മൂന്നു രാജ്യങ്ങളിലെ 16 വേദികൾ, 48 ടീമുകൾ, 104 മത്സരങ്ങൾ.. ഒരു മാസത്തിലേറെ നീണ്ട യാത്രയ്‌ക്കൊടുവിൽ ഫുട്‌ബോൾ ലോകം ഒറ്റ മത്സരത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായ ലയണൽ മെസ്സിയും നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും, ഞായറാഴ്ച ന്യൂജേഴ്സിയിലെ ഈസ്റ്റ് റഥർഫോർഡിൽ വെച്ച് സ്‌പെയിനിന്റെ കരുത്തുറ്റ പ്രതിരോധനിരയെ നേരിടും. മെസ്സി- ലമിൻ യെമാൽ നേർക്കുനേർ വരുന്ന കലാശപ്പോരിന് ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകർ സ്‌പെയിനും അർജന്റീനയും തമ്മിലുള്ള മത്സരങ്ങളുടെ കണക്കുകൾ ഇഴകീറി പരിശോധിക്കുകയാണ്. ലോകകപ്പിൽ ഇരുരാജ്യങ്ങളും തമ്മിൽ ആകെ ഒറ്റത്തവണയാണ് ഏറ്റുമുട്ടിയത്. അന്നത്തെ വിജയം അർജന്റീനയ്‌ക്കൊപ്പമായിരുന്നു. എന്നാൽ, ഏറ്റവും അവസാനമായി മുഖാമുഖം വന്നപ്പോൾ അർജന്റീനയെ 6-1ന് തകർത്തുവിട്ടതിന്റെ ചരിത്രമാണ് സ്‌പെയിൻ ആരാധകരെ ആവേശംകൊള്ളിക്കുന്നത്. അതേസമയം നേർക്കുനേർ പോരാട്ടങ്ങളൊന്നാകെ എടുത്തുള്ള കണക്കുകൾ തുല്യതയുടേതാണ്.
2026ലെ ലോകകപ്പ് ഫൈനലിൽ കിരീടത്തിനായി പോരാടുമ്പോൾ, വർഷങ്ങളായി തുടരുന്ന ഈ തുല്യനിലയ്ക്ക് ലോകത്തെ ഏറ്റവും വലിയ വേദിയായ ഫൈനലിൽ ഒരു തീർപ്പുണ്ടാകും.
ലോകകപ്പിന്റെ ഫൈനലിൽ മാത്രമല്ല, ഒരു നോക്കൗട്ട് മത്സരത്തിൽ പോലും ഇവർ തമ്മിൽ മുമ്പ് ഏറ്റുമുട്ടിയിട്ടില്ല. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് നിലവിലെ യൂറോപ്യൻ, തെക്കേ അമേരിക്കൻ ചാമ്പ്യന്മാർ ഫൈനലിൽ നേർക്കുനേർ വരുന്നത് എന്ന സവിശേഷതയും ഉണ്ട്.
നേർക്കുനേർ പോരാട്ടം
2026 ഫിഫ ലോകകപ്പ് ഫൈനലിന് മുന്നോടിയായി സ്‌പെയിനും അർജന്റീനയും തമ്മിലുള്ള ചരിത്രപരമായ മത്സരക്കണക്കുകൾ തികച്ചും തുല്യനിലയിലാണ് നിൽക്കുന്നത്. വിവിധ ടൂർണമെന്റുകളിലും സൗഹൃദ മത്സരങ്ങളിലുമായി ഇരു ടീമുകളും ഇതുവരെ 14 തവണയാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ 6 മത്സരങ്ങളിൽ സ്‌പെയിനും 6 മത്സരങ്ങളിൽ അർജന്റീനയും വിജയിച്ചപ്പോൾ 2 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.
ലോകകപ്പിലെ നേർക്കുനേർ പോരാട്ടം
ലോകകപ്പിൽ അർജന്റീനയും സ്‌പെയിനും അവസാനമായി കണ്ടുമുട്ടിയിട്ട് വളരെക്കാലമായി. അന്ന് ഇരുരാജ്യങ്ങളും ഏറ്റുമുട്ടുമ്പോൾ നിലവിലെ രണ്ട് ടീമുകളിലെയും ഒരു കളിക്കാരനും ജനിച്ചിട്ടുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അർജന്റൈൻ പരിശീലകൻ ലയണൽ സ്‌കലോണി പോലും ജനിച്ചിരുന്നില്ല, അതേസമയം സ്പാനിഷ് പരിശീലകൻ ലൂയിസ് ഡി ലാ ഫ്യുവെന്റയ്ക്ക് അഞ്ച് വയസ്സ് മാത്രമായിരുന്നു പ്രായം. 1966ൽ നടന്ന ആ മത്സരത്തിൽ അർജന്റീന 2-1ന് സ്‌പെയിനിനെ പരാജയപ്പെടുത്തി.
അവസാനമായി കളിച്ചത്
വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ ടീമുകളായതിനാൽ ഇരുവർക്കും പരസ്പരം കളിക്കാൻ കുറഞ്ഞ അവസരങ്ങളെ ലഭിക്കാറുള്ളൂ. അവ മിക്കതും സൗഹൃദ മത്സരങ്ങളുമായിരുന്നു. 2018 ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിലാണ് അവസാനമായി ഏറ്റുമുട്ടിയത്. അന്ന് സ്‌പെയിൻ അർജന്റീനയെ 6-1 ന് തകർത്തു. ഇരുടീമുകളുടെയും ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വ്യത്യാസമാണിത്. 2010ലാണ് അതിന് മുമ്പ് ഏറ്റുമുട്ടിയത്. ലോകകപ്പ് കിരീടം നേടിയ ഉടനെ സ്‌പെയിൻ ബ്യൂണസ് ഏറീസിൽ കളിക്കാൻ എത്തിയപ്പോൾ, അർജന്റീന അവരെ 4-1 ന് പരാജയപ്പെടുത്തിയിരുന്നു.
എന്നാൽ, അവസാനമായി നേർക്കുനേർ വന്നതിനുശേഷം ഇരു ടീമുകളിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിനുശേഷം അർജന്റീന രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഒരു ഫിഫ ലോകകപ്പും സ്വന്തമാക്കിയപ്പോൾ, സ്‌പെയിൻ തങ്ങളുടെ നേട്ടങ്ങളുടെ പട്ടികയിൽ ഒരു യൂറോ കിരീടം കൂടി കൂട്ടിച്ചേർത്തു.
2026-ലെ ശക്തി ദൗർബല്യങ്ങൾ
സ്‌പെയിൻ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയും അർജന്റീന ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തുമാണ് 2026-ലോകകപ്പ് കലാശപ്പോരിന് യോഗ്യത നേടിയിരിക്കുന്നത്.
അർജന്റീന തങ്ങളുടെ നാലാമത്തെ കിരീടം ലക്ഷ്യമിട്ടാണ് ഞായറാഴ്ച കളത്തിലറങ്ങുക. 1958-ലും 1962-ലും ബ്രസീൽ കൈവരിച്ച നേട്ടത്തിന് ശേഷം, തുടർച്ചയായി രണ്ട് തവണ ലോകചാമ്പ്യന്മാരാകുന്ന ആദ്യ ടീമായി മാറാനാണ് അവർ ശ്രമിക്കുന്നത്. 2010-ൽ കിരീടം നേടിയ സ്‌പെയിൻ തങ്ങളുടെ രണ്ടാമത്തെ കിരീടമാണ് ലക്ഷ്യമിടുന്നത്.
ഇത്തവണത്തെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ (19) നേടിയ രാജ്യമായിട്ടാണ് അർജന്റീന കലാശപ്പോരിനിറങ്ങുന്നത്. സ്‌പെയിനാകട്ടെ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ രാജ്യമെന്ന നിലയ്ക്കാണ് വരുന്നത്. ഒരു ഗോൾ മാത്രമാണ് അവർ ഇതുവരെ വഴങ്ങിയത്.
സ്‌പെയിൻ ടൂർണമെന്റിൽ ഇതുവരെ
- ആറ് വിജയങ്ങൾ, ഒരു സമനില, തോൽവിയില്ല.
- അടിച്ച ഗോളുകൾ: 13.
- വഴങ്ങിയ ഗോളുകൾ: 1.
- ഗ്രൂപ്പ് ഘട്ടം: കേപ് വെർദയുമായി 0-0 സമനില, സൗദി അറേബ്യയെ 4-0 ന് തോൽപിച്ചു, ഉറുഗ്വേയെ 1-0 ന് തോൽപിച്ചു.
- നോക്കൗട്ട് ഘട്ടം: ഓസ്ട്രിയയെ 3-0 ന് തോൽപിച്ചു, പോർച്ചുഗലിനെ 1-0 ന് തോൽപിച്ചു, ബെൽജിയത്തെ 2-1 ന് തോൽപിച്ചു, ഫ്രാൻസിനെ 2-0 ന് തോൽപിച്ചു.
അർജന്റീന ടൂർണമെന്റിൽ ഇതുവരെ
- ഏഴ് വിജയം, തോൽവിയും സമനിലയുമില്ല.
- അടിച്ച ഗോളുകൾ: 19.
- വഴങ്ങിയ ഗോളുകൾ: 7.
- ഗ്രൂപ്പ് ഘട്ടം: അൾജീരിയയെ 3-0 ന് തോൽപ്പിച്ചു, ഓസ്ട്രിയയെ 2-0 ന് തോൽപ്പിച്ചു, ജോർദാനെ 3-1 ന് തോൽപ്പിച്ചു.
- നോക്കൗട്ട് ഘട്ടം: കേപ് വെർദയെ 3-2 ന് തോൽപ്പിച്ചു, ഈജിപ്റ്റിനെ 3-2 ന് തോൽപ്പിച്ചു, സ്വിറ്റ്‌സർലൻഡിനെ 3-1 ന് തോൽപ്പിച്ചു, ഇംഗ്ലണ്ടിനെ 2-1 ന് തോൽപ്പിച്ചു.
Content Highlights: Historic 2026 FIFA World Cup final between Argentina and Spain., Head-to-head record is perfectly balanced at 6 wins each and 2 draws., Argentina aims for a second consecutive title; Spain targets their second World Cup trophy., Argentina enters the final as the highest-scoring team (19 goals)., Spain boasts the tournament's best defense, having conceded only one goal.
Published: 16 Jul 2026, 05:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented