
ദിബ്രുഗഢ്: കളിക്കളത്തിലെ പോരിൽ പട്ടാളത്തിനെ വീഴ്ത്താനുള്ള യുദ്ധതന്ത്രങ്ങളുമായി ടീം കേരള ഞായറാഴ്ച കലാശത്തിനിറങ്ങുന്നു. ക്വാർട്ടറിലും സെമിയിലും കാട്ടിയ ആക്രമണവീര്യം അതേപോലെ തുടർന്നാൽ സന്തോഷ് ട്രോഫി എട്ടാമതും കേരളത്തിന്റെ അലമാരയിലിരിക്കും. പ്രതിരോധഫുട്‌ബോളിന്റെ കോട്ടകെട്ടി കേരളക്കുതിപ്പിന് തടയിടാൻ സർവീസസും സജ്ജമാണ്. ധാക്കുവാഖാന സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ഒരുമണിക്കാണ് ഫൈനൽ.
ക്വാർട്ടറിൽ എതിരില്ലാത്ത മൂന്നുഗോളിന് ആതിഥേയരായ അസമിനെയും സെമിയിൽ എതിരില്ലാത്ത നാലുഗോളിന് പഞ്ചാബിനെയും തറപറ്റിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം കിരീടപ്പോരാട്ടത്തിനിറങ്ങുന്നത്. 16 ഗോൾ അടിച്ചപ്പോൾ വഴങ്ങിയത് മൂന്നെണ്ണം മാത്രം.
ഫൈനൽത്തലേന്നുനടന്ന പത്രസമ്മേളനത്തിൽ കോച്ച് ഷഫീഖ് ഹസ്സൻ ഊന്നിയതും ടീമിന്റെ ആക്രമണ ഫുട്‌ബോളിലാണ്. ''കൂടുതൽ ഗോളുകൾ നേടുകവഴി സുന്ദരമായ ഫുട്‌ബോൾ കളിക്കാനും കാണികൾക്ക് ആഹ്‌ളാദം പകരാനും ഇതുവരെ കഴിഞ്ഞിട്ടുണ്ട്. അത് തുടരാനാവും ശ്രമിക്കുക.'' ഗ്രൗണ്ടുമായി പൊരുത്തപ്പെടാൻ സമയമെടുത്തെങ്കിലും ഇപ്പോൾ ടീം സർവസജ്ജമാണെന്ന് കളിക്കാരെ പ്രതിനിധാനംചെയ്ത പ്രതിരോധതാരം എം. മനോജും പറഞ്ഞു.
ടൂർണമെന്റിൽ കേരളത്തിന്റെ ഏകതോൽവി സർവീസസിനെതിരേയാണ്. എങ്കിലും അത് ടീമിനെ അലട്ടേണ്ട സാഹചര്യമില്ല. ക്വാർട്ടറിൽക്കടന്ന ടീം നടത്തിയ ചില പരീക്ഷണങ്ങൾ ഏശാതെപോയതും ചിലനിർഭാഗ്യങ്ങളും ആ കളിയിൽ സംഭവിച്ചിരുന്നു. ഫൈനലിൽ സർവീസസിന് നേരിടേണ്ടിവരുക ഗോൾദാഹമുള്ള തികച്ചും വ്യത്യസ്തമായ ടീമിനെയായിരിക്കും.
കഠിനം, പട്ടാളപ്രതിരോധം
ഗോളടിക്കാനുള്ള താത്പര്യത്തെക്കാൾ അടിപ്പിക്കാതെ എതിർടീമിനെ മുഷിപ്പിക്കുക, രണ്ടും കൽപ്പിച്ച് എതിരാളികൾ കയറുമ്പോൾ വീണുകിട്ടുന്ന പ്രത്യാക്രമണസാധ്യതകൾ മുതലാക്കുക എന്നതാണ് പട്ടാളസംഘത്തിന്റെ പതിവുശൈലി. ഒരു ഗോൾ ലീഡെടുത്താൽത്തന്നെ അതിൽ കടിച്ചുതൂങ്ങി വിജയത്തിലെത്തിക്കാൻ ശ്രമിക്കുകയും ചെയ്യും. ക്വാർട്ടറിൽ അസമിനെതിരേയും സെമിയിൽ പഞ്ചാബിനെതിരേയും കേരളത്തിന്റെ മധ്യനിരയ്ക്ക് സമ്മർദമില്ലാതെ സ്ഥലം ആവശ്യംപോലെ ലഭിച്ചിരുന്നു. മികച്ചമധ്യനിരയുള്ള സർവീസസിനെതിരേ ആ ആനുകൂല്യം അനായാസം ലഭിക്കണമെന്നില്ല. പ്രത്യാക്രമണത്തിൽനിന്നു കിട്ടുന്ന അവസരങ്ങൾ ഞൊടിയിടയിൽ ലക്ഷ്യത്തിലെത്തിക്കാൻ മികവുള്ള അഭിഷേക് പവാറാണ് മുന്നേറ്റനിരയിലെ അപകടകാരി.
വിട്ടുകൊടുക്കാതെ പൊരുതുകയെന്നതാണ് ടീമിന്റെ വിജയമന്ത്രമെന്നും യോഗ്യതാറൗണ്ട് പിന്നിട്ടാൽ കിരീടവുമായി മടങ്ങണം എന്ന നിശ്ചയദാർഢ്യം ടീമിനുണ്ടെന്നും സർവീസസ് കോച്ച് എം.ജി. രാമചന്ദ്രൻ പറഞ്ഞു. ഗ്രൂപ്പ് മത്സരത്തിൽ കേരളത്തെ തോൽപ്പിച്ചതിന്റെ അമിതആത്മവിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024-ൽ കിരീടം നേടുകയും കഴിഞ്ഞവർഷം സെമിയിൽ കടക്കുകയുംചെയ്ത ടീമാണ് സർവീസസ്.
Content Highlights: Kerala FC faces Army in the Santosh Trophy final, seeking their 8th title with an attacking strategy. Read match preview and prediction.
Published: 08 Feb 2026, 09:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented