ഗോൾകീപ്പർമാർക്ക് ഇത് നല്ല കാലമാണെന്ന് തോന്നുന്നു. ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കേപ് വെർദെ, ക്യുറാസോ തുടങ്ങിയ കുഞ്ഞൻ രാജ്യങ്ങളുടെ ഗോൾകീപ്പർമാരുടെ വീരോചിത പ്രകടനങ്ങൾ നമ്മൾ കണ്ടു കഴിഞ്ഞു. വോസിൻഹയും എലോയ് റൂമുമെല്ലാം ഫുട്‌ബോൾ ആരാധകരുടെ മനസിൽ ഇടംനേടിക്കഴിഞ്ഞു. അക്കൂട്ടത്തിലേക്കിതാ പുതിയൊരു എൻട്രി, ഇറാൻ ഗോൾകീപ്പർ അലിറെസ ബെയ്റൻവാണ്ട്. ഫിഫ റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്തുള്ള ബെൽജിയത്തെ മണിക്കൂറുകൾക്ക് മുമ്പ് ഇറാൻ പിടിച്ചുകെട്ടിയത് (0-0) അലിറെസയുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലായിരുന്നു. ഇത്തവണ അസാധാരണമായ പല ഗോൾകീപ്പിങ് പ്രകടനങ്ങൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും അലിറെസയുടെ കഥ അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും തീർത്തും വ്യത്യസ്തനാക്കുന്നു.
ഇറാനിലെ ലൊറെസ്താൻ പ്രവിശ്യയിലെ ഖൊറമാബാദിൽ ഒരു കുർദിഷ് ലാക് നാടോടി കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. കടുത്ത ദാരിദ്ര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. മകൻ ഫുട്‌ബോൾ കളിക്കുന്നതിനെ പിതാവ് ശക്തമായി എതിർത്തിരുന്നു. ഫുട്‌ബോൾ ഒരു ആഡംബരമാണെന്നും ഗോൾകീപ്പിങ് ഗ്ലൗസിനായി പണം ചിലവാക്കുന്നത് വെറുതെയാണെന്നുമാണ് വീട്ടുകാർ കരുതിയിരുന്നത്. ആഡംബരങ്ങളിൽ നിന്ന് അകന്ന് വളരെ ലളിതമായ സാഹചര്യങ്ങളിൽ വളർന്ന അലിറെസ പിന്നീട് പ്രൊഫഷണൽ ഫുട്‌ബോൾ എന്ന തന്റെ സ്വപ്‌നത്തിനായി കൗമാരപ്രായത്തിൽ തന്നെ വീടുവിട്ടിറങ്ങി. ടെഹ്‌റാനിലേക്കായിരുന്നു യാത്ര. ഫുട്‌ബോൾ ക്ലബ്ബുകൾക്ക് പുറത്തുള്ള തെരുവുകളിലാണ് മാസങ്ങളോളം അദ്ദേഹം അന്തിയുറങ്ങിയത്. ഭക്ഷണത്തിനുള്ള വക കണ്ടെത്താനായി തെരുവ് തൂപ്പുകാരനായും, കാർ വാഷ് സെന്ററുകളിലും, വസ്ത്ര നിർമാണ ഫാക്ടറിയിലും, പിസ്സ ഷോപ്പിലും ജോലി ചെയ്തു. ഒടുവിൽ ആ യാത്ര ചെന്നെത്തി നിൽക്കുന്നത് ഇറാൻ ദേശീയ ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ പദവിയിലേക്കാണ്. ഇന്ന് ഏഷ്യയിലെ തന്നെ മികച്ച ഫുട്‌ബോൾ താരങ്ങളിൽ ഒരാളാണ് അലിറെസ.
കുട്ടിക്കാലത്ത് ആടുകളെ മേയ്ക്കുന്നതിനിടെ കനമേറിയ കല്ലുകൾ ദൂരേക്ക് എറിയുന്ന 'ദാൽപരൻ' എന്ന പ്രാദേശിക കളി അദ്ദേഹം കളിക്കുമായിരുന്നു. ഇത് അദ്ദേഹത്തിന്റെ ശരീരത്തിന്റെ മുകൾഭാഗത്തെ കരുത്തുറ്റതാക്കി മാറ്റി. ഫുട്‌ബോൾ ലോകത്തെ അപൂർവമായ രണ്ട് ഗിന്നസ് റെക്കോഡുകൾ അലിറെസയുടെ പേരിലാകാൻ കാരണം ഈ കളിയാണ്. ഫുട്‌ബോളിലെ ഏറ്റവും ദൂരം കൂടിയ ത്രോയ്ക്കുള്ള ഗിന്നസ് റെക്കോഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. 2016 ഒക്ടോബറിൽ ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിൽ 200.14 അടി ദൂരത്തേക്കാണ് അദ്ദേഹം പന്ത് വലിച്ചെറിഞ്ഞത്. ഏറ്റവും നീളമേറിയ ഡ്രോപ്പ് കിക്കിനുള്ള ഗിന്നസ് റെക്കോഡും ഇദ്ദേഹത്തിന്റെ പേരിൽ തന്നെ. മൈതാനത്ത് 255.95 അടി ദൂരത്തേക്ക് പന്ത് കിക്ക് ചെയ്ത് എത്തിച്ചാണ് അദ്ദേഹം രണ്ടാമത്തെ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്.
ബെൽജിയം ആധിപത്യം പുലർത്തിയ മത്സരത്തിൽ ഏഴ് സേവുകളുമായി ഇറാന്റെ കാവൽ മാലാഖയായത് അലിറെസയായിരുന്നു. പ്രത്യേകിച്ച് ബെൽജിയത്തിന്റെ മാക്‌സിം ഡി കുയ്പറിന്റെ ഗോൾ എന്നുറപ്പിച്ച ഷോട്ട് താരം തടുത്തിട്ടതു കണ്ട് സ്വന്തം ആരാധകർ പോലും ഞെട്ടി. ഇതിന് മുൻപും മികച്ച പ്രകടനങ്ങളുമായി താരം ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. 2018 ഫിഫ ലോകകപ്പിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി അലിറെസ സേവ് ചെയ്തിട്ടുണ്ട്. പോർച്ചുഗൽ-ഇറാൻ ഗ്രൂപ്പ് മത്സരത്തിലായിരുന്നു സംഭവം. മത്സരത്തിന്റെ 53-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി റൊണാൾഡോ എടുത്തെങ്കിലും അലിറെസ തടുത്തിട്ടു. മത്സരം 1-1 ന് സമനിലയിൽ കലാശിക്കുകയായിരുന്നു.
Content Highlights: Overcame extreme poverty and homelessness to become Iran's #1 goalkeeper., Held two Guinness World Records for the longest football throw and longest drop kick., Instrumental in holding Belgium to a 0-0 draw with 7 critical saves., Utilized childhood 'Dalparan' stone-throwing practice to develop elite arm strength.
Published: 22 Jun 2026, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented