
ഊണിലും ഉറക്കത്തിലും ധോനിയാവണം എന്ന് സ്വപ്‌നം കണ്ടുനടന്ന പയ്യനെ പിടിച്ച് അമ്മ ഒരുനാള്‍ സംഗീതക്ലാസിൽ കൊണ്ടുപോയി ചേര്‍ത്തു. ചേര്‍ത്തതിന്റെ പിറ്റേന്നുതന്നെ ടീച്ചര്‍ വിളിച്ചു പറഞ്ഞു: 'ദയവായി നാളെ മുതല്‍ അവനെ ഇങ്ങോട്ട് വിടരുത്. നേരാംവണ്ണം സംസാരിക്കുന്നതു പോലുമില്ല. അത്രയ്ക്ക് നാണംകുണുങ്ങിയാണവന്‍. ഈ വിധത്തിലാണെങ്കില്‍, കൊച്ചിന് പാട്ടുപാടാന്‍ കഴിയുമെന്ന് തോന്നുന്നില്ല'.
ടീച്ചര്‍ വളരെ ഹൃദയാലുവായിട്ടാണ് ഇക്കാര്യം വിളിച്ചറിയിച്ചതെങ്കിലും, അമ്മ അത് കേട്ടമാത്രയില്‍ തന്നെ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. വാസ്തവത്തില്‍ യഷ് ഒരു ഉഗ്രന്‍ ഗായകനായിരുന്നു. ടീച്ചറുടെ മുന്‍പിലോ ക്ലാസിലോ വായ തുറക്കാതിരുന്നതുകൊണ്ട് അവര്‍ക്ക് അക്കാര്യം മനസ്സിലാകാതെ പോയെന്നേയുള്ളൂ. മകന്റെ ആലാപന മികവ് നിരവധി തവണ കേട്ട് അനുഭവിച്ചതാണ് ആ അമ്മ. പക്ഷേ, ധോനിയാവാന്‍ നടക്കുന്ന പയ്യന് അങ്ങനെ വല്ല വിചാരവും വേണ്ടേ... അങ്ങനെ മകനെ സംഗീതം പഠിപ്പിക്കണമെന്ന മോഹം അമ്മ അവിടെ അവസാനിപ്പിച്ചു.
2011 ഏപ്രില്‍ രണ്ട്, യഷിന് അന്ന് പതിനൊന്ന് വയസ്സാണ്. സച്ചിനെ സാക്ഷി നിര്‍ത്തി ധോനി ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച വര്‍ഷം. മികച്ച ഒരു സിക്‌സോടെ, ധോനി ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള മോഹം സഫലീകരിച്ച നിമിഷം. കപില്‍ദേവിന് ശേഷം ലോകക്രിക്കറ്റില്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി മേല്‍വിലാസം ചാര്‍ത്തിയ മുഹൂര്‍ത്തം.
നാമെല്ലാവരെയും പോലെ യഷും ആ ലോകകപ്പ് നേട്ടത്തിന്റെ ത്രില്ലിലായിരുന്നു. നാം ആ നേട്ടത്തെയാണ് ആഘോഷിച്ചതെങ്കില്‍, യഷ് ആ കൂട്ടത്തില്‍ ഉണ്ടായിരുന്നെങ്കിലെന്ന് കൊതിച്ചു. സച്ചിനെ തോളില്‍ക്കയറ്റി വിജയമാഘോഷിക്കുന്നവരുടെ കൂട്ടത്തില്‍ താനുംകൂടി ഉള്‍ച്ചേരുന്ന അനുഭവങ്ങള്‍ യഷ് സ്വപ്‌നം കണ്ടു. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഏപ്രില്‍ രണ്ടിന് കണ്ട ആ കാഴ്ച യഷ് പിന്നീടൊരിക്കലും മറന്നില്ല. ഒരു ക്രിക്കറ്ററായിത്തീരാനുള്ള, അതിലേറെ ഒരു ധോനിയായിത്തീരാനുള്ള പ്രചോദനമായി അക്കളി യഷിന്റെ ഉള്ളം വന്ന് പൊതിഞ്ഞു.

കരിയര്‍ വഴിതിരിച്ച ലോകകപ്പ്
2024 ഏപ്രില്‍ 17, കാലവും സമയവും സ്ഥിതിഗതികളുമൊക്കെ മാറി. വാംഖഡെ സ്റ്റേഡിയത്തിന്റെ മുഖച്ഛായയും മാറി. ഗ്രൗണ്ടില്‍ നടക്കുന്നത് ലോകകപ്പല്ല, ഐ.പി.എലാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് മത്സരം. ആദ്യം ബാറ്റുചെയ്ത ലഖ്‌നൗ 163 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ഗുജറാത്ത് ശക്തമായ നിലയിലാണ്. ആദ്യ 35 പന്തുകളില്‍ത്തന്നെ 54 റണ്‍സുമായി സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലും ക്രീസില്‍. ഇക്കളി ഗുജറാത്ത് ജയിക്കുമെന്ന് എല്ലാവരും വിശ്വസിച്ചു.
പക്ഷേ, കഥ മാറിയത് പെട്ടെന്നാണ്. പവര്‍പ്ലേയുടെ അവസാന ഓവര്‍ എറിയാന്‍ യഷ് താക്കൂര്‍ എന്ന അന്നത്തെ ആ പയ്യന്‍ എത്തുന്നു. യഷ് ഒരുക്കിയ കെണിയില്‍ ആദ്യം വീണത് ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ തന്നെയാണ്. പവര്‍ പ്ലേ ഓവറില്‍ ലെഗ് സൈഡില്‍ രണ്ട് ഫീല്‍ഡര്‍മാരെ നിര്‍ത്തിയുള്ള തന്ത്രത്തില്‍ ഗില്‍ വീണു. ഗില്‍ നോക്കുമ്പോള്‍, ഓഫ് സൈഡ് റണ്‍ കണ്ടെത്താന്‍ സഹായിക്കുന്ന വിധം ഒഴിഞ്ഞു കിടക്കുന്നു. അനുവദിച്ച രണ്ട് ഫീല്‍ഡര്‍മാരെ ഉപയോഗിച്ചിരിക്കുന്നത് ലെഗ് സൈഡില്‍.
യഷ് എറിഞ്ഞ ഓവറിലെ രണ്ടാം പന്ത് ഗില്‍ ബൗണ്ടറി കടത്തി. ഒരു ഹാര്‍ഡ് ലെങ്ത് ഡെലിവറിയായിരുന്നു അത്. യഷ് പക്ഷേ, നിരാശപ്പെട്ടില്ല. വീണ്ടും അതേ രീതിയില്‍ അല്‍പംകൂടി ആംഗിള്‍ ചെയ്ത ഒരു ഫുള്‍ പേസ് ബോള്‍ ഉപയോഗിച്ച് ഗില്ലിന് കെണിയൊരുക്കി. ഓവറിലെ ആറാം പന്ത് 142.4 കിലോമീറ്റര്‍/ വേഗത്തിലാണ് ഗില്ലിനു പിന്നിലെ കുറ്റിയില്‍ച്ചെന്ന് പതിച്ചത്. ഓഫ് സൈഡിലൂടെ വീണ്ടുമൊരു ബൗണ്ടറിക്ക് ശ്രമിച്ച ഗില്‍, ആ ഏറില്‍ വീണു. പന്ത് സ്റ്റമ്പിൽ കൊണ്ട് ഗില്ല് പുറത്തായി. ഗില്ലിന്റെ വിക്കറ്റ് കൂടാതെ മറ്റു നാലുപേരെക്കൂടി യഷ് ആ കളിയില്‍ പുറത്താക്കി. ആകെ അഞ്ചുവിക്കറ്റ്. ഈ സീസണിലെ ആദ്യത്തെ അഞ്ചുവിക്കറ്റ് നേട്ടത്തിന്റെ ഉടമയായി അങ്ങനെ യഷ് താക്കൂര്‍ മാറി.
അച്ഛനായിരുന്നു എല്ലാം
യഷ് താക്കൂറിനെ ഏറ്റവും വേദനിപ്പിച്ച സംഭവത്തിനാണ് കഴിഞ്ഞവര്‍ഷം സാക്ഷിയായത്. തന്റെ 25-ാം പിറന്നാളിന് അച്ഛന്റെ അന്ത്യ കര്‍മങ്ങള്‍ ചെയ്യാനാണ് യഷിന് നിയോഗമുണ്ടായത്. ദീര്‍ഘകാലം രോഗശയ്യയിലായിരുന്ന അച്ഛന്‍ രവി സിങ് താക്കൂര്‍ കഴിഞ്ഞ ഡിസംബര്‍ 28-ന് മരിച്ചു. രഞ്ജി ട്രോഫി പുരോഗമിച്ചുകൊണ്ടിരിക്കേയായിരുന്നു അച്ഛന്റെ മരണം. അതിനാല്‍ത്തന്നെ വിദര്‍ഭയ്‌ക്കൊപ്പം ആദ്യ രണ്ട് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യഷിനായില്ല. അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി വിദര്‍ഭയുടെ മൂന്നാമത്തെ കളി മുതലാണ് യഷ് ടീമിനൊപ്പം ചേരുന്നത്. വിദര്‍ഭയെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും യഷ് താക്കൂറിനായി.
അന്ന് ആ മത്സരത്തിന് പോയതിനെക്കുറിച്ച് ഓര്‍മിക്കുകയാണ് യഷിന്റെ അമ്മ കാജല്‍ താക്കൂര്‍. 'അച്ഛന്റെ അന്ത്യകര്‍മങ്ങളൊക്കെ പൂര്‍ത്തിയാക്കിയത് അവനാണ്. എല്ലാം അവന്‍ ഒറ്റയ്ക്കുതന്നെ ചെയ്തു. ഒരു തുള്ളി കണ്ണീരിന്റെ പിന്‍ബലമില്ലാതെ അവനത് ചെയ്തുതീര്‍ക്കാനായി'. അവന്‍ വിദര്‍ഭയുടെ രഞ്ജി ട്രോഫി ടീമിനോടൊപ്പം ചേര്‍ന്നപ്പോള്‍ ഞങ്ങളെല്ലാവരും അദ്ഭുതപ്പെട്ടു. ഞങ്ങളത് തീരെ പ്രതീക്ഷിച്ചിരുന്നതല്ല. പക്ഷേ, അവന്‍ അവനെത്തന്നെ സ്വയം പ്രചോദിപ്പിക്കുകയായിരുന്നു. അവന് അതൊക്കെ എങ്ങനെ സാധ്യമായെന്ന് ദൈവത്തിനേ അറിയൂവെന്നും കാജല്‍ പറഞ്ഞു.
വിദര്‍ഭയ്ക്കുവേണ്ടി മത്സരിക്കാന്‍ പോകുന്നതിനു മുന്‍പുള്ള ഒരുക്കത്തിനിടെ, അമ്മയും മൂത്ത സഹോദരി ശ്വേതയും ഉപദേശിച്ചതാണ്, ഒരു കളികൂടി കഴിഞ്ഞിട്ട് പോയാല്‍ മതി, നീ ഓകെ ആയിട്ടില്ലെന്ന്. പക്ഷേ, യഷ് അത് ശ്രദ്ധിച്ചില്ല. രോഗശയ്യയിലായപ്പോള്‍ അച്ഛന് കൊടുത്ത വാക്ക് പാലിക്കണമെന്നായിരുന്നു യഷിന്റെ ചിന്ത. മകന്‍ ഒരു വലിയ ക്രിക്കറ്ററായിത്തീരണം എന്ന് ആ അച്ഛന്‍ അതിയായി ആഗ്രഹിച്ചിരുന്നു.
രോഗശയ്യയിലായപ്പോള്‍ പോലും മകനോട് ക്രിക്കറ്റ് കരിയറിനെക്കുറിച്ച് ചോദിച്ചറിഞ്ഞു. അച്ഛനും യഷും തമ്മില്‍ അങ്ങേയറ്റത്തെ അടുപ്പം സൂക്ഷിച്ചിരുന്നു. യഷിന് അച്ഛനായിരുന്നു എല്ലാം. അച്ഛന് യഷിലും വലിയ പ്രതീക്ഷവെച്ചു. രോഗം മൂര്‍ച്ഛിച്ച അവസരത്തില്‍ അച്ഛന്റെ അടുക്കല്‍ച്ചെന്ന് ഓരോ ദിവസത്തെയും ക്രിക്കറ്റ് വിശേഷങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കാറുണ്ടായിരുന്നു യഷ് താക്കൂര്‍. ഇരുവരും ക്രിക്കറ്റിനെക്കുറിച്ചും കരിയറിനെക്കുറിച്ചും നീണ്ട ചര്‍ച്ചകള്‍ നടത്തും.
'അച്ഛന്റെ അന്ത്യനാളുകളില്‍ യഷ് നിഴലുപോലെ കൂടെയുണ്ടായിരുന്നു. ആ സമയത്തുപോലും മകന് ക്രിക്കറ്റ് സംബന്ധിച്ചും അല്ലാത്തതുമായ കുറെ ഉപദേശങ്ങള്‍ നല്‍കി. അതുകൊണ്ടുതന്നെ അച്ഛന്റെ വേര്‍പ്പാട് അവന് താങ്ങാവുന്നതിലപ്പുറമാണ്. മരിച്ചുകഴിഞ്ഞ ശേഷം ഒരിക്കല്‍പ്പോലും അവന്‍ അച്ഛനെക്കുറിച്ച് എന്നോട് സംസാരിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അഞ്ചുവിക്കറ്റ് നേടിയതിനുശേഷം അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് സഹോദരിയോട് പറഞ്ഞു'- അമ്മ കാജല്‍ പറഞ്ഞു.
അഞ്ച് വിക്കറ്റ് നേട്ടം കൊയ്തതിനു പിന്നാലെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട യഷ്, ആ അവസരത്തില്‍ പറഞ്ഞു: 'എന്റെ അച്ഛന്‍ ഇന്നില്ല. ഈ പുരസ്‌കാരം ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു. ഞാന്‍ അഞ്ച് വിക്കറ്റെടുക്കുന്നത് കാണാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് ഇത് അദ്ദേഹത്തിനുള്ളതാണ്.'

ധോനിയാവാന്‍ പോയി ബൗളറായി
ക്രിക്കറ്റ് പരിശീലകനായ പ്രവീണ്‍ ഹിംഗാനിക്കര്‍ വഴിയാണ് യഷ് താക്കൂറിലെ ക്രിക്കറ്റ് പാകപ്പെട്ടതെന്നു പറയാം. വീടിനടുത്തായിരുന്നു ഹിംഗാനിക്കറുടെ വീട്. അദ്ദേഹത്തിന്റെ ടെറസില്‍നിന്ന് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നത് നോക്കിനില്‍ക്കലായിരുന്നു യഷ് താക്കൂറിന്റെ പ്രധാന പണി. അങ്ങനെ താക്കൂറിലും ക്രിക്കറ്റ് കളിക്കാനുള്ള മോഹമുദിച്ചു.
ആഗ്രഹം മൂത്ത് ഒരുദിവസം യഷ്, ഗ്ലൗസുമായി ഹിംഗാനിക്കറുടെ അടുത്ത് ചെന്ന് തനിക്ക് ധോനിയാവണമെന്ന ആവശ്യം അറിയിച്ചു. അങ്ങനെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി പരിശീലനം തുടങ്ങി. പക്ഷേ, ആ നിലയില്‍ മികവു കാട്ടാന്‍ യഷിനായില്ല. ഇക്കാര്യം അവന്റെ കളി കണ്ടവരൊക്കെ സൂചിപ്പിക്കുകയും ചെയ്തു. അതോടെ കോച്ച് 'ഒരു ബൗളറായിക്കൂടേ' എന്ന് നിര്‍ദേശിച്ചു. ഇതുകേട്ട പതിമൂന്നുകാരനായ യഷ്, ഹിംഗാനിക്കറുടെ മുഖത്തേക്ക് ദേഷ്യത്തോടെ ഒരു നോട്ടമെറിഞ്ഞു. ഈര്‍ഷ്യയോടെ, 'എനിക്ക് ധോനിയാവണം, അതിനാണ് ഇവിടെ വന്നതെ'ന്നതെന്ന് പറഞ്ഞു.
അങ്ങനെ പറഞ്ഞെങ്കിലും യഷ് ബൗളിങ് പരിശീലനം ആരംഭിച്ചു. അതില്‍ കുറെക്കൂടി സ്വാഭാവികമായി അവനെ കാണപ്പെട്ടു. അതോടെ ഹംഗാനിക്കര്‍ ആ വിധത്തില്‍ അവനെ പരിശീലിപ്പിച്ചെടുക്കാന്‍ തുനിഞ്ഞു. പക്ഷേ, അപ്പോഴും അവന്റെ ഉള്ളില്‍ ധോനിയാവുക എന്ന മോഹം കടുത്തുതന്നെ തുടരുന്നുണ്ടായിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയതും ഫിനിഷിങ്ങിലെ ധോനിയുടെ നിറഞ്ഞാട്ടവും രണ്ടുവര്‍ഷം കഴിഞ്ഞിട്ടും അവനെ വിട്ടുപോയിരുന്നില്ല. ധോനിയാവുക എന്ന ആഗ്രഹം നാള്‍ക്കുനാള്‍ പെരുത്തുവന്നതല്ലാതെ കുറഞ്ഞില്ല.
പിന്നീട് അച്ഛന്‍ രവി സിങ്ങാണ് അതിനൊരു ഉപായം കണ്ടത്. നീ ധോനിയായിക്കോ, പക്ഷേ, അത് ബാറ്റിങ്ങില്‍ തന്നെ വേണമെന്നില്ലല്ലോ, ഒരു ബൗളറായിട്ട് നിനക്ക് മാച്ച് ഫിനിഷ് ചെയ്യാമെന്ന് അച്ഛന്‍ ഉപദേശിച്ചു. അത് നല്ല ആശയമാണെന്ന് യഷിനും തോന്നി. അങ്ങനെയാണ് 'ധോനിയാവുക' എന്ന സങ്കീര്‍ണമായ ആ പ്രശ്‌നം പരിഹരിച്ചത്. ഐ.പി.എല്‍. മീഡിയാ വിഭാഗം പങ്കുവെച്ച ഒരു വീഡിയോയില്‍ യഷ് താക്കൂര്‍ ഇക്കാര്യം പറയുന്നുണ്ട്: ഞാനൊരു വലിയ എം.എസ്. ധോനി ആരാധകനാണ്. ഡെത്ത് ഓവറുകളില്‍ എന്റെ ടീമിനെ വിജയിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ക്രിക്കറ്റ് കരിയര്‍
1998 ഡിസംബര്‍ 28-ന് കൊല്‍ക്കത്തയിലാണ് യഷ് താക്കൂറിന്റെ ജനനം. പ്രവീണ്‍ ഹിംഗാനിക്കര്‍ ക്രിക്കറ്റ് അക്കാദമിയിലാണ് (പി.എച്ച്.സി.എ.) ആദ്യമായി പരിശീലനത്തിന് ചേര്‍ന്നത്. അവിടെ പ്രവീണ്‍ ഹിംഗാനിക്കറും നിഥിന്‍ കനേരെയും ചേര്‍ന്ന് യഷിനെ പരിശീലിപ്പിച്ചു.
പിന്നീട് വിദര്‍ഭയ്ക്കുവേണ്ടി ലിസ്റ്റ് എ ക്രിക്കറ്റ് കളിച്ചു. 2017 ഫെബ്രുവരി 25-ന് വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെതിരേയായിരുന്നു അരങ്ങേറ്റം. 2018 നവംബര്‍ 28-ന് ഛത്തീസ്ഗഢിനെതിരേ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തി. തൊട്ടടുത്ത വര്‍ഷം രഞ്ജി ട്രോഫിയിലും ഇറാനി ട്രോഫിയിലും വിദര്‍ഭയ്ക്കുവേണ്ടി കളിക്കാന്‍ അവസരം ലഭിച്ചു. ഇക്കാലത്തിനിടയില്‍ റെഡ് ബോള്‍ ക്രിക്കറ്റിലും വൈറ്റ് ബോള്‍ ക്രിക്കറ്റിലുമെല്ലാം യഷിന് തിളങ്ങാനാവുമെന്ന് തെളിയിച്ചു. വിദര്‍ഭയില്‍ ഉമേഷ് യാദവിനൊപ്പം കളിക്കാനായതും മികച്ച അനുഭവങ്ങള്‍ നല്‍കി.

2019 ഫെബ്രുവരി 21-ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരേ ടി20-യില്‍ മത്സരിച്ചു. അരങ്ങേറ്റ മത്സരത്തില്‍ രണ്ട് വിക്കറ്റും 32 റണ്‍സും നേടി ഓള്‍റൗണ്ട് പ്രകടനം നടത്തിയതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ക്രിക്കറ്റ് പണ്ഡിതര്‍ക്കിടയില്‍ യഷ് താക്കൂറിന്റെ പ്രകടനങ്ങളും വിലയിരുത്തപ്പെട്ടു.
2020-ലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് വരുന്നത്. പഞ്ചാബ് കിങ്‌സ് ഇലവന്റെ നെറ്റ് ബൗളറായാണ് ആദ്യ സെലക്ഷന്‍. അവിടെ അര്‍ഷ്ദീപ് സിങ് ഉള്‍പ്പെടെയുള്ള മികച്ച താരങ്ങള്‍ക്കൊപ്പം പന്തെറിയാനുള്ള അവസരം ലഭിച്ചു. ഇതിനിടെ 2022-ലെ മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തി. പത്ത് കളികളില്‍നിന്ന് 15 വിക്കറ്റ് നേടുകയും ഡെത്ത് ഓവറുകളില്‍ മികച്ച ബൗളിങ് കാഴ്ചവെയ്ക്കുകയും ചെയ്തു. 2023 ഐ.പി.എല്‍. താരലേലത്തില്‍ 45 ലക്ഷം രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരത്തെ സ്വന്തമാക്കി.
ബൗളിങ്ങിലെ കെണിവല

ഐ.പി.എലില്‍ ആകെ യഷ് താക്കൂര്‍ 42.4 ഓവറാണ് എറിഞ്ഞത്. ഇതില്‍ത്തന്നെ പവര്‍ പ്ലേയില്‍ എറിഞ്ഞ ഓവറുകള്‍ ഏഴെണ്ണം. വിദര്‍ഭയില്‍ ന്യൂബോള്‍ ബൗളറായാണ് തുടങ്ങിയതെങ്കിലും പിന്നീട് ഡെത്ത് ബൗളറായി സ്വയം മാറുകയായിരുന്നു. ആ നിലയില്‍ ഇതിനകംതന്നെ വിദര്‍ഭയില്‍ പ്രസിദ്ധിയാര്‍ജിച്ച താരമാണ് അദ്ദേഹം. ഇത് 25 വയസ്സിനകംതന്നെ പലനിലയിലുള്ള ബൗളിങ് വൈഭവം സാധ്യമാക്കുന്നതിന് യഷ് താക്കൂറിനെ സഹായിച്ചു. പന്ത് പിച്ചിനു പുറത്ത് ഇരുവശങ്ങളിലേക്ക് സ്വിങ്ങിങ് വരെയും യോര്‍ക്കറുകള്‍ മുതല്‍ സ്ലോ ബൗണ്‍സറുകള്‍ വരെയും എറിയാന്‍ കഴിവുറ്റ ബൗളറാണ് യഷ് താക്കൂര്‍.
വേഗം കുറഞ്ഞ ഒരു വൈഡ് ബൗണ്‍സര്‍ നല്‍കിയാണ് ഗുജറാത്തിന്റെ വിജയ് ശങ്കറിന്റെ വിക്കറ്റ് നേടിയത്. ഷോട്ടടിക്കാന്‍ ആദ്യമേ ഒരുങ്ങിനിന്ന ശങ്കര്‍, പന്ത് കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ച് മടങ്ങി. ഹാര്‍ഡ് ലെങ്തില്‍ ഒരു സ്ലോ ബോള്‍ എറിഞ്ഞ് അടുത്തതായി റാഷിദ് ഖാനെയും പറഞ്ഞയച്ചു. കൂറ്റനടിക്ക് ശ്രമിച്ച റാഷിദിന് ആ പന്ത് 30 യാര്‍ഡ് സര്‍ക്കിളിനപ്പുറത്തേക്ക് കടത്താനായില്ല. മിഡ് ഓഫില്‍ ദീപക് ഹൂഡയ്ക്ക് ക്യാച്ചായി പുറത്തായി. രാഹുല്‍ തെവാട്ടിയയെയും നൂര്‍ അഹ്‌മദിനെയും ഇതുപോലെ മോഹിപ്പിക്കുന്ന പന്തുകള്‍ നല്‍കിയാണ് മടക്കിയത്. 3.5 ഓവറില്‍ 30 റണ്‍സ് വിട്ടുനല്‍കിയാണ് താക്കൂറിന്റെ അഞ്ചുവിക്കറ്റ് നേട്ടം.
Content Highlights: yash thakur lsg player cricket career life story
Published: 12 Apr 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented