പന്തുകളിക്കമ്പക്കാരനായ അപ്പച്ചനോടൊപ്പം ചുരമിറങ്ങി കോഴിക്കോട്ടു ചെന്ന് സേട്ട് നാഗ്ജി ട്രോഫിയിലെ പ്രീമിയർ ടയേഴ്സിന്റെ കളി കണ്ട് തിരിച്ചെത്തിയ സഹപാഠിയുടെ തീപ്പൊരി ഡയലോഗിലൂടെ മനസ്സിൽ കുതിച്ചു കയറിവന്നതാണ് കടവിപ്പറമ്പിൽ വില്യംസ് എന്ന കെ.പി വില്യംസ്. അതും എന്തൊരു വരവ്.
'ഏപ്പോഴും ഉണ്ടാകും മൂപ്പരുടെ ചുറ്റും പള്ളിപ്പെരുന്നാളിനുള്ള ആള്', അവൻ പറഞ്ഞു. 'അനങ്ങാൻ വിടൂല. എന്നിട്ടെന്താ. പന്ത് കാലിമ്മേ കിട്ടിയാൽ ഒറ്റ പോക്കാണ്. ചുറ്റുമുള്ളോരൊക്കെ ആവിയായിപ്പോയിട്ടുണ്ടാകും അപ്പഴേക്കും. ഗോൾപോസ്റ്റിലേ ആ ഓട്ടം ചെന്ന് നിൽക്കൂ ...', പത്രങ്ങളിലെ കളിയെഴുത്തുകളേക്കാൾ ചൂരും ചൂടുമുണ്ടായിരുന്നു കൂട്ടുകാരന്റെ ദൃക്സാക്ഷി വിവരണത്തിന്. ഉള്ളിൽനിന്ന് ഒഴുകിയെത്തിയ വാക്കുകൾ.
കേരളം സൃഷ്ടിച്ച ഏറ്റവും മികച്ച സ്കീമർ കം സ്ട്രൈക്കർമാരിലൊരാൾ. കളിക്കളത്തിന് പുറത്ത് ഒറ്റയാനായിരുന്നു എന്നും വില്യംസ്. ആൾക്കൂട്ടത്തിൽ നിന്ന് അകന്നുനിൽക്കുന്ന പ്രകൃതം. കുടുംബകാര്യങ്ങളിലായിരുന്നു ശ്രദ്ധ മുഴുവൻ. എന്നാൽ, കളത്തിലിറങ്ങിയാൽ ഒറ്റയാൻ പൊടുന്നനെ ആൾക്കൂട്ടത്തിന്റെ ഭാഗമായി മാറുന്നു. നിസ്വാർത്ഥനായ ഒരു ടീം മാൻ. അവിടെ ഞാനെന്ന ഭാവമില്ല; നമ്മൾ മാത്രം. 'എനിക്കൊപ്പം ഇന്ത്യക്ക് കളിച്ച തുളസീദാസ് ബലറാമിനെയാണ് വില്യമിന്റെ കളി കാണുമ്പോൾ ഓർമ്മവരിക.,' പ്രീമിയറിലും കേരള ടീമിലും വില്യംസിന്റെ ഗുരുവും മാർഗദർശിയുമായിരുന്ന സൈമൺ സുന്ദർരാജിന്റെ വാക്കുകൾ. 'ബോഡി കോൺടാക്റ്റ് ഇല്ലാത്ത ശൈലിയാണ് രണ്ടു പേരുടേയും. ഈ ശൈലി തേച്ചുമിനുക്കാനാണ് ഞാൻ വില്യമിനെ പ്രേരിപ്പിച്ചത്. മാൻ ടു മാൻ മാർക്കിങ്ങിന് വില്യം നിൽക്കില്ല. വേഗവും സ്റ്റാമിനയും കൊണ്ട് ഏതു കരുത്തനേയും വെട്ടിച്ചുകയറുന്ന രീതിയായിരുന്നു അയാളുടേത്.' (ഒളിമ്പ്യൻ കഥ പറയുന്നു- ക്രിസ് തോമസ്).
ഇതേ സൈമൺ സാറിനോട് പോലും മനസ്സിൽ തോന്നിയത് വെട്ടിത്തുറന്നു പറയാൻ മടിച്ചിട്ടില്ല വില്യംസ്. 1973-ലെ എറണാകുളം സന്തോഷ് ട്രോഫിക്കുള്ള ടീമിന്റെ ക്യാമ്പിൽ നിന്ന് പ്രിയപ്പെട്ട കളിക്കൂട്ടുകാരൻ എൻ.ജെ ജോസിനെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി അധികൃതർ പുറത്തുനിർത്തിയപ്പോൾ പ്രതിഷേധിക്കാൻ മുന്നോട്ടു വന്ന അപൂർവം പേരിലൊരാൾ വില്യംസായിരുന്നു. തലേ വർഷത്തെ ഗോവ നാഷണൽസിൽ എട്ടു ഗോളടിച്ചു ടോപ് സ്കോററായി ചരിത്രം സൃഷ്ടിച്ചയാളാണ് ജോസ്. ആ ഗോളുകളിൽ ഭൂരിഭാഗവും ഒരുക്കിക്കൊടുത്തത് മുന്നേറ്റനിരയിലെ കൂട്ടാളിയായ വില്യംസും. എന്നും ഉന്നതഫോമിൽ കളിക്കുന്ന ജോസിനെ ക്യാമ്പിൽ വൈകിയെത്തിയെന്ന കാരണം പറഞ്ഞ് പുറത്താക്കിയത് വില്യംസ് എങ്ങനെ സഹിക്കാൻ? 'അപൂർവമായ ഒരു കെമിസ്ട്രി ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ. ജോസിന്റെ ശൈലി എനിക്കും എന്റെ ശൈലി ജോസിനും മനഃപാഠം. പാസ് കൈമാറുമ്പോൾ ജോസ് എവിടെയുണ്ടാകുമെന്ന് കാണാതെ തന്നെ എനിക്കറിയാം. അതൊരു ടെലിപ്പതിയാണ്.' - വില്യംസ് പറയും. ആ ടെലിപ്പതിയിൽ നിന്ന് ജോസ് മിനഞ്ഞെടുത്ത ഗോളുകൾ, വിജയങ്ങൾ എത്രയെത്ര.
മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ കേരളം ചരിത്രത്തിലാദ്യമായി നേടിയ സന്തോഷ് ട്രോഫിയിലുമുണ്ടായിരുന്നു റൈറ്റ് ഇൻസൈഡ് വില്യംസിന്റെ കൈയൊപ്പ്. ആദ്യമത്സരത്തിൽ ഡൽഹിക്കെതിരെ വില്യംസ് നേടിയ ഗോളിലൂടെയാണ് ആതിഥേയർ ജൈത്രയാത്രക്ക് തുടക്കമിട്ടതുതന്നെ. മണിപ്പൂരിനും ആന്ധ്രക്കുമെതിരായ ഗോളുകൾ പിറകെ വന്നു. തീർന്നില്ല. കലാശമത്സരത്തിൽ ക്യാപ്റ്റൻ മണി നേടിയ ഹാട്രിക്കിലെ രണ്ടു ഗോളുകളിലും വില്യംസ് വഹിച്ച പങ്ക് ഇന്ന് ചരിത്രത്തിന്റെ ഭാഗം. ആദ്യഗോളിന് വഴിമരുന്നിട്ടത് വില്യംസ് - നജീമുദ്ദീൻ സഖ്യമാണ്. മധ്യരേഖക്കടുത്തു നിന്ന് നജീമുദ്ദീൻ നൽകിയ പന്ത് വലതു ഗോൾ ലൈനിനടുത്തു നിന്ന് മണിക്ക് ക്രോസ് ചെയ്യുന്നു വില്യംസ്. ചാടിയുയർന്ന് ഹെഡ് ചെയ്ത ക്യാപ്റ്റന് പിഴച്ചില്ല. മൂന്നാമത്തെ ഗോളിന് വഴിയൊരുക്കിയ ഫ്രീകിക്ക് പെനാൽറ്റി ഏരിയക്ക് തൊട്ടുപുറത്തുനിന്ന് തൊടുത്തതും വില്യംസ് തന്നെ. ഡിഫൻഡർ സുബ്രതോ ഭട്ടാചാർജിയുടെ മാർക്കിങ്ങിൽ നിന്ന് തന്ത്രപൂർവം കുതറി മാറി ബോക്സിനകത്തുനിന്ന് പന്ത് പുഷ്പം പോലെ വലയിലേക്ക് തൊടുക്കേണ്ട ചുമതലയേ ഉണ്ടായിരുന്നുള്ളൂ മണിക്ക്.
ഒരുമിച്ചു കളിച്ചവരും എതിരാളികളും ഒരേ സ്വരത്തിൽ അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്. കളിക്കളത്തിൽ തരിമ്പു പോലും സ്വാർത്ഥത കാണിക്കാത്ത കളിക്കാരനായിരുന്നു വില്യംസ്. ടീമിന്റെ ജയത്തിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും തയ്യാറല്ലാത്ത ആൾ. 'ഗോളടിച്ചാലേ പത്രത്തിൽ പടം വരൂ എന്നറിയാം. പാസ് കൊടുത്തയാളെ ആരും ഓർക്കണമെന്നില്ല. എന്നാൽ കളിക്കുമ്പോൾ അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാറില്ല. ഏറ്റവും നല്ല പൊസിഷനിലുള്ള കൂട്ടുകാരനെ കണ്ടെത്തി പന്ത് കൃത്യമായി എത്തിച്ചുകൊടുക്കുവാനേ എന്നും ശ്രമിച്ചിട്ടുള്ളൂ. ടീം ജയിക്കുകയാണല്ലോ പ്രധാനം....' ചിരിയോടെ ഒന്നുകൂടി പറഞ്ഞു വില്യംസ്. 'കളി കഴിഞ്ഞാൽ നേരെ വീട്, കുടുംബം. അതായിരുന്നു അന്നത്തെ ശീലം. സ്വന്തം കളിയെക്കുറിച്ച് വിലയിരുത്താനൊന്നും മിനക്കെട്ടിട്ടില്ല. വിശ്വസിക്കുമോ എന്നറിയില്ല. നമ്മൾ നന്നായി കളിച്ചിരുന്നു എന്ന് മനസ്സിലാക്കുന്നത് ഈയടുത്ത കാലത്താണ്. കളിയൊക്കെ നിർത്തി ഏറെക്കാലത്തിന് ശേഷം..'
അടിച്ച ഗോളുകളുടെ കണക്കെടുക്കാൻ നിന്നിട്ടില്ല. എങ്കിലും ചില ഗോളുകൾ വില്യംസിന്റെ ഓർമ്മയിലുണ്ട്. കൊച്ചി നെഹ്റു കപ്പിൽ ബി എൻ റെയിൽവേക്കെതിരായ മത്സരം. നിർണ്ണായക ഘട്ടത്തിൽ പ്രീമിയറിന് വീണുകിട്ടിയ ഫ്രീകിക്ക് എടുക്കുന്നത് വില്യംസ്. 55 വാരയെങ്കിലും ദൂരെ നിന്നുള്ള കിക്കാണ്. നല്ല മഴയുള്ള ദിവസം. കാറ്റുമുണ്ട്. മുന്നിലുള്ള എതിരാളികളുടെ മുഖങ്ങളൊന്നും കണ്ടില്ല വില്യംസ്. ശ്രദ്ധ മുഴുവൻ കാറ്റിലായിരുന്നു. 'കാറ്റിന്റെ ഗതി നിർണയിക്കുന്നതാണ് കോർണർ കിക്കിലും ഫ്രീകിക്കിലും പ്രധാനം. അന്ന് ഭാഗ്യവശാൽ എന്റെ വിലയിരുത്തൽ തെറ്റിയില്ല. പന്ത് വളഞ്ഞുപുളഞ്ഞ് പോസ്റ്റിലെത്തി. കിക്ക് പുറത്തുപോകുമെന്ന് പ്രതീക്ഷിച്ചു നിന്ന ഗോളിയുടെ വിരലുകളിലൂടെ പന്ത് നേരെ വലയിലേക്ക്.' ഗാലറികളിൽ പടർന്ന അവിശ്വസനീയ മൗനം ഇന്നുമുണ്ട് വില്യംസിന്റെ ഓർമ്മയിൽ. വർഷങ്ങളോളം ഒപ്പം കളിച്ച വിക്ടർ മഞ്ഞിലയുടെ ഓർമ്മയിൽ ജ്വലിച്ചുനിൽക്കുന്നത് മറ്റൊരു ഗോളാണ്. ചാക്കോള ട്രോഫിയിൽ ഓടുന്ന ഓട്ടത്തിൽ ടാറ്റാസിനെതിരെ മധ്യരേഖക്കടുത്തു നിന്ന് വില്യംസ് തൊടുത്ത ഷോട്ട് എതിരാളികളെ മുഴുവൻ നിസ്തേജരാക്കി വലയിലേക്കൊഴുകുന്നു. പന്തിന്റെ മൂളക്കമേ കേട്ടുള്ളൂ ഗോൾകീപ്പർ ബാന്ദ്യ കാക്കഡേ.
അങ്ങനെ എത്രയെത്ര ഗോളുകൾ. എതിരാളികളായി വന്ന ടീമുകളിൽ ഏറ്റവും ബഹുമാനം തോന്നിയിട്ടുള്ളത് മഫത്ലാലിനോടാണെന്ന് പറയും വില്യംസ്. രഞ്ജിത്ത് ഥാപ്പ, ശ്യാം ഥാപ്പ, രത്തൻ ഥാപ്പ, മമ്പാട് റഹ്മാൻ, അമർ ബഹാദുർ, ഭൂപീന്ദർ റാവത്ത്. ജീവന്മരണ പോരാട്ടക്കാരാണ് എല്ലാവരും. ആൻഡ്രൂ, ബർണാഡ്, കറ്റാവോ, ഡൊമിനിക്, ഗോളി സുധീർ എന്നിവരൊക്കെ അണിനിരന്ന ഗോവ വാസ്കോ ആണ് എടുത്തു പറയേണ്ട മറ്റൊരു ടീം. 'കടലാസ്സിൽ അത്ര കേമന്മാരല്ല. എന്നാൽ കളത്തിലിറങ്ങിയാൽ എന്തും സംഭവിക്കാം. തികച്ചും പ്രവചനാതീതമായ ടീം.' ഏറ്റവും മതിപ്പ് തോന്നിയിട്ടുള്ള എതിർ ഗോൾകീപ്പർ ആരെന്ന ചോദ്യത്തിന് ഒരേയൊരുത്തരം, ബംഗാളിന്റെ തരുൺ ബോസ്. വിസ്മയിപ്പിച്ചിട്ടുള്ള എതിരാളികളിൽ ജെ സി ടി മിൽസിന്റെ ഇന്ദർസിംഗാണ് നമ്പർ വൺ. 'ക്ലീൻ ഫുട്ബോളറാണ്. പക്ഷേ പിടിച്ചുകെട്ടുക എളുപ്പമല്ല. ഇന്ദറിനെ തളച്ചാൽ ആ ടീമിനെ മുഴുവൻ തളച്ചു എന്നാണർത്ഥം...'
ടി.എ ജാഫറും സേവ്യർ പയസ്സും ഉൾപ്പെടെ പ്രതിഭാധനരായ ഒട്ടേറെ പന്തുകളിക്കാരുടെ 'കളിത്തൊട്ടി'ലായിരുന്ന ഫോർട്ട് കൊച്ചിയിലെ അബൂക്കയുടെ യങ്സ്റ്റേഴ്സ് ക്ലബ്ബിലൂടെയാണ് വില്യംസിന്റേയും ഉദയം. 1968-ൽ എഫ് എ സി ടിയിൽ ചേർന്നതോടെ കേരള ഫുട്ബോളിൽ വില്യംസ് യുഗത്തിന് തുടക്കമായി. 1971 മുതൽ 75 വരെ പ്രീമിയർ ടയേഴ്സിൽ. 1974 വരെ തുടർച്ചയായി കേരളത്തിന് കളിച്ചു. 1971-ൽ മദ്രാസിൽ നായകനായി. പ്രീമിയറിന്റെ നിരവധി അഖിലേന്ത്യാ വിജയങ്ങളിൽ പങ്കാളിയായ വില്യംസ് ഒടുവിൽ മൈതാനം വിട്ടത് വേദനയോടെയാണ്. 1975-ലെ കൊല്ലം മുനിസിപ്പൽ ഗോൾഡൻ ജൂബിലി ടൂർണമെന്റിൽ ചിരവൈരികളായ ടൈറ്റാനിയത്തിനെതിരായ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് നിലത്തു വീണു പുളഞ്ഞ വില്യംസ് പിന്നീട് കളിക്കളത്തിൽ തിരിച്ചെത്തിയതേയില്ല. മുപ്പതു തികയും മുൻപ് വേദനാജനകമായ ഒരു വിടവാങ്ങൽ. കളിയോ ജീവിതമോ എന്നതായിരുന്നു മുന്നിലുള്ള ചോദ്യം. വില്യംസ് തിരഞ്ഞെടുത്തത് ജീവിതം. ഇടക്കൊരിക്കൽ ഇന്ത്യൻ ക്യാമ്പ് വരെ എത്തിയെങ്കിലും അവസാന പട്ടികയിൽ ഇടം നേടാൻ ഭാഗ്യമുണ്ടായില്ല.
പ്രിയസുഹൃത്തും കളിക്കൂട്ടുകാരനുമായ ടി.എ ജാഫറിന്റെ ഓർമ്മക്കായി ഫുട്ബോളേഴ്സ് കൊച്ചി ഏർപ്പെടുത്തിയ അവാർഡ് ഏറ്റുവാങ്ങിയതിന്റെ ആഹ്ലാദത്തിലാണ് എൺപത് പിന്നിട്ട വില്യംസ്. കൊച്ചിയിലെ മൈതാനങ്ങളിൽ ഒരുമിച്ചു പന്തുതട്ടി വളർന്നവരാണല്ലോ ഇരുവരും. വില്യംസിന്റെ ഫ്രീകിക്കിൽ നിന്ന് ഒഴുകിയെത്തുന്ന പന്ത് നെഞ്ചിലേറ്റുവാങ്ങി നിലം തൊടും മുൻപ് പോസ്റ്റിലേക്ക് തൊടുക്കാൻ, തരിക്കുന്ന കാലുകളുമായി കാത്തുനിൽക്കുന്ന ആ പഴയ ജാഫറിന്റെ ചിത്രം എങ്ങനെ മറക്കാൻ?
Content Highlights: Explore the legendary career of K.P. Williams, one of Kerala`s finest football schemers and strikers. A true team player who always prioritized victory.
Published: 23 Feb 2026, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented