വാഷിങ്ടൺ: ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈദുബായ് വിമാനം റാഞ്ചിയെടുക്കാൻ ശ്രമം നടത്തിയതിന് പിന്നിൽ കോ പൈലറ്റ് ഒറ്റയ്ക്കാണെന്ന് സൂചന. പിന്നിൽ മറ്റാർക്കെങ്കിലും പങ്കുള്ളതായി ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്ന് ഇസ്രയേലി വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

To advertise here,

സംഭവത്തിനുള്ള കാരണം കണ്ടെത്താൻ അന്താരാഷ്ട്ര അന്വേഷണസംഘം ഇപ്പോഴും ശ്രമം നടത്തിവരികയാണ്. എന്നാൽ, ഇയാൾ ഒറ്റയ്ക്കാണ് റാഞ്ചൽ ശ്രമം നടത്തിയതെന്ന് അന്വേഷണത്തിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നതായി ഒരു ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

നിലവിൽ ഏതെങ്കിലും സംഘടനകൾക്കോ സർക്കാരുകൾക്കോ ഇതിൽ ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ലെന്നും ഇസ്രയേലി വൃത്തങ്ങൾ പറയുന്നു. ഇതുവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനം. യുഎഇയും ഇസ്രയേലും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. കൂടാതെ, വിമാനം അടിയന്തരമായി ഇറക്കിയത് സൗദിയിലായതിനാൽ അവരുടെ അന്വേഷണവും നടക്കുന്നുണ്ട്.

യുഎഇ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇതൊരു ഭീകരപ്രവർത്തന ശ്രമമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച ഒമാനി പൗരനായ കോ പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ശ്രമിച്ചതെന്നാണ് യുഎഇയുടെ കണ്ടെത്തൽ. മറ്റുവിവരങ്ങൾ തുടർന്നുള്ള അന്വേഷണത്തിൽ പങ്കുവെക്കുമെന്നാണ് യുഎഇ അറിയിച്ചിരിക്കുന്നത്.

ആക്രമണം നടത്തിയ കോ-പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടയാളാണെന്ന് പറഞ്ഞ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, സംഭവത്തിൽ ഇറാന് പങ്കുള്ളതായി പറയാനായിട്ടില്ലെന്നും അറിയിച്ചിരുന്നു. അതേസമയം, ആക്രമണത്തിന് തൊട്ടുപിന്നാലെ അക്രമിക്ക് ഇറാനുമായി ബന്ധമുണ്ടായിരിക്കാമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. എന്നാൽ, ഇത് സംബന്ധിച്ച് മറ്റു വിശദാംശങ്ങളൊന്നും അദ്ദേഹം നൽകിയില്ല.

ഒമാൻ സ്വദേശിയായ ഹമാം അൽ ഹമ്മാമി എന്നയാളാണ് ആക്രമണം നടത്തിയത്. തീവ്രവാദ നിലപാടുകളെത്തുടർന്ന് ഇയാളെ മുമ്പ് ഒമാൻ എയറിലെ ജോലിയിൽനിന്ന് മാറ്റിനിർത്തിയിരുന്നുവെന്നാണ് കണ്ടെത്തൽ.

ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്താൻ സഹായിച്ച വിമാനത്തിലെ ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ 'യഥാർത്ഥ ഹീറോ' എന്നാണ് ഇസ്രയേലി പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. സ്മിത് മച്ചാറുമായി ഫോണിൽ സംസാരിച്ച നെതന്യാഹു, സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിൽനിന്ന് ചോദിച്ചറിയുകയും ചെയ്തു.

ആക്രമണത്തിന് തൊട്ടുമുമ്പ്, സഹപൈലറ്റ് തന്നോട് പ്രാർത്ഥിക്കാൻ അനുവാദം ചോദിച്ചിരുന്നതായി മച്ചാർ നെതന്യാഹുവിനോട് പറഞ്ഞു. നാലോ അഞ്ചോ മിനിറ്റിനുശേഷം തന്റെ തലയുടെ പിന്നിൽ പെട്ടെന്ന് ശക്തമായ ഒരു അടി കിട്ടിയെന്നും തുടക്കത്തിൽ വിമാനത്തിന് വലിയ തകരാറ് സംഭവിച്ചതാണെന്നാണ് താൻ കരുതിയതെന്നും മച്ഛാർ പറഞ്ഞു. എന്നാൽ, ഒന്നിനുപുറകെ ഒന്നായി പ്രഹരങ്ങൾ വന്നുകൊണ്ടിരുന്നു. ഈ ഘട്ടത്തിലാണ് സഹപ്രവർത്തകനാണ് തന്നെ ആക്രമിക്കുന്നതെന്ന് മനസ്സിലായതെന്നും മച്ചാർ കൂട്ടിച്ചേർത്തു.

അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന കോക്ക്പിറ്റിനുള്ളിലെ ക്രാഷ് ആക്‌സ് ഉപയോഗിച്ചാണ് കോ പൈലറ്റ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് കോക്ക്പിറ്റ് വാതിൽ തുറക്കാനുള്ള തന്റെ ആദ്യശ്രമം ഹമാം അൽ ഹമ്മാമി തടഞ്ഞു. 'എന്റെയുള്ളിൽ അവസാന പോരാട്ടംകൂടി ബാക്കിയുണ്ടായിരുന്നു. അത് ചെയ്തില്ലെങ്കിലും ഞാൻ മരിക്കും...എന്റെ സർവ്വ ശക്തിയുമെടുത്ത് ഞാൻ വാതിലിനടുത്തേക്ക് നീങ്ങി അത് തുറന്നു. അപ്പോൾ പുറത്തു കാത്തുനിന്ന യാത്രക്കാർ കോക്ക്പിറ്റിലേക്ക് ഓടിക്കയറുകയും വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്തു' മച്ചാർ നെതന്യാഹുവിനോട് പറഞ്ഞു.

കോക്ക്പിറ്റ് വാതിൽ ഉള്ളിൽനിന്ന് തിരിച്ച് തുറക്കാവുന്ന സംവിധാനം ഉപയോഗിച്ച് തുറക്കാം, എന്നാൽ പുറത്തുനിന്ന് അകത്തേക്ക് കടക്കണമെങ്കിൽ ഒരു കോഡ് ആവശ്യമായിരുന്നു. 'പുറത്തുണ്ടായിരുന്ന എന്റെ സഹപ്രവർത്തകർ കോഡ് നൽകാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും അയാൾ അത് തുറക്കാൻ അനുവദിച്ചില്ലെ'ന്നും അദ്ദേഹം വിശദീകരിച്ചു.