ലഖ്‌നൗ: സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ റോഡ് ഷോയ്ക്കിടെ ബുൾഡോസർ ഇടിച്ച് 12 വയസ്സുകാരന് ദാരുണാന്ത്യം. ഗോരഖ്പുരിലാണ് സംഭവം. അഖിലേഷ് നയിച്ച പിഡിഎ രഥ് യാത്രയിൽ അദ്ദേഹത്തിന് പാർട്ടി പ്രവർത്തകർ ബുൾഡോസർ ഉപയോഗിച്ച് പുഷ്പവൃഷ്ടി നടത്തിയാണ് സ്വാഗതം ആശംസിച്ചത്. അതിനിടെയാണ് ചൗരി ചൗര ജില്ലയിലെ രാജ്ധാനി സ്വദേശിയായ ആര്യവർധൻ സിങ് എന്ന കുട്ടിയെ ബുൾഡോസർ ഇടിച്ചത്.

To advertise here,

പ്രാദേശിക ബിജെപി നേതാവ് ഓംകാർ സിങ്ങിന്റെ മകനാണ് ആര്യവർധൻ. കൂടാഘട്ട് പ്രദേശത്തുവെച്ചായിരുന്നു അപകടം നടന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. റാലിയ്‌ക്കെത്തിയവർക്ക് മീതേ പുഷ്പദലങ്ങൾ ബുൾഡോസർ കൊണ്ട് വർഷിക്കുന്നുണ്ടായിരുന്നെന്നും അതിനിടെയാണ് മകനെ ഇടിച്ചതെന്നും ഓംകാർ പറഞ്ഞു.

'അഖിലേഷിന്റെ വാഹനവ്യൂഹം കടന്നുപോയതിന് പിന്നാലെ ആര്യവർധൻ, സഹോദരിയെ സ്‌കൂളിൽനിന്ന് കൂട്ടാൻ പോയതായിരുന്നു. അഖിലേഷിനും സംഘത്തിനും നേർക്ക് പിന്നിൽനിന്ന് പുഷ്പവൃഷ്ടി നടത്താൻ അമിതവേഗത്തിൽ എത്തിയ ബുൾഡോസർ, റോഡ് മുറിച്ചുകടന്ന ആര്യവർധനെ ഇടിച്ചു. കുട്ടി തൽക്ഷണം മരിച്ചു, ഓംകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോഡ് ഡിവൈഡറിലേക്ക് തെറിച്ചുവീണ ആര്യവർധന് തലയ്ക്കും പിന്നിലുമായാണ് ഗുരുതരപരിക്കുകളുണ്ടായിരുന്നത്. സംഭവത്തിൽ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.