ഗൗതം ഗംഭീര്‍ ഒരിക്കല്‍ കൂടി ഞെട്ടിച്ചു. ഇന്ത്യയുടെ മുഖ്യപരിശീലകന്‍ സിഡ്നി ടെസ്റ്റിന്റെ തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ പരിണിതഫലങ്ങള്‍ ദീര്‍ഘകാലം ഇന്ത്യന്‍ ക്രിക്കറ്റിനെ ബാധിക്കും. പതിവിന് വ്യത്യസ്തമായി ഇന്ത്യന്‍ ക്യാപ്റ്റനല്ലായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍. പിച്ച് പരിശോധിച്ച ശേഷമേ അന്തിമ ഇലവനെ തിരഞ്ഞെടുക്കു എന്ന് അദ്ദേഹം വ്യക്തമാക്കി. അതേ, ക്യാപ്റ്റനടക്കമുള്ള അന്തിമ ഇലവനെ! വെള്ളിയാഴ്ച സിഡ്നിയില്‍ ടോസിനെത്തുന്നത് രോഹിത് ശര്‍മയാവുമോ?
പതിവുള്ള ശാന്തതയല്ല, സമ്മര്‍ദമാണ് കോച്ചിന്റെ മുഖത്തുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ തെല്ലു നിരാശയുണ്ടായിരുന്നു, അതേസമയം ദൃഢനിശ്ചയവും കാണാമായിരുന്നു. പര്യടനത്തില്‍ ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തെ ന്യായീകരിച്ച അദ്ദേഹം ഒന്നരമാസം മുമ്പ് ഈ മത്സരഫലം പ്രതീക്ഷിക്കാന്‍ പറ്റുമായിരുന്നോ എന്ന് ആരാഞ്ഞു. മെല്‍ബണ്‍ ടെസ്റ്റില്‍ ജയിക്കുമെന്ന തോന്നല്‍ ഉളവാക്കിയ ശേഷമാണ് ഒരൊറ്റ സെഷനിലെ മോശം പ്രകടനത്താല്‍ തോറ്റത്. സിഡ്നി ടെസ്റ്റില്‍ ജയിച്ച് മത്സരം സമനിലയിലാക്കാമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
ഇനി എന്തും സംഭവിക്കാം. രോഹിത് ശര്‍മയുടെ അന്താരാഷ്ട്ര കരിയറിന്റെ അന്ത്യം ഉടനെ ഉണ്ടായേക്കാം. കളിച്ചില്ലെങ്കില്‍ വിരാട് കോലിയും ഋഷഭ് പന്തും പോലുള്ള സീനിയര്‍ കളിക്കാരെ പുറത്തിരുത്താം. അല്ലെങ്കില്‍ ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പിന്നാമ്പുറത്തേക്ക് വലിച്ചെറിയപ്പെടാം. കോച്ചിനെ അനുകൂലിച്ചും ക്യാപ്റ്റനെ അനുകൂലിച്ചും സോഷ്യല്‍ മീഡിയ യുദ്ധം തുടങ്ങിക്കഴിഞ്ഞു. എന്തായാലും വരുന്ന ഏതാനും ചില ആഴ്ചകള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം കാറ്റും കോളും നിറഞ്ഞതാവും.
ക്യാപ്റ്റനും വേലിപ്പുറത്ത്!
സാധാരണ നിലയ്ക്ക് ഒരു ടീമില്‍ ക്യാപ്റ്റന്റെ സ്ഥാനത്തെക്കുറിച്ച് തര്‍ക്കത്തിന്റെ ആവശ്യമില്ലാത്തതാണ്. ക്യാപ്റ്റന്‍ എന്നാല്‍ ബാറ്റര്‍, ബൗളര്‍ എന്നീ നിലകളില്‍ മാത്രമല്ല, ടീമിനെ നയിക്കുന്നതിലും തന്ത്രപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിലുമെല്ലാം അവര്‍ക്ക് വലിയ റോള്‍ ഉണ്ട്. സുനില്‍ ഗാവസ്‌കര്‍, സൗരവ് ഗാംഗുലി, മഹേന്ദ്ര സിങ് ധോനി തുടങ്ങിയ നായകര്‍ ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ പോലും വലിയ പങ്കു വഹിച്ചിട്ടുണ്ട്. രോഹിത്തിന് സ്വന്തം സ്ഥാനം പോലും ഉറപ്പില്ല! ക്യാപ്റ്റനെക്കുറിച്ച് ഗംഭീര്‍ പറഞ്ഞതിന് ഒറ്റനോട്ടത്തിലെ അര്‍ത്ഥം രോഹിത്തില്‍ വിശ്വാസമില്ല എന്നു തന്നെ. ഇനി വ്യാഖ്യാനത്തിനു പോയാല്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ രോഹിത് ഈ ടീമിന് യോജിച്ചതാണോ എന്ന് ഗംഭീറിനു സംശയമുണ്ട് എന്നുതന്നെ.
ഇത്രയും അപമാനകരമായ സാഹചര്യത്തിലേക്ക് രോഹിത് ശര്‍മ കാര്യങ്ങളെ കൊണ്ടെത്തിക്കാന്‍ പാടില്ലായിരുന്നു എന്നു പറയുന്നവരുണ്ട്. പണ്ടത്തെ ഹിറ്റ്മാന്റെ നിഴല്‍ പോലുമായിരുന്നില്ല ഈ പര്യടനത്തില്‍ അദ്ദേഹം. ഈ സീസണില്‍ മൂന്ന് പരമ്പരയിലാണ് പാഡ് കെട്ടിയത്. അതില്‍ രണ്ടെണ്ണം നടന്നത് ഇന്ത്യയിലായിരുന്നു. പതിനഞ്ച് ഇന്നിങ്‌സില്‍ 164 റണ്‍സ്. വെറും 10.93 ശരാശരി! ഒരൊറ്റ അര്‍ധസെഞ്ചുറിയേയുള്ളൂ. ഈ നടക്കുന്ന ഓസ്ട്രേലിയന്‍ ടൂറില്‍ രണ്ടക്കം കടന്നത് ഒറ്റത്തവണ മാത്രം. മെല്‍ബണ്‍ ടെസ്റ്റ് കഴിഞ്ഞപ്പോള്‍ രോഹിതിന്റെ ഈ പരമ്പരയിലെ ആവറേജ് 6.20 ആണ്, ഓസ്ട്രേലിയയില്‍ കളിക്കാന്‍ എത്തിയ ഒരു വിദേശ ക്യാപ്റ്റന്റെ എക്കാലത്തെയും താഴ്ന്ന ശരാശരി. ഇക്കാര്യത്തിലെ റെക്കോഡ് വിന്‍ഡീസ് ക്യാപ്റ്റനായിരുന്ന കോര്‍ട്നി വാല്‍ഷിന്റെ പേരിലായിരുന്നു. 96-97 സീസണില്‍ ആ ഫാസ്റ്റ് ബൗളറിന്റെ ശരാശരി 7.75 ആയിരുന്നു.
ക്യാപ്റ്റനെന്ന നിലയിലും ഒട്ടും ഭേദമായിരുന്നില്ല രോഹിത്. ആത്മവിശ്വാസക്കുറവ് പ്രകടമായിരുന്നു. പെര്‍ത്തില്‍ ആദ്യടെസ്റ്റ് ജയത്തില്‍ യശസ്വി ജയ്സ്വാളും കെ.എല്‍.രാഹുലും നന്നായി കളിച്ചതു പരിഗണിച്ച് അദ്ദേഹം അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഓപ്പണിങ് ജോഡിയെ ഇളക്കാന്‍ തയ്യാറായില്ല, സ്വയം താഴേയ്ക്കിറങ്ങി ബാറ്റ് ചെയ്തു. രാഹുലിനെ താത്ക്കാലിക ഓപ്പണറായാണ് കൊണ്ടുപോയതെന്ന് രോഹിത് ഓര്‍ത്തില്ല, അല്ലെങ്കില്‍ ഓപ്പണ്‍ ചെയ്യാനുള്ള ആത്മവിശ്വാസമുണ്ടായില്ല. അത് അദ്ദേഹത്തിന്‍ ശരീരഭാഷയിലും പ്രകടമായിരുന്നു. അത് തിരിച്ചറിഞ്ഞിട്ടാണോ എന്നറിയില്ല, മെല്‍ബണ്‍ ടെസ്റ്റില്‍ വിരാട് കോലി ടീമിന് നിര്‍ദേശങ്ങള്‍ നല്‍കാനും ആവേശം പകരാനുമൊക്കെ മുന്നിലുണ്ടായിരുന്നു.
ഡ്രസ്സിങ് റൂമിലെ വാഗ്വാദം
ടീമിനകത്ത് എന്തെങ്കിലും വിഭാഗീയതകള്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഒന്നുമില്ലെന്ന് ഗംഭീര്‍ പറഞ്ഞെങ്കിലും ആഴത്തിലുള്ള പ്രശ്നങ്ങളുണ്ട് എന്ന സൂചനയുണ്ടായിരുന്നു. സത്യസന്ധതയും പെര്‍ഫോമന്‍സും പ്രധാനമാണ്. റെക്കോഡുകളെക്കാള്‍ ടീമിന് ഏറ്റവും ആവശ്യമുള്ള കാര്യം ചെയ്യുന്നതാണ് ഏറ്റവും പ്രധാനം എന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമില്‍ തുടരണമെങ്കില്‍, കളിക്കാരായാലും കോച്ചായാലും, മികച്ച പ്രകടനം ഉണ്ടായേ മതിയാവൂ എന്ന സന്ദേശം പഴയകാല പ്രകടനങ്ങളുടെ പേരില്‍ ടീമില്‍ തുടരുന്ന മുതിര്‍ന്ന കളിക്കാര്‍ക്കുള്ള മുന്നറിയിപ്പാണ്.
മുഖ്യകോച്ചായി ചുമതലയേറ്റ ശേഷം മുതിര്‍ന്ന കളിക്കാര്‍ക്കും കഴിവുതെളിയിച്ചവര്‍ക്കും സ്വന്തമായി തന്ത്രങ്ങള്‍ മെനയാനും ഇഷ്ടത്തിന് കളിക്കാനുമുള്ള സ്വാതന്ത്ര്യം ഗംഭീര്‍ അനുവദിച്ചു കൊടുത്തിരുന്നു. പക്ഷേ, എം.സി.ജിയിലെ പരാജയത്തിന് ശേഷം ഡ്രസ്സങ് റൂമിലെത്തിയ ഗംഭീര്‍ കളിക്കാരോട് 'സത്യസന്ധമായി' സംസാരിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. 'ഇനി ഇങ്ങനെ പറ്റില്ല' എന്ന് അദ്ദേഹം ക്ഷോഭിച്ചത്രെ. മത്സരത്തിന്റെ സാഹചര്യം പരിഗണിക്കാതെ, ടീമിന്റെ ആവശ്യം പരിഗണിക്കാതെ, സ്വാഭാവികമായ ഗെയിം കളിക്കാന്‍ പറ്റില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. അത് രോഹിത് ശര്‍മക്കും വിരാട് കോലിക്കും ഋഷഭ് പന്തിനുമെല്ലാമുള്ള മുന്നറിയിപ്പായി വായിക്കാം. ഗംഭീറിന്റെ വാക്കുകള്‍ ടീമിലെ അനൈക്യത്തിലേക്കും സൂചന നല്‍കുന്നു. ഒടുവില്‍ കേട്ടത്, രോഹിത് ശര്‍മയുടെ ഒഴിവില്‍ ക്യാപ്റ്റനാവാന്‍ ചില കളിക്കാര്‍ ശ്രമം തുടങ്ങിയെന്നാണ്!
ഗംഭീറിന്റെ 'പരിവര്‍ത്തനവും' മുതിര്‍ന്ന കളിക്കാരും
ചരിത്രപരമായി ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്ന ഘടകങ്ങള്‍ സീനിയോറിറ്റിയും നേതൃത്വത്തിലെ സ്ഥിരതയുമാണ്. പക്ഷേ, ഗംഭീര്‍ ഉദ്ദേശിക്കുന്നത് മെറിറ്റോക്രാറ്റിക് സിസ്റ്റത്തിലേക്കുള്ള പരിവര്‍ത്തനമാണ്. (വാര്‍ത്താസമ്മേളനത്തില്‍ ഗംഭീര്‍ പലതവണ പറഞ്ഞ ഒരു വാക്കാണ് പരിവര്‍ത്തനം.) കഴിവും പ്രകടനവും അടിസ്ഥാനമാക്കിയുള്ള ഒരു സംവിധാനം, ക്യാപ്റ്റനടക്കമുള്ള മുതിര്‍ന്ന കളിക്കാരും കൃത്യമായ ഇടവേളകളില്‍ വിലയിരുത്തപ്പെടുന്ന സംവിധാനം. കളിക്കളത്തിലെ പ്രകടനവും ടീമിന്റെ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന രീതികളും മാത്രമേ അവിടെ മാനദണ്ഡമാവൂ. അച്ചടക്കം, ടീം സ്പിരിറ്റ് എന്നിവയ്ക്ക് പ്രതിഭയെക്കാളും പ്രകടനത്തെക്കാളും മുന്‍തൂക്കം നല്‍കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിസ്ഥാനത്തെ തന്നെ മാറ്റിപ്പണിഞ്ഞേക്കും.
കോലിയെയും ശര്‍മയേയും പോലെ ദീര്‍ഘകാലം ടീമിനെ തോളിലേറ്റിയ മുതിര്‍ന്ന കളിക്കാര്‍ക്ക് തീരുമാനം എടുക്കേണ്ട സമയമായി- പുതിയ സാഹചര്യങ്ങളുമായി ഒത്തു പോകണോ, വഴി മാറിക്കൊടുക്കണോ എന്ന്. പുതിയ കളിക്കാര്‍ക്ക് ഇത് വലിയ അവസരമാണ്, വളരെ കരുതലോടെ പ്രവര്‍ത്തിക്കേണ്ട സമയവുമാണ്. നന്നായി കളിക്കുക മാത്രമാണ് സെലക്ഷനുള്ള ഏക മാനദണ്ഡം എന്നു വന്നാല്‍ പുതിയ കളിക്കാര്‍ മുന്‍നിരയിലേക്കെത്തും. അത് ടീമിന് പുതുമുഖങ്ങളെയും ആശയങ്ങളെയും നല്‍കും. എന്നാല്‍ ടീമിലെത്തിയാലുടന്‍ നന്നായി കളിക്കേണ്ട സാഹചര്യം വലിയ സമ്മര്‍ദവും അവരില്‍ ഉണ്ടാക്കിയേക്കാം.
പൂജാരയും ബി.സി.സി.ഐയും ടീം സെലക്ഷനും
ഓസ്ട്രേലിയയിലെ വേഗം കൂടിയ പിച്ചുകളില്‍ ടീമിന് നെടുംതൂണാവാന്‍ ചേതേശ്വര്‍ പൂജാരയെ വേണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടത് ബി.സി.സി.ഐയും സെലക്ഷന്‍ കമ്മിറ്റിയും സമ്മതിച്ചില്ലെന്ന കാര്യം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മൂന്നാം നമ്പറില്‍ ഇറങ്ങി എണ്ണമറ്റ പന്തുകളെ ബാറ്റുകൊണ്ടും സ്വന്തം ശരീരം കൊണ്ടും പ്രതിരോധിച്ച പൂജാരയായിരുന്നു കഴിഞ്ഞ ഓസ്ട്രേലിയന്‍ പരമ്പരയിലെ യഥാര്‍ത്ഥ ഹീറോ. ക്ഷമയോടെ പ്രതിരോധിച്ചു കളിക്കുന്ന പൂജാര ഇവിടെയും ടീമിനെ ഉറപ്പിച്ചുനിര്‍ത്തുന്ന ഘടകം ആയേനേ. പക്ഷേ, ഇനി അങ്ങനെ ആയിരിക്കുകയില്ല എന്നത് വ്യക്തമാണ്. ക്യപ്റ്റന്‍ ടീമിലുണ്ടാവുമോ എന്ന് പിന്നീടു തീരുമാനിക്കുമെന്ന് ഗംഭീര്‍ പറയുന്നതിന്റെ അര്‍ത്ഥം മറ്റൊന്നല്ല.
ബി.സി.സി.ഐയ്ക്കും സെലക്ഷന്‍ കമ്മിറ്റിക്കും ഇത് പുനരാലോചനയുടെ സമയമാണ്. പൂജാരയെ ടീമില്‍ എടുക്കേണ്ടെന്ന അവരുടെ തീരുമാനം ഒന്നെങ്കില്‍ കോച്ചിന്റെ കണക്കുകൂട്ടലില്‍ വിശ്വാസമില്ല, അല്ലെങ്കില്‍ അവരുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ് എന്നതിന്റെ സൂചനയാണ്. ഇനിയങ്ങോട്ട് പരിശീലകനും സെലക്ടര്‍മാരും ഭരണസംവിധാനവും തമ്മിലുള്ള യോജിപ്പ് വളരെ നിര്‍ണായകമായിരിക്കും. ഒരുപക്ഷേ, ജയ് ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് കമ്മിറ്റിയുടെ അധ്യക്ഷനായി പോയതും ബി.സി.സി.ഐ സെക്രട്ടറി സ്ഥാനത്തേക്ക് പകരക്കാരനെത്താത്തതും ആശയവിനിമയത്തിലെ വിടവ് രൂക്ഷമാക്കിയിരിക്കാം.
ഗംഭീറും രോഹിതും, ചാപ്പലും ഗാംഗുലിയും
അതിപ്രതാപശാലിയായ ഒരു കോച്ച് മുമ്പ് ഇന്ത്യയ്ക്കുണ്ടായിരുന്നു, മുന്‍ ഓസ്ട്രേലിയന്‍ താരം ഗ്രെഗ് ചാപ്പല്‍. ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിക്കാമെന്നും പുതുതാരങ്ങളുടെ പുതിയ നിരയുണ്ടാക്കുമെന്നും അദ്ദേഹം സ്വപ്നം കണ്ടു. പക്ഷേ, ഇത്തിരി ആവേശം വന്നപ്പോള്‍ അദ്ദേഹം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുമായി ഉരസി, അദ്ദേഹത്തെ ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താക്കി, ടീമില്‍ നിന്ന് വെളിയിലാക്കി. ഗാംഗുലി കളിച്ചു തെളിയിച്ച് തിരിച്ചു വന്നു, ചാപ്പല്‍ 2007 ഏകദിന ലോകകപ്പിലെ തോല്‍വിയോടെ രാജിവെച്ചു.
പക്ഷേ, ഗാംഗുലിയല്ല രോഹിത്, ഗംഭീര്‍ ചാപ്പലുമല്ല. കാലങ്ങള്‍ തമ്മിലും വലിയ വ്യത്യാസമുണ്ട്. ഗാംഗുലിയുടെയും ടീമിന്റെയും പ്രകടനം ഇത്രകണ്ട് മോശമായിരുന്നില്ല. കഴിഞ്ഞ വര്‍ഷം സ്വന്തം നാട്ടില്‍ ന്യൂസീലന്റിനോട് എതിരില്ലാത്ത മൂന്നു മത്സരങ്ങളില്‍ തോറ്റത് സമാനതകളില്ലാത്ത സംഭവമാണ്. നാട്ടില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര തോറ്റത് 12 വര്‍ഷത്തിനു ശേഷം ആദ്യമായിരുന്നു, എല്ലാ കളികളും തോറ്റത് രണ്ടായിരാമാണ്ടിനു ശേഷം ആദ്യവും. അന്ന് ജയിച്ചത് ദക്ഷിണാഫ്രിക്കയാണ് (2-0). സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തുന്ന കാര്യം രോഹിത്തിന് അന്ന് ആലോചിക്കാമായിരുന്നു എന്നും ഈ അപമാനം ഒഴിവാക്കാമായിരുന്നു എന്നും കരുതുന്നവരുണ്ട്.
ഗംഭീറിന്റെ അഭിപ്രായപ്രകടനങ്ങള്‍ ടീമിന് അത്യാവശ്യമാണെന്ന് ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ ആഭ്യന്തര കാര്യങ്ങളിലെ വിഴുപ്പലക്കുന്നത് പ്രശ്നത്തെ കൂടുതല്‍ വഷളാക്കും എന്ന് പറയുന്നു മറുവിഭാഗം. പക്ഷേ, സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ കൈപൊള്ളുമെന്നുറപ്പ്. ഇന്ത്യന്‍ ടീം ഒരു പരിവര്‍ത്തന ഘട്ടത്തിലാണ് എന്നതില്‍ സംശയമില്ല.
Content Highlights: rift between gautam gambhir and rohit sharma and indian teams future
Published: 02 Jan 2025, 09:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented