
വിവാഹത്തിന് മുമ്പ് തന്നെ പിതാവിനെ നഷ്ടപ്പെട്ടതിനാൽ പിതൃവാൽസല്യം അനുഭവിച്ചത് ഭർതൃ പിതാവായ ശിഹാബ് തങ്ങളിലൂടെയായിരുന്നു. പിതാവ് നഷ്ടപ്പെട്ട വേദന ഉള്ളിലൊതുക്കിയാണ് എൻ്റെ വിവാഹം നടന്നതെങ്കിലും പാണക്കാടെത്തിയത് മുതൽ ബാപ്പ എൻ്റെ സ്വന്തം ബാപ്പയായി മാറി. കൃത്യമായ മതചിട്ട പുലർത്തുന്നതിനിടയിലും ആവശ്യമായ സ്വാതന്ത്ര്യം ഞങ്ങൾക്കെല്ലാവർക്കും ബാപ്പായും ഉമ്മായും നൽകിയിരുന്നു. ആർക്കും തടസ്സങ്ങളില്ലാതെ കയറി വരാവുന്ന പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ ജനത്തിരക്കിനിടയിലും വീട്ടുകാര്യങ്ങൾ അന്വേഷിച്ച് നിർവ്വഹിച്ച് പോരുന്ന നല്ലൊരു ഗൃഹനാഥൻ കൂടിയായിരുന്നു അദ്ദേഹം. അതിരാവിലെ എഴുന്നേറ്റ് ഏതോ ദിക്കിലേക്ക് പോകുന്ന ബാപ്പ പാതിരാത്രി കഴിഞ്ഞാണ് പലപ്പോഴും വരാറുള്ളത്. അതിനാൽ അധിക ദിവസവും വീട്ടുകാരെ എല്ലാവരെയും കാണാൻ പോലും അവസരമുണ്ടാകാറില്ല. എന്നാൽ വീട്ടിലുണ്ടാകുന്ന സമയത്ത് എല്ലാവരുടെയും കാര്യങ്ങൾ ചോദിച്ചറിയും. അപൂർവ്വമായി ഉണ്ടാകുന്ന സമയങ്ങളിൽ ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന പതിവുണ്ടായിരുന്നു. ഇത് ഉമ്മയുടെ പ്രത്യേക നിർബന്ധവുമായിരുന്നു. ഒരുപക്ഷേ പാണക്കാട്ടെ തറവാട്ടിൽ വീട്ടംഗങ്ങൾ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുന്നത് തീൻമേശക്ക് ചുറ്റുമിരിക്കുന്ന ഈ സമയത്താണ്.
കണ്ണൂർ ഭാഗത്ത് പരിപാടിക്ക് വരുന്ന സമയത്ത് പലപ്പോഴും എന്നെ കൂട്ടാൻ വീട്ടിൽ വരാറുണ്ടായിരുന്നു. ഒരു ദിവസം എന്നെ വീട്ടിൽ നിന്നും കൂട്ടി പാണക്കാടേക്കുള്ള യാത്രക്കെടുത്തത് ഏകദേശം ഏഴ് മണിക്കൂറായിരുന്നു. സാധാരണ നാല് മണിക്കൂറാണ് കണ്ണൂരിൽ നിന്നും പാണക്കാടേക്ക് യാത്രക്ക് ആവശ്യമായിട്ടുള്ളത്. എന്നാൽ വളരെ പതുക്കെയായിരുന്നു ഡ്രൈവർ കാർ വിട്ടിരുന്നത്. ബാപ്പ സ്ഥിരമായി നേരം വൈകി എത്താൻ ഈ വേഗത കുറഞ്ഞ യാത്രകളാണ് കാരണം എന്ന് ഞാൻ ഊഹിച്ചു. എന്നാൽ നേരം വെളുത്തപ്പോൾ ഉമ്മ ചോദിച്ചു, യാത്രയിൽ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ലല്ലോ എന്ന്. ഇല്ല എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ വളരെ പതുക്കെയാണ് വന്നതെന്നും നിങ്ങളുടെ മരുമകളെ സുരക്ഷിതമായി എത്തിച്ചുവെന്ന് ബാപ്പ പറഞ്ഞിട്ടുണ്ടെന്നും ഉമ്മ അറിയിച്ചപ്പോഴാണ് ഗർഭിണിയായ എൻ്റെ കാര്യത്തിൽ ബാപ്പയുടെ കരുതലിൻ്റെ ആഴമറിഞ്ഞത്.

മറ്റൊരിക്കൽ കണ്ണൂരിൽ നിന്ന് വരുമ്പോൾ എൻ്റെ കൂടെ മക്കളായ ലുലുവും ഹിഷാമും ഉണ്ടായിരുന്നു. രാത്രി ഒമ്പത് മണിയോട് കൂടി കൊണ്ടോട്ടിയിലെത്തിയപ്പോൾ മുസ്‌ലിംലീഗ് സമ്മേളനത്തോടനുബന്ധിച്ചുള്ള ബ്ലോക്കിൽ പെട്ടു. ബാപ്പയുടെ വണ്ടിയെന്ന് തിരിച്ചറിഞ്ഞ വളണ്ടിയർമാർ പെട്ടെന്ന് വഴിയൊരുക്കാനുള്ള ശ്രമം നടത്തിയെങ്കിലും ആൾക്കൂട്ടം വന്ന് പൊതിഞ്ഞതിനാൽ നടന്നില്ല. തങ്ങളുടെ വണ്ടി ബ്ലോക്കിൽ പെട്ടുവെന്നറിഞ്ഞ് നേതാക്കളും എത്തിയിരുന്നു. തങ്ങളുടെ വണ്ടിക്ക് കടന്ന് പോകാനുള്ള സാഹചര്യമൊരുക്കണമെന്ന് സ്റ്റേജിൽ നിന്നും അനൗൺസ് ചെയ്തങ്കിലും ബാപ്പയെ കാണാനുള്ള ആവേശത്തിലായിരുന്നു ജനക്കൂട്ടം. അവസാനം സ്പോട്ട് ലൈറ്റ് ഘടിപ്പിച്ച ഓപ്പൺ ജീപ്പ് കൊണ്ട് വന്ന് ഞങ്ങളുടെ കാറിന് നേരെ നിർത്തി ഓടിച്ചാണ് പതുക്കെ വണ്ടിയെടുക്കാൻ സാധിച്ചത്. കാറിൻ്റെ ഗ്ലാസ് താഴ്ത്തിവെച്ചതിനാൽ ബാപ്പക്ക് കൈ കൊടുക്കാനുള്ള തിരക്കിലായിരുന്നു അവിടെ ഉണ്ടായിരുന്നവർ. അവസാനം ബാപ്പയുടെ കൈ കാറിനകത്തേക്കാക്കി ഗ്ലാസ് ഉയർത്തിയതിന് ശേഷം ഡ്രൈവർ വണ്ടി പതുക്കെ മുന്നോട്ടെടുത്തു.
ചൊവ്വാഴ്ച്ച പാണക്കാട് തറവാട്ടിൽ വലിയ തിരക്കുണ്ടാകാറുണ്ട്. ആ ദിവസങ്ങളിൽ ഭക്ഷണ സമയം ഒഴികെ ഞങ്ങളധികവും മുകൾനിലയിലെ റൂമിൽ തന്നെയാണ് കഴിഞ്ഞ് കൂടാറുള്ളത്. എൻ്റെ മകൻ ഹിഷാം ചെറുപ്പകാലത്ത് ഉമ്മറത്തെ സ്റ്റപ്പിൻ മുകളിൽ സ്ഥിരമായി ഇരിക്കാറുണ്ടായിരുന്നു. തറവാട്ടിലേക്ക് വരുന്ന വണ്ടികൾ കാണാനും അത് കണ്ട് തുള്ളി കളിക്കാനുമാണ് ഹിഷാം അവിടെ തന്നെ ഇരിക്കുന്നത്. ഇങ്ങിനെ തുള്ളിക്കളിക്കുന്ന ഹിഷാമിനെ കൗതുകത്തോടെ കാണാൻ വട്ടമേശക്ക് ചുറ്റും നിൽക്കുന്നവരോട് മാറി നിൽക്കാൻ ബാപ്പ പറയുമായിരുന്നു. പലപ്പോഴും എന്നെ വിളിച്ചും ഈ കാഴ്ച കാണിച്ച് തന്നു. ആൾക്കൂട്ടത്തോട് സംസാരിക്കുമ്പോഴും കുട്ടിക്കളികൾ കാണാനും ആസ്വദിക്കാനും സമയം കണ്ടെത്തുന്ന ബാപ്പ എന്നെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. ഞങ്ങളുടെ വീടിന് മർജാൻ എന്ന പേരായിരുന്നു ബാപ്പ നിർദ്ദേശിച്ചത്. ഇത് മനുഷ്യർ ഇടുന്ന പേരല്ലേ എന്ന് ചോദിച്ചപ്പോൾ മർജാൻ്റെ അർത്ഥം അറിയാമോ എന്ന് തിരിച്ച് ചോദിച്ചു. ചിപ്പി എന്നാണ് അർത്ഥം എന്ന് പറഞ്ഞപ്പോൾ ചിപ്പിക്കുള്ളിൽ തന്നെയല്ലേ മുത്ത് വേണ്ടത് എന്ന മറുപടിയാണ് ബാപ്പ നൽകിയത്. അപ്പോഴും വീടും ചിപ്പിയും തമ്മിലുള്ള ബന്ധം എനിക്ക് മനസ്സിലായിരുന്നില്ല. മകൾ ലുലുവിൻ്റെ അർത്ഥം എന്തെന്ന് ചോദിച്ചപ്പോൾ ഞാൻ മുത്ത് എന്ന് മറുപടി നൽകിയപ്പോഴാണ് ബാപ്പയുടെ ഭാവനയുടെ വിശാലത എനിക്ക് തിരിച്ചറിയാൻ സാധിച്ചത്. ചെറിയ മകൻ ദിൽദാറിന് പേരിടുമ്പോൾ സയ്യിദ് അലി ദിൽദാർ എന്നാണ് പേരിട്ടത്. പാണക്കാട് പൊതുവിൽ എല്ലാവരുടെയും പേരിന് ശേഷമാണ് അലി എന്ന് ചേർക്കാറ് . എൻ്റെ മുത്ത മകൻ്റെ പേര് ബാപ്പയുടെ പേര് ചേർന്ന് മുഹമ്മദലി ഹിഷാം എന്നായിരുന്നു. അവനോട് പേര് ചോദിക്കുമ്പോൾ അലി ഹിഷാം എന്നാണ് പറഞ്ഞിരുന്നത്. മൂത്ത മകൻ്റെ പേരിൽ അലി മുന്നിൽ വന്നത് കൊണ്ടാണ് ദിൽദാറിൻ്റെ പേരിൻ്റെ മുന്നിലും അലി ചേർക്കാൻ ബാപ്പ പറഞ്ഞത്.

ഉമ്മ മരിക്കുന്ന സമയത്ത് ഞാനും ഭർത്താവും ( ബഷീറലി) ആയിരുന്നു പാണക്കാട് ഉണ്ടായിരുന്നത്. ചികിത്സക്ക് വേണ്ടി അമേരിക്കയിലായിരുന്ന ബാപ്പയുടെ കൂടെ മുനവ്വറലി തങ്ങളും ഭാര്യയുമാണ് പോയത്. ബാപ്പയുടെ സർജറി കഴിഞ്ഞ ദിവസം രാത്രി ഉമ്മായുടെ മുകളിലേക്കുള്ള ക്വാളിംഗ് ബെല്ലടി കേട്ട് ഞാനും ഭർത്താവും താഴെ എത്തിയപ്പോൾ ഉമ്മ എൻ്റെ മേലിലേക്ക് കുഴഞ്ഞ് വീണു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉമ്മ മരണപ്പെട്ടു. പിന്നീട് അമേരിക്കയിൽ നിന്നും തിരിച്ച് വന്നപ്പോൾ ഉമ്മയുടെ മരണത്തെക്കുറിച്ച് അറിയാൻ ബാപ്പക്ക് താൽപ്പര്യമുണ്ടായിരുന്നു. ഈ വിവരം അറിയാൻ പലപ്പോഴും ബാപ്പ ശ്രമിച്ചിരുന്നെങ്കിലും തുറന്ന് ചോദിച്ചില്ല. ഉമ്മയുടെ മരണത്തെക്കുറിച്ചറിയാൻ ബാപ്പക്ക് ആഗ്രഹമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ എല്ലാ വിവരവും ബാപ്പയോട് പറഞ്ഞു. എല്ലാം കേട്ടപ്പോൾ ഉമ്മാക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുകയായിരുന്നു ബാപ്പ.
ബാപ്പയുടെ മരണ ദിവസം മുഴുവൻ കൂടെ നിൽക്കാൻ സാധിച്ചിരുന്നു. കുട്ടികളെയെല്ലാം സ്കൂളിൽ പറഞ്ഞയച്ച് ഞാൻ ആശുപത്രിയിലെത്തിയപ്പോൾ എളാമയും (ഭാര്യ), സഹായി അബ്ദുള്ളയുമായിരുന്നു കൂടെ ഉണ്ടായിരുന്നത്. ആശുപത്രിയിൽ സീരിയസായി നിൽക്കുന്ന സഹോദരനെ കാണാൻ എളാമ പോയപ്പോൾ ഞാൻ ബാപ്പയുടെ കൂടെ നിന്നു. എളാമ സഹോദരനെ കണ്ട് വൈകുന്നേരം തിരിച്ച് വന്നപ്പോൾ ഞാൻ പാണക്കാടേക്ക് പോയി. എന്നാൽ അൽപ്പ സമയത്തിനകം എളാമയുടെ സഹോദരൻ മരണപ്പെട്ടന്നറിയിച്ച് അബ്ദുള്ളയുടെ വിളി വന്നു. ഞങ്ങൾ എല്ലാവരോടും മരണവീട്ടിൽ പോവാൻ ബാപ്പ പറഞ്ഞിട്ടുണ്ടെന്നും അറിയിച്ചു. പാണക്കാടുള്ള എല്ലാവരും കൂടി മരണ വീട്ടിലേക്കിറങ്ങിയപ്പോൾ ആശുപത്രിയിലുളള പെങ്ങൾ ഫൈറൂസയേയും കൂട്ടണമെന്ന് ബാപ്പ വിളിച്ച് പറഞ്ഞു. ഹോസ്പിറ്റലിൽ എത്തിയപ്പോൾ ബാപ്പ പറഞ്ഞു 'നിങ്ങൾ രാവിലെ മുതൽ ഇവിടെ ഉളളതല്ലേ,ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ടാവില്ലല്ലോ, ഇവിടെ വന്നിട്ട് ഭക്ഷണം കഴിക്കാം'. വേണ്ട ബാപ്പ ഞങ്ങൾ വാങ്ങിച്ചോളാം എന്ന് പറഞ്ഞപ്പോൾ ഹോസ്പിറ്റലിലേക്ക് വന്ന് കഴിക്കാം എന്നാണ് ബാപ്പ പറഞ്ഞത്. എല്ലാവർക്കും എന്താണ് വേണ്ടെതെന്നും ചോദിച്ചിരുന്നു. ഞങ്ങൾ ആശുപത്രിയിൽ നിന്നും മരണവീട്ടിലേക്ക് ഇറങ്ങി മലപ്പുറം ടൗൺ കഴിഞ്ഞ ഉടനെ ഡ്രൈവർക്ക് ഫോൺ വന്നു. ഉടനെ വണ്ടി തിരിച്ചപ്പോൾ എന്തിനാണെന്ന് ചോദിച്ചപ്പോൾ മറുപടിയൊന്നും ഡ്രൈവർ പറഞ്ഞില്ല. അപ്പോൾ തന്നെ ഞങ്ങൾക്ക് പന്തികേട് തോന്നിയിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും പരിസരം മുഴുവൻ ജനങ്ങളാൽ നിറഞ്ഞിരുന്നു.
Content Highlights: Remembering the Paternal Love of Shihab Thangal
Published: 01 Aug 2025, 08:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented