ബ്രിസ്‌ബെയ്‌നിലെ ഗാബയില്‍ ജനുവരി 28-ാം തീയതിയിലെ പകല്‍, വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 216 റണ്‍സെന്ന സാമാന്യം ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുകയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ഓസ്‌ട്രേലിയന്‍ ടീം. 42 റണ്‍സിനിടെ ഉസ്മാന്‍ ഖവാജയേയും മാര്‍നസ് ലബുഷെയ്‌നിനെയും നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സ്റ്റീവ് സ്മിത്ത് - കാമറൂണ്‍ ഗ്രീന്‍ സഖ്യം നിലയുറപ്പിച്ച് പതിയെ അവരെ വിജയത്തിലേക്ക് നയിക്കുന്ന സമയം. ഇന്നിങ്‌സിന്റെ 31-ാം ഓവര്‍, വിന്‍ഡീസ് ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് തന്റെ നിരയിലെ പുതിയ പേസ് സെന്‍സേഷന്‍ ഷമാര്‍ ജോസഫിനെ പന്തേല്‍പ്പിക്കുന്നു. ജോസഫിന്റെ ആ ഇന്നിങ്‌സിലെ വെറും രണ്ടാമത്തെ മാത്രം ഓവര്‍. 140 കി.മീ മുകളില്‍ ആ പിങ്ക് പന്തിനെ തുടര്‍ച്ചയായി എറിഞ്ഞ് അയാള്‍ ക്രീസില്‍ നിലയുറപ്പിച്ചിരുന്ന കാമറൂണ്‍ ഗ്രീനിനെ ബുദ്ധിമുട്ടിക്കുന്നു. കെണിയൊരുക്കിയ നാല് പന്തുകള്‍, ശേഷം 141.8 കി.മീ വേഗത്തില്‍ ഗുഡ്‌ലെങ്ത്തിലെത്തിയ ഒരു വോബിള്‍ സീം പന്തിലെ ഇന്‍സ്വിങ്ങില്‍ ഗ്രീനിന്റെ സകലമാന കണക്കുകൂട്ടലുകളും പിഴയ്ക്കുന്നു. പന്ത് വിക്കറ്റിളക്കി കടന്നുപോയതിനു പിന്നാലെ അത് പിച്ച് ചെയ്ത ഭാഗം നോക്കി അദ്ഭുതപ്പെടുന്ന ഗ്രീനിന്റെ ചിത്രം ക്യാമറ ഒപ്പിയെടുക്കുന്നു. അതൊരു തുടക്കമായിരുന്നു. ഓസീസ് ബാറ്റിങ് നിരയെ കടപുഴക്കിയെറിയാനെത്തിയ ഒരു കൊടുങ്കാറ്റിന്റെ തുടക്കം.

To advertise here,
placeholder
ഷമാർ ജോസഫിന്റെ പന്തിൽ കാമറൂൺ ഗ്രീൻ പുറത്താകുന്നു | Photo: Getty Images

തൊട്ടടുത്ത പന്തിലും ജോസഫ് തന്റെ പേസ് മികവ് ലോകത്തിന് കാട്ടിക്കൊടുക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലടക്കം ഇന്ത്യയെ വെള്ളം കുടിപ്പിച്ച, അടുത്ത കാലത്ത് എല്ലാ ഫോര്‍മാറ്റിലും തിളങ്ങുന്ന ട്രാവിസ് ഹെഡ് എന്ന ഓസീസ് വിശ്വസ്തനെ ഒരു ക്ലീന്‍ യോര്‍ക്കറില്‍ പറഞ്ഞയക്കുകയാണ് ആ 24-കാരന്‍. അതും ഗ്രീനിനെ പുറത്താക്കിയ അതേ പന്തിന്റെ വേഗത്തില്‍. മിച്ചല്‍ മാര്‍ഷിന്റെ ഊഴമായിരുന്നു അടുത്തത്. ഇത്തവണ ഗുഡ്‌ലെങ്ത്തില്‍ 144 കി.മീ വേഗത്തില്‍ ഓഫ്സ്റ്റ്മ്പ് ലൈനിലെത്തിയ പന്തില്‍ ബാറ്റ് വെയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലായിരുന്നു മാര്‍ഷിന്. ബാറ്റിലുരസി പന്ത് സെക്കന്‍ഡ് സ്ലിപ്പ് ഫീല്‍ഡറുടെ കൈകളിലെത്തിയതോടെ ഓസീസ് ഒറ്റയടിക്ക് അഞ്ചിന് 132 എന്ന നിലയിലേക്ക്. നാല് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും വിന്‍ഡീസിന്റെ പേസ് ആയുധം പിന്നെയുമെത്തി. ഇത്തവണ ജോസഫിന്റെ അഞ്ചാം ഓവറിലെ രണ്ടാം പന്ത്. 145 കി.മീ വേഗത്തിലെത്തിയ ഒരു ഫുള്‍ ലെങ്ത് പന്തില്‍ എന്തുചെയ്യണമെന്ന് അലക്‌സ് കാരിക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു. പാഡിലിടിച്ച് പന്ത് ഓഫ് സ്റ്റമ്പുമായി പറന്നു.

തുടര്‍ന്ന് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ചെറിയ വെടിക്കെട്ട്. അതും അവസാനിപ്പിക്കാന്‍ എത്തിയത് ജോസഫ് തന്നെ. 148 കി.മീ അടുത്ത് വേഗത്തിലെത്തിയ ഷോര്‍ട്ട് ബോളില്‍ സ്റ്റാര്‍ക്കിന്റെ ടൈമിങ് പിഴച്ചു. ഉയര്‍ന്നുപൊങ്ങിയ പന്ത് കെവിന്‍ സിംക്ലയറുടെ കൈകളില്‍ ഭദ്രം. പിന്നാലെ ക്യാപ്റ്റന്‍ കമ്മിന്‍സിനെ അപ്രതീക്ഷിതമായി ബൗണ്‍സ് ചെയ്ത ഒരു പന്തില്‍ വീഴ്ത്തുന്നു. ഒടുക്കം വിജയത്തിന് ഒമ്പത് റണ്‍സ് അകലെച്ച് ജോഷ് ഹെയ്‌സല്‍വുഡിന്റെ കുറ്റി തെറിപ്പിച്ച് ഓസീസിന്റെ ഉരുക്കുകോട്ടയായ ഗാബയില്‍ വിന്‍ഡീസിന് ചരിത്രത്തില്‍ ഇടംപിടിച്ച ഒരു ടെസ്റ്റ് ജയം സമ്മാനിക്കുന്നു ആ അരങ്ങേറ്റക്കാരന്‍ പയ്യന്‍. കമന്ററി ബോക്‌സിലുണ്ടായിരുന്ന വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ നിറഞ്ഞൊഴുകിയ കണ്ണുനീര്‍ അയാളുടെ പുഞ്ചിരിക്കുന്ന ചുണ്ടുകളിലേക്ക് പതിക്കുന്നു. 27 വര്‍ഷത്തിനു ശേഷം ഓസീസ് മണ്ണില്‍ വിന്‍ഡീസിന്റെ ആദ്യ ടെസ്റ്റ് ജയം അവിടെ പൂര്‍ത്തിയായിരിക്കുന്നു.

അവിടെ വിന്‍ഡീസ് ഇന്നിങ്‌സിനിടെ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ 73-ാം ഓവറില്‍ സ്റ്റാര്‍ക്കിന്റെ ഒരു യോര്‍ക്കര്‍ വന്നു പതിച്ചത് ജോസഫിന്റെ ഇടതുകാലിലായിരുന്നു. വേദനകൊണ്ട് പുളഞ്ഞ ഷമാര്‍ ടീം ഫിസിയോയുടേയും സഹതാരത്തിന്റേയും സഹായത്താലാണ് കളം വിട്ടത്. ഒടുവില്‍ വേദനസംഹാരികളുടെ ബലത്തില്‍ കളത്തിലേക്ക് തിരികെയെത്തിയാണ് ഈ യുവതാരം ഏഴു വിക്കറ്റുമായി ഗാബയില്‍ തകര്‍ത്താടിയതെന്ന് അറിയുമ്പോഴാണ് അയാളിലെ പോരാട്ടവീര്യം എത്രത്തോളമുണ്ടെന്ന് ക്രിക്കറ്റ് ലോകം തിരിച്ചറിയുന്നത്.

placeholder
പരമ്പരയിലെ താരത്തിനുള്ള പുരസ്കാരവുമായി | Photo: Getty Images

ഗാബയില്‍ ഇതിനു മുമ്പ് ഓസീസിനെ മുട്ടുകുത്തിച്ചത് 2021-ല്‍ ഇന്ത്യന്‍ ടീമായിരുന്നു. അന്ന് ഗാബയില്‍ 32 വര്‍ഷക്കാലത്തോളം തോല്‍വിയറിഞ്ഞിട്ടില്ലെന്ന ഓസീസിന്റെ അഹങ്കാരം നിറഞ്ഞ റെക്കോഡായിരുന്നു ഇന്ത്യ തകര്‍ത്തത്. 1988-ല്‍ വെസ്റ്റിന്‍ഡീസിനോടായിരുന്നു അതിനു മുമ്പ് ഓസീസ് അവസാനമായി ഗാബയില്‍ തോറ്റത്. ഇപ്പോഴിതാ 1988-ന് ശേഷം വീന്‍ഡീസ് വീണ്ടുമൊരിക്കല്‍ കൂടി ഗാബക്കോട്ടയില്‍ ഓസീസിനെ അടിയറവ് പറയിച്ചിരിക്കുന്നു.

വിന്‍ഡീസിനായി ജോസഫിന്റെ അരങ്ങേറ്റ പരമ്പരയായിരുന്നു ഇത്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കരിയറില്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ടെസ്റ്റില്‍ ഏറ്റവും സാങ്കേതികത്തികവുള്ള താരങ്ങളില്‍ ഒരാളായ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിക്കൊണ്ടായിരുന്നു ജോസഫിന്റെ തുടക്കം. അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത് താരം റെക്കോഡ് ബുക്കിലും പേരെഴുതി ചേര്‍ത്തു. 85 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു വിന്‍ഡീസ് ബൗളര്‍ അരങ്ങേറ്റ ടെസ്റ്റിന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തുന്നത്. 1939-ല്‍ അരങ്ങേറ്റ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത ടൈറല്‍ ജോണ്‍സനാണ് ഷമാറിന് മുമ്പ് ഈ നേട്ടം കൈവരിച്ച താരം. ടെസ്റ്റ് ചരിത്രത്തില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് അരങ്ങേറുന്ന 23-ാമത്തെ ബൗളര്‍ കൂടിയായി ജോസഫ്. ആദ്യ ഇന്നിങ്‌സില്‍ തന്നെ അഞ്ചു വിക്കറ്റുമായി തിളങ്ങുകയും ചെയ്തു.

മാല്‍ക്കം മാര്‍ഷലും ആന്‍ഡി റോബര്‍ട്ട്സും മൈക്കല്‍ ഹോള്‍ഡിങ്ങും ജോയൽ ഗാര്‍നറുമെല്ലാം അടങ്ങിയ പ്രതാപകാലത്തെ വിന്‍ഡീസ് ബൗളിങ് നിരയെ അനുസ്മരിപ്പിക്കുകയാണ് ഷമാര്‍ ജോസഫ്. എന്നാല്‍ ഗയാനയില്‍ വെറും 350 ആളുകള്‍ മാത്രമുള്ള കരീബിയന്‍ ദ്വീപായ ബാറകാരയില്‍ നിന്നാണ് താരത്തിന്റെ വരവെന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. പുറംലോകവുമായി കാര്യമായ ബന്ധങ്ങളൊന്നും ഇല്ലാത്ത ഒരു കുഗ്രാമമെന്ന് തന്നെ പറയാവുന്ന സ്ഥലം. അടിസ്ഥാന സൗകര്യങ്ങള്‍ തീരെയില്ല. അവിടേക്കെത്തണമെങ്കില്‍ തൊട്ടടുത്ത പ്രധാന നഗരമായ ആംസ്റ്റര്‍ഡാം സിറ്റിയില്‍ നിന്ന് രണ്ട് ദിവസം ബോട്ടില്‍ സഞ്ചരിക്കണം. ഇപ്പോഴും പരസ്പരം ബന്ധപ്പെടാന്‍ ടെലിഫോണ്‍ സൗകര്യം കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന സ്ഥലം. മൊബൈലും ഇന്റര്‍നെറ്റ് സൗകര്യങ്ങളും അവിടെ ലഭ്യമായിത്തുടങ്ങിയത് 2018 മുതല്‍ മാത്രം. മത്സ്യബന്ധനവും കൃഷിയുമായിരുന്നു അവിടത്തുകാരുടെ പ്രധാന ഉപജീവന മാര്‍ഗം. അത്തരമൊരിടത്ത് അഞ്ച് സഹോദരന്‍മാരും മൂന്ന് സഹോദരികളും അടങ്ങിയ കുടുംബത്തിലായിരുന്നു ജോസഫിന്റെ ജനനം. ടിവി വരെ വളരെ അപൂര്‍വമായ ഗ്രാമം. വിന്‍ഡീസിലെ മറ്റ് ദ്വീപുകളെ പോലെ ക്രിക്കറ്റിനോട് കാര്യമായ താത്പര്യം കാണിക്കാത്തവരായിരുന്നു ആ നാട്ടുകാര്‍. എന്നാല്‍ തിരിച്ചായിരുന്നു ജോസഫിന്റെ കാര്യം. ക്രിക്കറ്റിനെ ഇഷ്ടപ്പെടുത്ത സഹോദരനടക്കം ഏതാനും പേര്‍മാത്രം ആ ഗ്രാമത്തില്‍ ക്രിക്കറ്റ് കളിച്ചു. എന്നാല്‍ പന്തുകളൊന്നും തന്നെ ലഭിക്കാതിരുന്ന കുട്ടിക്കാലത്ത് കട്ടിയുള്ള ഉരുണ്ട പഴങ്ങളിലും മറ്റും ടേപ്പ് ചുറ്റിയും പ്ലാസ്റ്റ്ക്ക് ബോട്ടിലുകള്‍ ഉരുക്കി പന്തിന്റെ ആകൃതിയിലാക്കിയുമായിരുന്നു കളി.

placeholder
അഡ്ലെയ്ഡ് ടെസ്റ്റിൽ 5 വിക്കറ്റ് നേടിയ ശേഷം | Photo: Getty Images

തുടക്കകാലത്ത് മരംവെട്ടായിരുന്നു ജോസഫിന് ജോലി. മരംവെട്ടുന്നതിനിടെ മൂന്ന് വര്‍ഷം മുമ്പ് ജീവന്‍ പോലും നഷ്ടമായേക്കാവുന്ന ഒരപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ജോസഫ് രക്ഷപ്പെട്ടത്. മുറിക്കുകയായിരുന്ന മരം ജോസഫ് നിന്നടത്തേക്ക് പതിച്ചു. ഭാഗ്യംകൊണ്ടു മാത്രം ജീവന്‍ തിരികെ കിട്ടി. താരത്തിന്റെ പങ്കാളി അപ്പോള്‍ ഗര്‍ഭിണിയായിരുന്നു. അവര്‍ മെച്ചപ്പെട്ട ഒരു തൊഴില്‍ നേടാന്‍ അവനോട് ഗ്രാമം വിടാന്‍ ഉപദേശിച്ചു. ന്യൂ ആംസ്റ്റര്‍ഡാമിലേക്ക് മടങ്ങിയ ജോസഫിന് അവിടെ ആദ്യം ലഭിച്ചത് കെട്ടിടം പണിയുന്ന ജോലിയായിരുന്നു. പിന്നീട് സെക്യൂരിറ്റി ഗാര്‍ഡിന്റെ ജോലിയിലേക്ക് തിരിഞ്ഞു. 12 മണിക്കൂര്‍ രാത്രി ഷിഫ്റ്റ് പക്ഷേ അവനെ ക്ഷീണിപ്പിച്ചില്ല. ക്രിക്കറ്റ് കളിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നത് അവിടെ ജോസഫിന് സന്തോഷം നല്‍കി. രാത്രി ജോലിക്ക് ശേഷം പകല്‍ മുഴുവന്‍ ഉറക്കം. വൈകീട്ട് എഴുന്നേറ്റ് ഗ്രൗണ്ടില്‍ അവിടെത്തെ ആള്‍ക്കാര്‍ക്കൊപ്പം കളി, പിന്നെ ജോലിക്ക്. ഇതായിരുന്നു ഒരു വര്‍ഷത്തിലേറെ കാലം ജോസഫിന്റെ ദിനചര്യ.

ന്യൂ ആംസ്റ്റര്‍ഡാമില്‍ വിന്‍ഡീസ് താരം റൊമാരിയോ ഷെപ്പേര്‍ഡിന്റെ അയല്‍പ്പക്കത്ത് താമസിക്കാനായതാണ് ശരിക്കും ജോസഫിന്റെ തലവരമാറ്റുന്നത്. ന്യൂ ആംസ്റ്റര്‍ഡാമിലെ മൈതാനത്ത് നന്നായി പന്തെറിഞ്ഞുകൊണ്ടിരുന്ന ആ സ്ട്രീറ്റ് സ്മാര്‍ട്ട് ക്രിക്കറ്ററെ ശ്രദ്ധിച്ച ഷെപ്പേര്‍ഡ്, അവനെ ഗയാന ക്രിക്കറ്റ് ടീമിനും അവരുടെ പരിശീലകന്‍ എസുവാന്‍ ക്രാന്‍ഡനും പരിചയപ്പെടുത്തി. നെറ്റ്‌സില്‍ തുകല്‍ പന്തിലെ പ്രകടനം അങ്ങനെ അവനെ ഗയാന ടീമിലെത്തിച്ചു. ഡിവിഷന്‍ വണ്ണിലെ അരങ്ങേറ്റത്തില്‍ തന്നെ വെറും 13 റണ്‍സിന് ആറു വിക്കറ്റുകള്‍ എറിഞ്ഞിട്ട് ജോസഫ് താന്‍ വിന്‍ഡീസ് ക്രിക്കറ്റിന്റെ ഭാവിതാരമാണെന്ന് തെളിയിക്കുകയായിരുന്നു. ഗയാനയിലെ പ്രകടനം വിന്‍ഡീസ് പേസ് ഇതിഹാം കേര്‍ട്ട്‌ലി ആംബ്രോസ്, ബെര്‍ബിസില്‍ നടത്തിയിരുന്ന ഫാസ്റ്റ് ബൗളിങ് ക്ലിനിക്കിലേക്ക് ജോസഫിനെ എത്തിച്ചു. പിന്നീട് നടന്നതെല്ലാം ചരിത്രം. ഒരു ഫാസ്റ്റ് ബൗളര്‍ക്ക് സ്വാഭാവികമായി വേണ്ടതെല്ലാം കടുത്ത ശാരീരിക അധ്വാനം ഇതിനോടകം തന്നെ ജോസഫിന് നേടിക്കൊടുത്തിരുന്നു. ഉറച്ച ചുമലുകളും കൈകളുടെയും ചുമലുകളുടെയും കരുത്തും 140 കി.മീ മുകളില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ താരത്തെ സഹായിച്ചു.

placeholder
ഷമാർ ജോസഫ് ഓസീസിനെതിരായ ടെസ്റ്റിനിടെ | Photo: Getty Images

വൈകാതെ ഗയാനയ്ക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റം. അതും 2023 ഫെബ്രുവരി ഒന്നിന് ബാര്‍ബഡോസിനെതിരേ. ടൂര്‍ണമെന്റിലെ താരത്തിന്റെ മികച്ച പ്രകടനം കണ്ട ഗയാന ആമസോണ്‍ വാരിയേഴ്‌സ് ജോസഫിനെ 2023 കരീബിയന്‍ പ്രീമിയര്‍ ലീഗിനു മുമ്പായി തങ്ങളുടെ നെറ്റ് ബൗളറായി ഉള്‍പ്പെടുത്തി. പിന്നീടെല്ലാം ഒരു സ്വപ്‌നം പോലെയായിരുന്നു. കീമോ പോളിന് പരിക്കേറ്റതോടെ ഗയാന ആമസോണ്‍ വാരിയേഴ്‌സ് ജോസഫിനെ ടീമില്‍ ഉള്‍പ്പെടുത്തി. ആ സിപിഎല്‍ ടീമാണ് ക്രിക്കറ്റ് കരിയര്‍ ഗൗരവമായെടുക്കാന്‍ ജോസഫിനെ പ്രേരിപ്പിച്ചത്. ലിസ്റ്റ് എ ക്രിക്കറ്റിലും ടി20-യിലും ഗയാനയ്ക്കായി പുറത്തെടുത്ത മികച്ച പ്രകടനം 2023 നവംബറില്‍ താരത്തെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള വിന്‍ഡീസ് എ ടീമിലെത്തിച്ചു. 140 കി. മീ മുകളില്‍ തുടര്‍ച്ചയായി ഷോര്‍ട്ട്പിച്ച് പന്തുകളെറിയാനുള്ള ജോസഫിന്റെ മികവ് അതിനോടകം തന്നെ ചര്‍ച്ചയായിരുന്നു. എതിര്‍ ടീമുകളെല്ലാം ജോസഫിന്റെ പേസിനെ നേരിടാന്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ അപ്പോഴേ തുടങ്ങിയിരുന്നു എന്ന് അറിയുമ്പോഴാണ് പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് കാലെടുത്തുവെച്ച സമയത്ത് തന്നെ താരം എത്രത്തോളം അപകടകാരിയായിരുന്നുവെന്ന് മനസിലാകുന്നത്. ഓസീസ് പരമ്പര അതിനെ സാധൂകരിക്കുന്നതായി.

കേര്‍ട്ട്‌ലി ആംബ്രോസിന്റെയും കോര്‍ട്ട്‌നി വാല്‍ഷിന്റെയും മറ്റും ബൗളിങ് വീഡിയോകള്‍ കണ്ട് കൊതിച്ചിരുന്ന ആ പയ്യന്‍ ഇന്ന് ക്രിക്കറ്റ് ലോകത്തിന്റെ പുതിയ സെന്‍സേഷനാണ്. ഒരുപക്ഷേ വിന്‍ഡീസ് ക്രിക്കറ്റിന്റെ തിരിച്ചുവരവിനുകൂടി ഷമാര്‍ ജോസഫിന്റെ പ്രകടനം നല്‍കിയ ഊര്‍ജം കാരണമായേക്കാം. ക്രീസില്‍ നില്‍ക്കുന്ന ഓരോ നിമിഷവും ബാറ്റര്‍ക്ക് ഉള്‍ക്കിടിലമുണ്ടാക്കുന്ന മാല്‍ക്കം മാര്‍ഷലിന്റെ പന്തുകള്‍ എത്രതവണ പിച്ചില്‍ ചോര വീഴ്ത്തിയിരിക്കുന്നു. തുകല്‍പന്തിന്റെ മണം മൂക്കിലടിപ്പിക്കുന്ന വിന്‍ഡീസ് ബൗളര്‍മാരുടെ പെര്‍ഫ്യൂം ബോളുകള്‍ ഏത്രയെത്ര ബാറ്റര്‍മാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയിരിക്കുന്നു. ഒരുകാലത്ത് വിന്‍ഡീസിന് മാത്രം കുത്തകയായിരുന്ന ഈ പേടിയെ തിരികെ കൊണ്ടുവരാന്‍ ജോസഫിന് സാധിക്കുമെന്ന് തന്നെ ഉറച്ചുവിശ്വസിക്കുകയാണവര്‍.

ലോകത്തിലെ ഏതൊരു ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീം എടുത്ത് നോക്കിയാലും അതില്‍ ഒഴിവാക്കാനാകാത്ത ഒരു വിഭാഗം വിന്‍ഡീസ് താരങ്ങളാണ്. ക്രിസ് ഗെയ്ലും ഡ്വെയ്ന്‍ ബ്രാവോയും കിറോണ്‍ പൊള്ളാര്‍ഡും സുനില്‍ നരെയ്നും ആന്ദ്രേ റസ്സലും കാര്‍ലോസ് ബ്രാത്ത്വെയ്റ്റും എവിന്‍ ലൂയിസും നിക്കോളാസ് പുരനും അല്‍സാരി ജോസഫും ഷമാറ ബ്രൂക്ക്സും റോസ്റ്റണ്‍ ചേസും കൈല്‍ മയേഴ്സും ഷിംറോണ്‍ ഹെറ്റ്മയറും ജേസണ്‍ ഹോള്‍ഡറും റോവ്മാന്‍ പവലുമെല്ലാം ലോകമെമ്പാടുമുള്ള ട്വന്റി 20 ടീമുകളുടെ ഇഷ്ടതാരങ്ങളാണ്. ദേശീയ ടീമിനേക്കാള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്നവരാണ് അവിടെ ഭൂരിഭാഗവും. അവിടെയാണ് ഓസീസ് പര്യടനത്തിനു ശേഷം സാഹചര്യം എന്തുതന്നെയായാലും വിന്‍ഡീസിനായി കളിക്കാന്‍ താന്‍ എന്നുമുണ്ടാകുമെന്ന ജോസഫിന്റെ പ്രഖ്യാപനം ബോര്‍ഡിനും ദേശീയ ടീമിനോട് കൂറുള്ള സഹതാരങ്ങള്‍ക്കും സന്തോഷവും ആത്മവിശ്വാസവും സമ്മാനിക്കുന്നത്.