
മെഡിക്കൽ പഠനം ഉപേക്ഷിച്ച് അത്ലറ്റിക്സിന്റെ വഴിയിലെത്തിയ താരമാണ് മുരളി ശ്രീശങ്കർ. ഒരു ഘട്ടത്തിൽ പരിക്ക് കരിയർ തന്നെ അവസാനിപ്പിച്ചേക്കുമെന്ന് തോന്നിച്ച നിമിഷത്തിൽ കോമൺവെൽത്ത് ഗെയിംസ് വെള്ളിയിലൂടെ വൻ തിരിച്ചുവരവ് നടത്തിയ യുവാവ്. ജപ്പാനിലെ നഗോയയിലും ആ മികവ് ശ്രീശങ്കർ ആവർത്തിച്ചു. പരിക്കേറ്റതോടെ ആകെ നാല് ശ്രമങ്ങൾമാത്രം നടത്തി വെള്ളിയിലേക്കുള്ള ദൂരം പിന്നിട്ട് ഇന്ത്യയുടെ അഭിമാനമായി. ടി.സി യോഹന്നാനുശേഷം ലോങ് ജമ്പ് അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയ്ക്ക് മേൽവിലാസമുണ്ടാക്കി കൊടുത്തു.
അത്ലറ്റുകളായ മാതാപിതാക്കളുടെ അതേ പാതയിലൂടെയാണ് ശ്രീശങ്കറും യാത്ര ചെയ്തത്. അച്ഛൻ റെയിൽവേ ജീവനക്കാരനായ എസ് മുരളി നാഷണൽ മീറ്റിലും ഇന്റർ റെയിൽവേ മീറ്റിലും ട്രിപ്പിൾ ജമ്പ് ജയിച്ച് ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയ അത്ലറ്റാണ്. ബെയ്ജിങ്ങിൽ നടന്ന ജൂനിയർ ഏഷ്യൻ മീറ്റിൽ മധ്യദൂര ഓട്ടക്കാരിയായിരുന്നു അമ്മ ബിജിമോൾ. കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിയായിരിക്കെയാണ് ശ്രീശങ്കർ ലോങ് ജമ്പിൽ റെക്കോർഡ് നേട്ടംകുറിച്ച് ലോക ജൂനിയർ താരങ്ങൾക്കൊപ്പം കുതിച്ചുയരുന്നത്. കൊച്ചിയിൽ 2016 ഒക്ടോബറിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ 7.62 മീറ്റർ എന്ന റെക്കോഡ് ദൂരം കുറിച്ചാണ് ശ്രീശങ്കർ അണ്ടർ 18 ലോക റാങ്കിങ്ങിൽ അഞ്ചാമനായത്. കോയമ്പത്തൂരിൽ നടന്ന ദേശീയ ജൂനിയർ മീറ്റിലും ശ്രീശങ്കറിനായിരുന്നു ലോങ് ജംപിൽ സ്വർണം.
പതിനെട്ടാം വയസിൽ ഫെഡറേഷൻ കപ്പിൽ പുറത്തെടുത്ത പ്രകടനം ശ്രീശങ്കറിനെ ശ്രദ്ധേയനാക്കി. അന്ന് 7.99 മീറ്റർ ദൂരം പിന്നിട്ട് 18-കാരൻ ജൂനിയർ ദേശീയ റെക്കോർഡ് സ്ഥാപിച്ചു. ഇതിനിടയിൽ സ്‌പോർട്‌സ് ക്വാട്ടയിൽ രണ്ടാം റാങ്കോടെ എംബിബിഎസിന് സീറ്റ് ലഭിച്ചെങ്കിലും അത് വേണ്ടെന്ന് വെച്ചു. പകരം പാലക്കാട് എൻഎസ് എസ് കോളേജിൽ എഞ്ചിനീയറിങ്ങിന് ചേർന്ന് പഠനവും പരിശീലനവും തുടർന്നു. പ്ലസ് ടുവിന് മികച്ച മാർക്ക് വാങ്ങിയ മകൻ എംബിബിഎസ് വേണ്ടെന്നുവെച്ചപ്പോൾ കായികതാരങ്ങളായ അച്ഛനും അമ്മയും രണ്ടാമതൊന്ന് ആലോചിച്ചില്ല. അവർ എല്ലാ പിന്തുണയുമായി കൂടെ നിന്നു.
2018-ൽ ഭുവനേശ്വറിൽ നടന്ന നാഷണൽ ഓപ്പൺ മീറ്റിൽ ദേശീയ റെക്കോർഡ് തിരുത്തണി ശ്രീശങ്കർ സ്വർണം നേടി. 8.20 മീറ്റർ ദൂരമാണ് പാലക്കാട്ടുകാരൻ പിന്നിട്ടത്. അസുഖം കാരണം മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചിടത്ത് നിന്ന് തിരിച്ച് പിറ്റിലെത്തിയ ശേഷമാണ് അന്ന് റെക്കോർഡിട്ടത്. പരിശീലകനായി കൂടെയുള്ള അച്ഛൻ മുരളി തന്നെയായിരുന്നു പിന്തുണ. ഇടക്കാലത്ത് തിരുവനന്തപുരത്ത് ജർമൻ കോച്ച് ബുഡ്റോസിയന്റെ കീഴിലും പരിശീലനം നേടിയ ശ്രീശങ്കർ അഞ്ചാമത്തെ ചാട്ടത്തിലാണ് റെക്കോർഡോടെ സ്വർണം നേടിയത്. പട്യാല ഫെഡറേഷൻ കപ്പിൽ കുറിച്ച 7.99 മീറ്ററായിരുന്നു അതുവരെയുള്ള മികച്ച പ്രകടനം.
എന്നാൽ പിന്നീട് ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ആറാം സ്ഥാനവും ടോക്കിയോ ഒളിമ്പിക്‌സിൽ 24-ാം സ്ഥാനവുമായി തൃപ്തിപ്പെടേണ്ടി വന്നു.
പിന്നീട് 2022-ലാണ് ശ്രീശങ്കറിന്റെ തലവര തെളിഞ്ഞത്. ബെർമിങ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 8.08 മീറ്റർ ദൂരം പിന്നിട്ട് വെള്ളി നേടി. ഇതോടെ ഏഷ്യൻ ഗെയിംസിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ലോങ് ജമ്പ് താരമായി. പിന്നാലെ ഹാങ്ചൗവിൽ നടന്ന ഏഷ്യൻ ഗെയിംസിലും എല്ലാവരെയും ഞെട്ടിച്ചു. അന്ന് 8.19 മീറ്റർ പിന്നിട്ടാണ് വെള്ളി കഴുത്തിലണിഞ്ഞത്. 43 വർഷത്തിനുശേഷം ഇന്ത്യ ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ നേടുന്ന മെഡൽ കൂടിയായിരുന്നു അത്.
2023-ൽ വികാസ് ഗൗഡയ്ക്കും നീരജ് ചോപ്രയ്ക്കുംശേഷം ഡയമണ്ട് ലീഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നിൽ എത്തുന്ന അത്‌ലറ്റായും ശ്രീശങ്കർ മാറി.
ആ സീസണിൽ ശ്രീശങ്കർ മികച്ച ഫോമിലായിരുന്നു. ഭുവനേശ്വറിൽ നടന്ന നാഷണൽ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ 8.41 മീറ്ററാണ് പിന്നിട്ടത്. 2023 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 8.37 മീറ്റർ പിന്നിട്ട് പാരിസ് ഒളിമ്പിക്സിനും യോഗ്യത നേടി. ഇതോടെ ഒളിമ്പിക്സ് ലോങ്ജമ്പിൽ ഒരു മെഡൽ എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാൽ പരിശീലനത്തിനിടയിൽ കാൽമുട്ടിനേറ്റ പരിക്ക് വില്ലനായി. ഒളിമ്പിക്സിൽ നിന്ന് പിന്മാറേണ്ടി വന്നു. കരിയർ തന്നെ അവസാനിച്ചു എന്നുവരെ എല്ലാവരും കരുതി. പക്ഷേ അവിടെ നിന്ന് മനോഹരമായ ഒരു തിരിച്ചുവരവാണ് പിന്നീട് കണ്ടത്.
ഫ്രഞ്ച് ഡോക്ടർ ബ്രൂണോ ഒലോറിയുടെ നേതൃത്വത്തിൽ ദോഹയിൽ ശസ്ത്രക്രിയ. പിന്നാലെ ബെല്ലാരിയിലെ ജെ.എസ്.ഡബ്ല്യു. അക്കാദമിയിൽ തുടർന്നുള്ള ചികിത്സയും പരിശീലനവും. കഴിഞ്ഞ സീസണിൽ ജമ്പിങ് പിറ്റിലേക്ക് ശ്രീശങ്കർ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ ഏപ്രിലിൽ നടന്ന വേൾഡ് അത്ലറ്റിക്സ് കോണ്ടിനെന്റൽ ടൂർ അത്ലറ്റിക്സിൽ 8.12 മീറ്റർ ചാടി സ്വർണം നേടി മികച്ച തിരിച്ചുവരവും നടത്തി. ഇന്റർ സ്റ്റേറ്റ് മീറ്റിൽ 8.38 മീറ്റർ ദൂരവും കണ്ടെത്തി. പിന്നാലെ ഗ്ലാസ്‌ഗോയിൽ തന്റെ തുടർച്ചയായ രണ്ടാം കോമൺവെൽത്ത് ഗെയിംസ് വെള്ളിയും സ്വന്തമാക്കി. രണ്ടാം ശ്രമത്തിൽ 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ അന്ന് വെള്ളി നേടിയത്്. ഇപ്പോഴിതാ രണ്ട് മാസങ്ങൾക്കുശേഷം നഗോയ ഏഷ്യൻ ഗെയിംസിലും ശ്രീശങ്കർ മറ്റൊരു വെള്ളി കഴുത്തിലണിഞ്ഞിരിക്കുന്നു. ഒരുപക്ഷേ ആ നാലാം ശ്രമത്തിൽ പരിക്കേറ്റ് പിന്മാറിയില്ലായിരുന്നെങ്കിൽ ഒരു സ്വർണം തന്നെ 27-കാരൻ ചാടിയെടുത്തേനെ....
Content Highlights: Murali Sreeshankar left medical studies (MBBS) to pursue a career in athletics., Overcame a career-threatening knee injury that forced him to miss the Olympics., Successfully returned to form with stellar performances at international events including the Nagoya Asian Games and Commonwealth Games.
Published: 28 Sept 2026, 09:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented