
ദിിബ്രുഗഢ് (അസം): സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിൽ പഞ്ചാബിനെ നിഷ്പ്രഭരാക്കി കേരളം ഫൈനലിൽ. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് കേരളത്തിന്റെ ജയം. മുഹമ്മദ് റിയാസ് രണ്ടും അജ്‌സൽ, വിഘ്‌നേഷ് എന്നിവർ ഓരോ ഗോളും നേടി. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി ആധിപത്യം ഉറപ്പിച്ച ടീം, രണ്ടാം പകുതിയിൽ ഒരുഗോൾകൂടി നേടുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ.
കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളത്തിന് 16-ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ ലഭിച്ചു. വി. അർജുൻ എടുത്ത കൃത്യതയാർന്ന കോർണർ കിക്ക് ഹെഡറിലൂടെ മുഹമ്മദ് അജ്സൽ വലയിലെത്തിക്കുകയായിരുന്നു. 34-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. അർജുൻ നൽകിയ കോർണർ ബിബിൻ അജയൻ വഴി മുഹമ്മദ് റിയാസിലേക്ക്. അവസരം മുതലെടുത്ത റിയാസ് കേരളത്തിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ അജ്സലിന്റെ പാസിൽ നിന്നും എം. വിഘ്‌നേഷ് മൂന്നാം ഗോളും നേടി കേരളത്തിന്റെ ആധിപത്യം ഉറപ്പിച്ചു.
84-ാം മിനിറ്റിൽ പകരക്കാരനായെത്തിയ ഇ. സജീഷ് ഒരുക്കിയ പാസിൽ റിയാസ് മത്സരത്തിലെ തന്റെ രണ്ടാം ഗോളും സ്വന്തമാക്കി.
മറ്റൊരു സെമി ഫൈനലിൽ റെയിൽവേസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സർവീസസ് ഫൈനലിലെത്തിയത്. അഭിഷേക് പവാർ നേടിയ ഇരട്ട ഗോളുകളാണ് സർവീസസിന് വിജയം സമ്മാനിച്ചത്. തുടർച്ചയായി രണ്ടാംതവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിലെത്തിയത്. സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടം ലക്ഷ്യമിട്ടാണ് കേരളവും സർവീസസും ഞായറാഴ്ച ഏറ്റുമുട്ടുക. കേരളത്തിന്റെ പതിനാറാം ഫൈനലാണിത്.
Content Highlights: Kerala Dominates Punjab to Reach Santosh Trophy Final in Style
Published: 05 Feb 2026, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented