'എന്തുകൊണ്ടാണ് നിങ്ങൾ ഫുട്‌ബോളിനെ ഇത്രയധികം ഇഷ്ടപ്പെടുന്നത്?' ഒരിക്കൽ ആന്ദ്രെ എസ്‌കോബാർ എന്ന കൊളംബിയൻ ഫുട്‌ബോളറോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു. എസ്‌കോബാർ ഇങ്ങനെയാണ് മറുപടി പറഞ്ഞത്-'കളിയും ജീവിതവും തമ്മിലുളള അടുത്ത ബന്ധത്തെ അടയാളപ്പെടുത്തുന്ന വിനോദമാണിത്. ഫുട്‌ബോൾ കാളപ്പോരുപോലെയല്ല, ഇവിടെയാരും മരണപ്പെടുന്നില്ല, ആരും കൊല്ലപ്പെടുന്നുമില്ല. ഇത് ആനന്ദിക്കാനുളള കളിയാണ്'
എസ്‌കോബാർ എന്നും കാൽപ്പന്തുകളിയെ അങ്ങനെയാണ് കണ്ടിരുന്നത്. ജീവിതത്തിലെ മൂല്യങ്ങളും സഹിഷ്ണുതയും പഠിപ്പിക്കുന്ന പാഠശാല മൈതാനത്തിനകത്തായാലും പുറത്തായാലും പരസ്പര ബഹുമാനം അയാളെന്നും പുലർത്തിയിരുന്നു. പക്ഷേ എസ്‌കോബാറിന്റെ വാക്കുകൾ തെറ്റിപ്പോയി. കളിക്കളത്തിലെ ചെയ്തികൾക്ക് ചോരകൊണ്ട് കണക്കുതീർക്കപ്പെട്ടു. 32 വർഷങ്ങൾക്ക് മുൻപ് എസ്‌കോബാർ കൊലചെയ്യപ്പെട്ടു. ഓരോ ലോകകപ്പ് വരുമ്പോഴും കളിപ്രേമികൾ എസ്കോബാറിനെ ഓർക്കും. മരണത്തിന്റെ ഇരമ്പലുകളുള്ള ആ സെൽഫ് ഗോളും.
മയക്കുമരുന്ന് കച്ചവടങ്ങളും കൊലപാതകങ്ങളും കൊണ്ട് കുപ്രസിദ്ധമായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ കൊളംബിയ. തീർത്തും അരക്ഷിതമായ ജീവിതസാഹചര്യം. പാബ്ലോ എസ്‌കോബാർ എന്ന അധോലോകരാജാവും അയാളുടെ സാമ്രാജ്യവും അസംഖ്യം മയക്കുമരുന്ന് സംഘങ്ങളും വാഴുന്നതായിരുന്നു ആ രാജ്യം. പക്ഷേ, മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളെപ്പോലെ അവരുടെ സിരകളിലും കാൽപ്പന്തിന്റെ ലഹരി കുത്തിയൊഴുകികൊണ്ടിരുന്നു. 1930-കൾക്കൊടുക്കം രാജ്യാന്തര തലത്തിലും വിവിധ ക്ലബ്ബ് ടൂർണമെന്റുകളിലും കൊളംബിയൻ ഫുട്‌ബോൾ സാന്നിധ്യമറിയിച്ചു. മയക്കുമരുന്ന് മാഫിയകൾ ഒട്ടനവധി ഫുട്‌ബോൾ ക്ലബ്ബുകളേയും ടൂർണമെന്റുകളേയും വരുതിയിലാക്കി. അങ്ങനെയാണ് കൊളംബിയയിൽ ഫുട്‌ബോൾ വളർന്നുതുടങ്ങുന്നത്.
ക്ലബ്ബ് ഫുട്‌ബോളിൽ മുന്നേറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കൊളംബിയ 1990-ലെ ലോകകപ്പിന് യോഗ്യത നേടുന്നത്. ലോകകപ്പിൽ കളിക്കാനിറങ്ങിയ സംഘം ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവെച്ചു. ആദ്യ ഗ്രൂപ്പ് മത്സരത്തിൽ യു.എ.ഇ ക്കെതിരേ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. രണ്ടാം മത്സരത്തിൽ പക്ഷേ യുഗോസ്ലാവിയയോട് കാലിടറി. എന്നാൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ പശ്ചിമ ജർമനിയെ സമനിലയിൽ തളച്ചു. ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായെങ്കിലും പ്രീ-ക്വാർട്ടറിലേക്ക് കൊംളംബിയ യോഗ്യത നേടി. അവിടെ കാമറൂണിനോട് പരാജയപ്പെട്ട് ലോകകപ്പിൽ നിന്ന് പുറത്തായി. എങ്കിലും രാഷ്ട്രീയമായും സാമൂഹ്യമായും അരക്ഷിതമായ സാഹചര്യത്തിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ ഉണർവായിരുന്നു ലോകകപ്പിലെ പ്രകടനങ്ങൾ.
അപ്പോഴേക്കും കളിപ്രേമികളുടെ നെഞ്ചിൽ ഒരു കൂട്ടം കളിക്കാരും ഇടംനേടിയിരുന്നു. വാൾഡറാമ, ഹിഗ്വിറ്റ, അസ്പ്രില്ല, എസ്‌കോബാർ എന്നിങ്ങനെ പേരുകൾ നിരനിരയായി കളിയാരാധകരുടെ മനം കവർന്നു. മധ്യനിരയിൽ മായാജാലം തീർക്കുന്ന സ്വർണമുടിക്കാരൻ വാൾഡറാമ, പുതിയ അക്ഷാംശങ്ങൾ കണ്ടെത്തുന്ന കപ്പിത്താനെപ്പോലെ പെനാൽറ്റി ബോക്‌സ് വിട്ട് മൈതാനമധ്യത്ത് കളിക്കാനിറങ്ങുന്ന കാവൽക്കാരൻ ഹിഗ്വിറ്റ, അസ്പ്രില്ലയെന്ന ഗോൾമെഷീൻ, ശാന്തനായ പ്രതിരോധനിരക്കാരൻ എസ്‌കോബാർ. കൊളംബിയൻ ഫുട്‌ബോൾ അപാരമായ സൗന്ദര്യത്തോടെ ഒഴുകിക്കൊണ്ടിരുന്നു.
1991- 1993 കാലയളവിൽ കളിച്ച 26 മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് അവർ തോറ്റത്. നിർണായകമായ 1994-ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് കൊളംബിയ തകർത്തെറിഞ്ഞത്. ലോകം മുഴുവൻ കൊളംബിയൻ സംഘത്തിന്റെ പ്രകടനങ്ങളിൽ അതിശയിച്ചുനിന്നു. ലോകകപ്പ് കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുളള ടീമായും കൊളംബിയ വിലയിരുത്തപ്പെട്ടു. സാക്ഷാൽ പെലെയും കൊളംബിയയാണ് ലോകകപ്പിലെ ഫേവറെറ്റുകളെന്ന് പ്രഖ്യാപിച്ചു.
എന്നാൽ 1993-ഡിസംബറിൽ അധോലോകരാജാവ് പാബ്ലോ എസ്‌കോബാറിനെ വധിക്കുന്നതോടെ രാജ്യത്തെ സാഹചര്യം വീണ്ടും കലുഷിതമായി. കൊലപാതകങ്ങളും കവർച്ചകളും അനിയന്ത്രിതമായി വർധിച്ചു. ആഭ്യന്തരയുദ്ധത്തിന് സമാനമായ രീതിയിലേക്ക് കൊളംബിയ വലിച്ചെറിയപ്പെട്ടു. കൊളംബിയൻ മധ്യനിരക്കാരൻ ലൂയിസ് ഹെരേരയുടെ മകനെയടക്കം തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായി. ഇതിനിടയിലാണ് 22 പേരടങ്ങുന്ന കൊളംബിയൻ ടീം ലോകകപ്പിൽ പന്തുതട്ടാനിറങ്ങുന്നത്.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ കൊളംബിയ ഞെട്ടി. റൊമാനിയ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് കൊളംബിയയയെ തകർത്തു. അടുത്ത മത്സരങ്ങളിൽ വിജയിച്ച് ഗ്രൂപ്പ് കടക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ടീം. രണ്ടാം മത്സരത്തിൽ ആതിഥേയരായ അമേരിക്കയായിരുന്നു എതിരാളികൾ. താരതമ്യേന ദുർബലരായ അമേരിക്കയെ എളുപ്പത്തിൽ പരാജയപ്പെടുത്താനാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ മൈതാനത്ത് മത്സരം കടുത്തു.
34-ാം മിനിറ്റിലാണ് അത് സംഭവിക്കുന്നത്. അമേരിക്കയുടെ ജോൺ ഹാർക്‌സ് ഇടത് മൂലയിൽ നിന്ന് നൽകിയ ക്രോസ് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഡിഫൻഡർ എസ്‌കോബാറിന് പിഴച്ചു. എസ്‌കോബാറിന്റെ കാലിൽ തട്ടിയ പന്ത് നേരെ വലയിലേക്ക്. സ്ഥാനം തെറ്റിയ ഗോൾകീപ്പർക്ക് ഒന്നും ചെയ്യാനായില്ല. സെൽഫ് ഗോളടിച്ച എസ്‌കോബാർ നിരാശയോടെ തിരിഞ്ഞുനടന്നു. 17-മിനിറ്റുകൾക്ക് ശേഷം അമേരിക്ക വീണ്ടും ഗോൾവല കുലുക്കി. 90-ാം മിനിറ്റിൽ അഡോൾഫോ വലൻസിയ കൊളംബിയക്കായിഗോൾ നേടിയെങ്കിലും അവർക്ക് പരാജയത്തിൽ നിന്ന് കരകയറാനായില്ല. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് പരാജയപ്പെടുത്തി. പക്ഷേ ഗ്രൂപ്പ് കടക്കാൻ അത് മതിയാകുമായിരുന്നില്ല. ഗ്രൂപ്പിലെ അവസാനസ്ഥാനക്കാരായി ടീം ലോകകപ്പിൽ നിന്ന് പുറത്തായി.
സ്വർണമുടിവെച്ച മധ്യനിരയിലെ മാന്ത്രികൻ മൈതാനങ്ങളിൽ നിരായുധനായി പോയതെന്തുകൊണ്ടാണ്? അസ്പ്രില്ലയ്ക്ക് നിർണായകനിമിഷങ്ങളിൽ ഗോളടിക്കാൻ കഴിയേണ്ടതായിരുന്നില്ലേ? ജോൺ ഹാർക്‌സിന്റെ ക്രോസ് ഗോൾ വലയിലേക്കല്ലല്ലോ പതിക്കേണ്ടിയിരുന്നത് ? ചോദ്യങ്ങൾക്കും തുടരെത്തുടരെ വന്ന ഭീഷണികൾക്കും മുന്നിൽ ഇങ്ങനെ പറഞ്ഞുവെച്ച് എസ്‌കോബാർ നാട്ടിലേക്ക് മടങ്ങി- 'ജീവിതം ഇവിടെ അവസാനിക്കുന്നില്ല. നമുക്ക് മുന്നോട്ടുപോയേ പറ്റൂ.'
ഒരാഴ്ചയ്ക്കുശേഷം ജൂലൈ ഒന്നിന് രാത്രി സുഹൃത്തുകൾക്കൊപ്പം എസ്‌കോബാർ നൈറ്റ്ക്ലബ്ബിലെത്തി. ഏറെ നേരം അവിടെ ചിലവഴിച്ചു. പുലർച്ചെ മൂന്ന് മണിയോടടുത്ത് പോകാനൊരുങ്ങുമ്പോഴാണ് ഒരു സംഘം എസ്‌കോബാറുമായി തർക്കത്തിലേർപ്പെടുന്നത്. ആക്രോശങ്ങൾക്കും കടുത്ത വാക്‌പോരിനുമൊടുവിൽ കൂട്ടത്തിലൊരാൾ തോക്കെടുത്ത് നിറയൊഴിച്ചു. എസ്‌കോബാറിന്റെ നെഞ്ചിൽ നിരവധി വെടിയുണ്ടകളേറ്റു. ഓരോ തവണ വെടിയുതിർക്കുമ്പോഴും അവർ 'ഗോൾ' എന്നലറിവിളിച്ചുകൊണ്ടേയിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും എസ്‌കോബാറിന്റെ ജീവൻ രക്ഷിക്കാനായില്ല. ലോകം ഞെട്ടിത്തരിച്ച രാത്രി.
32 വർഷങ്ങൾക്കിപ്പുറവും എസ്‌കോബാർ നീറുന്ന ഓർമയാണ്. കാൽപ്പന്ത് ചരിത്രത്തിലെ ഉണങ്ങാത്ത മുറിവ്. ഇപ്പോഴും ആ രണ്ടാം നമ്പറുകാരൻ കാൽപ്പന്ത് ലോകത്തെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. കളിക്കളങ്ങൾ വെറുപ്പിന്റേതും വിദ്വേഷത്തിന്റേതുമല്ല. അതിരുകളില്ലാത്ത ആനന്ദത്തിന്റെതാണ്. ആ ആനന്ദകല അണയാതിരിക്കട്ടെ.
Content Highlights: The philosophical view of Andres Escobar on football as a joy, not a battle., The impact of the 1994 World Cup on Colombian football history., The tragic circumstances surrounding the 1994 self-goal against the USA., The cultural and social context of Colombia during the 1990s., Remembering the legacy of Escobar 32 years after his passing.
Published: 04 Jun 2026, 05:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented