
കൊച്ചി: ഞായറാഴ്ച നട്ടുച്ച നേരത്ത് കട്ടക്കിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കിരീടപോരാട്ടത്തിലായിരുന്നു കിരണ്‍ ജോര്‍ജ്. കപ്പ് നേടിയശേഷം അധികം ആഘോഷങ്ങളൊന്നുമില്ലാതെ തൊട്ടടുത്ത ദിവസം തന്നെ ബെംഗളൂരുവില്‍. പിന്നാലെ വീണ്ടും പരിശീലനത്തിനായി കോര്‍ട്ടിലേക്ക്. കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണവുമാണ് കിരണ്‍ എന്ന മലയാളി താരത്തെ ഇന്ത്യന്‍ ബാഡ്മിന്റണിലെ വിജയ കിരണമാക്കുന്നത്. ഒഡിഷ ഓപ്പണ്‍ സൂപ്പര്‍ 100 ബാഡ്മിന്റണിലെ കിരീടവിജയത്തിന് ശേഷം കിരണ്‍ 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.
കട്ടക്കിലെ ആത്മവിശ്വാസം
സൂപ്പര്‍ 100 ബാഡ്മിന്റണിലെ വിജയം വലിയ ആത്മവിശ്വാസമാണ് സമ്മാനിച്ചത്. സീഡ് ചെയ്യപ്പെടാതെ ടൂര്‍ണമെന്റില്‍ കളിക്കാനെത്തുമ്പോള്‍ ആദ്യ റൗണ്ടില്‍ ജയിക്കണമെന്നായിരുന്നു മനസില്‍ ഉറപ്പിച്ചത്. അതു ജയിച്ചതോടെ അടുത്ത റൗണ്ടിലും ജയം നേടണമെന്നു തോന്നി. ഓരോ റൗണ്ടിലും ആ കളി മാത്രമാണ് ഞാന്‍ ലക്ഷ്യമിട്ടത്. ഫൈനലിലെത്തിയപ്പോള്‍ ഒരൊറ്റ ജയം കൂടി നേടിയാല്‍ കിരീടം നേടാമല്ലോയെന്നു ചിന്തിച്ചു. കളി കഴിഞ്ഞപ്പോള്‍ പ്രകാശ് പദുക്കോണ്‍ ഉള്‍പ്പെടെയുള്ളവരെല്ലാം അഭിനന്ദിച്ചതും വലിയ ആത്മവിശ്വാസം നല്‍കി.
കുടുംബം ഒരു കോര്‍ട്ട്
കുഞ്ഞുനാളില്‍ അച്ഛന്റെ കൈപിടിച്ച് കടവന്ത്രയിലെ ഇന്‍ഡോര്‍ സ്റ്റേഡിയിത്തിലേക്കു പോകുമ്പോഴാണ് ബാഡ്മിന്റണ്‍ എന്ന സ്വപ്നം എന്റെ മനസില്‍ ഉദിക്കുന്നത്. മുന്‍ ദേശീയ ചാമ്പ്യനായ അച്ഛന്‍ ജോര്‍ജ് തോമസും ദേശീയ താരമായിരുന്ന അമ്മ പ്രീതയും ഇന്ത്യന്‍ താരമായ ചേട്ടന്‍ അരുണും അടങ്ങുന്ന കുടുംബത്തിനു ബാഡ്മിന്റണ്‍ തന്നെയായിരുന്നു എല്ലാം. അച്ഛനാണ് കടവന്ത്രയിലെ കോര്‍ട്ടില്‍ എന്നെ തമ്പി സാറിന്റെ കീഴില്‍ പരിശീലനത്തിനു ചേര്‍ത്തത്. അവിടെ നിന്നുള്ള യാത്ര ഇപ്പോള്‍ ബെംഗളുരുവിലെ പ്രകാശ് പദുക്കോണ്‍ അക്കാദമിയിലെത്തി നില്‍ക്കുമ്പോള്‍ നിറഞ്ഞ സന്തോഷം.
ലിന്‍ ഡാനും ക്രിസ്റ്റ്യാനോയും
ചൈനയുടെ ലോക ചാമ്പ്യനായ ലിന്‍ ഡാനാണ് ബാഡ്മിന്റണില്‍ എന്റെ എക്കാലത്തെയും ഹീറോ. ഇപ്പോഴത്തെ ഇഷ്ട താരം ലോക ഒന്നാം നമ്പര്‍ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെനാണ്. ബാഡ്മിന്റണ്‍ കഴിഞ്ഞാല്‍ ഫുട്ബോളാണ് ഇഷ്ട ഗെയിം. ഇഷ്ട താരം ക്രിസ്റ്റ്യുനോ റൊണാള്‍ഡോ.
ഓള്‍ ഇംഗ്ലണ്ടിലെ എന്‍ട്രി
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിനു എന്‍ട്രി അയച്ചിട്ടുണ്ട്. കിട്ടിയാല്‍ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാകും സാക്ഷാത്കരിക്കുന്നത്. അടുത്ത മാസം മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടിയതിലും സന്തോഷമുണ്ട്. ലോക റാങ്കിങ് ഉയര്‍ത്തി പരമാവധി അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ ശ്രമിക്കണമെന്നാണ് പ്രകാശ് പദുക്കോണ്‍ തന്നിരിക്കുന്ന ഉപദേശം. പ്രകാശ് പദുക്കോണ്‍ അക്കാദമിയിലെ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നതും അതു തന്നെയാണ്.
Content Highlights: odisha open super 100 tournament title winner kiran george
Published: 01 Feb 2022, 05:14 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented