കാൻബറ: ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് 19 റൺസിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരുടീമും ഒപ്പമെത്തി (1-1). കാൻബറയിലെ മനുക ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റിന് 163 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 88 റൺസ് നേടിയ ജോർജിയ വോൾ ആണ് പ്ലെയർ ഓഫ് ദി മാച്ച്.

To advertise here,

ആദ്യം ബാറ്റുചെയ്ത ഓസീസിന് ഓപ്പണർമാരായ ജോർജിയ വോളും ബേത്ത് മൂണിയും മികച്ച തുടക്കം നൽകി. 57 പന്തിൽ 11 ഫോറുകളും ഒരു സിക്‌സുമടക്കം 88 റൺസ് നേടിയ ജോർജിയയാണ് ഓസീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ബേത്ത് മൂണി 46 റൺസ് നേടി മികച്ച പിന്തുണ നൽകി. ഒന്നാംവിക്കറ്റിൽ ഇരുവരും 128 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഇന്ത്യക്കായി അരുന്ധതി റെഡ്ഢി രണ്ടുവിക്കറ്റുകൾ വീഴ്ത്തി.

164 റൺസ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (36), സ്മൃതി മന്ദാന (31), ഷഫാലി വർമ (29) എന്നിവർ പൊരുതിയെങ്കിലും മധ്യനിര തകർന്നത് തിരിച്ചടിയായി. അവസാന ഓവറുകളിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഓസീസ് ബൗളർമാർ ഇന്ത്യയുടെമേൽ സമ്മർദം ചെലുത്തി. ഓസ്ട്രേലിയയ്ക്കായി കിം ഗാർത്ത്, അന്നാബെൽ സതർലൻഡ്, സോഫി മോളീനക്‌സ് എന്നിവർ രണ്ടുവീതം വിക്കറ്റുകൾ വീഴ്ത്തി.