
ഷോട്ട് സെലക്ഷന്റെ പേരില്‍ തുടരെ പഴി കേട്ടിരുന്ന, കിട്ടുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നില്ലെന്ന കുത്തുവാക്കുകള്‍ കേട്ടിരുന്ന, സ്ഥിരതയില്ലെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു സഞ്ജു സാംസണ്. 2015-ല്‍ ഹാരാരെയില്‍ സിംബാബ്‌വെയ്‌ക്കെതിരേ അരങ്ങേറ്റ മത്സരം ലഭിച്ച താരത്തിന് പിന്നീട് കാലങ്ങളോളം ടീമിന് പുറത്തായിരുന്നു സ്ഥാനം. ഐപിഎല്ലില്‍ മികവിലേക്ക് ഉയര്‍ന്നിട്ടും പലപ്പോഴും തട്ടുപൊളിപ്പന്‍ ഇന്നിങ്സുകള്‍ കളിച്ചിട്ടും സഞ്ജു ടീം മാനേജ്‌മെന്റിന്റെ കണ്ണില്‍പ്പെട്ടില്ല.
2015-ന് ശേഷം പിന്നീട് അവസരം കിട്ടിയത് അഞ്ചു വര്‍ഷത്തിനപ്പുറം 2020 ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരേ. പിന്നീട് ഇടയ്ക്കിടെ ടീമിന് അകത്തും പുറത്തുമായി നാളുകള്‍. ടി20 ലോകകപ്പ് സ്‌ക്വാഡിലടക്കം ഉള്‍പ്പെടുത്തി ഒരു മത്സരം പോലും ലഭിക്കാതിരുന്ന മാറ്റിനിര്‍ത്തലുകള്‍. ഒടുവിലിതാ തന്നെ വിമര്‍ശിച്ചവര്‍ക്കും മാറ്റിനിര്‍ത്തിയവര്‍ക്കുമെല്ലാം സെഞ്ചുറികൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് സഞ്ജു.
ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ സംഹാരമൂര്‍ത്തിയായ സഞ്ജുവിനെയാണ് ബംഗ്ലാദേശ് ബൗളര്‍മാര്‍ കണ്ടത്. തുടക്കത്തില്‍ അഭിഷേക് ശര്‍മ പുറത്തായപ്പോള്‍ അല്‍പം പതറിയ സഞ്ജു, പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് കൂട്ടിനെത്തിയതോടെ കത്തിക്കയറുകയായിരുന്നു. റിഷാദ് ഹുസൈന്‍ എറിഞ്ഞ പത്താം ഓവറില്‍ അഞ്ചു സിക്‌സറുകളടക്കം 30 റണ്‍സ്. ഒടുവില്‍ 40-ാം പന്തില്‍ സെഞ്ചുറിയടിച്ച സഞ്ജു ഡഗ്ഔട്ടിലേക്ക് തന്റെ മസില്‍ കാണിച്ചുകൊടുത്തപ്പോള്‍ ആവേശത്തിലായത് താരത്തിന്റെ ലക്ഷക്കണക്കിന് വരുന്ന ആരാധകരായിരുന്നു. ടി20യില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ താരവുമായി സഞ്ജു.
ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയം സഞ്ജുവിന്റെ ഇഷ്ട ഗ്രൗണ്ടാണ്. ഐപിഎല്ലിലടക്കം ടി20-യില്‍ ഇവിടെ എട്ടു മത്സരങ്ങള്‍ കളിച്ച സഞ്ജു രണ്ട് സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയുമടക്കം 398 റണ്‍സ് ഈ മൈതാനത്ത് നേടിയിട്ടുണ്ട്. ഒടുവില്‍ 47 പന്തുകള്‍ നേരിട്ട് എട്ട് സിക്‌സും 11 ഫോറുമടക്കം 111 റണ്‍സെടുത്ത് മുസ്തഫിസുര്‍ റഹ്‌മാന്റെ പന്തിലാണ് സഞ്ജു വീണത്. അതിനോടകം രണ്ടാം വിക്കറ്റില്‍ സൂര്യയ്‌ക്കൊപ്പം 173 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ വമ്പന്‍ സ്‌കോറിലേക്കും നയിച്ചു.
പ്രധാന താരങ്ങള്‍ മാറിനില്‍ക്കുമ്പോള്‍ മാത്രം അവസരം ലഭിക്കുന്ന, അല്ലെങ്കില്‍ സ്‌ക്വാഡിലെടുത്തിട്ടും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിക്കാത്ത ആ കാലത്തു നിന്ന് ഇന്ത്യന്‍ ടീമിലെ സ്ഥാനം പിടിച്ചുവാങ്ങാന്‍ പറ്റുന്ന തരത്തിലേക്ക് സഞ്ജു ഉയര്‍ന്നിരിക്കുന്നു. ഒമ്പത് വര്‍ഷം പ്രായമായ രാജ്യാന്തര കരിയറിലെ രണ്ടാം സെഞ്ചുറി. പാളിലെ ബോളണ്ട് പാര്‍ക്കില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ കഴിഞ്ഞ വര്‍ഷം നേടിയ ഏകദിന സെഞ്ചുറിക്ക് ശേഷം മറ്റൊരു തകര്‍പ്പന്‍ ഇന്നിങ്‌സ്.
Content Highlights: Sanju Samson smashed a blistering century against Bangladesh, silencing critics
Published: 12 Oct 2024, 08:56 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented