
കോഴിക്കോട്: സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നിരസിച്ച വാര്‍ത്ത രാജ്യത്ത് ഏറെ ചര്‍ച്ചയായിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസ്സി അടങ്ങിയ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയുമായുള്ള മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചിലവ് കാരണമാണ് ഇന്ത്യ പിന്മാറിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നാലെ അര്‍ജന്റീന ദേശീയ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കേരള കായിക മന്ത്രി വി. അബ്ദുറഹിമാന്‍, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് കത്തയക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ആഷിഖ് കുരുണിയനെതിരേയും വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്. ഇക്കാര്യത്തില്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിക്കുകയാണ് താരം.
മെസ്സി കേരളത്തില്‍ കളിക്കാന്‍ വരിക എന്നത് ഒരു നല്ല കാര്യം തന്നെയല്ലേ?
മെസ്സി കേരളത്തില്‍ കളിക്കാന്‍ വരുന്നതോ വരാതിരിക്കുന്നതോ അല്ല വിഷയം. മെസ്സിയുള്ള ടീമിനെതിരേ കളിക്കുക എന്നത് എനിക്ക് മാത്രമല്ല എല്ലാ കളിക്കാര്‍ക്കും ആഗ്രഹമുള്ള കാര്യം തന്നെയാണ്. ചെറുപ്പം തൊട്ട് ഞാനും ആരാധിക്കുന്ന താരം തന്നെയാണ് അദ്ദേഹം. ഇപ്പോള്‍ നോക്കൂ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി ലീഗിലേക്ക് പോയി. അതോടെ ആ ലീഗിന്റെ ചിത്രം തന്നെ മാറിപ്പോയി. യൂറോപ്പില്‍ നിന്ന് ഒരുപാട് ക്വാളിറ്റിയുള്ള രാജ്യാന്തര താരങ്ങള്‍ അങ്ങോട്ടെത്തി. ആ കളിക്കാര്‍ വരുമ്പോഴുള്ള ഗുണം എന്താണെന്ന് വെച്ചാല്‍ അവര്‍ക്കൊപ്പം സ്ഥിരമായി പരിശീലിക്കുകയും കളിക്കുകയും ചെയ്യുമ്പോള്‍ അവിടത്തെ കളിക്കാരുടെ പ്രകടനം കൂടി മെച്ചപ്പെടും. ഐഎസ്എല്‍ വന്ന സമയത്ത്, ഒരുപാട് രാജ്യാന്തര താരങ്ങള്‍ ഇവിടെ വന്നു. അവര്‍ക്കൊപ്പം തുടര്‍ച്ചയായി കളിച്ചപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തിലും നല്ല മാറ്റമുണ്ടായി. മെസ്സി ഇവിടെ വരുന്നു എന്നത് അങ്ങനെയല്ലല്ലോ. വെറും ഒരു മത്സരം കൊണ്ട് എന്ത് മാറ്റമുണ്ടാകാനാണ്. അതിന് പകരം വളര്‍ന്നുവരുന്ന കുട്ടികള്‍ക്കായി ചെയ്യാന്‍ എന്തൊക്കെ കാര്യങ്ങളുണ്ടെന്ന് മാത്രമാണ് ഞാന്‍ ചോദിക്കുന്നത്. ഞാന്‍ സംസാരിക്കുന്നത് ഫുട്‌ബോളിനെ കുറിച്ച് മാത്രമാണ്. അര്‍ജന്റീനയെ കളിപ്പിക്കാന്‍ കോടികള്‍ ചെലവാക്കുന്നതിന് പകരം ഫുട്‌ബോള്‍ പരിശീലനത്തിന് മികച്ച ഗ്രൗണ്ടുകളും അക്കാദമികളും ഒരുക്കുകയാണ് ബന്ധപ്പെട്ട സംവിധാനങ്ങള്‍ ചെയ്യേണ്ടത്.

കേരളത്തില്‍ നല്ല പരിശീലന മൈതാനങ്ങളില്ലേ?
ഒഡിഷയിലെ കാര്യമെടുക്കൂ, അവിടെ പരിശീലനത്തിന് മാത്രമുള്ള നാല് പിച്ചുകള്‍ രാജ്യാന്തര നിലവാരത്തിലുള്ളതാണ്. ഇക്കാര്യം പറയുമ്പോള്‍ എന്റെ സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട് നിനക്ക് മഞ്ചേരി, കോട്ടപ്പടി ഗ്രൗണ്ടുകള്‍ ഇല്ലേ എന്ന്. അവ രണ്ടും സ്റ്റേഡിയങ്ങളാണ്. പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ മൈതാനങ്ങള്‍, അവ അതിന് വേണ്ടി മാത്രമേ ഉപയോഗിക്കാറുള്ളൂ. ഇത്തരം മത്സരങ്ങള്‍ കഴിഞ്ഞാല്‍ ഈ ഗ്രൗണ്ടുകളൊക്കെ തന്നെ പിന്നെ നന്നായി കൊണ്ടുനടക്കാറില്ല. സൂപ്പര്‍ കപ്പ് വന്നപ്പോഴാണ് ഇപ്പോള്‍ ആ രണ്ട് ഗ്രൗണ്ടുകളും നന്നാക്കിയെടുത്തത്. അല്ലാത്ത സമയത്ത് അത് കാട്പിടിച്ച് കിടക്കാറാണ് പതിവ്. ഒരു ഗ്രൗണ്ട് മത്സരത്തിനായി പുല്ല് പിടിപ്പിച്ചെടുക്കാന്‍ ഒരു മാസം മതി. ഇത്തരം ഗ്രൗണ്ടുകളിലെല്ലാം ഇതാണ് രീതി. എന്തെങ്കിലും പ്രധാന ടൂര്‍ണമെന്റുകള്‍ വരുമ്പോള്‍ ഒന്നോ രണ്ടോ മാസം കൊണ്ട് നന്നാക്കിയെടുക്കും. അത് കഴിഞ്ഞാല്‍ പിന്നെ പഴയപടിയാകും. മഞ്ചേരി ഗ്രൗണ്ടില്‍ എന്റെ കാല്‍മുട്ടിന്റെ ഉയരത്തില്‍ പുല്ല് വളര്‍ന്ന സമയമുണ്ടായിട്ടുണ്ട്. അവിടങ്ങളില്‍ എങ്ങനെയാണ് പരിശീലിക്കുക.

പരിശീലന മൈതാനങ്ങളുടെ നിലവാരമില്ലായ്മ എങ്ങനെയാണ് ബാധിക്കുക?
ഞാന്‍ പറയുന്നത് ഒരു ജില്ലയില്‍ രാജ്യാന്തര നിലവാരത്തിലുള്ള ഒന്നോ രണ്ടോ പരിശീലന പിച്ചുകള്‍ ഒരുക്കണമെന്നാണ്. ഇപ്പോള്‍ പലരും പറയാറുണ്ട്, നിങ്ങള്‍ക്ക് അവിടെ ഗ്രൗണ്ട് ഉണ്ടല്ലോ ഇവിടെ ഗ്രൗണ്ട് ഉണ്ടല്ലോ എന്നെല്ലാം. ഞാന്‍ പറയുന്നത് നിലവാരമുള്ള പരിശീലന മൈതാനങ്ങളെ കുറിച്ചാണ്. ഒരു കുട്ടി പന്തുമായി പോകുമ്പോള്‍ ആ പന്ത് പിച്ചിന്റെ പ്രശ്‌നം കൊണ്ട് അങ്ങോട്ടോ ഇങ്ങോട്ടോ പോകാന്‍ പാടില്ല. അതുപോലെ ഒരു പാസ് സ്വീകരിക്കുമ്പോള്‍ കാല്‍ എത്ര ഉയരത്തില്‍ പൊക്കണമെന്നും എവിടെ നിര്‍ത്തണമെന്നും നമുക്ക് അറിയാം. എന്നാല്‍ അത് നിരപ്പല്ലാത്ത, കുഴികളും മറ്റുമുള്ള പിച്ചാണെങ്കില്‍ പന്ത് നമ്മള്‍ വിചാരിക്കുന്ന തരത്തില്‍ നിയന്ത്രിക്കാനാകില്ല. അങ്ങനെയുള്ള പിച്ചല്ല ഇനി കളിക്കുന്ന കുട്ടികള്‍ക്ക് വേണ്ടത്. രാജ്യാന്തര നിലവാരത്തിലുള്ളതാണ്. എനിക്കിപ്പോള്‍ 26 വയസായി. ഇനി എന്റെ കളി മെച്ചപ്പെടുത്തുന്നതിന് ഒരു പരിധിയുണ്ട്. ഞാന്‍ ചെറുപ്പത്തില്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ മുതലുള്ള കാര്യങ്ങള്‍ ഇനി മെച്ചപ്പെടുത്തിയെടുക്കുക എന്നത് ശ്രമകരമാണ്. വളരെ കുറച്ച് മാത്രമേ മെച്ചപ്പെടുത്താനും സാധിക്കൂ. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വളര്‍ന്നുവരുന്ന കുട്ടികള്‍, അവര്‍ക്കാണ് വളരാനുള്ള സൗകര്യങ്ങള്‍ നമ്മള്‍ ഒരുക്കിക്കൊടുക്കേണ്ടത്. ഇപ്പോള്‍ എന്റെ കളിയിലെ കുറവുകള്‍ എന്താണെന്ന് എനിക്കറിയാം. അവ ഒരുപാടുണ്ട്, പലതും എനിക്ക് ചെറുപ്പത്തിലേ തിരുത്തിതരേണ്ടിയിരുന്നവയായിരുന്നു. അതോടൊപ്പം മികച്ച പരിശീലന മൈതാനങ്ങളില്‍ കളിച്ച് ഉണ്ടായി വരേണ്ട കാര്യങ്ങളും. എനിക്കിനി അവ മെച്ചപ്പെടുത്തുന്നതില്‍ ഒരു പരിധിയുണ്ട്. എന്നാല്‍ നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ കുട്ടികളുടെ കാര്യം അങ്ങനെയല്ല. നാട്ടില്‍ എത്ര കഴിവുള്ള കുട്ടികളാണുള്ളത്, പ്രത്യേകിച്ച് മലപ്പുറത്ത്. നമ്മള്‍ മെസ്സിയെ കുറിച്ചൊക്കെ പറയുന്നത് പോലെ നൈസര്‍ഗികമായ കഴിവുകളുള്ള ഒരുപാടുപേര്‍. ഞാന്‍ വൈകുന്നേരങ്ങളില്‍ കളി കാണനൊക്കെ പോകുമ്പോള്‍ കഴിവുള്ള എത്രയോ കുട്ടികളെ കാണാറുണ്ട്. പക്ഷേ അവരെല്ലാം ആരാലും കണ്ടെത്തപ്പെടാതെ പോകുകയാണ്. ഇനി ഏതെങ്കിലും അക്കാദമിയിലോ മറ്റോ അവര്‍ ചേര്‍ന്നു എന്നിരിക്കട്ടെ അവര്‍ക്ക് പരിശീലിക്കാന്‍ നല്ലൊരു ഗ്രൗണ്ട് ഇവിടെയുണ്ടോ. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ മികച്ചതാണ്. എല്ലാ കായിക ഇനങ്ങള്‍ക്കൊപ്പം ഫുട്‌ബോളും അവിടെയുണ്ട്. ഞാന്‍ പഠിച്ചതും അവിടെയാണ്. അവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്. താരങ്ങള്‍ക്ക് വേണ്ട മികച്ച ഭക്ഷണം, താമസം എന്നിവയെല്ലാം. ഒന്നൊഴികെ, ഫുട്‌ബോള്‍ പരിശീലനത്തിന് മികച്ച ഒരു മൈതാനം. അന്ന് മലപ്പുറം കൂട്ടിലങ്ങാടി ഗ്രൗണ്ടിലായിരുന്നു ഞങ്ങള്‍ പരിശീലിക്കാറ്. ഓരോ മീറ്ററിനുള്ളിലും രണ്ട് കുഴികള്‍ എങ്കിലും ഉണ്ടാകും. അത്തരം മൈതാനങ്ങളല്ല പരിശീലനത്തിനായി പുതിയ കുട്ടികള്‍ക്ക് വേണ്ടത്.
രാജ്യാന്തര താരങ്ങള്‍ക്ക് പോലും പരിശീലനം നടത്താന്‍ ഗ്രൗണ്ടില്ലാത്ത അവസ്ഥയാണോ കേരളത്തില്‍?
കോഴിക്കോട് സൂപ്പര്‍ കപ്പ് നടന്ന സമയത്ത് ഞങ്ങളുടെ ടീം (മോഹന്‍ ബഗാന്‍ ) കോഴിക്കോട്ടായിരുന്നു താമസിച്ചിരുന്നത്. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടായിരുന്നു ടീമുകള്‍ക്ക് പരിശീലനത്തിനായി നല്‍കിയിരുന്നത്. ഒരു ടീം പരിശീലിച്ച ശേഷം അടുത്ത ടീം, അത് കഴിഞ്ഞ് അടുത്ത ടീം അങ്ങനെയായിരുന്നു രീതി. അവിടെയാകട്ടെ നല്ല വെളിച്ചവും ഇല്ലായിരുന്നു. കല്ല്യാണ വീടുകളില്‍ ഉപയോഗിക്കുന്ന ലൈറ്റുകള്‍ താത്കാലികമായി ഒരു സ്റ്റാന്‍ഡില്‍ നിര്‍ത്തിയ തരത്തിലായിരുന്നു. അവിടത്തെ പിച്ചാണെങ്കിലും മോശം നിലവാരത്തിലുള്ളതായിരുന്നു. ഇന്ത്യയുടെയും ക്ലബ്ബുകളുടെയും ക്യാമ്പുകള്‍ ഇല്ലാത്ത സമയത്ത് നാട്ടില്‍ പരിശീലിക്കാന്‍ ഞങ്ങള്‍ ഐഎസ്എല്‍ താരങ്ങള്‍ക്ക് ഒരു ഗ്രൗണ്ടില്ല. മലപ്പുറത്ത് തന്നെ നിരവധി ഐഎസ്എല്‍ താരങ്ങളുണ്ട്. അണ്ടര്‍-19 തലത്തില്‍ ഇന്ത്യയ്ക്കായി കളിക്കുന്നവരും ഉണ്ട്. പലപ്പോഴും ഞങ്ങള്‍ ഒന്നിച്ച് തമ്മില്‍ ഭേദപ്പെട്ട സെവന്‍സ് ഗ്രൗണ്ടുകള്‍ വാടകയ്‌ക്കെടുത്താണ് പരിശീലിക്കാറ്. അത്തരം ഗ്രൗണ്ടുകളില്‍ പരിശീലിച്ചിട്ട് കാര്യമൊന്നുമില്ല. നമ്മുടെ നാട്ടില്‍ ഫുട്‌ബോള്‍ വളരണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ അവര്‍ ആലോചിക്കേണ്ടത് ഇക്കാര്യങ്ങളൊക്കെയാണ്.
Content Highlights: Not against Messi what is needed is good grounds for the growing kids to train Ashique Kuruniyan
Published: 06 Jul 2023, 01:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented