരായ പോള്‍ പോഗ്ബയെയും എന്‍ഗാള കാന്റെയെയും ഫ്രാന്‍സിന് നഷ്ടമായി. മധ്യനിരയിലുള്ളത് പരിചയസമ്പത്ത് അത്രയൊന്നുമില്ലാത്ത താരങ്ങളും ഈ കടുത്ത പ്രതിസന്ധി മറികടക്കാന്‍ പരിശീലകന്‍ ദിദിയര്‍ ദെഷോം കണ്ട സൂത്രമായിരുന്നു അന്റോയിന്‍ ഗ്രീസ്മാന്‍. മുന്നേറ്റ നിരയില്‍നിന്ന് മധ്യനിരയിലെ പ്രധാനിയുടെ റോളിലേക്ക് ഗ്രീസ്മാനെ പറിച്ചുനട്ടു. ഇതാകട്ടെ വിജയിക്കുകയും അതുവഴി ഫ്രാന്‍സ് ഫൈനലിലെത്തുകയും ചെയ്തു.

ടീമില്‍ ദെഷോമിന്റെ വിശ്വസ്തനായിരുന്നു ഗ്രീസ്മാന്‍. ഗ്രീസ്മാനില്‍ അദ്ദേഹം അര്‍പ്പിച്ച അപാരമായ വിശ്വാസംകൊണ്ടാണ് മധ്യനിരയിലേക്ക് ഇറക്കിക്കളിപ്പിച്ചത്. അതും 2016 യൂറോ കപ്പില്‍ ആറ് ഗോളോടെ ടോപ് സ്‌കോററായ ഗ്രീസ്മാനെ സംബന്ധിച്ച് ഈ റോള്‍ പക്ഷേ, ഒരു ത്യാഗമെന്ന നിലയില്‍ നോക്കിക്കാണാം. ഗോളടിക്കാന്‍ വിദഗ്ധനായ താരത്തില്‍നിന്ന് പിന്നീട് ഗോളുകള്‍ പിറക്കുന്നത് തുലോം കുറവായി. 2022 നവംബറിന് ശേഷം രണ്ടേ രണ്ട് ഗോളാണ് ഗ്രീസ്മാന്‍ ടീമിനായി നേടിയത്. 115 കളികളില്‍നിന്ന് 42 ഗോളുകള്‍ നേടിയ താരം പിന്നീട് 139 കളികളില്‍നിന്ന് നേടിയത് 44 ഗോളുകള്‍.
പക്ഷേ, ഗ്രൗണ്ടില്‍ എല്ലായിടത്തും കാണാനാവുന്ന അസാമാന്യ പ്രതിഭയാണ് ഗ്രീസ്മാന്‍. ടീം ഗോളടിക്കാന്‍ പോകുമ്പോള്‍ അവിടെയും പ്രതിരോധിക്കാന്‍ ഒരുങ്ങുമ്പോള്‍ അവിടെയും മധ്യനിരയില്‍ കളി മെനയുമ്പോള്‍ അവിടെയുമെല്ലാം ഗ്രീസ്മാന്റെ സാന്നിധ്യമുണ്ടാകും. ഗ്രീസ്മാന്‍ കളിക്കളത്തില്‍ പരന്നുകളിക്കുമ്പോള്‍ ടീം വിജയങ്ങളിലേക്ക് പടരുമെന്നായിരുന്നു ദെഷോമിന്റെ പ്രതീക്ഷ.
അന്താരാഷ്ട്ര തലത്തിലും ക്ലബ്ബ് തലത്തിലും തിളങ്ങി
ഫ്രാന്‍സിനുവേണ്ടി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ജഴ്‌സിയണിഞ്ഞ നാലാമത്തെ താരമാണ് ഗ്രീസ്മാന്‍. 145 മത്സരങ്ങള്‍ കളിച്ച ഹ്യൂഗോ ലോറിസും 142 മത്സരങ്ങള്‍ കളിച്ച ലിലിയന്‍ തുറാമും മാത്രമാണ് മുന്നിലുള്ളത്. ഒലിവര്‍ ജിറൂദ് 137 മത്സരങ്ങള്‍ കളിച്ച് ഗ്രീസ്മാനൊപ്പമുണ്ട്. ഫ്രാന്‍സിന്റെ നാലാമത്തെ ടോപ് ഗോള്‍ സ്‌കോററും ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ അസിസ്റ്റ് (30) നല്‍കിയ താരവും ഗ്രീസ്മാനാണ്. ഫ്രാന്‍സിനുവേണ്ടി തുടര്‍ച്ചയായി 84 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ലാലിഗയില്‍ 500 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. സ്‌പെയിനില്‍നിന്നല്ലാതെ ഈ നേട്ടത്തിലെത്തിയ ഒരേയൊരു വ്യക്തിയായിരുന്നു ലയണല്‍ മെസ്സി. ആ റെക്കോഡില്‍ പങ്കാളിയാവാന്‍ ഗ്രീസ്മാനും കഴിഞ്ഞു. ലാലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനായി 285 മത്സരങ്ങളില്‍ കളിച്ചു. റിയല്‍ സോസിയാദദിനായി 141 മത്സരങ്ങളും ബാഴ്‌സലോണയ്ക്കായി 74 മത്സരങ്ങളും കളിച്ചു. അന്താരാഷ്ട്ര തലത്തിലും ക്ലബ്ബ് തലത്തിലും ഒരുപോലെ മികവ് പ്രകടിപ്പിച്ച താരമായിരുന്നു അദ്ദേഹം.
Content Highlights: antoine griezmann retirement from international football
Published: 30 Sept 2024, 09:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented