'സംഗീതവും സ്‌പോര്‍ട്‌സും തമ്മിലുള്ള സാദൃശ്യം, രണ്ടും ഒരു പോലെ, ഒരു രാഷ്ട്രത്തെയോ ജനതയേയോ ഭ്രാന്തു പിടിപ്പിക്കാന്‍ പോന്നതാണ് എന്നതാകുന്നു ..' -ബ്രാഡ്മാനെക്കുറിച്ച് വിംസീ എഴുതിയ ഒരു ലേഖനം (മാതൃഭൂമി ആഴ്ചപ്പതിപ്പ്) തുടങ്ങുന്നത് ഇങ്ങിനെയാണ്. കളിക്കമ്പത്തെ 'ഭ്രാന്തെ'ന്നു പരിഹസിക്കുന്നവര്‍ക്കിടയില്‍ 'മുഴുഭ്രാന്ത'നായി ജന്മം മുഴുവന്‍ ജീവിച്ചു തീര്‍ത്ത ഒരാളുടെ തികച്ചും സംഗീതാത്മകമായ വിശദീകരണം. അതിലദ്ഭുതമില്ല: തന്റെ വായനക്കാര്‍ക്കൊപ്പം ഗ്യാലറിയിലായിരുന്നു എന്നും അദ്ദേഹത്തിന്റെയും ഇരിപ്പ്.

To advertise here,

മര്‍മരമായി തുടങ്ങി, കടലിരമ്പമായി വളരുന്ന ഗ്യാലറികളുടെ ശബ്ദമാണ് ലോകത്തേറ്റവും ഉദാത്തമായ ശുദ്ധസംഗീതമെന്ന് വിശ്വസിച്ച പത്രപ്രവര്‍ത്തകനായിരുന്നു വിംസീ എന്ന വി.എം. ബാലചന്ദ്രന്‍. ഇന്ന് വിംസീയുടെ ജന്മശതാബ്ദി. കളിയെഴുത്തിനെ കളിയോളം തന്നെ അസ്തിത്വമുള്ള ഒന്നായി വളര്‍ത്തിയെടുക്കാന്‍ സ്വയം ഉഴിഞ്ഞു വെച്ച സ്‌പോര്‍ട്‌സ് എഡിറ്റര്‍. കാണികളുടെ പക്ഷത്തു നിന്നല്ലാതെ ഒരു വാക്കോ വരിയോ എഴുതിയിട്ടില്ലാത്ത ഒരാള്‍. അക്ഷരങ്ങളിലൂടെയും കളി ആസ്വദിക്കാമെന്നു മലയാളിയെ പഠിപ്പിച്ച ഗുരു.

ഗ്യാലറിക്കു കാതോര്‍ക്കുക. കാണികളുടെ വികാരങ്ങള്‍ക്കു ഭാഷ കണ്ടെത്തുക, അവരുടെ ആവേശം അക്ഷരങ്ങളിലൂടെ ഏറ്റു പറയുക -അതാണ് വിംസീ ചെയ്തത്. അതുമായി സംവദിക്കാന്‍ സാമാന്യ ജനത്തിന് വിഷമമുണ്ടായില്ല. ശക്തവും സരളവുമായ ഒരു ഭാഷ വിംസീ ഗ്യാലറികളില്‍ നിന്നു കണ്ടെത്തി. ബ്രാഡ്മാന്റെ 'ലോകം കുലുക്കി' ബാറ്റിങ്ങും പെലെയുടെ 'ചെത്തിയിട്ട' ഗോളുമൊക്കെ വിംസിയുടെ പേറ്റന്റുള്ള ഗ്രാമ്യ പ്രയോഗങ്ങളാണ്. നല്ല തെളിമലയാളത്തിലുള്ള വിംസീയുടെ ഗദ്യം സ്‌പോര്‍ട്‌സ് ലേഖകരും വിദ്യാര്‍ഥികളും വായിച്ചു പഠിയ്‌ക്കേണ്ടതാണ്. ഈ ശതാബ്ദി വര്‍ഷത്തിലെങ്കിലും.

ഒരു തെറ്റിനോടും ക്ഷമിക്കാത്ത നിര്‍ഭയത്വമായിരുന്നു വിംസീയെ വ്യത്യസ്തനാക്കിയത്. 'കോംപ്രമൈസ്' എന്നൊരു വാക്ക് ആ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല. കേരളത്തിലെ സ്‌പോര്‍ട്‌സ് സംഘാടകരും മന്ത്രിമാരും ടൂര്‍ണമെന്റ് നടത്തിപ്പുകാരും ഖജാന കാവല്‍ക്കാരും കൊള്ളക്കാരുമൊക്കെ എക്കാലവും ഭയപ്പെട്ടിരുന്ന പേരാണത്. ഈ ഭീഷ്മാചാര്യന്റെ അമ്പേല്‍ക്കാതെ അവരിലാരും രക്ഷപ്പെട്ടിട്ടില്ല. കണ്ണൂര്‍ പരേഡ് ഗ്രൗണ്ടിലെ കുമ്മായവരയ്ക്കു പുറത്ത് ചരലില്‍ കുത്തിയിരുന്ന് കളി കണ്ടും ബ്രാഡ്മാന്റെ പുളകം വിതറുന്ന കളിവിശേഷങ്ങള്‍ കാതില്‍ മന്ത്രിക്കുന്ന റേഡിയോവിലൂടെ കേട്ടും കളിയെഴുത്തു തുടങ്ങിയ കാലം. ആ കാലത്തു കളിയോടു പുലര്‍ത്തിയ അതേ അഭിനിവേശവും ആവേശവും അവസാനം വരെയും വിംസീ കാത്തുസൂക്ഷിച്ചിരുന്നു.

1950 കളുടെ തുടക്കത്തില്‍ വിംസീ മാതൃഭൂമിയിലെത്തി. മാതൃഭൂമി സാരഥിയായിരുന്ന വി.എം. നായര്‍ വിംസീയുടെ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ വിഎം നായര്‍ പറഞ്ഞു, 'ഇനി മാതൃഭൂമിയില്‍ സ്‌പോര്‍ട്‌സ് ബാലചന്ദ്രന്‍ തന്നെ എഴുതിയാല്‍ മതി, മറ്റാരും എഴുതണ്ട'. ആ വാചകമാണ് വിംസീയുടെ കരിയറിലെ വഴിത്തിരിവായത്. സ്‌പോര്‍ട്‌സ് റൈറ്റിങ് എന്നാല്‍ വിംസീയും വിംസീ എന്നാല്‍ മാതൃഭൂമിയുമായി പിന്നീട്. കളിയാസ്വാദനത്തിന്റെ ഒരു സംസ്‌കാരം കേരളത്തില്‍ രൂപപ്പെടുത്തിയതില്‍ വലിയൊരു പങ്കു തീര്‍ച്ചയായും മാതൃഭൂമിക്കുണ്ട്. അതിനു പ്രധാന കാരണം വിംസീയാണ്. കളിയെഴുത്തിന് ഒരു മാതൃക ഉണ്ടാക്കിയതും അദ്ദേഹമാണ്. മലയാള പത്രപ്രവര്‍ത്തനത്തിലെ ഒരു പ്രത്യേക ശാഖയായി കളിയെഴുത്ത് വികസിക്കുന്നതും കളിയോളം തന്നെ ആസ്വാദ്യമായ ഒരു മേഖലയായി അസ്തിത്വം നേടുന്നതും വിംസീയിലൂടെയാണ്.

വിംസീയെക്കുറിച്ച് രണ്ടു ചെറിയ കഥകള്‍ ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നു. ഒന്ന്, പി.പി. ലക്ഷ്മണന്റെ ഒരു കമന്റാണ്. ഫുട്‌ബോള്‍ ഫെഡറേഷന്റെ അഖിലേന്ത്യാ സെക്രട്ടറിയൊക്കെയായിരുന്ന അദ്ദേഹം വിശ്രമജീവിതം നയിക്കുന്ന കാലത്താണ് നേരില്‍ സംസാരിക്കുമ്പോള്‍ യാദൃച്ഛികമയി വിംസീയെക്കുറിച്ചു പരാമര്‍ശിച്ചത്. 'വിംസീയേപ്പോലുള്ള സ്‌പോര്‍ട്‌സ് ലേഖകരൊക്കെ ഇല്ലാതായില്ലേ? എന്തു തീരുമാനമെടുത്താലും പിറ്റേന്നു വിംസീ അതിനെക്കുറിച്ച് എന്തെഴുതുന്നു എന്നറിയാന്‍ ആകാംക്ഷയുണ്ടായിരുന്നു അക്കാലത്ത്' എന്നാണ് ലക്ഷ്മണന്‍ പറഞ്ഞത്. ഇത് ഒരു സ്‌പോര്‍ട്‌സ് ലേഖകനു കിട്ടാവുന്ന വലിയ സര്‍ട്ടിഫിക്കറ്റ് തന്നെയാണ്. സംഘാടകരെ വലിച്ചു കീറുക എന്നത് ക്രൂരവിനോദം പോലെ വിംസീ അനുവര്‍ത്തിച്ചിരുന്ന നയമാണ്. കളിയോടും കാണിയോടും മാത്രമേ സ്‌പോര്‍ട്‌സ് ലേഖകന്‍ സത്യസന്ധതയും പ്രതിബദ്ധതയും പുലര്‍ത്തേണ്ടതുള്ളൂ എന്നായിരുന്നു വിംസീയുടെ ബോധ്യം. സംഘാടകര്‍ വിമര്‍ശിക്കപ്പെട്ടേ തീരൂ എന്ന, വാശിയോളം പോന്ന നിര്‍ദ്ദയത്വമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ലക്ഷ്മണനെപ്പോലുള്ള അക്കാലത്തെ സ്‌പോര്‍ട്‌സ് ഭരണാധികാരികള്‍ പക്ഷേ, അതിനെ വിലമതിച്ചിരുന്നു. വിംസീ എന്തു പറയുന്നു എന്നതിന് അവര്‍ കാതോര്‍ത്തിരുന്നു.

മറ്റൊന്ന്, കേരളം കണ്ട ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ വിക്ടര്‍ മഞ്ഞിലയുമായി ബന്ധപ്പെട്ടതാണ്. 1973ല്‍ കൊച്ചിയില്‍ ആദ്യമായി സന്തോഷ് ട്രോഫി ജയിച്ച കേരളം, രണ്ടു വര്‍ഷം കഴിഞ്ഞ് 1975ല്‍ ടൂര്‍ണമെന്റ് വീണ്ടും ഏറ്റെടുത്തു. ഇത്തവണ കോഴിക്കോടായിരുന്നു വേദി. സ്വാഭാവികമായും ഫേവറിറ്റ്‌സ് ആതിഥേയര്‍ തന്നെ. എന്നാല്‍ ടീം സെലക്ഷനിലും കളി സംഘാടനത്തിലും എന്തൊക്കെയോ ശരികേടുകളുണ്ടെന്ന് തുടക്കം മുതലേ വിംസീ വിശ്വസിച്ചു. സംഘാടകരെയും സെലക്ടര്‍മാരെയും റഫറീയിങ്ങിനെയുമൊക്കെ അടിമുടി വിമര്‍ശിച്ച് അദ്ദേഹം തുടരെത്തുടരെ ലേഖനങ്ങളെഴുതി. കളി തുടങ്ങിയപ്പോള്‍ ടീമിനെ വിമര്‍ശിച്ചും റിപ്പോര്‍ട്ടുകള്‍ വന്നു. ഇത് സംഘാടകരെയും കളിക്കാരെയും ക്ഷുഭിതരാക്കി. ഒരു ദിവസം സ്റ്റേഡിയത്തില്‍ വെച്ച് കേരള ടീമിലെ ചില താരങ്ങള്‍ വിംസീയെ കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നു. കാണികളില്‍ ഒരു വിഭാഗം പക്ഷേ, വിംസീക്കൊപ്പമായിരുന്നു. അവര്‍ കേരളാ ടീമിനെതിരെ തിരിയാന്‍ തുടങ്ങി. ആ ടൂര്‍ണമെന്റില്‍ വിംസീ പ്രവചിച്ചതു പോലെ കേരളം തോറ്റു. 25 വര്‍ഷങ്ങള്‍ക്കു ശേഷം പുതിയ നൂറ്റാണ്ടു പിറക്കുന്ന വേളയില്‍, 2000 ജനുവരിയില്‍, മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയില്‍ വിംസീ ഒരു ലേഖനം എഴുതി. പോയ നൂറ്റാണ്ടിലെ കേരള ഫുട്‌ബോളിനെക്കുറിച്ച്. അതില്‍ ഒരു ' കേരളാ ഇലവന്‍ ഓഫ് ദ സെഞ്ച്വറി' അദ്ദേഹം തിരഞ്ഞെടുത്ത് അവതരിപ്പിച്ചിരുന്നു. അതില്‍ 'നൂറ്റാണ്ടിന്റെ ഗോള്‍കീപ്പ'റായി വിംസീ തിരഞ്ഞെടുത്തത് അന്നത്തെ ടീമംഗമായ വിക്ടര്‍ മഞ്ഞിലയെയായിരുന്നു! പിന്നീടൊരു സ്വകാര്യ സംഭാഷണത്തില്‍ വിക്ടറും വിംസീയെ അന്നു വേണ്ടവിധം മനസ്സിലാക്കാന്‍ തനിക്കു കഴിഞ്ഞില്ല എന്ന് ഏറ്റു പറയുകയുണ്ടായി. വ്യക്തിവിരോധമെന്നു തോന്നിക്കും വിധം കഠിനമായി വിമര്‍ശിക്കുന്ന വിംസീക്ക് പക്ഷേ, ആരോടും ഒരു ശത്രുതയുമുണ്ടായിരുന്നില്ല. ഉദാത്തമായ കളിയോടല്ലാതെ ഒന്നിനോടും പക്ഷപാതവും ഉണ്ടായിരുന്നില്ല.

വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാടും കളിയോടും കളിക്കാരോടുമുള്ള ഐക്യദാര്‍ഢ്യവുമാണ് വിംസീയെ വ്യത്യസ്തനാക്കിയത്. 1950കളില്‍ എഴുത്തു തുടങ്ങിയ കാലം മുതല്‍, 'സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ എഴുതുക' എന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു. 1940കള്‍ മുതല്‍, അഞ്ചു പതിറ്റാണ്ടിലേറെക്കാലം രസനിരപ്പു താഴാതെ ആ (കളി)ജ്വരം നിലനിന്നു. ബ്രാഡ്മാന്റെയും പെലെയുടേയും മുഹമ്മദാലിയുടേയും കാലവും പി ടി ഉഷയുടേയും സച്ചിന്‍ തെണ്ടുല്‍ക്കറുടേയും കാള്‍ ലൂയീസിന്റേയും കാലവും ഒരേപോലെ മലയാളി അറിഞ്ഞതും അനുഭവിച്ചതും രേഖപ്പെടുത്തി വെച്ചതും വിംസീ എന്ന സ്‌പോര്‍ട്‌സ് ലേഖകനിലൂടെയാണ്. മാതൃഭൂമിയുടെ ന്യൂസ് എഡിറ്ററായും അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു പിരിഞ്ഞ വിംസീ വിരമിച്ച ശേഷവും ഇരുപതു വര്‍ഷത്തോളം കേരളത്തിലെ എല്ലാ പ്രമുഖ പത്രങ്ങളിലും കളിയെക്കുറിച്ച് എഴുതി.

കേരള സ്‌പോര്‍ട്‌സിന് ബാലചന്ദ്രന്‍ ചെയ്ത സംഭാവന പല നിലയ്ക്കും ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. സ്‌പോര്‍ട്‌സ് വാര്‍ത്തകള്‍ക്ക് ഒരു കോളം സ്ഥലം പോലും പത്രങ്ങള്‍ നല്‍കാതിരുന്ന കാലത്ത് അതിനായി ഒരു പേജ് വേണമെന്നു വാദിച്ചതും പിന്നീട് ആഴ്ച തോറും സ്‌പോര്‍ട്‌സ് സ്‌പെഷ്യല്‍ എന്ന പേരില്‍ ഫീച്ചര്‍ പേജ് തുടങ്ങിയതും മാതൃഭൂമിയിലൂടെ ബാലചന്ദ്രനാണ്. വിംസീ എന്ന പേരില്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന കോളങ്ങള്‍ ഗൗരവമേറിയ സ്‌പോര്‍ട്‌സ് ചര്‍ച്ചകള്‍ക്ക് കേരളത്തില്‍ അന്തരീക്ഷമൊരുക്കി. സ്‌പോര്‍ട്‌സിലെ അഴിമതിക്കാര്‍ക്കും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കള്‍ക്കുമെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ച എഴുത്തുകാരനായിരുന്നു വിംസീ. കളിവിരുദ്ധമായ എന്തിനേയും അദ്ദേഹം എതിര്‍ത്തു. അദ്ദേഹം അവശേഷിപ്പിക്കുന്ന 'ലെഗസി' അതാണ്. കാണികളിലൊരാളായി, അവരുടെ പക്ഷത്തു നിന്നുകൊണ്ട്, നല്ല കളികള്‍ കാണാനുള്ള അവരുടെ അവകാശത്തിനു വേണ്ടി തന്റെ പേന കൊണ്ട് നിരന്തരം സമരം നയിക്കലാണ് ഒരു സ്‌പോര്‍ട്‌സ് പത്രപ്രവര്‍ത്തകന്റെ കടമ എന്ന് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്നു.

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ വിളയാട്ടുശ്ശേരി മുള്ളമ്പലത്ത് തറവാട്ടില്‍ 1925 നവംബര്‍ 25 നാണ് ബാലചന്ദ്രന്‍ ജനിച്ചത്. അച്ഛൻ, ചേവായൂര്‍ പലകുന്നത്ത് പെരിക്കഞ്ചേരിയില്‍ വീട്ടിലെ ഡോ. നാരായണന്‍ നായര്‍. അമ്മ നാരായണി അമ്മ. അച്ഛൻ മദിരാശി സര്‍വീസിലായിരുന്നതിനാല്‍ വിദ്യാഭ്യാസം പലയിടത്തായിരുന്നു. പാലക്കാട് വിക്ടോറിയാ കോളേജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ അസുഖം മൂലം പഠനം നിർത്തേണ്ടിവന്ന ബാലചന്ദ്രന്‍ 1949ല്‍ കോഴിക്കോട്ടു നിന്നിറങ്ങുന്ന ദിനപ്രഭ എന്ന പത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തന രംഗത്തെത്തിയത്. 1950 ഒക്ടോബറില്‍ മാതൃഭൂമിയില്‍ സബ് എഡിറ്റര്‍ ആയി. 1985 നവംബര്‍ 25ന് അസിസ്റ്റന്റ് എഡിറ്റര്‍ ആയിട്ടാണ് വിരമിച്ചത്. പിന്നീട് അഞ്ചു വര്‍ഷത്തോളം കലിക്കറ്റ് ടൈംസിന്റെ അസ്സോസിയേറ്റ് എഡിറ്റര്‍ ആയി ജോലി ചെയ്തു. കോഴിക്കോട് ബിലാത്തിക്കൂളം നാരായണീയത്തിലായിരുന്നു അവസാനകാലത്തെ വിശ്രമ ജീവിതം. ഭാര്യ പരേതയായ കുന്നത്ത് അമ്മിണിയമ്മ. മൂന്നു മക്കളുണ്ട്. സംസ്ഥാന രഞ്ജി താരമായിരുന്ന ഉണ്ണികൃഷ്ണന്‍ (എസ്.ബി.ഐ), വിജയകൃഷ്ണന്‍ (സിവില്‍ എഞ്ചിനീയര്‍), മിനി എന്നിവര്‍. അന്‍പതാണ്ടു നീണ്ട പത്രപ്രവര്‍ത്തന ജീവിതത്തിനിടെ എം.വി.പൈലി അവാര്‍ഡ്, കേസരി സ്മാരക കമ്മിറ്റിയുടെ നീലാംബരന്‍ സ്മാരക അവാര്‍ഡ്, ടി.അബൂബക്കര്‍ സ്മാരകട്രസ്റ്റിന്റെ ടി.അബൂബക്കര്‍ ഫുട്ബോള്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും അദ്ദേഹത്തിനു ലഭിച്ചു.