
ഉള്ളിലെ കളിയെഴുത്തുകാരൻ കരച്ചിലിന്റെ വക്കോളമെത്തിയ ഒരു ദിവസമുണ്ട്: 1988 ഏപ്രിൽ 21. സഡൻ ഡെത്ത് വരെ നീണ്ട കൊല്ലം സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനലിൽ കേരളം പഞ്ചാബിനോട് അടിയറവ് പറഞ്ഞ ദിവസം. ഇന്നലെ അസമിലെ ദിബ്രുഗഢിൽ നടന്ന ഫൈനലിൽ കേരളം സർവീസസിനോട് ഒരൊറ്റ ഗോളിന് കീഴടങ്ങിയ വാർത്ത വായിച്ചപ്പോൾ മുപ്പത്തെട്ട് വർഷങ്ങൾക്കപ്പുറത്തെ ആ സന്ധ്യ ഓർമ്മവന്നു. കളി റിപ്പോർട്ട് ചെയ്യുമ്പോൾ പരമാവധി നിഷ്പക്ഷത പുലർത്തണമെന്ന ആപ്തവാക്യം ഉൾക്കൊള്ളുമ്പോഴും മനസ്സ് കേരളത്തിനൊപ്പമായിരുന്നല്ലോ അന്ന്.
ആളും അരങ്ങുമൊഴിഞ്ഞ കൊല്ലം ലാൽ ബഹാദുർ ശാസ്ത്രി സ്റ്റേഡിയത്തിന്റെ ഇരുളടഞ്ഞൊരു കോണിൽ താടിക്ക് കൈകൊടുത്ത് ഏകനായി നിൽക്കുന്ന കേരള നായകൻ തോമസ് സെബാസ്റ്റ്യന്റെ ചിത്രമുണ്ട് ഇന്നും ഓർമ്മത്തിരശ്ശീലയിൽ. ചുറ്റും ഇരമ്പിയാർക്കുന്ന ജനക്കൂട്ടമില്ല. ചോദ്യശരങ്ങളെറിയുന്ന മാധ്യമപ്പടയില്ല. അടുത്തുചെന്നപ്പോൾ മുഖമുയർത്തി നോക്കി തോമസ്. വിഷാദഭരിതമായ നോട്ടം. പിന്നെ വിയർപ്പിൽ മുങ്ങിയ സ്വന്തം ശരീരത്തിലേക്ക് എന്നെ വലിച്ചടുപ്പിച്ചു. ചുമലിൽ മുഖമമർത്തി വിതുമ്പിക്കരഞ്ഞു.
കരച്ചിലിനിടയിലൂടെ ചിതറിവീഴുന്ന ശബ്ദം: 'പോയി രവീ, എല്ലാം പോയി....'' മൂന്നര പതിറ്റാണ്ടിനിപ്പുറവും മനസ്സിനെ വിടാതെ പിന്തുടരുന്നു നൊമ്പരമുണർത്തുന്ന ആ വാക്കുകൾ. അതിനും രണ്ടു ദിവസം മുൻപ് ഒരുമിച്ചുള്ള രാത്രിഭക്ഷണം കഴിഞ്ഞു ഹോട്ടലിൽ നിന്ന് കൈകൊടുത്ത് പിരിയുമ്പോൾ ഇതുപോലെ കെട്ടിപ്പിടിച്ചുകൊണ്ട് തോമസ് പറഞ്ഞ വാക്കുകളായിരുന്നു കാതുകളിൽ: ''ഇനി നമ്മൾ ഒത്തുകൂടുന്നത് ഫൈനൽ കഴിഞ്ഞായിരിക്കും. വേറെ എങ്ങോട്ടും മുങ്ങിക്കളയരുത്. അന്ന് വേണമെങ്കിൽ ഒരു ബിയറും ആവാം...'' ഒപ്പമുണ്ടായിരുന്ന റിപ്പോർട്ടർ ദയാലും ഞാനും പരസ്പരം നോക്കി ചിരിച്ചു അപ്പോൾ. ലഹരിയുടെ ലോകം വിലക്കപ്പെട്ട കനിയായിരുന്നല്ലോ അന്ന് ഞങ്ങൾക്കെല്ലാം.
''അപ്പോൾ കപ്പടിക്കുമെന്ന് ഉറപ്പിച്ചോ?'' - വെറുതെ ഒരു കുസൃതിച്ചോദ്യം. സംശയമെന്ത് എന്ന ധ്വനിയോടെ എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി തോമസ് പറഞ്ഞു: ''ജയിക്കാതെവിടെ പോകാൻ? ദൈവമുണ്ടല്ലോ നമുക്കൊപ്പം..''
പക്ഷേ ഫൈനലിൽ ഭാഗ്യദേവത തോമസിനെ തുണച്ചില്ല; കേരളത്തെയും. കപ്പിനും ചുണ്ടിനുമിടക്ക് വെച്ച് കൈവിട്ടുപോയ ആ വിജയം കേരളത്തിന്റെ സന്തോഷ് ട്രോഫി ചരിത്രത്തിലെ കണ്ണീർക്കഥകളിലൊന്ന്. നിലയ്ക്കാത്ത ആർപ്പുവിളികളുമായി കാത്തിരുന്ന സ്വന്തം നാട്ടുകാരുടെ മുന്നിലാണല്ലോ കൊല്ലത്തെ മൈതാനത്ത് തോമസിന്റെ കേരളം പഞ്ചാബിന് മുന്നിൽ മുട്ടുമടക്കിയത്; അതും സഡൻ ഡെത്തിലെ അവസാന കിക്കോളം നമ്മെ മുൾമുനയിൽ നിർത്തിയ ശേഷം.
പാപ്പച്ചന്റെ തകർപ്പൻ ഗോളിന് സെമിയിൽ കർണാടകയെ കീഴ്‌പ്പെടുത്തിയ കേരളത്തെ ഫൈനലിൽ കാത്തിരുന്നത് പർമീന്ദർ സിംഗും കുൽജിത് സിംഗും ദീപക് കുമാറും ജഗ്മോഹനും ദർബാറ സിംഗും ജി എസ് പാർമറുമൊക്കെ അണിനിരന്ന, പി.എസ് വാലിയ നയിച്ച, പ്രബലരായ പഞ്ചാബ്. സി.സി ജേക്കബ് പരിശീലിപ്പിച്ച കേരള ടീമിൽ തോമസ് സെബാസ്റ്റ്യനു പുറമെ പാപ്പച്ചൻ, ഷറഫലി, സത്യൻ, വിജയൻ, ബെന്നി, ഹരിദാസ്, ഗണേശൻ, ജയചന്ദ്രൻ, കുരികേശ് മാത്യു, ചെറിയാൻ പെരുമാലി തുടങ്ങിയവർ.
വീർപ്പടക്കി കണ്ടു തീർത്ത പോരാട്ടമായിരുന്നു അത്. കളിയെഴുത്തുകാരൻ എന്ന നിലയിൽ എന്റെ ആദ്യത്തെ സന്തോഷ് ട്രോഫി ഫൈനൽ. കെ.ഡി ദയാലും ഉണ്ടായിരുന്നു സെമിഫൈനൽ വരെ കൗമുദിക്ക് വേണ്ടി എനിക്കൊപ്പം ആ ടൂർണമെന്റ് റിപ്പോർട്ട് ചെയ്യാൻ. പ്രിയസുഹൃത്തായ ദയാലും ഇന്ന് ഓർമ.
എക്‌സ്ട്രാ ടൈം കഴിഞ്ഞിട്ടും ഗോൾ വീഴാത്ത മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കും സഡൻ ഡെത്തിലേക്കും നീളുന്നു. കേരളത്തിന്റെ കെ.ടി ചാക്കോയും പഞ്ചാബിന്റെ ബിഭാസ് സാഹയുമായിരുന്നു ക്രോസ് ബാറിനടിയിലെ പ്രതിയോഗികൾ. ഇരുവരും ഉജ്ജ്വല ഫോമിൽ. ഉദ്വേഗ നിമിഷങ്ങൾക്കൊടുവിൽ വിജയം പഞ്ചാബിന്. സ്‌കോർലൈൻ 5 - 4.
റഫറി സുമന്തഘോഷിന്റെ ലോംഗ് വിസിലിന് പിന്നാലെ, ലാൽ ബഹാദൂർ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗ്യാലറികളിൽ പടർന്ന നിശബ്ദതയുടെ മുഴക്കം ഇതാ ഈ നിമിഷവും കാതുകളിലുണ്ട്. അവിശ്വസനീയമായ തോൽവി.
ഓരോ സന്തോഷ് ട്രോഫിയും കടന്നുവരുമ്പോൾ, ഓർമ്മകളുടെ ആകാശത്ത് മിന്നൽപ്പിണർ പോലെ തോമസ് സെബാസ്റ്റ്യൻ പ്രത്യക്ഷപ്പെടും. ടച്ച് ലൈനിന് സമാന്തരമായി പന്തുമായി കുതികുതിച്ച ശേഷം കോർണർ ഫ്‌ളാഗിന് ഒന്നോ രണ്ടോ മീറ്റർ അകലെവെച്ച് പൊടുന്നനെ ഓട്ടത്തിന്റെ ഗതിമാറ്റി ബോക്‌സിലേക്ക് കട്ട് ചെയ്തു കയറുകയും അപ്പുറത്തെങ്ങോ മാർക്ക് ചെയ്യപ്പെടാതെ നിൽക്കുന്ന കൂട്ടുകാരനെ ഇടംകണ്ണിലൂടെ കണ്ടെത്തി പാസ് കൈമാറുകയും ചെയ്യുന്ന തോമസ്. ഗോളടിക്കുന്നതിനേക്കാൾ ഒരുക്കിക്കൊടുക്കുന്നതിലായിരുന്നല്ലോ അവന് എന്നും കമ്പം.
കളിയെഴുത്തു കാലം കനിഞ്ഞു നൽകിയ ആത്മസുഹൃത്തുക്കളിലൊരാളാണ് തോമസ്. ആദ്യം കണ്ടുമുട്ടിയതും പരിചയപ്പെട്ടതും 1987-ലെ കോഴിക്കോട് നെഹ്റു കപ്പിനിടെ. അന്നത്തെ ഇന്ത്യൻ ടീമിന്റെ അക്രമണനിരയിലെ പുലിയാണ് തോമസ്. കാഴ്ച്ചയിൽ അത്ര ഭീകരനല്ല. മെലിഞ്ഞ ശരീരം, കൈകാലുകൾ. പക്ഷേ പന്ത് കാലിൽ കിട്ടിയാൽ ആളാകെ മാറും. അവിശ്വസനീയമായ പകർന്നാട്ടമാണ് പിന്നെ.
നെഹ്റു കപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ഡെന്മാർക്കിന്റെ ആജാനബാഹുക്കളായ ഡിഫൻഡർമാരെ പ്രവചനാതീതമായ ശരീര ചലനങ്ങളാൽ വെട്ടിച്ചു മറികടക്കുന്ന തോമസിന്റെ മിഴിവാർന്ന ചിത്രം ഇന്നുമുണ്ട് മനസ്സിൽ. അതേ മത്സരത്തിൽ ടച്ച് ലൈനിൽ നിന്ന് തോമസ് തൊടുത്ത ഒരു ക്രോസ് ഫീൽഡ് ഷോട്ട് വിരൽത്തുമ്പുകൊണ്ട് കഷ്ടിച്ച് ഗതിമാറ്റിവിടാൻ ഒരു ജീവന്മരണ സേവ് പുറത്തെടുക്കേണ്ടിവന്നു ഡാനിഷ് കീപ്പർക്ക്.
''ശരീരഘടന കൊണ്ടും വേഗത കൊണ്ടും കൗശലം കൊണ്ടും തുളസീദാസ് ബൽറാമിനെ ഓർമ്മിപ്പിക്കുന്ന കളിക്കാരനാണ് തോമസ് സെബാസ്റ്റ്യൻ.'' - ഒളിമ്പ്യനും ദേശീയ കോച്ചുമായിരുന്ന പി കെ ബാനർജി ഒരിക്കൽ പറഞ്ഞു. ''പിന്നിലും കണ്ണുണ്ടായിരുന്നു ബൽറാമിന്. തോമസിന് പിന്നിൽ മാത്രമല്ല വശങ്ങളിലും കണ്ണുകളുണ്ട് എന്ന് തോന്നുന്നു.'' കൊൽക്കത്തയിൽ കളിക്കാൻ തോമസിനെ പലതവണ ക്ഷണിച്ചതാണ് പി.കെ. പക്ഷേ നാടു വിടാൻ മടിയായിരുന്നു തോമസിന്. സ്വാഭാവികമായും ദേശീയ ടീമിൽ ദീർഘകാലം കളിക്കാൻ ഭാഗ്യമുണ്ടായില്ല ഈ വെട്ടുകാട് സ്വദേശിക്ക്. കൊൽക്കത്ത ലോബിയുടെ ചൊൽപ്പടിയിലായിരുന്നല്ലോ അന്നത്തെ ഇന്ത്യൻ ഫുട്‌ബോൾ.
വെട്ടുകാട് സെന്റ് മേരീസ് സ്‌പോർട്‌സ് ക്ലബ്ബിലൂടെയാണ് തോമസിന്റെ തുടക്കം. കണ്ണഞ്ചിക്കുന്ന വേഗതയുടെയും പന്തടക്കത്തിന്റെയും മിടുക്കിൽ ടി.കെ കെമിക്കൽസിലേക്കും അതുവഴി ടൈറ്റാനിയത്തിലേക്കും യാത്രയായ തോമസ് ഇന്ത്യക്ക് വേണ്ടി ആദ്യം കളിച്ചത് 1983-ലെ കൊച്ചി നെഹ്റു കപ്പിൽ. കിഷാനുഡേ, കാമിലോ ഗോൺസാൽവസ്, സേവ്യർ പയസ് എന്നീ പരിചയസമ്പന്നർക്കൊപ്പമായിരുന്നു അരങ്ങേറ്റം. അടുത്ത നാലു വർഷത്തിനിടെ സൗദി അറേബ്യയിലെ ഏഷ്യ കപ്പ് മത്സരത്തിലും ലോകകപ്പ് യോഗ്യതാ റൗണ്ടിലും സാഫ് കപ്പിലും ഇന്ത്യൻ ജേഴ്‌സിയണിഞ്ഞു. അതിനിടെ 1982 മുതൽ തുടർച്ചയായി എട്ടു വർഷത്തോളം സ്റ്റേറ്റിന്റെ കുപ്പായം. 1987-ലെ തിരുവനന്തപുരം നാഷണൽ ഗെയിംസിൽ കേരളത്തെ ഫുട്ബാൾ കിരീടത്തിലേക്ക് നയിച്ചത് തോമസാണ്. തൊട്ടടുത്ത വർഷമായിരുന്നു കൊല്ലം സന്തോഷ് ട്രോഫിയിലെ നിർഭാഗ്യവാനായ നായകന്റെ വേഷം.
വിവാഹശേഷം 1980-കളുടെ ഒടുവിൽ ഉദ്യോഗാർത്ഥം ബഹ്റിനിലേക്ക് തിരിച്ച തോമസ് കുറച്ചു കാലം അവിടെയും ഒരു ക്ലബ്ബിന് കളിച്ചു. തിരിച്ചു വന്ന് ടൈറ്റാനിയത്തിൽ ജോലി തുടരുന്നതിനിടെയാണ് 2006 ആഗസ്റ്റ് 28-ന് മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വന്ന് തോമസിനെ കൂട്ടിക്കൊണ്ടുപോയത്. ഭാര്യ ലെറ്റിഷ്യയേയും മക്കളായ കെവിനേയും ബ്രോലിനെയും അനാഥരാക്കി ജീവിതത്തിന്റെ കളിക്കളം വിടുമ്പോൾ തോമസിന് പ്രായം 46. ഓരോ സന്തോഷ് ട്രോഫിയും എനിക്ക് തോമസിന്റെ കൂടി ഓർമ്മയാണ്. കണ്ണീരണിഞ്ഞ ഓർമ്മ.
Content Highlights: Relive the dramatic 1988 Santosh Trophy Final where Kerala lost to Punjab in a heartbreaking sudden death. A poignant look at captain Thomas Sebastian`s sorrow.
Published: 09 Feb 2026, 02:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented