
വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തിനിടെ ഒരു ഇരുപതുകാരിക്കുവേണ്ടി ഭയങ്കര പോരാട്ടം നടന്നു. ഗുജറാത്ത് ജയന്റ്സായിരുന്നു ഒരുവശത്ത്. യു.പി. വാരിയേഴ്സ് മറുവശത്തും. കടുത്ത പോരാട്ടത്തിനൊടുവില്‍ ഗുജറാത്ത് ജയന്റ്സ് ജയിച്ചു. വമ്പന്മാര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ യു.പി. വാരിയേഴ്സ് പിന്‍വാങ്ങി.
ഗുജറാത്തിനെ മോഹിപ്പിച്ച ആ ഇരുപതുകാരി ആരാണെന്നല്ലേ. അത്ര കേട്ടിരിക്കാന്‍ ഇടയില്ലാത്ത ഒരു പേരാണ്. കശ്‌വി ഗൗതം. താരലേലത്തില്‍ രണ്ട് കോടിക്ക് ഗുജറാത്ത് സ്വന്തമാക്കിയതിനു പിന്നാലെയാണ് കശ്വിയെക്കുറിച്ചുള്ള അന്വേഷണം സെര്‍ച്ച് എന്‍ജിനില്‍ ചൂടുപിടിച്ചതുതന്നെ. വിളിച്ചെടുത്ത കാശ് മുതലാവാന്‍ മാത്രം അത്ര കേമിയാണോ ഈ കശ്‌വി? ക്രിക്കറ്റില്‍ എന്താണ് അവളുടെ നേട്ടം? അതിനുത്തരം കിട്ടാന്‍ ചുരുങ്ങിയത് 2020-ലേക്കെങ്കിലും മടങ്ങിപ്പോകണം.
ഒരിന്നിങ്‌സ്, പത്തുവിക്കറ്റ്, ഹാട്രിക്
ആന്ധ്രപ്രദേശിലെ കടപ്പ കെ.എസ്.ആര്‍.എം. കോളേജ് മൈതാനത്ത് ഒരു ആഭ്യന്തര അണ്ടര്‍ - 19 ഏകദിന ടൂര്‍ണമെന്റ് നടക്കുന്നു. ചണ്ഡീഗഡും അരുണാചല്‍പ്രദേശുമാണ് കൊമ്പുകോര്‍ക്കുന്നത്. ആദ്യം ബാറ്റുചെയ്ത ചണ്ഡീഗഡിന് 186 റണ്‍സേ എടുക്കാനായുള്ളൂ. ഏകദിനത്തില്‍ താരതമ്യേന ദുര്‍ബലമെന്ന് പറയാവുന്ന സ്‌കോര്‍. പെട്ടെന്ന് ജയിച്ചുകയറാമെന്നു വിചാരിച്ചാണ് അരുണാചലിന്റെ ഓപ്പണിങ് ബാറ്റര്‍മാര്‍ ക്രീസിലെത്തിയത്. ചണ്ഡീഗഡിന്റെ കരുത്ത് പക്ഷേ ബാറ്റിലായിരുന്നില്ല, പന്തിലായിരുന്നുവെന്ന് പിന്നീടാണ് അരുണാചല്‍ അറിഞ്ഞത്.
16 വയസ്സുള്ള ഒരു മീഡിയം പേസര്‍ അരുണാചലിന്റെ മുഴുവൻ വിക്കറ്റുകളും വീഴ്ത്തി ഞെട്ടിച്ചു. പത്തുവിക്കറ്റും വീണുകഴിഞ്ഞപ്പോള്‍ അരുണാചലിന്റെ ആകെ സ്‌കോര്‍ 25. ചണ്ഡീഗഡിന് 161 റണ്‍സിന്റെ പടുകൂറ്റന്‍ ജയം. 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അരുണാചലിന്റെ പത്തുപേരെയും പവലിയനിലേക്ക് മടക്കിയ ആ പ്രതിഭയുടെ പേരാണ് കശ്‌വി ഗൗതം. ചണ്ഡീഗഡിന്റെ ക്യാപ്റ്റനായിരുന്നു അന്ന്. ഒരു ഹാട്രിക് ഉള്‍പ്പെടെയായിരുന്നു ഈ നേട്ടം. അതില്‍ത്തന്നെ ആറു പേരെ വിക്കറ്റിനു മുന്നിലും ബാക്കി പേരെ വിക്കറ്റിന് പിന്നിലും കുരുക്കി.
ആ ഒരിന്നിങ്സില്‍ മാത്രം ഒതുങ്ങുന്നതല്ല കശ്‌വിയുടെ പെരുമ. അതിന്റെ മുന്നേ നടന്ന മത്സരത്തില്‍ ജമ്മു കശ്മീരിന്റെ ഏഴ് വിക്കറ്റും വീഴ്ത്തി. അതിനു ശേഷം നടന്ന മത്സരത്തില്‍ സിക്കിമിന്റെ ഒന്‍പത് വിക്കറ്റുകളും വീഴ്ത്തി. ആ സീസണില്‍ ഒന്‍പത് അണ്ടര്‍ - 23 ഏകദിന മത്സരങ്ങളില്‍നിന്നായി 31 പേരെ പുറത്താക്കിയതടക്കം 63 വിക്കറ്റുകളാണ് കശ്‌വി പിഴുതത്. ഇതില്‍ ഏഴ് അണ്ടര്‍ - 23 മത്സരങ്ങളില്‍നിന്ന് നേടിയ 14 വിക്കറ്റും മൂന്ന് അണ്ടര്‍ - 19 മത്സരങ്ങളില്‍ നേടിയ 18 വിക്കറ്റും ഉള്‍പ്പെടും.
ആണ്‍കുട്ടികള്‍ പന്തെറിയുന്നത് കണ്ട് പഠിച്ചു, അവര്‍ക്കൊപ്പം കളിച്ചു
കുട്ടിയായിരിക്കേ ക്രിക്കറ്റും വോളിബോളും സ്‌കേറ്റിങ്ങുമെല്ലാം ഇഷ്ടമായിരുന്നു കശ്‌വിക്ക്. ഇടയ്ക്കിടെ ഈ ഗെയിമുകള്‍ കളിച്ചുകൊണ്ടിരിക്കും. കോളനിയിലെ ആണ്‍കുട്ടികള്‍ക്കൊപ്പമായിരുന്നു ക്രിക്കറ്റ് കളിച്ചിരുന്നത്. അവരുടെ ബൗളിങ് ആക്ഷന്‍ കണ്ടു മനസ്സിലാക്കി, ഒരുദിവസം കശ്വിയും പന്തെറിയാന്‍ തീരുമാനിച്ചു. ഫാസ്റ്റ് ബോളായിരുന്നു എറിഞ്ഞിരുന്നത്. തരക്കേടില്ലെന്നു തോന്നിയതോടെ അത് തുടര്‍ന്നു.
കശ്‌വിയുടെ പന്തെറിയല്‍ കണ്ട ഒരാള്‍ അവളെ പരിശീലനത്തിന് പോവാന്‍ പ്രേരിപ്പിച്ചു. അങ്ങനെ പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കുന്ന ഒരു അക്കാദമിയിലെത്തി. അന്ന് 14 ആയിരുന്നു കശ്‌വിയുടെ പ്രായം. നാഗേഷ് ഗുപ്ത എന്ന കോച്ചിനു കീഴില്‍ ആറേഴ് പെണ്‍കുട്ടികള്‍ക്കൊപ്പം കശ്വിയും ക്രിക്കറ്റ് പരിശീലിച്ചു.
പ്രൊഫഷണല്‍ ക്രിക്കറ്ററാകാനുള്ള ശ്രമത്തിന് വീട്ടില്‍നിന്നും കുടുംബത്തില്‍നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നതായി കശ്‌വി ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. വീട്ടുകാരാണ് പ്രചോദനവും ധൈര്യവും നല്‍കിയത്. വാക്കുകളെക്കൊണ്ടുള്ള ധൈര്യവും പ്രചോദനവും മാത്രമായിരുന്നില്ല, എത്തിപ്പിടിക്കേണ്ട ലക്ഷ്യം സാധ്യമാക്കുന്നതിനായി അച്ഛന്‍ സാമ്പത്തികമായും സഹായിച്ചു. ആവശ്യമായ സഹായങ്ങളും പിന്തുണയും നല്‍കി അമ്മയും കൂടെനിന്നതായി കശ്‌വി പറയുന്നു.
റോള്‍ മോഡല്‍ ഭുവനേശ്വര്‍ കുമാര്‍
2017-ലും 2018-ലും പഞ്ചാബ് അണ്ടര്‍ - 19 ടീമില്‍ അംഗമായി. പിന്നീട് 2019-ല്‍ ചണ്ഡീഗഡിന് ക്രിക്കറ്റ് സംഘടനയായ ബി.സി.സി.ഐ.യില്‍നിന്ന് അഫിലിയേഷന്‍ ലഭിച്ചതോടെ അങ്ങോട്ടേക്കായി കൂടുമാറ്റം. ജനിച്ചതും വളര്‍ന്നതുമായ നാട്ടില്‍ കളിക്കാന്‍ സൗഭാഗ്യം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു കശ്‌വി അപ്പോള്‍.
ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറാണ് കശ്‌വിയെ സ്വാധീനിച്ച ക്രിക്കറ്റര്‍. ഭുവനേശ്വറിനെപ്പോലെ സ്വിങ്ങുകള്‍ പലപ്പോഴും തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും അതുപോലെ പന്തെറിയാന്‍ ആഗ്രഹിച്ചിരുന്നുവെന്നും തുറന്നു പറഞ്ഞിട്ടുണ്ട് കശ്‌വി. ഭുവനേശ്വറാണ് റോള്‍ മോഡലെന്നും കാണാന്‍ ആഗ്രഹമുണ്ടെന്നും കണ്ടാല്‍ ഒരടിപൊളി സ്വിങ് ബൗളറാകാനുള്ള സൂത്രങ്ങള്‍ അദ്ദേഹത്തില്‍നിന്ന് ചോദിച്ചു മനസ്സിലാക്കുമെന്നും കശ്‌വി ഒരിക്കല്‍ പറഞ്ഞു.
ആദ്യ ലേലത്തില്‍ ആരും വിളിച്ചില്ല, രണ്ടാംലേലത്തില്‍ റെക്കോഡ്
'നിന്റെ പേര് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നതുതന്നെ വലിയ നേട്ടമാണ്. സെലക്ഷന്‍ ലഭിച്ചാല്‍ നല്ലത്. ഇനി ലഭിച്ചില്ലെങ്കില്‍ കഠിന പ്രയത്‌നം തുടരുക. ഒരു ദിവസം അത് സംഭവിക്കും' - ഈ വര്‍ഷം തുടക്കത്തില്‍ നടന്ന ആദ്യ താരലേലത്തില്‍ കശ്‌വിയെ ആരും വിളിക്കാതിരുന്നതോടെ, പരിശീലകന്‍ നാഗേഷ് ഗുപ്ത നല്‍കിയ സമാശ്വാസത്തിന്റെ വാക്കുകളാണ് ഇത്.
വാക്ക് പൊന്നായി എന്നു പറഞ്ഞാല്‍ മതിയല്ലോ. രണ്ട് ടീമാണ് പണം നോക്കാതെ കശ്‌വിയെ സ്വന്തമാക്കാന്‍ മുതിര്‍ന്നത്. കശ്‌വിയെക്കൂടാതെ അന്നബെല്‍ സതര്‍ലന്‍ഡിനുവേണ്ടി മാത്രമാണ് ഒന്നിലധികം ഫ്രാഞ്ചൈസികള്‍ മുന്നോട്ടുവന്നത്. അന്നബെലാവട്ടെ, അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വം. എന്നാല്‍ കശ്‌വി അങ്ങനെയല്ല. ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം കളിച്ച് പരിചയമുള്ള പെണ്‍കുട്ടിയാണ്. അങ്ങനെയൊരാള്‍ക്ക് സ്വപ്‌നം കാണാന്‍ കഴിയുന്നതിലുമപ്പുറമാണ് താരലേലത്തില്‍ സംഭവിച്ചത്.
നാഗേഷ് ഗുപ്ത പറയുന്നത്
2017-ല്‍ സുഹൃത്താണ് പ്രതിഭാധനനായ ഈ കളിക്കാരിയെക്കുറിച്ച് നാഗേഷിന് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. കശ്‌വിയെ പരിശീലിപ്പിക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു. സ്ഥിരോത്സാഹിയായ ഒരു പെണ്‍കുട്ടിയായിരുന്നു അവള്‍. ആദ്യ ദിവസങ്ങളില്‍തന്നെ അവളില്‍ അടങ്ങാത്ത ക്രിക്കറ്റ് അഭിനിവേശമുള്ളതിനെക്കുറിച്ച് മനസ്സിലാക്കി.
വളരെ സ്വാഭാവികമായി പന്ത് സ്വിങ് ചെയ്യാനുള്ള കഴിവുണ്ടായിരുന്നു അവള്‍ക്ക്. അതിനാല്‍ത്തന്നെ അവള്‍ ക്രിക്കറ്റില്‍ കുറച്ചധികം ദൂരം പോകുമെന്ന് അന്നേ ഉറപ്പിച്ചിരുന്നു. എന്നിരുന്നാലും കൃത്യത, ലൈന്‍, ലെങ്ത് എന്നിവയില്‍ കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു. അവ പരിഹരിക്കുന്നതിനുവേണ്ടിയുള്ള പ്രയത്‌നങ്ങള്‍ നടത്തി. ആഭ്യന്തര ക്രിക്കറ്റിലെ അവളുടെ പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും, കൂടുതലും ക്ലീന്‍ ബൗള്‍ഡോ എല്‍.ബി.ഡബ്ല്യൂ. വിക്കറ്റുകളോ ആണ്-നാഗേഷ് ഗുപ്ത തുടര്‍ന്നു.
'സന്തോഷം' അറിഞ്ഞത് ബസ് യാത്രയ്ക്കിടെ
ചണ്ഡീഗഡിലെ ഗ്രൗണ്ടില്‍നിന്ന് ടീം താമസിക്കുന്ന ഹോട്ടലിലേക്കുള്ള ബസ് യാത്രയിലായിരുന്നു കശ്‌വി. അണ്ടര്‍ - 23 വനിതാ ടീമിലെ സഹതാരങ്ങളും യാത്രയില്‍ കൂടെയുണ്ട്. അവര്‍ക്കൊപ്പം വനിതാ പ്രീമിയര്‍ ലീഗിന്റെ താരലേലം മൊബൈലില്‍ ലൈവ് കാണുകയായിരുന്നു. ഗുജറാത്ത് രണ്ട് കോടിക്ക് വിളിച്ചെടുത്തത് അറിഞ്ഞതില്‍പ്പിന്നെ ബസ്സിലാകെ ബഹളം. എല്ലാവരും ഒരാഘോഷത്തിന്റെ മൂഡിലെത്തി. സഹതാരങ്ങള്‍ ഓരോരുത്തരായി കശ്‌വിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു. ലീഗില്‍ കരാര്‍ സ്വന്തമാക്കുന്ന ആദ്യത്തെ ചണ്ഡീഗഡ് ക്രിക്കറ്ററാണ് കശ്‌വി.
'ലേലംവിളി നടക്കുമ്പോള്‍ എന്റെ ഹൃദയമിടിപ്പ് കൂടിക്കൂടിവന്നു. ലേലത്തില്‍ വിളിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ക്രിക്കറ്റിലെ എന്റെ എല്ലാ വിജയങ്ങളുടെയും കാരണം പരിശീലകന്‍ നാഗേഷ് ഗുപ്തയ്ക്കാണ്'-കശ്‌വി പറഞ്ഞു.
അണ്ടര്‍ - 23 ഏഷ്യാ കപ്പിലും അടുത്തിടെ നടന്ന ഇന്ത്യ എ - ഇംഗ്ലണ്ട് എ ടൂര്‍ണമെന്റിലും കളിച്ചിട്ടുണ്ട് കശ്‌വി. ബി.സി.സി.ഐ.യുടെ ലക്‌നൗവില്‍ നടന്ന ഇന്റര്‍സോണ്‍ ട്വന്റി20 ട്രോഫിയിലും മികച്ച പ്രകടനം പുറത്തെടുത്തു. നോര്‍ത്ത് സോണ്‍ താരമായിരുന്ന കശ്‌വി, നോര്‍ത്ത് ഈസ്റ്റിനെതിരേ ഹാട്രിക് ഉള്‍പ്പെടെ അഞ്ചുവിക്കറ്റ് നേട്ടം കൊയ്തു. ഈ വര്‍ഷത്തെ ബി.സി.സി.ഐ.യുടെ ട്വന്റി20 ട്രോഫിയില്‍ ചണ്ഡീഗഡിനുവേണ്ടി 12 വിക്കറ്റുകളും 112 റണ്‍സും നേടാനും താരത്തിനായി.
ഹോങ് കോങ്ങില്‍ നടന്ന എ.സി.സി. എമര്‍ജിങ് വനിതാ ഏഷ്യാ കപ്പിലും അവര്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. അടുത്ത് മുംബൈയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ - 23 ട്വന്റി20 ടൂര്‍ണമെന്റിനെ നയിക്കുന്നതും കശ്‌വിയാണ്. ഈ മത്സരത്തില്‍ വലിയ ഉത്തരവാദിത്വത്തോടെ കളിക്കേണ്ടി വരും കശ്‌വിക്ക്. എന്തെന്നാല്‍ ലേലപ്പട്ടികയില്‍ താരമായതോടെ കൂടുതല്‍ പേര്‍ കശ്‌വിയെ ശ്രദ്ധിക്കുന്ന മത്സരംകൂടിയായിരിക്കും ഇത്.
ബൗളിങ്ങില്‍ മാത്രമല്ല, ചണ്ഡീഗഡിനായി മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന താരംകൂടിയാണ് കശ്‌വി. ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ് കശ്‌വിയെ ഗുജറാത്ത് സ്വന്തം കൂടാരത്തിലെത്തിച്ചത്. ചണ്ഡീഗഡിന്റെ മധ്യനിരയിലാണ് കശ്‌വിയുടെ സ്ഥാനം. അഞ്ചാമതോ ആറാമതോ ആയാണ് ബാറ്റ് ചെയ്യാനെത്തുന്നത്.
Content Highlights: wpl auction 2024, kashvee gautam becom most expensive uncapped player, detailed story
Published: 10 Dec 2023, 02:15 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented