യുദ്ധമില്ലാത്ത ലോകമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. രാഷ്ട്രീയവും അതിര്‍ത്തി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ പോരടിക്കുമ്പോള്‍ അതില്‍ ചോര പൊടിയുന്നത് പാവങ്ങളുടേതാണ്. എന്നാല്‍, കളിക്കളത്തിലെ യുദ്ധങ്ങള്‍ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍. ഫുട്‌ബോളിലെ ക്ലബ്ബ് വൈരവും നഗര ഡെര്‍ബികളും അത്‌ലറ്റിക്‌സ് മത്സരങ്ങളിലെ പോരാട്ടവുമെല്ലാം കായികലോകം ആഘോഷിക്കുന്നതിനു പിന്നില്‍ ഈ ആസ്വാദനം തന്നെ. ക്രിക്കറ്റില്‍ ആഷസ് പരമ്പരയാണ് യുദ്ധസമാനമായിരുന്നത്. ഇന്ത്യ - പാകിസ്താന്‍ പോരാട്ടങ്ങള്‍ ആരാധകരുടെ മനസില്‍ യുദ്ധം തന്നെയായിരുന്നു. എന്നാല്‍, 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധവും അവസാനിച്ചു. പിന്നീട് ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ മാത്രമായി ഇന്ത്യ - പാക് പോരാട്ടങ്ങള്‍ ഒതുങ്ങി.

To advertise here,

ഇപ്പോള്‍ ആഷസിനൊപ്പമോ അതിനു മുകളിലോ ആണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്ന ബോര്‍ഡര്‍- ഗാവസ്‌ക്കര്‍ പരമ്പര. ഓസീസ് മണ്ണില്‍ നടന്ന 2018-ലെയും 2020-ലെയും പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയതോടെ ഈ പരമ്പരയുടെ ജനപ്രീതി പതിന്മടങ്ങായി. പോരാട്ടത്തിന്റെ എല്ലാ ചേരുവകളും അടങ്ങുന്നതായിരുന്നു പരമ്പരയിലെ കഴിഞ്ഞ മൂന്ന് ടെസ്റ്റുകളും. നാലാം ടെസ്റ്റിലും ആ പതിവ് തുടരുന്നു. അതില്‍ തന്റെ കരിയറിലെ ആദ്യ ടെസ്റ്റ് പരമ്പര കളിക്കുന്ന ഒരു 21-കാരന്‍ പയ്യന്‍ ഓസീസ് ടീമിനെയും ക്രിക്കറ്റ് ലോകത്തെയും ഒന്നാതെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്, നിതീഷ് കുമാര്‍ റെഡ്ഡിയെന്ന ആന്ധ്രക്കാരന്‍. മെല്‍ബണില്‍ ക്രിസ്മസ് പിറ്റേന്ന് (ബോക്‌സിങ് ഡേ) ആരംഭിച്ച നാലാം ടെസ്റ്റിലെ മൂന്നാം ദിനത്തിലെ താരം നിതീഷായിരുന്നു. ആവശ്യവുമില്ലാതിരുന്ന ഒരു ഷോട്ട് കളിച്ച് പുറത്തായ ഋഷഭ് പന്തിനെ മൂന്നാം ദിനത്തില്‍ നാം കണ്ടു. സ്റ്റുപ്പിഡെന്ന് തുറന്നടിച്ചാണ് സുനില്‍ ഗാവസ്‌ക്കര്‍ പന്ത് മോശം ഷോട്ട് കളിച്ച് പുറത്തായതിലുള്ള അരിശം തീര്‍ത്തത്. സാഹചര്യം മനസിലാക്കാതെ വിക്കറ്റ് വലിച്ചെറിഞ്ഞ പന്തിനോടുള്ള ദേഷ്യം എന്നിട്ടും അടങ്ങിയിരുന്നില്ല ഗാവസ്‌ക്കര്‍ക്ക്. അത്തരമൊരു സാഹചര്യത്തിലാണ് നിതീഷിന്റെ ഇന്നിങ്‌സ് ശ്രദ്ധേയമാകുന്നത്.

placeholder
സെഞ്ചുറി ആഘോഷിക്കുന്ന നിതീഷ് | Photo: AFP

പരമ്പരയില്‍ ഉടനീളം ബാറ്റുകൊണ്ട് സാമാന്യം ഭേദപ്പെട്ട പ്രകടനം തന്നെ നടത്തിയിട്ടുണ്ട് നിതീഷ്. പെര്‍ത്തില്‍ ഇന്ത്യ ജയിച്ച ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 150 റണ്‍സിലെത്തിച്ചത് എട്ടാമനായി ഇറങ്ങി 41 റണ്‍സെടുത്ത നിതീഷിന്റെ കന്നി ടെസ്റ്റ് ഇന്നിങ്‌സായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ അതിവേഗം 38 റണ്‍സടിച്ചുകൂട്ടിയും നിതീഷ് തിളങ്ങി. പിന്നാലെ അഡ്‌ലെയ്ഡില്‍ തോറ്റ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സിലും 42 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായത് നിതീഷ് തന്നെ. രണ്ടാം ഇന്നിങ്‌സിലും 42 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായെങ്കിലും അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ല. ഇതിനിടെ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ സന്നാഹ മത്സരത്തിലും 42 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി.

മികച്ച പ്രകടനങ്ങളോടെ നീതീഷ് ടീമിലെ സ്ഥാനം ചോദിച്ചുവാങ്ങുകയായിരുന്നു. മെല്‍ബണില്‍ പക്ഷേ, മികച്ച തുടക്കം സെഞ്ചുറിയിലേക്കെത്തിക്കാന്‍ നിതീഷിനായി. എട്ടാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറിനെ കൂട്ടുപിടിച്ച് നിതീഷ് കൂട്ടിച്ചേര്‍ത്ത 127 റണ്‍സാണ് മൂന്നാം ദിനത്തില്‍ ഇന്ത്യയ്ക്ക് രക്ഷയായത്. ഒന്നാം ഇന്നിങ്‌സില്‍ 474 റണ്‍സെടുത്ത ഓസീസിനെതിരേ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെന്ന ഭേദപ്പെട്ട നിലയില്‍ ഇന്ത്യ നില്‍ക്കുന്നതിന് കാരണം ആ 21-കാരന്‍ കാഴ്ചവെച്ച പോരാട്ടവീര്യം ഒന്നുമാത്രമാണ്. 176 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും 10 ഫോറുമടക്കം 105 റണ്‍സോടെ നിതീഷ് ക്രീസിലുണ്ട്.

placeholder
അർധ സെഞ്ചുറി നേടിയ ശേഷം പുഷ്പ് സ്റ്റൈൽ ആഘോഷത്തിൽ | Photo: AFP

സീം പൊസിഷനിങ്ങില്‍ നന്നായി ശ്രദ്ധിക്കുന്ന ബൗളര്‍മാര്‍ക്ക് ബാറ്റര്‍മാരെ വെള്ളംകുടിപ്പിക്കാന്‍ പറ്റുന്ന വിക്കറ്റുകളാണ് ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ ഓസ്‌ട്രേലിയയിലേത്. പലപ്പോഴും മൂടിക്കെട്ടിയ അന്തരീക്ഷവും ഈര്‍പ്പത്തിന്റെ സാന്നിധ്യവും പേസര്‍മാര്‍ക്ക് ഒരധിക മുന്‍തൂക്കം കിട്ടുന്നതിന് കാരണമാകാറുണ്ട്. ബൗളറുടെ കൈയിലെ പന്തിനെ കൃത്യമായി നോക്കി ഇന്‍സ്വിങ്ങറും ഔട്ട്‌സ്വിങ്ങറും മനസിലാക്കി കളിക്കുന്ന ടെക്‌നിക്കലി ബ്രില്യന്റായ ബാറ്റര്‍മാര്‍ക്ക് പോലും അപ്രതീക്ഷിതമായ ബൗണ്‍സ് ജഡ്ജ് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം കൂടിയാണ് ഈ സമയം ഓസ്‌ട്രേലിയയിലേത്. ക്ഷമയോടെ ക്രീസില്‍നിന്ന് പിച്ചിന്റെ സ്വഭാവം മനസിലാക്കി വേണം സ്‌കോറിങ് ഷോട്ടുകള്‍ക്ക് മുതിരാന്‍. ഷോര്‍ട്ട് ബോളുകള്‍ പുഷ്പം പോലെ കളിക്കുന്ന രോഹിത് ശര്‍മയ്ക്ക് ഒന്നാം ഇന്നിങ്‌സില്‍ സംഭവിച്ച പിഴവ് ഓര്‍ക്കുന്നില്ലേ. പേസും ബൗണ്‍സുമുള്ള ട്രാക്കിനോട് പൊരുത്തപ്പെടുക എന്നതാണ് ഇവിടെ ബാറ്റര്‍മാരുടെ ആദ്യ കടമ്പ. നിതീഷിന്റെ ഇന്നിങ്‌സിന് കൈയടിക്കേണ്ടതും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവരുടെ പന്തുകള്‍ക്കെതിരേ താരം പുറത്തെടുത്ത ക്ഷമയ്ക്കാണ്.

ഒന്നാം ഇന്നിങ്‌സില്‍ സാം കോണ്‍സ്റ്റാസിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ചവരാണ് പലരും. ജസ്പ്രീത് ബുംറയെന്ന ഒന്നാം നമ്പര്‍ ബൗളര്‍ക്കെതിരേ ഈ 19-കാരന്‍ പുറത്തെടുത്ത ആക്രമണോത്സുക ബാറ്റിങ് ശ്രദ്ധേയമായിരുന്നു. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നിതീഷിന്റെ സ്റ്റൈല്‍. കഴിഞ്ഞ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി തട്ടുപൊളിപ്പന്‍ ഇന്നിങ്‌സുകളും പിന്നാലെ ബംഗ്ലാദേശിനെതിരേ തകര്‍പ്പന്‍ ബാറ്റിങ്ങും കാഴ്ചവെച്ച നിതീഷ് നേരെ എത്തിപ്പെടുന്നത് ടെസ്റ്റില്‍ തനിക്ക് തീര്‍ത്തും അപരിചിതമായ സാഹചര്യത്തിലാണ്. യാതൊരു ഹൈപ്പുമില്ലാതെയായിരുന്നു താരത്തിന്റെ വരവ്.

കോണ്‍സ്റ്റാസിന്റെ ഷോട്ടുകള്‍ ഓരോന്നും ആക്രമണമായിരുന്നു. ഒടുവില്‍ രവീന്ദ്ര ജഡേജയുടെ ഒരു പന്ത് പ്രതിരോധിക്കാനുള്ള ശ്രമം പാളി വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയും ചെയ്തു. എന്നാല്‍, നിതീഷ് തീര്‍ത്തും വ്യത്യസ്തനാണ്. പന്തുകളെ അതിന്റെ മെറിറ്റിനനുസരിച്ച് നേരിടുന്ന ബാറ്റര്‍. ആക്രമണവും പ്രത്യാക്രമണവും ടൈറ്റ് ഡിഫന്‍സുമടക്കം വലുപ്പമുള്ളതാണ് നിതീഷിന്റെ ഷോട്ടുകളുടെ ശ്രേണി. അവ ഓരോന്നും തിരഞ്ഞെടുക്കുന്നത് പ്രത്യേക അളവുകോല്‍വെച്ചാണ്. അതു തന്നെയാണ് മികച്ച ഒരു ഇന്നിങ്‌സിലേക്ക് നയിച്ചതും. തുടക്കത്തില്‍ സ്റ്റാര്‍ക്കിന്റെയും കമ്മിന്‍സിന്റെയുമെല്ലാം പന്തുകളില്‍ ടൈറ്റ് ഡിഫന്‍സ് പുറത്തെടുത്ത നിതീഷിനെയാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ പന്തിന്റെ പഴക്കവും ഒപ്പം പിച്ചിലെ പേസും ബൗണ്‍സും മനസിലാക്കുകയും ചെയ്തതോടെ അറ്റാക്കിങ് ഷോട്ടുകളും കൂടുതല്‍ സ്‌കോറിങ് ഷോട്ടുകളും വന്നുതുടങ്ങി.

നേഥന്‍ ലയണിനെതിരെയും ട്രാവിസ് ഹെഡിനെതിരെയും സ്റ്റെപ്പ് ഔട്ട് ചെയ്ത് കളിക്കുന്ന നിതീഷിനെയും മൂന്നാം ദിനം കണ്ടു. കൃത്യമായ കണക്കുകൂട്ടലുകളാണ് ഓരോ ഷോട്ടിനു പിന്നിലും. നിതീഷ് അര്‍ധ സെഞ്ചുറിയോടടുക്കുമ്പോഴാണ് ഓസീസ് പുതിയ പന്തെടുക്കുന്നത്. ഒപ്പം മൂടിക്കെട്ടിയ അന്തരീക്ഷവും. അതോടെ കളിക്കാതെ ലീവ് ചെയ്യുന്ന പന്തുകളുടെ എണ്ണം കൂടി. ടൈറ്റ് ഡിഫന്‍സിലേക്ക് തിരിയുകയും ചെയ്തു.

ബാറ്റര്‍മാരുടെ ശക്തി- ദൗര്‍ബല്യങ്ങള്‍ കൃത്യമായി മനസിലാക്കി പന്തെറിയുന്നവരാണ് ഓസീസ് ബൗളര്‍മാര്‍. പ്രത്യേകിച്ചും പാറ്റ് കമ്മിന്‍സ്. അതിനായി അവര്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ പ്രയോഗിക്കും. നീതീഷിനെ ബാക്ക് ഫൂട്ടില്‍ കളിക്കാന്‍ പ്രേരിപ്പിച്ച ശേഷം 'നിപ് ബാക്കറുകള്‍' (ഓഫ് സ്റ്റമ്പിനു പുറത്തുകുത്തി അപ്രതീക്ഷിതമായി സ്വിങ് ചെയ്ത് വിക്കറ്റിലേക്ക് വരുന്ന പന്തുകള്‍) എറിയുക എന്നതായിരുന്നു കമ്മിന്‍സ് നടപ്പാക്കിയ തന്ത്രം. ബോളണ്ടും ഇതേ തന്ത്രം പുറത്തെടുത്തു. പ്രത്യേകിച്ചും രണ്ടാം ന്യൂബോള്‍ കിട്ടിയ ശേഷം. എന്നാല്‍, ഓഫ്സ്റ്റമ്പിന് തൊട്ടടുത്തായി ഗാര്‍ഡ് എടുത്ത ശേഷം ഒരു സ്‌റ്റെപ്പ് മുന്നോട്ടുകയറി പന്തുകളെ നേരിട്ടാണ് നിതീഷ് ഈ തന്ത്രം മറികടന്നത്. ഒപ്പം ഇരുകാലുകളും ക്രീസില്‍ ഉറപ്പിച്ച് പന്തിന്റെ അപ്രതീക്ഷിത വെട്ടിത്തിരിയലിനെതിരേ മുന്‍കരുതലെടുക്കുകയും ചെയ്തു. ഇടയ്ക്ക് കയറിവന്ന അപ്രതീക്ഷിത ബൗണ്‍സ് കാരണം പന്തുകള്‍ നിതീഷിന്റെ വയറിലും തോളിലുമെല്ലാം ഇടിക്കുന്നതും കാണാമായിരുന്നു.

placeholder
കമ്മിൻസിന്റെ ബൗൺസറിൽ നിന്ന് ഒഴിഞ്ഞുമാറുന്ന നിതീഷ് | Photo: AFP​​​​​

നിപ് ബാക്കര്‍ ശ്രമം പരാജയപ്പെട്ടതോടെ കമ്മിന്‍സ് ബൗണ്‍സര്‍ പ്രയോഗത്തിലേക്ക് കടന്നു. ലെങ്ത് അധികം ഷോര്‍ട്ട് ആക്കാതെ എറിയുന്ന ബൗണ്‍സറുകള്‍ക്ക് അപകടസാധ്യത കൂടുതലാണ്. ബാറ്റര്‍ക്ക് അവ മുന്നോട്ടാഞ്ഞ് പ്രതിരോധിക്കാനോ ഷോട്ട് കളിക്കാനോ സാധിക്കില്ല. ലെങ്ത് അല്‍പം ഫുള്‍ ആണെങ്കില്‍ മാത്രമാണ് ഇതിന് സാധിക്കുക. ശുഭ്മാന്‍ ഗില്ലിനെതിരേ ഓസീസ് പേസര്‍മാര്‍ ആവര്‍ത്തിച്ച് പരീക്ഷിക്കുന്ന പന്ത്. ഇത്തരത്തില്‍ ഇരുഭാഗത്തേക്കും ചലിക്കുന്ന പന്തിനെ മുന്നോട്ടാഞ്ഞോ കാല്‍വിരലുകളില്‍ ഉയര്‍ന്നുനിന്നോ പഞ്ച് ചെയ്യുക എന്നത് മാത്രമാണ് നിതീഷിന് ചെയ്യാന്‍ സാധിക്കുക. അതൊട്ടും എളുപ്പമല്ലാത്ത കാര്യവുമാണ്. ഈ പരീക്ഷണത്തെയും അതിജീവിച്ചു. നിതീഷിന്റെ ഗെയിമിന്റെ പ്രത്യേകതയും അതുതന്നെയാണ്. പന്തിനു നേര്‍ക്ക് പെട്ടെന്ന് മുന്നോട്ടായാനും അതുപോലെതന്നെ പിന്‍വാങ്ങി ബാക്ക് ഫൂട്ടില്‍ പന്ത് പഞ്ച് ചെയ്യാനും അനായാസം സാധിക്കുന്നു.

ആത്മവിശ്വാസം ലഭിച്ചതോടെ ബൗണ്‍സറുകള്‍ കൊണ്ട് ബുദ്ധിമുട്ടിച്ച ബോളണ്ടിനെതിരേ നിതീഷ് ഒരു റിവേഴ്‌സ് റാമ്പ് ഷോട്ടിന് ശ്രമിച്ചെങ്കിലും കണക്റ്റായില്ല. ഏതാനും പന്തുകള്‍ക്കു ശേഷം കിടിലനൊരു കവര്‍ ഡ്രൈവ് ആ ബാറ്റില്‍നിന്ന് പിറന്നു. ഉച്ചഭക്ഷണത്തിനു പിന്നാലെ കമ്മിന്‍സ് വീണ്ടും ബൗണ്‍സര്‍ ആക്രമണം ശക്തമാക്കി. ഇത്തവണ നിപ്പ് ബാക്കറുകള്‍ അധികം ഇല്ലായിരുന്നു. എന്നാല്‍, ഓഫ് സ്റ്റമ്പ് ലൈനില്‍ പന്തെറിഞ്ഞ് വിക്കറ്റെടുക്കാനുള്ള വഴി നോക്കുകയായിരുന്നു. ആ അപകടത്തെയും നിതീഷ് അതിജീവിച്ചു.

placeholder
സ്കോട്ട് ബോളണ്ടിന്റെ പന്ത് ദേഹത്ത് തട്ടിയ ശേഷം  | Photo: AFP

ഈ പരമ്പരയിൽ നേതന്‍ ലയണിനെ ഇത്രയധികം ആക്രമിച്ച മറ്റൊരു ഇന്ത്യന്‍ ബാറ്ററില്ല. പെര്‍ത്ത് ടെസ്റ്റ് മുതല്‍ ലയണിനുമേല്‍ നിതീഷ് ആധിപത്യം പുലര്‍ത്തുകയാണ്. സ്റ്റെപ്പ് ഔട്ട് ചെയ്തും ഡ്രൈവുകളും കട്ടുകളുമായി മെല്‍ബണിലും ലയണിനെ നിതീഷ് നിലംതൊടീച്ചില്ല. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ ഒരു ബാറ്റര്‍ എടുക്കേണ്ട എല്ലാ മുന്‍കരുതലും അടങ്ങുന്നതായിരുന്നു നിതീഷിന്റെ ഇന്നിങ്‌സ്. പേസും ബൗണ്‍സുമുള്ള ട്രാക്കിനോട് പെട്ടെന്നുതന്നെ പൊരുത്തപ്പെടുകയും അപ്രതീക്ഷിത ബൗണ്‍സില്‍ അതീവ ശ്രദ്ധചെലുത്തുകയും ചെയ്തു. ഗാര്‍ഡ് എടുത്ത്, ഓഫ് സ്റ്റമ്പിന്റെ സ്ഥാനം കൃത്യമായി മനസിലാക്കിയുള്ള ഷോട്ട് സെലക്ഷനും പന്ത് കളിക്കാതെ വിടുന്നതിലുമെല്ലാം കൃത്യമായ കണക്കുകൂട്ടലുണ്ടായിരുന്നു നിതീഷിന്.

പഴകിയ പന്ത് കളിക്കുമ്പോഴും പിന്നീട് ഓസീസ് ന്യൂ ബോള്‍ എടുത്തപ്പോഴുമെല്ലാം ആവശ്യമായ മുന്‍കരുതലെടുത്തായിരുന്നു ബാറ്റിങ്. എല്ലാറ്റിലുമുപരി, ടീമിനെ തന്നെ രക്ഷിക്കാന്‍പോന്ന കൂട്ടുകെട്ടുണ്ടാക്കാനും നിതീഷിനായി. മുന്‍മത്സരങ്ങളിലെല്ലാം ബാറ്റിങ് തകര്‍ച്ചയ്ക്കിടെ ക്രീസിലെത്തി ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കാനുള്ള ശ്രമം അഭിനന്ദനീയമാണ്. കരിയറിലെ നാലാമത്തെ മാത്രം ടെസ്റ്റ് വെച്ച് ഒരു താരത്തെ വിലയിരുത്താന്‍ പ്രയാസമാണ്. എങ്കിലും മധ്യനിരയില്‍ വിശ്വാസമര്‍പ്പിക്കാന്‍ പോന്ന ഒരു ബാറ്ററെ ടീം ഇന്ത്യയ്ക്ക് ലഭിച്ചുവെന്ന് അഭിമാനിക്കാം.