വിവിയൻ റിച്ചാർഡ്‌സ്, ക്ലൈവ് ലോയ്ഡ്... ക്രിക്കറ്റ് ചരിത്രത്തിലെ വെറും പേരുകളല്ല ഇവ. ഒരു കാലത്ത് ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ച കരീബിയൻ സാമ്രാജ്യത്തിന്റെ പടയാളികളായിരുന്നു. വിവിയൻ റിച്ചാർഡ്‌സ് ഹെൽമെറ്റുപോലുമില്ലാതെ ക്രീസിലേക്ക് നടന്നുവരുമ്പോൾ ബൗളർമാരാണ് ഭയന്നിരുന്നത്. ക്ലൈവ് ലോയ്ഡ് മുന്നിൽനിന്ന് നയിച്ചപ്പോൾ എതിരാളികൾക്ക് പ്രതീക്ഷയ്ക്ക് പോലും വകയുണ്ടായിരുന്നില്ല. മൈക്കൽ ഹോൾഡിങ്ങും ആൻഡി റോബർട്‌സും മാൽക്കം മാർഷലും പന്തുമായി ഓടിയെത്തുമ്പോൾ, അവരെ ഭയക്കാത്ത ബാറ്റർമാരില്ല. അത്രത്തോളം ഭീകരമായിരുന്നു ആ സംഘം. 1975-ൽ ലോകചാമ്പ്യന്മാർ, 79-ൽ വീണ്ടും ചാമ്പ്യന്മാർ. അക്കാലത്ത് ലോകക്രിക്കറ്റിനെ അടക്കിഭരിച്ചിരുന്ന ഒരു സാമ്രാജ്യമായിരുന്നു വെസ്റ്റിഡീസ്. പക്ഷേ അതേ വെസ്റ്റിൻഡീസ് ഇന്ന് ഏകദിന ലോകകപ്പിൽ നേരിട്ട് കളിക്കാൻപോലും യോഗ്യതയില്ലാത്ത ടീമാണ്. അഫ്ഗാനിസ്താൻ 2027 ലോകകപ്പിലേക്ക് നേരിട്ടുള്ള യോഗ്യത ഉറപ്പിച്ചതോടെ, വെസ്റ്റിൻഡീസിന്റെ വഴി കൂടുതൽ കഠിനമായി. യോഗ്യതാ മത്സരങ്ങൾ കടന്നാൽ മാത്രം ഇനി ലോകകപ്പ് ടിക്കറ്റ്. തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് പഴയ ക്രിക്കറ്റ് രാജാക്കന്മാർക്ക് നേരിട്ടുള്ള പ്രവേശനം നഷ്ടമാകുന്നത്. ഒരു കാലത്ത് എതിരാളികൾ ഭയത്തോടെ മാത്രം കണ്ടിരുന്ന വെസ്റ്റിൻഡീസ് ക്രിക്കറ്റിന് യഥാർഥത്തിൽ സംഭവിച്ചതെന്താണ്?

To advertise here,