ഒക്ടോബര്‍ 28ന് പാരീസിലെ തീയേറ്റര്‍ ഡു ഷാറ്റലെയില്‍ നടക്കുന്ന വര്‍ണശബളമായ ചടങ്ങില്‍ വച്ചായിരിക്കും ബാലണ്‍ദ്യോര്‍ ജേതാവിനെ പ്രഖ്യാപിക്കുക. 2023-24 സീസണിലെ ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട കളിക്കാരന്‍ ട്രോഫി ഏറ്റുവാങ്ങും. പ്രഖ്യാപനം ഒരുമാസം അകലെയാണെങ്കിലും സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്-ലോകത്തിലേക്കും മൂല്യമുള്ള വ്യക്തിഗത ഫുട്ബോള്‍ പുസ്‌കാരം നേടുന്നത് ആരായിരിക്കും?

To advertise here,

ഈ അവാര്‍ഡിന് പരിഗണിക്കപ്പെടുന്ന 30 കളിക്കാരുടെ പട്ടിക സംഘാടകരായ ഫ്രാന്‍സ് ഫുട്ബോള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇവരില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന മൂന്നുപേരില്‍ ഒരാള്‍ ബ്രസീല്‍ താരമായ വിനീഷ്യസ് ജൂനിയറാണ്. 24-കാരനായ വിനി തന്റെ ക്ലബ്ബായ സ്പെയിനിലെ റിയല്‍ മാഡ്രിഡ്, ലാലിഗ കിരീടവും ചാമ്പ്യന്‍സ് ലീഗ് വിജയവും നേടുന്നതില്‍ വലിയ പങ്ക് വഹിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിക്ക് കളിക്കുന്ന സ്പെയിനിന്റെ റോഡ്രി, റയലില്‍ തന്റെ സഹകളിക്കാരായ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ, ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം തുടങ്ങിയവരാണ് വിനീഷ്യസിന്  കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. ബാലൺദ്യോർ പുരസ്‌കാരത്തിന് വിനിയെ തിരഞ്ഞെടുത്തതായി അധികൃതര്‍ അറിയിച്ചെന്ന് സ്പെയിനിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അത് ശരിയാവണമെന്നില്ല. എങ്കിലും, ഈ പുരസ്‌കാരത്തിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരം അദ്ദേഹം തന്നെയാണ്.

placeholder
വിനീഷ്യസ് ജൂനിയർ. ഫോട്ടോ: എ.എഫ്.പി

കഴിഞ്ഞ സീസണില്‍ വിനീഷ് ജൂനിയറിന്റെ പ്രകടനം അത്യുജ്ജ്വലമായിരുന്നു. ഏതാണ്ട് 3,800 മിനിറ്റാണ് ഈ വിങ്ങര്‍ ഫീല്‍ഡില്‍ ഉണ്ടായിരുന്നത്. നേടിയത് 26 ഗോള്‍, 13 അസിസ്റ്റ്. നിര്‍ണായക സമയത്ത് ടീമിനുവേണ്ടി ഗോളടിക്കാനുള്ള വിനിയുടെ കഴിവ് അസാമാന്യമാണ്. രണ്ടു ഫൈനലുകളില്‍ നാലു ഗോളടിച്ച അദ്ദേഹം സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ഹാട്രിക് നേടി, ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ സ്‌കോര്‍ ചെയ്തു,  സെമിഫൈനലിന്റെ രണ്ടു പാദത്തിലും ഗോള്‍ നേടി, പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് ആയി. മൊത്തത്തില്‍ പന്ത്രണ്ട് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളാണ് ഈ ചെറുപ്പക്കാരന്‍ നേടിയത്. രണ്ടുമാസം പരിക്കേറ്റു പുറത്തിരുന്ന ആളാണ് ഈ പുരസ്‌കാരങ്ങളൊക്കെ നേടിയത് എന്നത് കൂടി നോക്കുമ്പോള്‍ അദ്ദേഹം തീര്‍ച്ചയായിട്ടും ബാലൺദ്യോർ അര്‍ഹിക്കുന്നുണ്ടെന്നാണ് റിയല്‍ മാഡ്രിഡുകാരുടെ പക്ഷം.

ഗോള്‍ ഡോട്ട് കോമിന്റെ റാങ്കിങ് പ്രകാരം വിനീഷ്യസിന് ഏറ്റവും വലിയ വെല്ലുവിളിയായെത്തുന്ന ആള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി കളിക്കുന്ന സ്പാനിഷ് താരം റോഡ്രിയാണ്. യൂറോ കപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാണ്. അദ്ദേഹം ഇല്ലാതെ കഴിഞ്ഞ സീസണില്‍ കളിച്ച ആദ്യത്തെ മൂന്നു മത്സരങ്ങളും മാഞ്ചസ്റ്റര്‍ സിറ്റി തോറ്റു എന്നതില്‍ നിന്നും ഈ മധ്യനിരക്കാരന്റെ റോള്‍ എത്രമാത്രം പ്രധാനമാണ് എന്നു മനസ്സിലാവും. അത്യാവശ്യം ഉള്ളപ്പോള്‍ നിര്‍ണായക ഗോളുകള്‍ നേടാനും അസിസ്റ്റുകള്‍ സമ്മാനിക്കാനും അദ്ദേഹത്തിനു കഴിയും. യൂറോകപ്പ് ഫൈനലില്‍ ഹാഫ് ടൈം വരെ മാത്രമേ കളിക്കാന്‍ പറ്റിയുള്ളൂ എങ്കിലും സ്പെയിനിനെ അതുവരെ എത്തിച്ചതില്‍ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു.

placeholder
ഹാരി കെയ്ൻ. ഫോട്ടോ: എ.എഫ്.പി

പോയ സീസണില്‍ ബെല്ലിങ്ഹാം നേടിയത് 27 ഗോളുകളും 17 അസിസ്റ്റുകളും ആണ്. റയല്‍ മാഡ്രിനൊപ്പം ചാമ്പ്യന്‍സ് ലീഗും ലാലിഗയും സ്പാനിഷ് സൂപ്പര്‍ കപ്പും നേടിയ ഈ 23-കാരന്‍ സീസണിലെ ആദ്യ പകുതിയിലെ ഏറ്റവും മികച്ച താരമായിരുന്നു എന്നു പറയാം. യൂറോ കപ്പ് ഫൈനലില്‍ സ്പെയിനിനെ ഇംഗ്ലണ്ട് തോല്‍പ്പിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ബെല്ലിങ്ഹാമിന്റെ സാധ്യതകള്‍ കുറേക്കൂടി ഗംഭീരമാവുമായിരുന്നു. കഴിഞ്ഞവര്‍ഷം മെസ്സിക്കു പിന്നില്‍ റണ്ണറപ്പായ ഏര്‍ലിങ് ഹാലന്‍ഡ് 45 ഗോള്‍ നേടി, മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം പ്രീമിയര്‍ ലീഗും ക്ലബ്ബ് സൂപ്പര്‍ കപ്പും നേടി. എങ്കിലും അദ്ദേഹം ബാലന്‍ദ്യോറിന് പരിഗണിക്കപ്പെടുന്ന 30 പേരിലെ ആദ്യ അഞ്ചില്‍ പെടില്ല എന്നാണ് കരുതപ്പെടുന്നത്. അദ്ദേഹത്തിന്റെ ടീമായ നോര്‍വേ യൂറോകപ്പിന് യോഗ്യത നേടാത്തതാണ് പ്രധാന കാരണം. പ്രീമിയര്‍ ലീഗിലെ പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്ട്രൈക്കര്‍ ഫില്‍ ഫോഡനും ലിസ്റ്റില്‍ ഉണ്ടെങ്കിലും അദ്ദേഹത്തിനും കിട്ടാനിടയില്ല. കാരണം, യൂറോ കപ്പിലെ മോശം ഫോം തന്നെ.

പോയ സീസണില്‍ 52 ഗോളും 14 അസിസ്റ്റും സ്വന്തം പേരിലാക്കിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ കളിക്കുന്നത് ബയേണ്‍ മ്യൂണിക്കിന് വേണ്ടിയാണ്. പക്ഷേ, ടീമിന് സീസണില്‍ പ്രധാനപ്പെട്ട ട്രോഫികള്‍ ഒന്നും കിട്ടിയില്ല. ലീഗ് കിരീടം ലെവര്‍ക്യൂസന് കൈമാറേണ്ടി വന്നു. ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍ ബയേണ്‍ റയല്‍ മാഡ്രിഡിനോടു തോല്‍ക്കുകയും ചെയ്തു. യൂറോ കപ്പ് ഫൈനലിലെത്തിയെങ്കിലും തന്റെ മികച്ച ഫോമിന്റെ അടുത്തെങ്ങുമെത്താനായില്ല കെയ്ന്.

placeholder
കിലിയൻ എംബാപ്പെ. ഫോട്ടോ: എ.എഫ്.പി

ദീര്‍ഘകാലം കളിച്ച പാരീസ് സെന്റ് ജര്‍മന്‍ ക്ലബ്ബില്‍ നിന്നും റയല്‍ മാഡ്രിഡിലേക്ക് മാറിയ ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ നേടിയത് 52 ഗോളും 21 അസിസ്റ്റുമാണ്. ഫ്രഞ്ച് ക്ലബ്ബ് അധികൃതരുമായുള്ള അസ്വാരസ്യങ്ങളും അത്ര മിന്നാത്ത ഫോമും ചാമ്പ്യന്‍സ് ലീഗിലും യൂറോകപ്പിലും തന്റെ ക്ലബ്ബിനും ഫ്രാന്‍സിനും പ്രതീക്ഷിച്ച രീതിയില്‍ പ്രകടനം കാഴ്ചവയ്ക്കാനാകാത്തതും അദ്ദേഹത്തിന്റെ സാധ്യതകളെ വലയ്ക്കുന്നു.

റിയല്‍ മാഡ്രിഡിനു വേണ്ടി ഉജ്ജ്വല പ്രകടനം കാഴ്ചവച്ചവരില്‍ ഒരാളാണ് ഡാനീ കര്‍വഹാല്‍. തന്റെ ഏഴ് ഗോളും എട്ട് അസിസ്റ്റും മാത്രമേ ഉള്ളൂവെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി റോഡ്രി ചെയ്തതുപോലെ റയല്‍ മാഡ്രിഡിന്റെ ഡിഫന്‍സിലെ ഉരുക്കുകോട്ടയായി അദ്ദേഹം തിളങ്ങി. ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ആദ്യ ഗോള്‍ അടിച്ചത് ഡാനിയാണ്. യൂറോ കപ്പിലും അദ്ദേഹം സ്പെയിനു വേണ്ടി ഗോളടിച്ചു.

placeholder
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലെവൻഡോവ്സ്കി, ലയണൽ മെസ്സി എന്നിവരുടെ ചിത്രങ്ങൾ ഫിഫ പുരസ്കാര സമർപ്പണ വേദിയിൽ. ഫയൽ ചിത്രം. ഫോട്ടോ: എ.എഫ്.പി

കഴിഞ്ഞ 21 വര്‍ഷത്തിനിടെ ഇതാദ്യമാണ് അര്‍ജന്റീനയുടെ ലിയണല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പരിഗണിക്കപ്പെടാത്ത ഒരു ബാലൺദ്യോർ അവാര്‍ഡ്. ഇവര്‍ ഇരുവരും ഇന്ന് കളിക്കുന്നത് യൂറോപ്പിലേതിനോളം നിലവാരമുള്ള ക്ലബ്ബുകള്‍ക്കല്ല എന്നതാകാം കാരണം. ഈ അവാര്‍ഡിന്റെ മറ്റൊരു പ്രത്യേകത മുന്‍പ് ബാലൺദ്യോർ നേടിയ ഒരാള്‍ പോലും 30 പേരുടെ നോമിനി ലിസ്റ്റില്‍ ഇല്ല എന്നതാണ്. റൊണാള്‍ഡോ അഞ്ചു തവണയും മെസ്സി എട്ടു തവണയും ബാലൺദ്യോർ നേടി. കഴിഞ്ഞവര്‍ഷം ആയിരുന്നു മെസിയുടെ അവസാന വിജയം. ഇത്തവണ അദ്ദേഹം അര്‍ജന്റീനയെ കോപ്പ അമേരിക്കാ വിജയത്തിലേക്കു നയിച്ചെങ്കിലും നോമിനി ലിസ്റ്റില്‍ പെട്ടില്ല.  മുമ്പ് ബാലൺദ്യോർ നേടിയിട്ടുള്ള കരീം ബെന്‍സെമ, ലൂക്കാ മോഡ്രിച്ച് എന്നിവരും രംഗത്തുണ്ടായിരുന്നെങ്കിലും അവരെയും പരിഗണനാ ലിസ്റ്റില്‍ പെടുത്തിയിട്ടില്ല. അതിനര്‍ത്ഥം ഇത്തവണ ജേതാവാകുന്നത് ഒരു പൊതുമുഖം ആയിരിക്കും, ഒരു കന്നിക്കാരനാവും എത്തവണ കപ്പ് കൊണ്ടുപോവുക.

ഈ വര്‍ഷം യൂറോ ചാമ്പ്യന്‍ഷിപ്പ് നേടിയ സ്പെയിനിന്റെ ആറു കളിക്കാര്‍ പരിഗണന ലിസ്റ്റില്‍ ഉണ്ട്, പ്രേക്ഷകരുടെ ഓമനയായ 17-കാരന്‍ ലമീന്‍ യമാല്‍ ഉള്‍പ്പെടെ. ബാര്‍സലോണക്ക് കളിക്കുന്ന യമാല്‍ ഇക്കുറി കപ്പ് നേടിയില്ലെങ്കിലും അടുത്ത തവണ ജേതാവാകാന്‍ വളരെ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരമാണ്. റയല്‍ മാഡ്രിഡിലെ ഏഴു കളിക്കാര്‍ക്ക് നോമിനേഷനുണ്ട്. അവരില്‍ പെടാത്തതില്‍ ബ്രസീല്‍ താരമായ റോഡ്രിഗോ വളരെ ദുഃഖിതനാണ്. റയല്‍ മാഡ്രിഡിന് വേണ്ടി 51 മത്സരങ്ങളില്‍ ഇറങ്ങിയ റോഡ്രിഗോ 17 ഗോളും ഒമ്പത് അസിസ്റ്റുകളും നേടിയിരുന്നു.

യൂറോ കപ്പില്‍ റണ്ണറപ്പായ ഇംഗ്ലണ്ടിന്റെ ആറ് കളിക്കാരാണ് പരിഗണനാലിസ്റ്റില്‍. ബെല്ലിങാമിനെ കൂടാതെ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, ബുക്കായോ സാക്ക, ഡെക്ലന്‍ റൈസ്, കോള്‍ പാമര്‍, ഫില്‍ ഫോഡന്‍ എന്നിവര്‍. പ്രീമിയര്‍ ലീഗില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തിയ മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍സനല്‍ ടീമുകളില്‍ നിന്നുള്ള എട്ട് കളിക്കാര്‍ ഉണ്ട് നോമിനിപ്പട്ടികയില്‍.

placeholder
ലമീൻ യമാൽ. ഫോട്ടോ: എ.എഫ്.പി

ലോകത്തെ മികച്ച ഗോളിക്കുള്ള ട്രോഫിയുടെ നിലവിലെ ജേതാവ് അര്‍ജന്റീനക്കാരന്‍ എമിലിയോ മാര്‍ട്ടിനെസ് ഇത്തവണയും പരിഗണനാപട്ടികയിലുണ്ട.് അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയെ നാലാമതെത്താന്‍ സഹായിച്ചു. മികച്ച കോച്ചിനുള്ള പുരസ്‌കാരത്തിന് ഏറ്റവും കൂടുതല്‍ സാധ്യത മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗ്വാര്‍ഡിയോളയ്ക്കു തന്നെ.

പോയ സീസണില്‍ വനിതകളുടെ ബാലൺദ്യോർ നേടിയ ബാഴ്സലോണയുടെ ഐത്താന ബോന്‍മതിക്കു തന്നെയാണ് ഇത്തവണയും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ചാമ്പ്യന്‍സ് ലീഗും ലീഗ് ചാമ്പ്യന്‍ഷിപ്പും സൂപ്പര്‍ കപ്പും ഒക്കെ അവര്‍ നേടിയിട്ടുണ്ട്. സല്‍മയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന താരങ്ങള്‍ ബാഴ്സലോണയിലെ സഹ കളിക്കാരാണ്. കരോലിന്‍ ഗ്രഹാം ഹാന്‍സന്‍ എന്ന നോര്‍വെക്കാരിയും സല്‍മ പരായുവേലോയും.

വിജയികളെ നിശ്ചയിക്കുന്നതെങ്ങനെ?

ഫ്രാന്‍സിലെ ഫ്രാന്‍സ് ഫുട്ബോള്‍ എന്ന പ്രസിദ്ധീകരണമാണ് ബാലൺദ്യോർ പ്രഖ്യാപനത്തിന് പിന്നിലെ മുഖ്യ സംഘാടകര്‍. 1956-ലാണ് ഈ പുരസ്‌കാരം സമ്മാനിച്ചു തുടങ്ങിയത്. ഇംഗ്ലണ്ടിലെ സ്റ്റാന്‍ലി മാത്യൂസാണ് ആദ്യജേതാവ്. മുന്‍വര്‍ഷത്തെ ഏറ്റവും മികച്ച യൂറോപ്യന്‍ ഫുട്ബോളര്‍ക്കായിരുന്നു പുരസ്‌കാരം. ലൈബീരിയക്കാരനായ ജോര്‍ജ് വിയയാണ് യൂറോപ്യനല്ലാത്ത ആദ്യത്തെ ജേതാവ്. 1995-ലായിരുന്നു അത്. 1997-ല്‍ ബ്രസീല്‍കാരനായ റൊണാള്‍ഡോയ്ക്കും കിട്ടി ഈ പുരസ്‌കാരം. 2007 മുതല്‍ ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള കളിക്കാര്‍ മത്സരിക്കാന്‍ യോഗ്യരായി. ഇപ്പോള്‍ ട്രോഫി ഫിഫ ബാലൺദ്യോർ  ആയി മാറിയിരിക്കുന്നു. 2018 മുതലാണ് വനിതകള്‍ക്കും ബാലന്‍ഡോര്‍ ഏര്‍പ്പെടുത്തിയത്.

മുമ്പത്തെ രീതി ഫ്രാന്‍സ് ഫുട്ബോള്‍ 30 നോമിനികളുടെ പട്ടിക ഉണ്ടാക്കി, 180 രാജ്യങ്ങളില്‍ നിന്നുള്ള ഓരോ സ്പോര്‍ട്സ് ലേഖകര്‍ക്ക് ബാലറ്റ് അയച്ചുകൊടുക്കുന്നതായിരുന്നു. പട്ടികയില്‍ നിന്നും ഏറ്റവും മികച്ച  അഞ്ചു കളിക്കാരെ മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുക്കുവാന്‍. അവരില്‍ നിന്ന് കിട്ടുന്ന വോട്ടുകളെ ഫ്രാന്‍സ് ഫുട്ബോള്‍ ടാബുലേറ്റ് ചെയ്ത് അതില്‍ നിന്നും അവസാനപട്ടിക തീരുമാനിക്കും. 2022 മുതല്‍ ഈ രീതിക്ക് മാറ്റം വന്നു. ബാലറ്റ് കിട്ടുന്ന രാജ്യങ്ങളുടെ എണ്ണം 100 ആയി കുറച്ചു. ഫിഫ ലോകറാങ്കിങ്ങിലെ ആദ്യത്തെ 100 രാജ്യങ്ങള്‍ക്കു മാത്രം ബാലറ്റ്. സ്ത്രീകളുടെ ബാലന്‍ഡോറിന് വനിതകളുടെ ലോക റാങ്കിങ്ങിലെ ആദ്യത്തെ 50 രാജ്യങ്ങളും.

placeholder
ബാലൺദ്യോർ പുരസ്കാരം. ഫോട്ടോ: എ.പി

നോമിനികളുടെ ലിസ്റ്റ് ഉണ്ടാക്കുന്നതിലും ചെറിയ മാറ്റം വരുത്തി. ഫ്രാന്‍സ് ഫുട്ബോളും ലെക്കിപ്പ് മാസികയും ബാലൺദ്യോർ അംബാസഡര്‍ ഡിദിയര്‍ ഡ്രോഗ്ബ, കഴിഞ്ഞ വര്‍ഷത്തെ ബാലൺദ്യോർ ഫൈനല്‍ സെലക്ഷനുമായി ഒത്തുവന്ന നാമനിര്‍ദ്ദേശം നടത്തിയ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍-ഇത്രയും പേര്‍ ചേര്‍ന്നാണ് പ്രാഥമിക ലിസ്റ്റ് ഉണ്ടാക്കുന്നത്.

2021-22നു മുമ്പ് മുന്‍വര്‍ഷത്തെ മികച്ച താരത്തിനായിരുന്ന അവാര്‍ഡ്. ഇപ്പോള്‍ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനത്തിനാണ് അവാര്‍ഡ് നല്‍കുന്നത്. കഴിഞ്ഞ സീസണിലെ അവരുടെ ടീമിന്റെ വിജയവും കളിക്കാരന്റെ പെരുമാറ്റവും ഫെയര്‍ പ്ലേയും മാനദണ്ഡങ്ങളില്‍ പെടും. മുമ്പ് ഒരു കളിക്കാരന്റെ മൊത്തത്തിലുള്ള കരിയര്‍ പെര്‍ഫോമന്‍സും കൂടി കണക്കിലെടുത്തിരുന്നു. അതാണ് 2021-ല്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ വെട്ടി ബാലൺദ്യോർ കരസ്ഥമാക്കാന്‍ മെസ്സിയെ തുണച്ചത്. മാനദണ്ഡം മാറിയിട്ടും വിവാദങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ല. ഇക്കുറി ബാലൺദ്യോർ നേടുന്നത് വിനീഷ്യസ് ജൂനിയര്‍ തന്നെയാവുമോ? അതോ മറ്റെന്തെങ്കിലും സര്‍പ്രൈസ് കരുതിവെച്ചിട്ടുണ്ടാവുമോ സംഘാടകര്‍?

Key Points:

  • The Ballon d`Or ceremony will be held on October 28th in Paris.
  • Vinicius Junior, a Brazilian forward for Real Madrid, is considered a frontrunner for the award.
  • Other contenders include Rodri, Kylian Mbappé, and Jude Bellingham.
  • This year`s Ballon d`Or is notable for the absence of Lionel Messi and Cristiano Ronaldo in the nominations.
  • The award is based on individual performance in the previous season, with consideration given to team success, player conduct, and fair play.