
കളിക്കളത്തിലെ ആ 'ഗര്‍ജ്ജനം' ആസ്വദിക്കാന്‍ ഫുട്‌ബോള്‍ മൈതാനങ്ങളിലേക്ക് കാണികള്‍ ഇരമ്പിയെത്തിയിരുന്നു ഒരിക്കല്‍. നജീമുദ്ദീന്റെ കാലുകളില്‍ പന്തെത്തുമ്പോള്‍ ഗ്യാലറികളില്‍ നിന്നുയര്‍ന്നിരുന്ന ആരവം ഇപ്പോഴുമുണ്ട് കാതില്‍. ഞങ്ങളുടെ തലമുറക്ക് മാറഡോണയും മെസ്സിയും റൊണാള്‍ഡോയുമെല്ലാമായിരുന്നല്ലോ ഈ കൊച്ചുമനുഷ്യന്‍.
അര നൂറ്റാണ്ടിലേറെക്കാലം മുന്‍പ് കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി മാറോടണക്കുമ്പോള്‍ നജീമുദ്ദീന് പ്രായം 20. ആവേശം അണപൊട്ടിയൊഴുകിയ ഫൈനലില്‍ ക്യാപ്റ്റന്‍ മണിയുടെ മിന്നുന്ന ഹാട്രിക്കോടെ റെയില്‍വേസിന്റെ കഥകഴിച്ച കേരള ടീമിലെ കുട്ടിത്താരങ്ങളിലൊരാളായിരുന്നു നജീം. ഗാലറികളുടെ ഓമനയും. ഇടനെഞ്ചില്‍ തിളച്ചുമറിയുന്ന പോരാട്ടവീര്യവും ബൂട്ടുകളില്‍ അണയാത്ത അഗ്‌നിയുമായി കൊല്ലം തേവള്ളി സ്വദേശിയായ സ്ട്രൈക്കര്‍ കളിക്കമ്പക്കാരുടെ ഹൃദയങ്ങളിലേക്ക് ഡ്രിബിള്‍ ചെയ്ത് കുതിച്ചുവന്നത് ആ ടൂര്‍ണമെന്റില്‍ നിന്നാണ്. അതും എന്തൊരു വരവ്!
കേരളം സൃഷ്ടിച്ച എക്കാലത്തെയും മികച്ച ഗോളടിവീരന്മാരില്‍ ഒരാളായ നജീമുദ്ദീന്റെ ഫുട്ബാള്‍ ജീവിതത്തിലെ വര്‍ണപ്പകിട്ടാര്‍ന്ന ഒരധ്യായത്തിന്റെ തുടക്കം. പിന്നീടങ്ങോട്ട് കേരള ഫുട്‌ബോളില്‍ നജീമുദ്ദീന്റെ പ്രതാപകാലമായിരുന്നു. പ്രതിരോധത്തിലെ പത്മവ്യൂഹങ്ങള്‍ക്ക് മേല്‍ ചാടിയുയര്‍ന്ന് വിംഗുകളില്‍ നിന്നുള്ള ക്രോസുകളില്‍ കൃത്യതയോടെ തലവെക്കുന്ന നജീമുദ്ദീന്‍, ജിംനാസ്റ്റിന്റെ മെയ്വഴക്കത്തോടെ എതിര്‍ സ്റ്റോപ്പര്‍മാര്‍ക്കിടയിലൂടെ പെനാല്‍റ്റി ഏരിയയിലേക്ക് നുഴഞ്ഞുകയറുന്ന നജീമുദ്ദീന്‍, പാസുകള്‍ നെഞ്ചിലേറ്റുവാങ്ങി കാല്‍മുട്ടിലേക്ക് മറിച്ച് പന്ത് നിലം തൊടും മുന്‍പ് ഞൊടിയിടയില്‍ വലയിലേക്ക് തൊടുക്കുന്ന നജീമുദ്ദീന്‍... എന്റെ തലമുറയിലെ കളിക്കമ്പക്കാരുടെ മനസ്സില്‍ മിഴിവാര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങള്‍.

നജീമുദ്ദീന്റെ സ്‌കോറിംഗ് വൈഭവത്തിന്റെ പിന്‍ബലത്തില്‍ കേരളത്തിലുടനീളമുള്ള അഖിലേന്ത്യാ ടൂര്‍ണമെന്റുകളില്‍ ടൈറ്റാനിയം അശ്വമേധം നടത്തിയ കാലമുണ്ടായിരുന്നു. തിരുവനന്തപുരം ജി വി രാജ ട്രോഫി, കൊല്ലം മുനിസിപ്പല്‍ ഗോള്‍ഡന്‍ ജൂബിലി, കോട്ടയം മാമ്മന്‍ മാപ്പിള, തൃശൂര്‍ ചാക്കോള, കോഴിക്കോട് സേട്ട് നാഗ്ജി, കണ്ണൂര്‍ ശ്രീനാരായണ..... 'അക്കാലത്ത് സേട്ട് നാഗ്ജി ട്രോഫി മാത്രമേ ഞങ്ങള്‍ക്ക് പിടിതരാതിരുന്നിട്ടുള്ളൂ; അവിടെ ഫൈനലില്‍ തോറ്റു.' - നജീമുദ്ദീന്റെ വാക്കുകള്‍.
ഓര്‍മയിലെ നജീമുദ്ദീന് ഇന്നും 23 വയസ്സ്. 1975 ലെ കോഴിക്കോട് സന്തോഷ് ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരിചയസമ്പന്നനായ ഗോവന്‍ ഗോളി ബ്രഹ്‌മാനന്ദിന്റെ തലയ്ക്ക് മുകളിലൂടെ ചാടിയുയര്‍ന്ന് പന്ത് വലയിലേക്ക് ഹെഡ് ചെയ്യുന്ന നജീമുദ്ദീന്‍. അംബരചുംബികളായ പ്രതിരോധഭടന്മാര്‍ക്കിടയിലൂടെ ഒരു കൊച്ചു മോറിസ് മൈനര്‍ പോലെ നജീം ഒഴുകിപ്പോകുന്നതു കാണാന്‍ പോലുമുണ്ടായിരുന്നു ഓമനത്തം. വെറുതെയല്ല നാഷണല്‍സിലെ മികച്ച കളിക്കാരനായി നജീമുദ്ദീനെ ഗാലപ് പോള്‍ വഴി കോഴിക്കോട്ടുകാര്‍ തിരഞ്ഞെടുത്തത്.
അടിച്ച ഗോളുകളില്‍ ഏറ്റവും അവിശ്വസനീയമായി സ്വയം തോന്നിയത് ഏതായിരുന്നു? 'പലതുമുണ്ട്. നാഗ്ജിയില്‍ ട്രാന്‍സ്‌പോര്‍ട്ടിനെതിരെ നേടിയ ഗോളാണ് പെട്ടെന്ന് ഓര്‍മവരുന്നത്. ഡയനീഷ്യസിന്റെ ഉയര്‍ന്നുവന്ന ക്രോസ്സ് തല കൊണ്ട് കണക്ട് ചെയ്യാന്‍ ഓടിവരികയായിരുന്നു ഞാന്‍. പക്ഷേ കണക്കുകൂട്ടല്‍ തെല്ലൊന്നു പിഴച്ചു.. ഓട്ടം പന്തിനേക്കാള്‍ ഒരടി മുന്നിലാണ് അവസാനിച്ചത്. ഗോള്‍ വരയ്ക്ക് തൊട്ടുമുന്നില്‍ വെച്ച് ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു ഞാന്‍. നിന്ന നില്‍പ്പില്‍ പിന്നിലേക്കാഞ്ഞുകൊണ്ട് ശക്തമായി പന്ത് ഹെഡ് ചെയ്തു. ആ ആംഗിളില്‍ നിന്ന് ഗോളടിക്കാനാകുമെന്ന് പ്രതീക്ഷയില്ലായിരുന്നു..'
പക്ഷേ അത് ഗോളായി. ഒറ്റാലില്‍ നിന്നെന്നവണ്ണം നജീമുദ്ദീന്റെ നെറ്റിയില്‍ നിന്ന് പോസ്റ്റിലേക്ക് ചീറിപ്പാഞ്ഞ പന്ത് ഗോള്‍ക്കീപ്പര്‍ക്ക് ഒരു പഴുതും നല്‍കിയില്ല. അങ്ങനെ എത്രയെത്ര 'മാരക' ഗോളുകള്‍.
കൊല്ലം എസ് എന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ഇന്‍സൈഡ് ഫോര്‍വേഡ് ആയിരുന്ന നജീമിനെ റൈറ്റ് ഔട്ട് ആക്കിയത് കോച്ച് സൈമണ്‍ സുന്ദര്‍രാജാണ്. കേരളത്തിന് നടാടെ സന്തോഷ് ട്രോഫി നേടിക്കൊടുത്ത പരിശീലകന്‍. നാല് ഗോളടിച്ച് കോച്ചിന്റെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന നജീം 1973 മുതല്‍ 1980 വരെ തുടര്‍ച്ചയായി സന്തോഷ് ട്രോഫി കളിച്ചു. പിന്നീട് ഒരു വ്യാഴവട്ടം കൂടി ടൈറ്റാനിയത്തിന്റെ ജേഴ്സിയില്‍. വിരമിച്ച ശേഷം ക്ലബ്ബിന്റെ കോച്ചും മാനേജരുമായി കുറച്ചു കാലം.
കളിക്കളത്തില്‍ 'ഗോഡ് ഫാദര്‍മാര്‍' ഇല്ലാത്തതിനാലാവണം, തന്നെക്കാള്‍ പ്രതിഭ കുറഞ്ഞവര്‍ പോലും ദേശീയ ടീമിലേക്ക് നടന്നുചെല്ലുന്നത് നിസ്സഹായനായി കണ്ടുനില്‍ക്കേണ്ടി വന്നു ഈ ഗോളടിവീരന്. ഇന്ത്യയ്ക്ക് കളിക്കാനാവാത്തതില്‍ ദുഃഖമുണ്ടെങ്കിലും പരിഭവമൊന്നുമില്ല ആരോടും. ഒപ്പം കളിച്ചുനടന്നവര്‍ പലരും കൊല്‍ക്കത്തയിലും മുംബൈയിലും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോയപ്പോള്‍ എന്തുകൊണ്ട് നാട്ടില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചു എന്ന ചോദ്യത്തിന് മനോഹരമായ ഒരു പുഞ്ചിരിയാണ് മറുപടി. 'ഓഫറുകള്‍ കുറവല്ലായിരുന്നു. ആദ്യം മഫത്ത് ലാലും പിന്നെ ടാറ്റാസും വിളിച്ചു. അത് കഴിഞ്ഞു കൊല്‍ക്കത്ത ക്ലബ്ബുകളും. പക്ഷേ നാടുവിടാന്‍ തോന്നിയില്ല. ടൈറ്റാനിയത്തിലെ കുടുംബാന്തരീക്ഷം ഒരു കാരണമായിരുന്നു. പിന്നെ വലിയ മോഹങ്ങളും ഇല്ലായിരുന്നു എനിക്ക്..'
സത്യം. മോഹങ്ങള്‍ മുഴുവന്‍ നമുക്കായിരുന്നു. പന്തുകളിയെ പ്രാണനു തുല്യം സ്‌നേഹിച്ച മലയാളികള്‍ക്ക്. ആ മോഹങ്ങള്‍ക്ക് മുകളിലൂടെ പന്തുമായി കുതികുതിച്ച പടക്കുതിര കളം വിട്ടിരിക്കാം. പക്ഷേ മനസ്സിന്റെ ആകാശത്ത് ഇന്നും തിളങ്ങിനില്‍ക്കുന്നു നജീമുദ്ദീന്‍, രജതതാരകം പോലെ.
36 വര്‍ഷത്തെ സേവനത്തിന് ശേഷം നജീമുദ്ദീന്‍ ടൈറ്റാനിയത്തിന്റെ പടിയിറങ്ങിയത് ഒന്നരപ്പതിറ്റാണ്ട് മുന്‍പാണ്. സ്റ്റോര്‍സ് അസിസ്റ്റന്റ് ആയി 1973-ല്‍ ജോലിക്ക് കയറിയ നജീം വിരമിക്കുമ്പോള്‍ അസിസ്റ്റന്റ് മാനേജരായിരുന്നു. വിരമിച്ചെങ്കിലും കളിയുടെ ലഹരി വിട്ടൊഴിഞ്ഞിരുന്നില്ല അദ്ദേഹത്തെ. ഇടക്ക് പരിശീലകനായി കുറച്ചുകാലം. 'കളിയല്ലേ നമ്മളെ നമ്മളാക്കിയത്. അങ്ങനെയങ്ങു വിടാന്‍ പറ്റുമോ?' ചിരിയോടെ പഴയ സുവര്‍ണതാരത്തിന്റെ ചോദ്യം.
അവസാനമായി ഫോണില്‍ സംസാരിച്ചപ്പോള്‍ ഓര്‍മയുടെ കണ്ണികള്‍ എവിടെയൊക്കെയോ അറ്റുപോകുന്ന പോലെ. ആകെയൊരു ശൂന്യത. എതിര്‍ പെനാല്‍റ്റി ബോക്‌സില്‍ കുതിച്ചെത്തിയശേഷം പന്ത് എങ്ങോട്ട് തൊടുക്കണമെന്നറിയാതെ നിസ്സഹായനായി നില്‍ക്കുന്ന ഫോര്‍വേര്‍ഡ് ആയി നജീമുദ്ദീനെ സങ്കല്‍പ്പിക്കാന്‍ പോലുമാകില്ലായിരുന്നു.
പ്രിയപ്പെട്ട നജീംക്ക ഇനിയില്ല. ജേഴ്സിയും ബൂട്ടും അഴിച്ചുവെച്ച് നിശ്ശബ്ദനായി ജീവിതത്തിന്റെ കളിക്കളം വിട്ടിരിക്കുന്നു അദ്ദേഹം. നിലയ്ക്കാത്ത ആരവങ്ങള്‍ മാത്രം ബാക്കി.
Content Highlights: A tribute to najumudeen, the legendary Kerala footballer whose skill and passion ignited generation
Published: 23 May 2025, 09:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented