
ഫുട്‌ബോളിൽ ഗോൾ നേടുന്നവരാണ് എന്നും കയ്യടികൾ നേടുക, പലപ്പോഴും ചരിത്ര പുസ്തകങ്ങളിൽ ഇടംപിടിക്കുന്നവരും അവരാണ്. സ്റ്റേഡിയത്തിലെ ക്യാമറക്കണ്ണുകൾ പോലും ഗോൾ സ്‌കോറർക്ക് പിന്നാലെയാകും. എന്നാൽ, അയാൾക്ക് ഗോൾ നേടാൻ പാകത്തിന് പന്ത് എങ്ങനെ കാലുകളിലേക്കെത്തി എന്നതിനെ കുറിച്ച് ആരും തന്നെ ചർച്ച ചെയ്യാറില്ല. പലപ്പോഴും ഒരു ഫുട്‌ബോൾ മത്സരത്തിന് അവസാന വിസിൽ മുഴങ്ങുമ്പോൾ കാണികളുടെ കൈയടികളൊക്കെയും ഹാട്രിക് നേടിയ സ്‌ട്രൈക്കർക്കോ, അതിവേഗ ഡ്രിബ്ലിങ്ങിലൂടെ എതിരാളികളെ വിസ്മയിപ്പിച്ച വിങ്ങർക്കോ അല്ലെങ്കിൽ മികച്ച സേവുകൾ നടത്തിയ ഗോൾ കീപ്പർക്കോ ആയിരിക്കും. എന്നാൽ, ഓരോ വിജയത്തിന്റെയും പിന്നിൽ പലപ്പോഴും ക്യാമറകൾ അധികം തേടിപ്പോകാത്ത ഒരാളുണ്ട്. കളിയുടെ വേഗം നിയന്ത്രിക്കുന്നവൻ, ആക്രമണത്തിനും പ്രതിരോധത്തിനുമിടയ്ക്ക് ഒരു പാലം പോലെ പ്രവർത്തിക്കുന്നയാൾ, ശ്വാസോച്ഛ്വാസം പോലെ മൈതാനത്ത് ഒരു ടീമിന്റെ താളം നിശ്ചയിക്കുന്നയാൾ. അത്തരമൊരു കളിക്കാരനാണ് റോഡ്രിഗോ ഹെർണാണ്ടസ് കാസ്‌കാന്റെ, ലോക ഫുട്‌ബോളിന് സുപരിചിതനായ റോഡ്രി.
റോഡ്രിയെ ആദ്യമായി കാണുന്നവർക്ക് അയാൾ ഒരു സൂപ്പർസ്റ്റാറായി തോന്നണമെന്നില്ല. വലിയ ആഘോഷങ്ങളോ അമിതമായ വികാരപ്രകടനങ്ങളോ ഇല്ല. ഗോൾ നേടിയാലും അങ്ങനെ തന്നെ. അഭിമുഖങ്ങളിൽ വിവാദപരമായ പ്രസ്താവനകൾ ഇല്ല. സോഷ്യൽ മീഡിയ ഉപയോഗവുമില്ല. അത് തനിക്ക് പറ്റിയ ഇടമല്ലെന്നാണ് അതിന് റോഡ്രിയുടെ വിശദീകരണം.
എന്നാൽ റോഡ്രി കളിക്കാത്ത ഒരു ദിവസം മാത്രമേ അദ്ദേഹത്തിന്റെ യഥാർഥ മൂല്യം നാം തിരിച്ചറിയൂ. ഒരു സംഗീതവിരുന്നിൽ ഓർക്കസ്ട്രയെ നയിക്കുന്ന മ്യൂസിക്ക് കണ്ടക്ടർ കാണികളെ ആകർഷിക്കണമെന്നില്ല; പക്ഷേ അദ്ദേഹം ഇല്ലെങ്കിൽ സംഗീതം തകരും. ഫുട്‌ബോളിൽ ആ കണ്ടക്ടറുടെ സ്ഥാനമാണ് റോഡ്രിയുടേത്.
ആധുനിക ഫുട്‌ബോളിൽ ഡിഫൻസീവ് മിഡ്ഫീൽഡറുടെ ചുമതല കേവലം പന്ത് തട്ടിയെടുക്കൽ മാത്രമല്ല. ഒരു ടീമിലെ തന്ത്രപ്രധാനമായ റോളാണ് ഡിഫൻസീവ് മിഡ്ഫീൽഡർക്ക്. കളിയുടെ ദിശ മാറ്റുക, എപ്പോൾ ആക്രമിക്കണം, എപ്പോൾ വേഗം കുറയ്ക്കണം, എപ്പോൾ പ്രതിരോധത്തിലേക്ക് പിൻവാങ്ങണം എന്നതെല്ലാം തീരുമാനിക്കുന്നത് ആ ബുദ്ധികേന്ദ്രമാണ്. ലോഥർ മത്തേയൂസ്, ഫ്രാങ്ക് റൈക്കാർഡ്, ക്ലോഡ് മക്കലേലെ, സെർജിയോ ബുസ്‌കെറ്റ്‌സ്, പാട്രിക് വിയേര, എൻഗോളോ കാന്റെ, ആന്ദ്രേ പിർലോ, സാബി അലോൺസോ, കസെമിറോ തുടങ്ങിയവരെല്ലാം ആ റോളിനെ വ്യത്യസ്തമായ രീതിയിൽ മൈതാനത്ത് നിർവചിച്ചവരാണ്. ആ നിരയിലേക്ക് ഇന്ന് ഉയർന്നു കേൾക്കുന്ന പേരാണ് റോഡ്രി.
പൊസഷൻ ഫുട്‌ബോളിന്റെ വക്താക്കളായിരുന്നു സ്പാനിഷ് സംഘം. ടിക്കി-ടാക്ക കാലത്ത് എതിരാളികളെ വെള്ളം കുടിപ്പിച്ചിരുന്ന സംഘം. പന്ത് കിട്ടിയിട്ടു വേണ്ടേ കളിക്കാനും ഗോളടിക്കാനുമെന്ന് അവർക്കെതിരേ കളിച്ചിരുന്ന എതിരാളികൾ വിലപിച്ചിരുന്ന കാലം. ചാവിയും ഇനിയെസ്റ്റയും ബുസ്‌ക്വെറ്റ്‌സുമെല്ലാം ചേർന്ന് മൈതാനങ്ങൾ ഭരിച്ചിരുന്ന കാലം. ആ തലമുറ പടിയിറങ്ങിയപ്പോൾ സ്പാനിഷ് ഫുട്‌ബോളിന്റെ പ്രതാപം കൂടിയാണ് പടിയിറങ്ങിയത്. എന്നാൽ വർഷങ്ങൾക്കിപ്പുറം സ്‌പെയിനിന്റെ പുതിയ തലമുറയെ നയിക്കാൻ ഒരു ശാന്തനായ നേതാവ് ഉയർന്നുവന്നു. ലമിൻ യമാലും നിക്കോ വില്യംസും ഡാനി ഓൽമോയും ഫെറാൻ ടോറസും അലക്‌സ് ബയേനയുമെല്ലാം ആക്രമണത്തിൽ തിളങ്ങുമ്പോൾ അവരുടെ പിന്നിൽ എല്ലാ നീക്കങ്ങളും നിയന്ത്രിക്കുന്നത് റോഡ്രിയാണ്.
കൃത്യമായ ലക്ഷ്യത്തോടെയാണ് റോഡ്രിയുടെ ഓരോ ടച്ചും. ഇത്തവണ ഫിഫ ലോകകപ്പിൽ പോർച്ചുഗലിന്റെയും ബെൽജിയത്തിന്റെയും ഫ്രാൻസിന്റെയും അർജന്റീനയുടെയും പേരുകേട്ട താരങ്ങളെ മൈതാനത്ത് സ്‌പെയിൻ വരച്ചവരയിൽ നിർത്തിയത് നാം കണ്ടു. ആ വരയ്ക്ക് പിന്നിൽ മറ്റാരുമായിരുന്നില്ല. അർജന്റീനയ്‌ക്കെതിരായ ഫൈനൽ തന്നെ നോക്കുക. സ്‌പെയിൻ ആക്രമണം തുടങ്ങുമ്പോൾ അവിടെ റോഡ്രിയുണ്ടാകും. പൊസഷൻ നഷ്ടമായി എതിരാളികൾ തിരികെ വരുമ്പോൾ അവിടെയും നിങ്ങൾ റോഡ്രിയെ കാണും. രണ്ടിടങ്ങളിലും കൃത്യമായി തന്റെ റോൾ മനസിലാക്കി നിലയുറപ്പിക്കാൻ റോഡ്രിക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക.
അനാവശ്യമായ റിസ്‌ക് റോഡ്രിയുടെ നിഘണ്ടുവിലില്ല. എന്നാൽ ആവശ്യമായ സമയത്ത് എതിരാളിയുടെ പ്രതിരോധം പിളർത്തി സ്വന്തം താരത്തിലേക്ക് അയാളിൽ നിന്ന് പന്തെത്തിയിരിക്കും. അതുകൊണ്ടുതന്നെ പെപ് ഗ്വാർഡിയോള പലപ്പോഴും പറഞ്ഞിട്ടുണ്ട് ''റോഡ്രി കളിക്കുന്ന രീതിയിലാണ് ഞങ്ങളുടെ കളിയുടെ അടിത്തറ.''
റോഡ്രിയക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഗോൾ നേട്ടങ്ങളെക്കുറിച്ച് ആർക്കും പറയാനുണ്ടാകില്ല. പകരം, അദ്ദേഹം കളിച്ച മത്സരങ്ങളിൽ ടീമിന്റെ വിജയശതമാനം ഒന്ന് എടുത്തുനോക്കിയാൽ മനസിലാകും റോഡ്രിയുടെ വില. അയാളില്ലാത്ത ടീം എങ്ങനെ കളിക്കുന്നു എന്നതാണ് ഒരു താരത്തിന്റെ സ്വാധീനം അളക്കാനുള്ള ഏറ്റവും മികച്ച മാർഗം.
മാഞ്ചെസ്റ്റർ സിറ്റി വർഷങ്ങളോളം ഇംഗ്ലീഷ് ഫുട്‌ബോളിലെ പകരംവെയ്ക്കാനില്ലാത്ത രാജാക്കൻമാരായിരുന്നു. കെവിൻ ഡിബ്രുയിന, എർലിങ് ഹാളണ്ട്, ഫിൽ ഫോഡൻ, ബെർണാർഡോ സിൽവ എന്നിവരെയെല്ലാം ആളുകൾ വാനോളം പുകഴ്ത്തി. പക്ഷേ, അവിടെ സിറ്റിയുടെ കളി നിയന്ത്രിച്ചിരുന്നത് പലപ്പോഴും റോഡ്രിയായിരുന്നു. അദ്ദേഹം പന്ത് സ്വീകരിക്കുന്ന രീതി, സമ്മർദത്തിനിടയിലും ശാന്തത കൈവിടാത്ത സമീപനം, കളിയുടെ വേഗം മാറ്റുന്ന തീരുമാനങ്ങൾ ഇതെല്ലാം ചേർന്നാണ് സിറ്റി ഒരു മെഷീൻ പോലെ പ്രവർത്തിച്ചത്.
2023-ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെതിരേ സിറ്റിക്കായി വിജയഗോൾ നേടിയത് റോഡ്രിയായിരുന്നു. എന്നാൽ ആ ഗോൾ പോലും അദ്ദേഹത്തിന്റെ യഥാർഥ സംഭാവനയുടെ ചെറിയൊരു ഭാഗം മാത്രമായിരുന്നു. അന്ന് ഇസ്താംബൂളിലെ ആ രാത്രി മുഴുവൻ മിഡ്ഫീൽഡ് നിയന്ത്രിച്ചത് അദ്ദേഹമായിരുന്നു. ഉടനീളം മത്സരത്തിന്റെ താളം നിയന്ത്രിച്ചത് റോഡ്രിയുടെ പൊസിഷനിങ്ങും പാസുകളുമായിരുന്നു.
1996 ജൂൺ 22-ന് സ്‌പെയിനിലെ മാഡ്രിഡിൽ ജനിച്ച റോഡ്രിഗോ ഹെർണാണ്ടസ് കാസ്‌കാന്റെ, ഫുട്‌ബോളിനെക്കാൾ പഠനത്തിനും പ്രാധാന്യം നൽകിയ കുടുംബത്തിലാണ് വളർന്നത്. സ്‌പെയിനിലെ പല യുവതാരങ്ങളെപ്പോലെ ചെറുപ്പം മുതൽ തന്നെ വലിയ ക്ലബ്ബുകളുടെ അക്കാദമികളുടെ ഭാഗമാകാനായിരുന്നു റോഡ്രിയുടെ ശ്രമവും. എന്നാൽ അത് ഒട്ടും എളുപ്പമുള്ള യാത്രയായിരുന്നില്ല. റോഡ്രി ആദ്യം എത്തിപ്പെട്ടത് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അക്കാദമിയിലായിരുന്നു. പക്ഷേ, മതിയായ ശരീരഘടനയും ശാരീരികശേഷിയും ഇല്ലെന്ന വിലയിരുത്തലിൽ ക്ലബ്ബ് കുഞ്ഞ് റോഡ്രിയെ ഒഴിവാക്കി. പിന്നീടാണ് റോഡ്രിയുടെ ജീവിതത്തിലെ വഴിത്തിരിവായ തീരുമാനമുണ്ടാകുന്നത്. വിയ്യാറയലിന്റെ അക്കാദമിയിലേക്ക് പോകുക.
അത്‌ലറ്റിക്കോ നിരസിച്ച അവസരങ്ങൾ വിയ്യാറയലിൽ റോഡ്രിക്ക് ലഭിച്ചു. ശാരീരികശേഷി വളർത്തിയെടുത്തതിനൊപ്പം അവിടെ റോഡ്രി കളിയെ വായിച്ചെടുക്കുന്ന കഴിവും വളർത്തി. അവിടത്തെ പരിശീലകർ വളരെ പെട്ടെന്ന് അക്കാര്യം തിരിച്ചറിഞ്ഞു; ആ പയ്യൻ ഓടുന്നത് കാലുകൾ കൊണ്ട് മാത്രമല്ല തലകൊണ്ടും കൂടിയാണെന്ന്.
മിഡ്ഫീൽഡിൽ ഓരോ സെക്കൻഡിലും എവിടെയിരിക്കണം, എപ്പോൾ മുന്നേറണം, എപ്പോൾ പിൻവാങ്ങണം എന്ന കൃത്യമായ ബോധം ചെറുപ്പത്തിൽ തന്നെ റോഡ്രി സ്വായത്തമാക്കി. ഉയരം, കരുത്ത്, മികച്ച പാസിങ്, വായുവിലെ മികവ്, പ്രതിരോധത്തിലെ സ്ഥിരത എല്ലാം ക്രമേണ അദ്ദേഹത്തെ സ്പാനിഷ് ലീഗിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന യുവതാരങ്ങളിലൊരാളാക്കി.
2015-ൽ വിയ്യാറയലിന്റെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച റോഡ്രി, അധികം വൈകാതെ തന്നെ ലാ ലിഗയിലെ മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരുടെ പട്ടികയിൽ ഇടം നേടി. പന്ത് നഷ്ടപ്പെടുത്താത്ത ശീലം, സമ്മർദത്തിനിടയിലും കൃത്യമായ തീരുമാനങ്ങൾ, നീണ്ട പാസുകളിലൂടെ ആക്രമണം ആരംഭിക്കാനുള്ള കഴിവ് എന്നിവയെല്ലാം യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ ശ്രദ്ധ റോഡ്രിയിൽ പതിയാൻ കാരണമായി.
വർഷങ്ങൾക്കു മുമ്പ് അവനെ തള്ളിക്കളഞ്ഞ അത്‌ലറ്റിക്കോ മാഡ്രിഡ് 2018-ൽ റോഡ്രിയെ തിരികെ വിളിച്ചു. പരിശീലകൻ ഡിയേഗോ സിമിയോണിയുടെ കീഴിൽ ഒരു സീസൺ മാത്രമാണ് താരം അവിടെ കളിച്ചതെങ്കിലും ആ കാലയളവ് റോഡ്രിയുടെ കരിയറിലെ നിർണായക ഘട്ടമായി മാറി. സിമിയോണിയുടെ ശാസ്ത്രീയ പ്രതിരോധ ഫുട്‌ബോളും കഠിനമായ പരിശീലന രീതിയും റോഡ്രിയുടെ കഴിവിനെ തേച്ചുമിനുക്കി. അതോടെ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾ പലതും റോഡ്രിക്കായി വലവിരിച്ചു. ആ കൂട്ടത്തിൽ ഏറ്റവും ശക്തമായ നീക്കവുമായി എത്തിയത് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയായിരുന്നു. ക്ലബ്ബിന്റെ റെക്കോർഡ് തുകയ്ക്ക് സമാനമായ ട്രാൻസ്ഫർ ഫീസിലാണ് അവർ റോഡ്രിയെ ഇംഗ്ലണ്ടിലെത്തിച്ചത്. ആ തീരുമാനം പിന്നീട് ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിങ്ങുകളിൽ ഒന്നായി വിലയിരുത്തപ്പെട്ടു.
2019-ലെ വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ യൂറോപ്യൻ ഫുട്‌ബോളിലെ ഏറ്റവും ശ്രദ്ധേയമായ ഇടപാടുകളിലൊന്നായിരുന്നു റോഡ്രിയുടെ മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള വരവ്. ഏകദേശം 70 മില്യൺ യൂറോയുടെ (ഏകദേശം 770 കോടി രൂപ) റിലീസ് ക്ലോസ് നൽകി സ്പാനിഷ് മിഡ്ഫീൽഡറെ സ്വന്തമാക്കിയപ്പോൾ പലരും അദ്ഭുതപ്പെട്ടു. ഡിഫൻസീവ് മിഡ്ഫീൽഡർക്കായി ഇത്ര വലിയ തുക ചെലവഴിക്കുന്നത് എന്തിനാണെന്ന ചോദ്യമുയർന്നു. എന്നാൽ പെപ് ഗ്വാർഡിയോളയുടെ പക്കൽ എല്ലാറ്റിനുമുള്ള ഉത്തരമുണ്ടായിരുന്നു.
ഫെർണാണ്ടീന്യോയുടെ പകരക്കാരനെ മാത്രമല്ല അദ്ദേഹം അന്വേഷിച്ചിരുന്നത്. അടുത്ത പത്ത് വർഷത്തേക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ കളിയുടെ കേന്ദ്രബിന്ദുവാകാൻ കഴിയുന്ന ഒരു ഫുട്‌ബോൾ ബുദ്ധിജീവിയെ കൂടിയായിരുന്നു. ആ അന്വേഷണം അവസാനിച്ചത് റോഡ്രിയിലും.
ലാ ലിഗയിൽ നിന്ന് പ്രീമിയർ ലീഗിലേക്കുള്ള മാറ്റം ഏത് താരത്തിനും എളുപ്പമല്ല. ഇംഗ്ലണ്ടിലെ വേഗത, ശാരീരിക പോരാട്ടം, ഉയർന്ന പ്രസ്, കുറഞ്ഞ സമയത്തിനുള്ളിൽ തീരുമാനമെടുക്കേണ്ട സാഹചര്യം ഇതെല്ലാം പല മികച്ച താരങ്ങളെയും ആദ്യ സീസണിൽ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അതുപോലെ റോഡ്രിക്കും തുടക്കത്തിൽ ചെറിയ വെല്ലുവിളികൾ ഉണ്ടായിരുന്നു. പന്ത് ഹോൾഡ് ചെയ്ത് കളിക്കുന്ന അദ്ദേഹത്തിന്റെ ശൈലി പ്രീമിയർ ലീഗിന്റെ വേഗതയുമായി പൊരുത്തപ്പെടുത്തേണ്ടി വന്നു. ഓരോ മത്സരത്തിനുശേഷവും വീഡിയോ വിശകലനം നടത്തുക, സ്വന്തം പിഴവുകൾ വിലയിരുത്തുക, എതിരാളികളുടെ പ്രസ് പാറ്റേണുകൾ മനസ്സിലാക്കുക തുടങ്ങിയവയെല്ലാം റോഡ്രി പതിവാക്കി. കുറഞ്ഞ മാസങ്ങൾക്കുള്ളിൽ തന്നെ പ്രീമിയർ ലീഗിന്റെ താളത്തിനൊപ്പമെത്താൻ റോഡ്രിക്കായി.
സിറ്റിയിൽ എത്തിയപ്പോൾ റോഡ്രിയെ ബ്രസീലിയൻ താരം ഫെർണാണ്ടീന്യോയുമായി താരതമ്യം ചെയ്യുന്നത് സ്വാഭാവികമായിരുന്നു. എന്നാൽ ഇരുവരുടെയും ശൈലി വ്യത്യസ്തമായിരുന്നു. ഫെർണാണ്ടീന്യോ ആക്രമണാത്മകമായി ടാക്കിളുകൾ ചെയ്യുന്ന താരമായിരുന്നു. പന്ത് നഷ്ടപ്പെട്ടാൽ ഉടൻ ഫൗൾ ചെയ്ത് എതിരാളിയുടെ മുന്നേറ്റം തടയാൻ മടിക്കാത്ത താരം. എന്നാൽ റോഡ്രിയുടെ ശൈലി കൂടുതൽ ബുദ്ധിപരമായിരുന്നു. എതിരാളിയുടെ പാസ് എവിടേക്കായിരിക്കും പോകുക എന്ന് മുൻകൂട്ടി വായിക്കുക, ശരിയായ സ്ഥാനത്ത് നിൽക്കുക, ടാക്കിൾ ചെയ്യേണ്ട സാഹചര്യം തന്നെ കുറയ്ക്കുക ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഈ 'പൊസിഷണൽ ഇന്റലിജൻസ്' തന്നെയാണ് ലോക ഫുട്‌ബോളിൽ അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്.
ചില തലമുറകൾ ഒരു രാജ്യത്തിന്റെ ഫുട്‌ബോൾ ചരിത്രത്തെ തന്നെ മാറ്റിമറിക്കും. 2008 മുതൽ 2012 വരെ യൂറോപ്പിനെയും ലോകത്തെയും വിസ്മയിപ്പിച്ച സ്പാനിഷ് ടീം അത്തരത്തിലൊന്നായിരുന്നു. ഇകർ കസിയസ്, കാർലോസ് പ്യുയോൾ, ജെറാർഡ് പിക്വെ, ചാവി ഹെർണാണ്ടസ്, ആന്ദ്രേ ഇനിയെസ്റ്റ, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ഡേവിഡ് വിയ്യ എന്നിവർ ചേർന്ന് സൃഷ്ടിച്ച ആ കാലഘട്ടം ഫുട്‌ബോളിന്റെ നിർവചനം തന്നെ മാറ്റിമറിക്കുന്നതായിരുന്നു. എന്നാൽ എല്ലാ സുവർണ തലമുറയ്ക്കും ഒരു അവസാനമുണ്ടായിരുന്നു. ഇവർ ഓരോരുത്തരായി വിരമിച്ചതോടെ സ്‌പെയിനിന്റെ പ്രതാപം ഇല്ലാതായി. സ്പാനിഷ് ടീമിനെ ഇനിയാര് ചുമലിലേറ്റുമെന്ന് ആരാധകർ ഒന്നടങ്കം ചോദിച്ചുകൊണ്ടിരുന്നു. അതിനുള്ള ഉത്തരമായിരുന്നു റോഡ്രി.
സ്‌പെയിൻ വീണ്ടും യൂറോപ്യൻ വേദിയിൽ കരുത്ത് തെളിയിക്കാൻ തുടങ്ങിയപ്പോൾ അതിന്റെ കേന്ദ്ര ബിന്ദുവായി റോഡ്രിയുണ്ടായിരുന്നു. മധ്യനിരയിലെ റോഡ്രിയുടെ നിയന്ത്രണമാണ് യുവതാരങ്ങളായ പെഡ്രി, ഗാവി, ഫാബിയാൻ റൂയിസ്, ഡാനി ഒൽമോ, ലമിൻ യമാൽ, നിക്കോ വില്യംസ് എന്നിവർക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാനുള്ള അവസരമൊരുക്കുന്നത്. റോഡ്രി പിന്നിൽ നിൽക്കുന്നതിനാൽ മുന്നേറ്റനിരക്ക് ആക്രമണത്തിൽ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നു.
ഇത്തവണത്തെ ലോകകപ്പിൽ സ്‌പെയിൻ ലോക ഫുട്‌ബോളിലെ ഏറ്റവും സന്തുലിതമായ ടീമുകളിലൊന്നായി മാറിയപ്പോൾ അതിന്റെ ഏറ്റവും വലിയ കാരണം റോഡ്രിയുടെ മധ്യനിര നിയന്ത്രണമായിരുന്നു. പലപ്പോഴും മാധ്യമങ്ങൾ ആഘോഷിച്ചത് മിക്കെൽ ഒയർസബാലിനെയും മിക്കെൽ മെറീനോയേയും ലമിൻ യമാലിനെയും പാവു കുബാർസിയേയുമൊക്കെയാണ്. എന്നാൽ, സ്‌പെയിൻ കളിച്ച ഓരോ മത്സരവുമെടുത്ത് പരിശോധിച്ചാൽ നിങ്ങൾക്ക് ഒരു കാര്യം വ്യക്തമാകും. സ്‌പെയിനിന്റെ ഓരോ ആക്രമണത്തിന്റെയും ആദ്യ പാസ് പലപ്പോഴും റോഡ്രിയുടെ കാലുകളിൽ നിന്നായിരുന്നു. സ്വന്തം ടീമിന്റെ പ്രതിരോധനിരയ്ക്കും മുന്നേറ്റനിരയ്ക്കും ഒരു പോലെ സഹായമായി റോഡ്രി ഉണ്ടാകും. ലോകകപ്പിൽ അദ്ദേഹത്തിന്റെ പ്രകടനം ഗോൾകണക്കുകൾ കൊണ്ട് അളക്കാനാവാത്തതിന്റെ കാരണം ഇതാണ്.
പല ഫുട്‌ബോൾ അക്കാദമികളിലും ഇന്ന് മിഡ്ഫീൽഡർമാരെ പരിശീലിപ്പിക്കുമ്പോൾ റോഡ്രിയുടെ വീഡിയോകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ശരിയായ പൊസിഷനിങ്, ക്ഷമ, പന്ത് ഹോൾഡ് ചെയ്യൽ എന്നിവയെല്ലാം മനസിലാക്കാൻ അദ്ദേഹത്തിന്റെ കളി കണ്ടാൽ മതി. ബാലൺദ്യോർ മുതൽ ഇപ്പോൾ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ വരെ അദ്ദേഹത്തിന്റെ മികവിന്റെ അംഗീകാരമാണ്. എട്ട് മത്സരങ്ങളിലും മധ്യനിരയെ അതുല്യമായി നിയന്ത്രിച്ച അദ്ദേഹമാണ് സ്‌പെയിനിന്റെ കിരീടയാത്രയുടെ പ്രധാന ശിൽപ്പികളിലൊരാളെന്ന് ഫിഫ വിലയിരുത്തുകയായിരുന്നു.
Content Highlights: Rodri's role as the 'orchestrator' of modern football teams., His evolution from being rejected by Atletico Madrid to becoming a world-class midfielder., The tactical significance of his 'positional intelligence' over aggressive tackling., His pivotal role in Spain's 2026 World Cup success and Manchester City's dominance., Why his impact is measured by team control rather than just goals or assists.
Published: 23 Jul 2026, 02:39 pm IST
ABOUT THE AUTHOR

Abhinath Thiruvalath
tabhinath@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented