പ്രായം 25-ല്‍ എത്തിയതേയുള്ളൂ നീരജ് ചോപ്രയ്ക്ക്. കായികരംഗത്ത് പലരും കരിയറില്‍ ഉയര്‍ന്നുവരുന്ന സമയം. ഈ 25 വയസിനുള്ളില്‍ നീരജ് ചോപ്രയെന്ന ഹരിയാണക്കാരന്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ പകരംവെയ്ക്കാനാകാത്തതാണ്. ഏഷ്യന്‍ ഗെയിംസിലെയും ഒളിമ്പിക്‌സിലെയും ഡയമണ്ട് ലീഗിലെയും കോമണ്‍വെല്‍ത്ത് ഗെയിംസിലെയും സ്വര്‍ണ നേട്ടം പിന്നിട്ട് ഇപ്പോള്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണത്തിളക്കം മാറിലണിഞ്ഞിരിക്കുകയാണ് നീരജ്. ചരിത്രത്തില്‍ ലോക അത്‌ലറ്റിക്‌സില്‍ തുടര്‍ച്ചയായി രണ്ട് മെഡലുകളും. ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കിയ മറ്റൊരു അത്‌ലറ്റുമില്ല ഇന്ത്യ രാജ്യത്ത്. അതും  25 വയസിനുള്ളില്‍. ഏഷ്യന്‍ ഗെയിംസും ഒളിമ്പിക്‌സുമെല്ലാം മുന്നില്‍നില്‍ക്കേ നീരജിന്റെ ഷെല്‍ഫില്‍ ഇനിയും മെഡലുകള്‍ നിറയുമെന്നതില്‍ സംശയമില്ല.

To advertise here,

അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒരേസമയം ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവുമാകുന്ന ഇന്ത്യന്‍ താരമെന്ന നേട്ടംകൂടിയുണ്ട് നീരജിന്. 23-ാം വയസില്‍ ഒളിമ്പിക് സ്വര്‍ണം, ഇപ്പോള്‍ 25-ാം വയസില്‍ ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണവും.

യാദൃശ്ചികമായി ജാവലിനിലേക്ക്

ഹരിയാണയിലെ പാനിപ്പത്തിൽനിന്ന്‌ 15 കിലോ മീറ്റര്‍ അകലെയുള്ള കാന്ദ്രയാണ് നീരജിന്റെ നാട്. കുടുംബത്തിലെ ആദ്യ കുട്ടിയായതിനാല്‍ തന്നെ മുത്തശ്ശിയും വീട്ടുകാരും സ്‌നേഹം ഭക്ഷണത്തിന്റെ രൂപത്തില്‍ നീരജിന് ആവേളം പകര്‍ന്നു. ഫലമോ 11 വയസ്സിലെത്തിയപ്പോഴേക്കും നീരജിന്റെ ഭാരം 80 കിലോ കടന്നു. സ്‌കൂളിലും മറ്റും ടെഡ്ഡി ബെയര്‍, പൊണ്ണത്തടിയന്‍ വിളികള്‍ കൂടിയതോടെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി നീരജ് പാനിപ്പത്തിലുള്ള ജിമ്മില്‍ ചേര്‍ന്നു. ബസില്‍ ജിമ്മിലേക്കുള്ള യാത്രയ്ക്കിടെ യാദൃശ്ചികമായാണ് അവന്‍ ശിവാജി സ്റ്റേഡിയത്തില്‍ ജാവലിന്‍ ത്രോ പരിശീലനം നടത്തുന്ന അത്‌ലറ്റുകളെ കണ്ടത്. ജാവലിന്‍ ത്രോ താരം ജയ്‌വീറിനെ പരിചയപ്പെടുന്നതോടെയാണ് കരിയറില്‍ നിര്‍ണായകമായത്.

ആദ്യ മെഡല്‍

2012-ല്‍ ലഖ്‌നൗവില്‍ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലായിരുന്നു ആദ്യ സ്വര്‍ണ നേട്ടം. അന്ന് 68.46 മീറ്റര്‍ എറിഞ്ഞ് ദേശീയ റെക്കോഡും തിരുത്തി. 2013-ല്‍ പക്ഷേ പ്രകടനം മോശമായതിന് പിന്നാലെ വിദേശത്ത് പരിശീലനത്തിനായി ശ്രമിച്ചു. അങ്ങനെയാണ് ലോക റെക്കോഡുകാരനായ ഉവെ ഹോഹ്ന, വെര്‍ണര്‍ ഡാനിയല്‍സ്, ഗാരി കാല്‍വേര്‍ട്ട്, ക്ലൗസ് ബര്‍ട്ടോനിയെറ്റ്‌സ് എന്നിവരുടെ കീഴില്‍ നീരജ് പരിശീലിച്ചത്. 2016-ല്‍ പോളണ്ടില്‍ നടന്ന ലോക അണ്ടര്‍-20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി. 86.48 മീറ്റര്‍ എറിഞ്ഞ് ലോക ജൂനിയര്‍ റെക്കോഡും സ്വന്തമാക്കി.

കോമണ്‍വെല്‍ത്ത് ഗെയിംസ്

2018-ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിനില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി.

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസിനു പിന്നാലെ 2018-ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 88.06 മീറ്റര്‍ എറിഞ്ഞ് ജാവലിനില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി. സ്വന്തം ദേശീയ റെക്കോഡും ആ പ്രകടനത്തോടെ താരം തിരുത്തി.

ഒളിമ്പിക്‌സിലെ ചരിത്ര നേട്ടം

2021 ഓഗസ്റ്റ് ഏഴ് വരെ രണ്ട് നഷ്ടങ്ങളായിരുന്നു ഒളിമ്പിക് അത്ലറ്റിക് ചരിത്രത്തിലെ ഇന്ത്യയുടെ നേട്ടങ്ങള്‍. ഒന്ന് 1960-ലെ മില്‍ഖാ സിങ്ങിന്റേത്. മറ്റൊന്ന് സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ വിലയറിഞ്ഞ 1984 ലോസ് ആഞ്ജലീസിലെ പയ്യോളി എക്‌സ്പ്രസ് പി.ടി.ഉഷയുടേത്. കണ്ണീരില്‍ കുതിര്‍ന്ന ഈ രണ്ട് നഷ്ടങ്ങളേയുമാണ് ടോക്യോയില്‍ ജാവലിന്‍ 87.58 മീറ്റര്‍ ദൂരേയ്ക്ക് പായിച്ച് നീരജ് ചോപ്ര എന്ന സൈനികന്‍ പഴങ്കഥയാക്കിയത്. ഇന്ത്യയുടെ ആദ്യ ഒളിമ്പിക് സ്വര്‍ണത്തിനൊപ്പം ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയായിരുന്നു അത്.

ഒന്നരക്കോടിയുടെ ജാവലിന്‍

ലോകത്തിലെ പ്രമുഖ അത്‌ലറ്റിക്‌സ് ഉപകരണ നിര്‍മാതാക്കളാണ് നോര്‍ഡിക് സ്പോര്‍ട്സ്. അവര്‍ സാധാരണ നിര്‍മിക്കാറുള്ള ഫ്ളൂറസെന്റ് ഗ്രീന്‍ നിറത്തിലുള്ള വല്‍ഹല്ല 800 എന്‍.എക്സ്.എസ് ജാവലിന് 80,000 രൂപയ്‌ക്കെടുത്താണ് വില. എന്നാല്‍ 2021-ല്‍ അവര്‍ നിര്‍മിച്ച ഒരു ജാവലിന്‍ ചെന്ന് തറച്ചത് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ കായിക ചരിത്രത്തിലേക്കായിരുന്നു. ടോക്യോയില്‍ നീരജ് ചോപ്രയെന്ന ഹരിയാണക്കാരന്‍ ഇന്ത്യയ്ക്കായി ആ ചരിത്ര സ്വര്‍ണം എറിഞ്ഞിട്ടത് നോര്‍ഡിക് സ്പോര്‍ട്സ് നിര്‍മിച്ച ആ ജാവലിന്‍ ഉപയോഗിച്ചായിരുന്നു. ചരിത്ര നേട്ടത്തിനു പിന്നാലെ നീരജ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച ആ ജാവലിന്‍ കഴിഞ്ഞ വര്‍ഷം ലേലത്തില്‍വെച്ചു. ഒന്നരക്കോടി രൂപയ്ക്ക് ബിസിസിഐ ആണ് ആ ജാവലിന്‍ ലേലത്തില്‍ സ്വന്തമാക്കിയത്.

2022 സൂറിച്ച് ഡയമണ്ട് ലീഗ് സ്വര്‍ണം

88.44 മീറ്റര്‍ ദൂരം കുറിച്ചാണ് സൂറിച്ച് ഡയമണ്ട് ലീഗില്‍ നീരജ് സ്വര്‍ണം സ്വന്തമാക്കിയത്. ഇതോടെ ലോക അത്ലറ്റിക്സിലെ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ഡയമണ്ട് ലീഗ് ലീഗ് ഫൈനലില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രവും നീരജ് എഴുതിച്ചേര്‍ത്തു.

2023 ദോഹ ഡയമണ്ട് ലീഗ് സ്വര്‍ണം

ദോഹ ഡയമണ്ട് ലീഗില്‍ ആദ്യ ശ്രമത്തില്‍ തന്നെ 88.67 മീറ്റര്‍ ദൂരം കണ്ടെത്തിയായിരുന്നു നീരജിന്റെ സ്വര്‍ണ നേട്ടം.

19 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച യൂജിനിലെ മെഡല്‍

2022 ജൂലായില്‍ യൂജിനില്‍ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ എറിഞ്ഞിട്ട നീരജ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാകുകയും ചെയ്തു. ഫൈനലില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് താരം വെളളിയണിഞ്ഞത്. 2003 പാരീസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ചാടി വെങ്കലം നേടിയ മലയാളിയായ ലോങ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജിന് ശേഷം ലോക അത്‌ലറ്റിക്സില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡല്‍ മാത്രമായിരുന്നു ഇത്. 90.54 മീറ്റര്‍ എറിഞ്ഞ ഗ്രാനഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സിനായിരുന്നു സ്വര്‍ണം. അന്ന് ആന്‍ഡേഴ്സന്‍ പീറ്റേഴ്സിനോട് 2.41 മീറ്റര്‍ ദൂരത്തില്‍ നഷ്ടമായ ആ സ്വര്‍ണത്തിളക്കമാണ് ഒരു വര്‍ഷത്തിനിപ്പുറം ബുഡാപ്പെസ്റ്റില്‍ നീരജ് മാറിലണിഞ്ഞിരിക്കുന്നത്.

പല കായിക താരങ്ങളുടെയും കരിയര്‍ തന്നെ ആരംഭിക്കുന്ന 25 വയസിനുള്ളില്‍ താരതമ്യത്തിന് പോലും അവസരം നല്‍കാനാകാത്തത്ര നേട്ടങ്ങള്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് നീരജ്. 90 മീറ്ററെന്ന സ്വപ്‌ന ദൂരമാണ് തന്റെ ലക്ഷ്യമെന്ന് നീരജ് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. അയാള്‍ക്കൊപ്പം 140 കോടി ജനങ്ങളും കാത്തിരിക്കുകയാണ് പുതിയ മാമാങ്ക വേദികളില്‍ അയാള്‍ ത്രിവര്‍ണ പതാക ഉയരെ പാറിക്കുന്നത് കാണാന്‍.