
വാഷിങ്ടൺ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡി-യിലെ നിർണായകമായ ഓസ്‌ട്രേലിയ - പാരഗ്വായ് മത്സരം ഗോൾരഹിത സമനിലയിൽ. റൗണ്ട് 32 ഉറപ്പാക്കാൻ പാരഗ്വായ്ക്ക് ജയം അനിവാര്യവും ഓസ്‌ട്രേലിയയ്ക്ക് തോൽവി ഒഴിവാക്കൽ നിർബന്ധവുമായ മത്സരത്തിൽ ഇരുടീമും മുന്നേറ്റം നടത്തിയെങ്കിലും ഗോൾ പിറന്നില്ല. നാലുപോയിന്റോടെ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. എന്നാൽ മെച്ചപ്പെട്ട ഗോൾ വ്യത്യാസം കാരണം ഓസ്‌ട്രേലിയയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. അതിനാൽത്തന്നെ അടുത്ത റൗണ്ടിലെത്താൻ സോക്കറൂസിന് സമനില മതിയായിരുന്നു. മികച്ച എട്ട് ടീമുകളിൽ ഒന്നായി നോക്കൗട്ട് ഉറപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇനി പാരഗ്വായ്.
മറുവശത്ത് യു.എസ്.എ.യെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്ത് തുർക്കി ഈ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി. പിറകിൽനിന്ന ശേഷമായിരുന്നു തുർക്കിയുടെ തിരിച്ചുവരവ്. യു.എസ്.എ.യ്ക്കായി മൂന്നാംമിനിറ്റിൽ ഓസ്റ്റൺ ട്രസ്റ്റി ലീഡ് ചെയ്തു. ഏഴുമിനിറ്റിനുശേഷം തുർക്കിയുടെ അർദ ഗുലർ യു.എസ്.എ.യുടെ ലീഡ് തടഞ്ഞു. ഈ ലോകകപ്പിൽ മൂന്ന് കളികളിൽനിന്നായി തുർക്കി നേടുന്ന ആദ്യ ഗോളാണിത്. പിന്നീട് കോക്ചു 31-ാം മിനിറ്റിൽ തുർക്കിയെ മുന്നിലെത്തിച്ചു. എന്നാൽ 49-ാം മിനിറ്റിൽ സെബാസ്റ്റ്യൻ െബർഹാട്ടർ യു.എസ്.എ.െയ ഒപ്പമെത്തിച്ചു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ഇൻജുറി ടൈമിന്റെ എട്ടാംമിനിറ്റിലാണ് തുർക്കിയുടെ വിജയഗോളെത്തിയത്. കാൻ അയ്ഹാന്റെ ഗോളോടെ തുർക്കിക്ക് ഈ ലോകകപ്പിൽനിന്ന് ജയത്തോടെ തലയുയർത്തി മടങ്ങാനായി.
ആദ്യമത്സരത്തിൽ ഓസ്‌ട്രേലിയയോടും രണ്ടാമത് പാരഗ്വായോടും പരാജയപ്പെട്ട തുർക്കി ഇതിനകം ടൂർണമെന്റിൽനിന്ന് പുറത്തായതാണ്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച യു.എസ്.എ. ഗ്രൂപ്പിൽ ഒന്നാംസ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുകയും ചെയ്തു.
സോക്കറൂസ് ആക്രമണം
ഗ്രൂപ്പിൽനിന്ന് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഓസ്‌ട്രേലിയയ്ക്ക് തോൽവി ഒഴിവാക്കിയാൽ മതി എന്നതിനാൽ അവർ വലിയ പ്രതിരോധ കോട്ടയൊരുക്കാതെ തന്നെ മികച്ച രീതിയിലാണ് പൊരുതിയത്. എതിർ ഗോൾമുഖം വിറപ്പിക്കുന്നതിലും അവർ വിജയിച്ചു. ഒട്ടേറെ അവസരങ്ങളുണ്ടായിട്ടും ഗോളാക്കി മാറ്റാൻ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞില്ല. മറുഭാഗത്ത് പാരഗ്വായ്, തുടക്കത്തിൽ പ്രതിരോധത്തിൽ ഊന്നി കളിച്ചെങ്കിലും മത്സരത്തിലേക്ക് പതുക്കെ തിരികെ വന്നു. ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഓസ്ട്രേലിയൻ പ്രതിരോധത്തിൽ തട്ടി നിന്നു. ഇനി ഗ്രൂപ്പുകളിലെ മികച്ച എട്ട് സ്ഥാനക്കാരുടെ ലിസ്റ്റിലേക്ക് കണ്ണുനടണം പാരഗ്വായ്ക്ക്.
തുടക്കം മുതൽക്കേ ഓസ്‌ട്രേലിയൻ നിരയിലെ വോൾപാറ്റോയും ബോസും ചേർന്ന് വലതു വിങ്ങിലൂടെ മികച്ച നീക്കങ്ങൾ നടത്തി പാരഗ്വായ് പ്രതിരോധത്തെ പരീക്ഷിച്ചിരുന്നു. 36-ാം മിനിറ്റിലും ആദ്യ പകുതിയുടെ അധിക സമയത്തും ബോസും വോൾപാറ്റോയും നടത്തിയ മുന്നേറ്റങ്ങൾ പാരഗ്വായ് ഗോൾകീപ്പർ ഗില്ലിന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു. ഇതിനിടയിൽ പരിക്കേറ്റ ഓസ്‌ട്രേലിയൻ താരം മെറ്റ്കാഫ് തലയിൽ ബാൻഡേജുമായി കളി തുടർന്നു. മറുഭാഗത്ത് പാരഗ്വായ് താരം എൻസിസോയെ മികച്ച രീതിയിൽ പൂട്ടാൻ ഓസ്‌ട്രേലിയൻ പ്രതിരോധ നിരയ്ക്ക് സാധിച്ചതോടെ അവരുടെ ആക്രമണങ്ങൾക്ക് മൂർച്ച കുറഞ്ഞു.
Published: 26 Jun 2026, 08:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented