To advertise here,

ആശുപത്രിയുടെ സ്നേഹത്തണലിൽ ദിയക്ക് താലി ചാർത്തിയിരിക്കുകയാണ് ജിതിൻ. ഗ്യാസ്ട്രോ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ഓച്ചിറ സ്വദേശി ദിയക്ക് യാത്ര ചെയ്യാൻ കഴിയാത്തതിനാലാണ് എറണാകുളം ലേക്ഷോർ ആശുപത്രിയിലെ ക്ഷേത്രമുറ്റത്ത് വിവാഹപ്പന്തലൊരുങ്ങിയത്. കായംകുളം സ്വദേശിയായ വരൻ ജിതിനും കൂട്ടരും ആശുപത്രിയിലേക്കെത്തിയതോടെ പിന്നെ കല്യാണ മേളമായി.
ഇരുവരുടെയും വിവാഹം മാസങ്ങൾക്ക് മുമ്പേ നിശ്ചയിച്ചതായിരുന്നു. ഇതിനിടെയാണ് വയറുവേദന അനുഭവപ്പെട്ട് ദിയ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നു. അതേസമയം തന്നെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ ബന്ധുക്കൾ പൂർത്തിയാക്കിയിരുന്നു. അതിനാൽ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. എന്നാൽ ദിയക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് ആശുപത്രിയിൽ തന്നെ വിവാഹം നടത്താൻ തീരുമാനിച്ചത്.