ലണ്ടൻ: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ 'ഫിഫ ഫോർവേഡ് എന്റർപ്രൈസ്' (FFE) പദ്ധതി നടപ്പിലായിരുന്നെങ്കിൽ, ലോക ഫുട്‌ബോളിന്റെ വാണിജ്യ അവകാശങ്ങൾ 96 വർഷത്തോളം സ്വകാര്യ നിക്ഷേപകരുടെ കൈകളിൽ അകപ്പെടുമായിരുന്നുവെന്ന് രേഖകൾ. 20 ബില്യൺ ഡോളറിന്റെ പദ്ധതിയായിരുന്നു ഇത്. പദ്ധതിയുടെ നടത്തിപ്പുകാർക്ക് കോടിക്കണക്കിന് രൂപയുടെ ഓഹരി വിഹിതം ബോണസായി നൽകാനും ഇതിൽ വ്യവസ്ഥയുണ്ടായിരുന്നതായി ബ്രിട്ടീഷ് മാധ്യമമായ 'ദ ഗാർഡിയൻ' പുറത്തുവിട്ട രഹസ്യരേഖകൾ വ്യക്തമാക്കുന്നു. മാർച്ചിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ നാലാം തവണയും ഫിഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാൻ ഒരുങ്ങുന്ന ഇൻഫാന്റിനോക്ക് ഈ വെളിപ്പെടുത്തലുകൾ വലിയ തിരിച്ചടിയായേക്കും. അംഗരാജ്യങ്ങളുടെ വലിയ എതിർപ്പിനെ തുടർന്നാണ് പദ്ധതി ഫിഫ ഉപേക്ഷിച്ചത്.

To advertise here,

2026 ലോകകപ്പ് ഫൈനലിന് ദിവസങ്ങൾക്ക് മുമ്പ്, ജൂലായ് 17, 18 തീയതികളിൽ തയ്യാറാക്കിയ ഫിഫയുടെ ആഭ്യന്തര രേഖകളും പ്രധാന നിക്ഷേപകരായ 'ത്രൈവ് ക്യാപിറ്റലുമായുള്ള' (Thrive കാപ്പിറ്റൽ) ആശയവിനിമയങ്ങളുമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഫിഫയുടെ എല്ലാ ടൂർണമെന്റുകളുടെയും വാണിജ്യ അവകാശങ്ങൾ കൈമാറുന്നതിനായി ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന ഒരു ഉപകമ്പനി രൂപീകരിക്കാനും, 12 വർഷം വീതമുള്ള കാലയളവുകളായി പരമാവധി 96 വർഷത്തേക്ക് വാണിജ്യ ചൂഷണത്തിന് അനുമതി നൽകാനുമായിരുന്നു പദ്ധതി. ഇതിൽ 51 ശതമാനം ഉടമസ്ഥാവകാശം ഫിഫയ്ക്ക് എന്നെന്നേക്കുമായി നിലനിർത്തുമെന്നും രേഖകളിൽ പറയുന്നു.

'പ്രോജക്ട് ബോക്‌സ്' (Project Box) എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ പദ്ധതിയുടെ മാനേജ്മെന്റ് തലപ്പത്തുള്ളവർക്കായി വൻതുകയുടെ 'മാനേജ്മെന്റ് ഇൻസെന്റീവ് പ്ലാനും' (MIP) വിഭാവനം ചെയ്തിരുന്നു. പുതിയ കമ്പനിയുടെ അഞ്ച് ശതമാനം ഓഹരികൾ മാനേജ്മെന്റിനുള്ള ബോണസ് പൂളായി മാറ്റിവെക്കാനായിരുന്നു നിർദ്ദേശം. പദ്ധതിയുടെ പ്രാരംഭ മൂല്യമായ 20 ബില്യൺ ഡോളറിന് മുകളിൽ വർധിക്കുന്ന ഓരോ ബില്യൺ ഡോളറിനും ഏകദേശം 50 ദശലക്ഷം ഡോളർ (38.2 ദശലക്ഷം പൗണ്ട്)വരെ മാനേജ്മെന്റിന് പ്രതിഫലമായി ലഭിക്കാവുന്ന തരത്തിലായിരുന്നു ഇതിന്റെ ഘടന. മികച്ച പ്രവർത്തനം ഉറപ്പാക്കാനാണ് ഇത്തരമൊരു ബോണസ് സംവിധാനമെന്നായിരുന്നു ഫിഫയുടെ വിശദീകരണം. ഇൻഫാന്റിനോ അധ്യക്ഷനാകാനിരുന്ന എഫ്.എഫ്.ഇ ബോർഡിനായിരുന്നു ഈ യൂണിറ്റുകൾ വിതരണം ചെയ്യാനുള്ള അധികാരം.

കരാറിൽ നിന്ന് ഫിഫ പിന്മാറുകയോ മറ്റ് എതിരാളികളുമായി കരാറിലേർപ്പെടുകയോ ചെയ്താൽ, പദ്ധതി മൂല്യത്തിന്റെ 1.25 ശതമാനം അഥവാ 250 ദശലക്ഷം ഡോളർ നഷ്ടപരിഹാരമായി ത്രൈവ് ക്യാപിറ്റലിന് നൽകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. കൂടാതെ, ഒരു വർഷത്തേക്ക് മറ്റ് നിക്ഷേപകരുമായി ചർച്ച നടത്തുന്നതിൽ നിന്ന് ഫിഫയ്ക്ക് വിലക്കുമുണ്ടായിരുന്നു. നിക്ഷേപത്തിന്റെ പ്രത്യേക സ്വഭാവം കാരണം ടെൻഡർ നടപടികൾ ഒഴിവാക്കിയിരുന്നുവെന്നും, ഇടപാടിന്റെ വ്യവസ്ഥകളെക്കുറിച്ച് ഫിഫയുടെ സ്വന്തം ധനകാര്യ വകുപ്പിന് പോലും നേരിട്ട് അറിവുണ്ടായിരുന്നില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു.

അതേസമയം, ഈ പദ്ധതിയിലൂടെ ഇൻഫാന്റിനോക്ക് വ്യക്തിപരമായി യാതൊരു സാമ്പത്തിക ലാഭവും ലഭിക്കുമായിരുന്നില്ലെന്ന് ഫിഫ ആവർത്തിച്ചു. ഫിഫ അംഗരാജ്യങ്ങളുടെയും കൗൺസിലിന്റെയും അംഗീകാരത്തിന് വിധേയമായി മാത്രമേ പദ്ധതി നടപ്പിലാക്കുമായിരുന്നുള്ളൂ എന്ന് ഫിഫ വക്താവ് വ്യക്തമാക്കി. എഫ്.എഫ്.ഇ മാനേജ്മെന്റിലെ അംഗങ്ങൾക്ക് മാത്രമാണ് ഇൻസെന്റീവ് പ്ലാൻ ബാധകമായിരുന്നതെന്നും, ഫിഫ ഉദ്യോഗസ്ഥർക്ക് അതിൽ പങ്കാളികളാകാൻ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ബോർഡിൽ നേതൃത്വപരമായ പങ്ക് വഹിക്കുന്നതിന് ഫിഫ നേതൃത്വത്തിന് അധിക പ്രതിഫലം ലഭിക്കുമായിരുന്നില്ലെന്നും, കൗൺസിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് രഹസ്യസ്വഭാവം നിലനിർത്തിക്കൊണ്ട് മറുപടി നൽകുമെന്നും ഫിഫ അറിയിച്ചു.