കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസ്, പ്രാദേശിക രാഷ്ട്രീയ സംഘർഷങ്ങൾക്കപ്പുറം ഉന്നത സി.പി.എം നേതാക്കൾ തന്നെ പ്രതിസ്ഥാനത്തായതോടെ അന്വേഷണത്തിലെ വഴിത്തിരിവുകൾ കൊണ്ടും എന്നും വാർത്തകളിൽ നിറഞ്ഞുനിന്ന ഒന്നായിരുന്നു. എന്നാൽ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനേയും സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷിനേയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനേയും വെറുതെവിട്ടു കൊണ്ടുള്ള സിബിഐ കോടതി വിധി പാർട്ടിക്ക് വലിയ ആശ്വാസം പകരുന്നതാണ്‌. 2012 ഫെബ്രുവരി 20-ന് തളിപ്പറമ്പിനടുത്തുള്ള കണ്ണപുരം കീഴറയിൽ വെച്ച് എം.എസ്.എഫ്. പ്രവർത്തകനായ അരിയിൽ അബ്ദുൾ ഷുക്കൂർ (24) കൊല്ലപ്പെട്ട സംഭവമാണ് കേസിനാധാരം.

To advertise here,

കുറ്റകൃത്യം നടക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അത് തടയാനുള്ള നടപടികൾ സ്വീകരിക്കാതെ ഒത്താശ ചെയ്തുകൊടുത്തു എന്ന കുറ്റമായിരുന്നു ജയരാജനും രാജേഷിനുമെതിരെ ചുമത്തിയത്. ജയരാജൻ 32 ാം പ്രതിയും ടി.വി രാജേഷ് 33 ാം പ്രതിയുമായിരുന്നു. ജയരാജനേയും ടി.വി രാജേഷിനേയും രാഷ്ട്രീയവേട്ടയുടെ ഭാഗമായി കേസിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നാണ് സിപിഎം ആരോപിച്ചത്. ജയരാജന്റെ വാഹനത്തിന് നേർക്ക് കല്ലെറിഞ്ഞതിന് എംഎസ്എഫ് പ്രവർത്തകരായ ഷുക്കൂറിനേയും സക്കരിയയേയും പരസ്യമായി വയലിൽ വച്ച് പാർട്ടിക്കാർ പരസ്യമായി വിചാരണ ചെയ്ത് ക്രൂരമായി ആക്രമിക്കുകയും കുത്തേറ്റ ഷുക്കൂർ കൊല്ലപ്പെടുകയുമായിരുന്നുവെന്നാണ്‌ ലീഗ് പ്രധാനമായും ഉന്നയിച്ചത്. കേസിൽ ജയരാജനും രാജേഷിനും വിടുതൽ ലഭിക്കുമ്പോൾ നേതാക്കൾ കുറ്റവിമുക്തരായ കേസിൽ പാർട്ടിക്കാരായ 13 പ്രതികളാണ് ശിക്ഷിക്കപ്പെട്ടത് എന്നത് സിപിഎമ്മിന് നേർക്ക് രാഷ്ട്രീയ ആശ്വാസത്തിനിടയിലും ചോദ്യങ്ങൾ ബാക്കിവെക്കുന്നു.

2012 ഫെബ്രുവരി 20-ന് തളിപ്പറമ്പ് പട്ടുവത്ത് വെച്ച് അന്നത്തെ സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും ടി.വി. രാജേഷ് എം.എൽ.എയും സഞ്ചരിച്ച വാഹനത്തിന് നേരെ മുസ്‌ലിം ലീഗ് പ്രവർത്തകരുടെ ആക്രമണമുണ്ടായി. ഈ ആക്രമണത്തിൽ ഇരുവർക്കും പരിക്കേൽക്കുകയും തുടർന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.

ഈ സംഭവത്തിന് പ്രതികാരമായി മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രദേശത്ത് വ്യാപകമായ അക്രമങ്ങൾ അരങ്ങേറി. പട്ടുവത്തെ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അരിയിൽ സ്വദേശിയായ അബ്ദുൾ ഷുക്കൂറിനെയും സുഹൃത്ത് സക്കരിയയെയും സി.പി.എം. പ്രവർത്തകർ പിടികൂടി. കീഴറയിലെ ഒരു വയലിൽ വെച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം, ഷുക്കൂറിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ആദ്യഘട്ടത്തിൽ പ്രാദേശിക പ്രവർത്തകരെ മാത്രം കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. എന്നാൽ, പി. ജയരാജനും ടി.വി. രാജേഷും ചികിത്സയിൽ കഴിഞ്ഞിരുന്ന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വെച്ചാണ് ഷുക്കൂറിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നതെന്ന ആരോപണം കേസ് പുതിയ തലത്തിലേക്ക് കടന്നു. അന്നത്തെ കണ്ണൂർ എസ്.പി.യായിരുന്ന രാഹുൽ ആർ. നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഈ ഗൂഢാലോചന ആരോപണത്തിൽ വിശദമായി അന്വേഷണം നടത്തി. തുടർന്ന് 2012 ഓഗസ്റ്റ് 1-ന് പി. ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ ടി.വി. രാജേഷ് എം.എൽ.എയും കേസിൽ പ്രതിചേർക്കപ്പെട്ടു.

പോലീസിന്റെ അന്വേഷണത്തിൽ തൃപ്തരല്ലാതിരുന്ന ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നൽകിയ ഹർജിയെത്തുടർന്ന് 2016-ൽ കേരള ഹൈക്കോടതി കേസ് അന്വേഷണം സി.ബി.ഐ.ക്ക് കൈമാറി. സി.ബി.ഐ. അന്വേഷണത്തിലും പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ കൊലപാതക ഗൂഢാലോചന കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചു. ആകെ 33 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്. രണ്ടുപേർ വിചാരണ കാലയളവിൽ മരിച്ചു. 31 പ്രതികളിൽ 13 കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. 18 പേരെ കോടതി വെറുതെവിട്ടു. 

കേസിന്റെ നാൾവഴികളിലൂടെ

2012 ഫെബ്രുവരി 20: പട്ടുവത്ത് പി. ജയരാജന്റെ വാഹനത്തിന് നേരെ ആക്രമണം
ഫെബ്രുവരി 20: കണ്ണൂർ കണ്ണപുരത്തിന് സമീപം കീഴറയിൽ അബ്ദുൾഷുക്കൂർ കൊല്ലപ്പെടുന്നു. കൂടെയുണ്ടായിരുന്ന സക്കരിയയ്ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു.
ഫെബ്രുവരി 21: ഷുക്കൂർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യു.ഡി.എഫും സി.പി.എം. പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫും ആഹ്വാനംചെയ്ത ഹർത്താൽ.
മാർച്ച് 22: 18 പേരുടെ ആദ്യ പ്രതിപ്പട്ടിക അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത്തും വാടി രവിയുടെ മകൻ ബിജുമോനും പ്രതിപ്പട്ടികയിൽ.
മാർച്ച് 29: വാടി രവിയുടെ മകൻ ബിജുമോൻ അടക്കം സി.പി.എം. പ്രവർത്തകരായ എട്ടുപ്രതികൾ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി.
മെയ് 25: കേസിലെ പത്താംപ്രതിയായ അജിത്ത് കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
മെയ് 26: ഗൂഢാലോചനയിലെ പ്രധാന പങ്കാളി അരിയിൽ ലോക്കൽ സെക്രട്ടറി യു.വി.വേണുവിനെ അറസ്റ്റ് ചെയ്തു.
മെയ് 27: ഡി.വൈ.എഫ്.ഐ. പാപ്പിനിശ്ശേരി ബ്ലോക്ക് ജോയന്റ് സെക്രട്ടറി ഗണേശൻ മോറാഴ, മുതുവാനി യൂണിറ്റ് സെക്രട്ടറി അജേഷ് എന്നിവർ അറസ്റ്റിൽ.
ജൂൺ 2: സി.പി.എം. കണ്ണപുരം ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ.വി.സജിത്തിന്റെ ബൈക്കിന്റെ ടൂൾ ബോക്സിൽനിന്ന് ഷുക്കൂറിനെ കുത്തിക്കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു.
ജൂൺ 8: സക്കരിയയെ വെട്ടിയ ആയുധം കീഴറയ്ക്ക് സമീപമുള്ള ചേര എന്ന സ്ഥലത്തെ കുറ്റിക്കാട്ടിൽനിന്ന് പോലീസ് കണ്ടെടുത്തു.
ജൂൺ 9: പി.ജയരാജനും ടി.വി.രാജേഷിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്.
ജൂൺ 12: ഗസ്റ്റ് ഹൗസിൽ പി.ജയരാജനെ ചോദ്യംചെയ്തു. നിർണായകവിവരങ്ങൾ ലഭിച്ചെന്ന് എസ്.പി.
ജൂൺ 14: തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി.വാസുദേവൻ, തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കെ.മുരളീധരൻ എന്നിവരെ ചോദ്യംചെയ്തു.
ജൂൺ 18: സി.പി.എം. ജില്ലാകമ്മിറ്റി അംഗവും തളിപ്പറമ്പ് സഹകരണ ആസ്പത്രി പ്രസിഡൻറുമായ കെ.ബാലകൃഷ്ണനിൽനിന്ന് അന്വേഷണസംഘം മൊഴിയെടുത്തു.
ജൂൺ 22: കേസിൽ 34 പേരെ ഉൾപ്പെടുത്തി പ്രതിപ്പട്ടിക നീട്ടി.
ജൂലായ് 5: ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗവും മോറാഴ ലോക്കൽ കമ്മിറ്റി അംഗവുമായ എ.വി.ബാബു അറസ്റ്റിൽ.
ജൂലായ് 9: കണ്ണൂർ ഗസ്റ്റ്ഹൗസിൽ സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജനെ ചോദ്യംചെയ്യുന്നു.
ജൂലായ് 29: ടി.വി.രാജേഷ് എം.എൽ.എ.യെ ചോദ്യം ചെയ്തു.
ആഗസ്ത് 1: പി.ജയരാജനെ അറസ്റ്റ്ചെയ്തു.

2016 ഫെബ്രുവരി: പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നൽകിയ ഹർജിയിൽ, കേസ് സി.ബി.ഐക്ക് (CBI) വിട്ടുകൊണ്ട് കേരള ഹൈക്കോടതി ഉത്തരവിടുന്നു.
2019 ഫെബ്രുവരി: സി.ബി.ഐ തലശ്ശേരി കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിക്കുന്നു. പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർക്കെതിരെ കൊലപാതക ഗൂഢാലോചന (IPC 120B), കൊലപാതകം (IPC 302) എന്നീ ഗുരുതര വകുപ്പുകൾ കൂടി ചുമത്തി (ആകെ 33 പ്രതികൾ). |
2022: വിചാരണ നടപടികൾ സുഗമമാക്കുന്നതിനായി കേസ് തലശ്ശേരി കോടതിയിൽ നിന്ന് എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് മാറ്റുന്നു. 

2024 ഒക്ടോബർ: കേസിൽ തങ്ങളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി. ജയരാജനും ടി.വി. രാജേഷും നൽകിയ വിടുതൽ ഹർജി എറണാകുളം സി.ബി.ഐ കോടതി തള്ളുന്നു. ഇതോടെ ഇരുവരും വിചാരണ നേരിട്ടു.
2024 നവംബർ: എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുകയും, തുടർന്ന് വിചാരണ നടപടികളിലേക്ക് കടക്കുകയും ചെയ്തു.