
''ഉം അലി കഴിച്ചിട്ടുണ്ടോ, പോയി ഒരെണ്ണം കഴിച്ചാലോ?...'' ദോഹ പോർട്ടിൽ കടൽ നോക്കി നിൽക്കുമ്പോൾ അപ്രതീക്ഷിതമായിട്ടായിരുന്നു സിബിയുടെ ചോദ്യം. ഉത്തരമായി 'ഉം' എന്ന് മൂളുമ്പോഴേക്കും സിബി കാറിലേക്ക് കയറാൻ ആംഗ്യം കാണിച്ചിരുന്നു. ''ഉം അലി കഴിക്കണമെങ്കിൽ ഷെറാട്ടണിൽ തന്നെ കഴിക്കണം. ദോഹ ഷെറാട്ടണിലെ ഉം അലി വല്യ സംഭവം തന്നെയാണ് കേട്ടോ...'' ലോക സഞ്ചാരിയായസിബി മാത്യു കാറിലിരുന്ന് 'ഉം അലി'യുടെ കഥ പറയുമ്പോഴേക്കും മനസ് അങ്ങോട്ടേക്ക് യാത്ര തുടങ്ങിയിരുന്നു. ഖത്തറിലെ അതി പ്രശസ്തമായ ഷെറാട്ടൺ ഹോട്ടലിനെപ്പറ്റി നേരത്തെ തന്നെ കേട്ടിട്ടുണ്ടെങ്കിലും 'ഉം അലി' പുതിയൊരു അറിവായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ വരെയായി എത്രയോ അതിഥികളാണ് ഷെറാട്ടണിൽ താമസിച്ചിരിക്കുന്നത്. അവർക്കൊക്കെ പ്രിയപ്പെട്ട വിഭവമായി 'ഉം അലി' മാറിയിട്ടുണ്ടാകുമോയെന്നായിരുന്നു കാറിലിരിക്കുമ്പോഴേക്കും ചിന്തിച്ചത്.
ഷെറാട്ടണിൽ ചെന്നിറങ്ങുമ്പോൾ സ്വീകരിക്കാനെത്തിയ സിബിയുടെ സുഹൃത്തും അവിടത്തെ ഐ.ടി. ഡയറക്ടറുമായചെങ്ങന്നൂർ സ്വദേശി രാഹുലാണ് ആ മനുഷ്യനെ പരിചയപ്പെടുത്തിയത്. അഹമ്മദ് അൽ ഷഹാദ് എന്ന ഷെഫ് അഭിമാനത്തോടെയും സന്തോഷത്തോടെയും 'ഉം അലി'യുടെ കഥ പറഞ്ഞു. കഴിഞ്ഞ 17 വർഷമായി ഷെറാട്ടണിൽ ജോലി ചെയ്യുന്ന അൽ ഷഹാദ് 'ഉം അലി'ക്കായി ഒരു സ്‌പെഷ്യൽ സ്‌ക്വാഡ് തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ''ഉം അലി എന്ന വിഭവം ഷെറാട്ടണിന്റെ മുഖമുദ്രകളിലൊന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്രയോ പേരാണ് ഇവിടത്തെ ഉം അലി കഴിക്കാനെത്തുന്നത്. ഈജിപ്ഷ്യൻ വിഭവമാണെങ്കിലും ഇപ്പോൾ ഉം അലിയുടെ പ്രശസ്തി ഷെറാട്ടണിലൂടെയാണ് ലോകം അനുഭവിക്കുന്നത്. ഒരു വിഭവത്തിന് ലോകത്തിന്റെ വ്യത്യസ്ത രുചികളിൽ ഇത്രയേറെ അംഗീകാരവും സ്വാധീനവും ലഭിക്കുന്നത് അപൂർവമാണ്. ഉം അലി ഉണ്ടാക്കാൻ മാത്രം ഞാൻ ഇവിടെ ഒരു പ്രത്യക വിഭാഗം റെഡിയാക്കിയിട്ടുണ്ട്. ഷെറാട്ടണിന് മാത്രം അറിയാവുന്ന അപൂർവ രുചിക്കൂട്ടിൽ അത് തയ്യാറാക്കുകയാണ് അവരുടെ ജോലി,'' അൽ ഷഹാദ് 'ഉം അലി'യുടെ രഹസ്യ കഥ പറഞ്ഞു.
ഈജിപ്തിൽ നിന്ന് ലോകത്തിന്റെ പ്രിയ രുചികളിലൊന്നായി മാറിയ 'ഉം അലി'യുടെ പിറവിയുടെ പിന്നിൽ രസകരമായ ഒരു കഥയുണ്ടത്രേ. അലി എന്ന മകന് അവന്റെ ഉമ്മ ഉണ്ടാക്കിക്കൊടുത്ത വിഭവമാണ് ഇതെന്നാണ് കഥ. അലിയുടെ ഉമ്മയുണ്ടാക്കിയ മധുര വിഭവത്തിന് ഇടാൻ പറ്റിയ ഏറ്റവും നല്ല പേര് 'ഉം അലി' എന്നല്ലേയെന്നാണ് ചരിത്രം ചോദിക്കുന്നത്. ഷെറാട്ടണിലെ മേശപ്പുറത്തേക്ക് കൊണ്ടുവന്ന വെച്ച 'ഉം അലി' കഴിച്ചു കൊണ്ടിരിക്കുമ്പോൾ സിബി അതിന്റെ ചിത്രങ്ങൾ പകർത്തുന്നുണ്ടായിരുന്നു.
ബ്രഡ് ആണ് 'ഉം അലി'യുടെ സൃഷ്ടിയുടെ പിന്നിലെ പ്രധാന ഘടകം. ബ്രഡ് എടുത്ത് അതിന്റെ അരികെല്ലാം ചെത്തിക്കളഞ്ഞ ശേഷം ചെറിയ കഷണങ്ങളാക്കും. പിന്നെ പാൽ, പിസ്ത. ബദാം, കിസ്മിസ്, കറുവപ്പട്ട, തേങ്ങാപ്പീര, പഞ്ചസാര തുടങ്ങി ഒട്ടേറെ ചേരുവകളാണ് അതിലേക്ക് വരാനുള്ളത്. 'ഉം അലി'യുടെ പാചകക്കുറിപ്പ് ഷെഫ് പറഞ്ഞു തന്നെങ്കിലും ഷെറാട്ടണിന്റെ അപൂർവമായ പ്രത്യേക രുചിക്കൂട്ട് മാത്രം വെളിപ്പെടുത്തിയില്ല. അതിനെപ്പറ്റി ചോദിക്കുമ്പോഴൊക്കെ സുന്ദരമായൊരു ചിരിയാണേ്രത ഷെഫിന്റെ മറുപടിയെന്ന് രാഹുൽ പറയുന്നു.
80 ഖത്തർ റിയാലാണ് ഷെറാട്ടണിൽ ചെറിയ പാത്രത്തിലുള്ള 'ഉം അലി'യുടെ വില. അത് ഇന്ത്യൻ രൂപയിൽ കണക്കുകൂട്ടൂമ്പോൾ ഏതാണ്ട് 1800 രൂപയോളം വരും. ചെറിയ തുകയിൽ 'ഉം അലി' പലയിടത്തും ലഭിക്കുമെങ്കിലും ഷെറാട്ടണിലെ 'ഉം അലി' വാങ്ങാൻ സൗദിയിൽ നിന്നും യു.എ.ഇ.യിൽ നിന്നുമൊക്കെ ആളുകൾ വരുമത്രേ. വായിൽ രുചിയുടെ വ്യത്യസ്ത മുകുളങ്ങൾ തീർത്ത 'ഉം അലി' കഴിച്ചുകൊണ്ടിരിക്കുമ്പോൾ കേട്ട കഥകളിലെല്ലാം കാര്യമുണ്ടെന്ന് മനസിലായി. കാരണം ഉമ്മ നൽകുന്ന മധുരം പോലെ പ്രിയതരം തന്നെ ഈ 'ഉം അലി'
Content Highlights: umm ali egyptian dessert story
Published: 28 Jan 2024, 07:04 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented