റ്റൊരു ഫുട്ബോൾ ലോകകപ്പു കൂടി കഴിഞ്ഞു. പതിവുപോലെ ആ ചോദ്യം വീണ്ടും ഉയരുന്നു- കഷ്ടിച്ചു രണ്ടു ലക്ഷം മാത്രം ജനസംഖ്യയുള്ള കുറസാവോ ദ്വീപിന് യോഗ്യത നേടാൻ പറ്റുന്ന ലോകകപ്പിൽ 150 കോടി ജനസംഖ്യയുള്ള ഇന്ത്യയ്ക്ക് കയറിപ്പറ്റാൻ കഴിയാത്തതെന്താണ്? ഇന്ത്യക്കാരുടെ ജനിതകപരമോ ആരോഗ്യപരമോ ആയ കാരണങ്ങളാണോ പിന്നാക്കാവസ്ഥയ്ക്ക് കാരണം? അത്ലറ്റിക്സ്, ടെന്നിസ്, ഷട്ടിൽ ബാഡ്മിന്റൻ, ബോക്സിങ്, ഷൂട്ടിങ്, ഹോക്കി, ക്രിക്കറ്റ് തുടങ്ങി വിവിധ കായിക ഇനങ്ങളിൽ മുന്നേറുന്ന രാജ്യത്തിന് ഫുട്ബോൾ നേട്ടങ്ങൾ ഇപ്പോഴും വളരെ വിദൂരമായിരിക്കുന്നതെന്തു കൊണ്ടാണ്?

To advertise here,

രഞ്ജീത് ബജാജും അദ്ദേഹത്തിന്റെ മിനർവ അക്കാദമിയിലെ ശിഷ്യരും നേടുന്ന വിജയങ്ങൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നുണ്ട്. സ്പെയിനിൽ നടന്ന പ്രശസ്തമായ എംഐസി (മെഡിറ്ററേനിയൻ ഇന്റർനാഷണൽ) കപ്പിൽ മിനർവയുടെ യൂത്ത് ടീം ലോക ഫുട്ബോളിലെ തന്നെ വമ്പന്മാരായ ലിവർപൂൾ എഫ്സിയുടെ അക്കാദമി ടീമിനെ എതിരില്ലാത്ത ആറുഗോളുകൾക്ക് തകർത്തു. ആഴ്ചകൾക്ക് ശേഷം, സ്വീഡനിൽ കൗമാരക്കാരുടെ ലോകകപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗോഥിയ കപ്പിലെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ട് ടീമിനെ എതിരില്ലാത്ത പന്ത്രണ്ട് ഗോളിന് തകർത്തു. ഫൈനലിൽ കരുത്തരായ ബ്രസീലിയൻ ടീമിനെ തോൽപ്പിച്ച് മിനർവ തുടർച്ചയായ രണ്ടാംതവണ ഗോഥിയ കിരീടം നിലനിർത്തി. ഫിൻലൻഡിലെ ഹെൽസിങ്കി കപ്പിലും ഡെന്മാർക്കിലെ ഡാന കപ്പിലും അവർ അപരാജിതമായ കുതിപ്പ് തുടർന്നു.

ലോകത്തിലേക്കും മികച്ച ഫുട്ബോൾ അക്കാഡമികളിൽനിന്നുള്ള ടീമുകളെയാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ കീഴ്പ്പെടുത്തിയത്. പ്രശ്നം ഇന്ത്യക്കാരുടെ കഴിവിലോ തടിമിടുക്കിലോ ജനിതകത്തിലോ അല്ല. കളിക്കാരെ ചെറുപ്പത്തിലേ കണ്ടെത്തി അവർക്ക് മികച്ച പരിശീലനവും സൗകര്യങ്ങളും ഉറപ്പാക്കാത്തതാണെന്ന് വിളിച്ചു പറയുകയാണ് ബജാജിന്റെ കുട്ടികൾ. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ചെയ്യേണ്ട പണിയാണ് അദ്ദേഹം ചെയ്യുന്നത്. 'ഒരു രാജ്യത്തെ ഫുട്ബോൾ വ്യവസ്ഥിതി തകരുന്നത് അഴിമതി കൊണ്ടുമാത്രമല്ല, ആ അഴിമതിക്കെതിരേ ആരും ശബ്ദിക്കാത്തതുകൊണ്ട് കൂടിയാണ്...' എന്ന് ബജാജ് തുറന്നടിക്കുന്നു.

രാജ്യത്തിന്റെ അഭിമാനം അധികൃതരുടെ ശത്രുവാകുമ്പോൾ

ലോകത്തിലെ ഏറ്റവും വലിയ യൂത്ത് ടൂർണമെന്റുകളിൽ ഇന്ത്യയുടെ കുട്ടികൾ അഭിമാനാർഹമായ വിജയം കൊയ്തത് രാജ്യം ഒന്നടങ്കം ആഘോഷിക്കേണ്ടതായിരുന്നു. പക്ഷേ, ഗോഥിയ കപ്പ് വിജയവാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് സജീവമായ ഒരു കൂട്ടം അക്കൗണ്ടുകൾ മിനർവയ്ക്കും രഞ്ജീത് ബജാജിനുമെതിരെ സംഘടിത പ്രചാരണം ആരംഭിച്ചു. ഗോഥിയ കപ്പ് 'മൂന്നാംകിട സ്‌കൂൾ ടൂർണമെന്റ്' ആണ്, യൂത്ത് വേൾഡ് കപ്പ് ഒന്നുമല്ല, ഫൈനലിൽ മിനർവ തോൽപ്പിച്ച ബ്രസീലിയൻ ടീം പണത്തിനുവേണ്ടി കളിക്കുന്ന വ്യാജ ടീമാണ് എന്നൊക്കെ. ശരി, ഫൈനലിലേക്കുള്ള വഴിയിൽ മിനർവ തോൽപ്പിച്ച ഫ്രാൻസ്, യുക്രൈൻ, ബൊളീവിയ ടീമുകളോ? ഇനി, ആ ടൂർണമെന്റിന് നിലവാരമില്ല എന്നുവെക്കുക. ഇന്ത്യയിലെ വൻകിട ക്ലബ്ബുകൾക്കും എഐഎഫ്എഫിന്റെ അക്കാദമികൾക്കും എന്തുകൊണ്ട് അവിടെ പോയി ജയിക്കാൻ കഴിയുന്നില്ല?

ഈ വിജയങ്ങളുടെ തിളക്കം കെടുത്താൻ ബജാജിനെതിരായ പഴയ വിവാദങ്ങളും കുത്തിപ്പൊക്കി. റഫറിക്കെതിരേ വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണത്തിന്റെ പേരിൽ ഒരു വർഷത്തെ വിലക്കും പത്തു ലക്ഷം രൂപ പിഴയും നേരിടേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. ബജാജിനെ തളർത്താനും മിനർവയുടെ വിജയങ്ങളുടെ മൂല്യം കുറച്ചു കാണിക്കാനും ചിലർ വ്യാജ പ്രചരണങ്ങൾ അഴിച്ചുവിടുന്നതിന് 'ന്യായമായ'കാരണമുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി അദ്ദേഹം ഇന്ത്യൻ ഫുട്ബോൾ ഭരണസംവിധാനത്തിനും അഴിമതിക്കുമെതിരെ ഉറക്കെ സംസാരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ ഗ്രാന്റുകൾ കൈപ്പറ്റിയിട്ടും ഇന്ത്യൻ ഫുട്ബോളിനു വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്തവർക്ക് സ്വന്തം പണവും അധ്വാനവും കൊണ്ട് ഒരാൾ നേടുന്ന വിജയങ്ങളെ ഉൾക്കൊള്ളുക എളുപ്പമല്ല. സ്വാഭാവികം.

2023-ൽ ഗോഥിയ കപ്പ് നേടുന്ന ആദ്യ ഇന്ത്യൻ ടീമായി മിനർവ. അതിനു തൊട്ടുമുമ്പത്തെ വർഷം, സാമ്പത്തികപ്രതിസന്ധി മൂലം കുട്ടികളെ വിദേശത്തേക്ക് അയക്കാൻ വഴിയില്ലാതിരുന്നപ്പോൾ ബജാജിന് ഭാര്യയുടെ സ്വർണ്ണാഭരണങ്ങൾ പണയം വെക്കേണ്ടി വന്നിരുന്നു. ലിവർപൂളിനെ തോൽപ്പിച്ചതിന് തൊട്ടുപിന്നാലെയും സമാനമായ ദയനീയ പശ്ചാത്തലം പുറത്തുവന്നു. ടീമിനെ യൂറോപ്പിലേക്ക് അയക്കാൻ തന്റെ ഒരേയൊരു സ്വകാര്യസ്വത്തും പണയപ്പെടുത്തേണ്ടി വന്നതായി ബജാജ് വെളിപ്പെടുത്തി. ലോകത്തിലെ ഏറ്റവും സമ്പന്നമായ അക്കാദമികൾക്കെതിരേ വലിയ വിജയങ്ങൾ നേടിയിട്ടും ഔദ്യോഗിക സാമ്പത്തിക സഹായമൊന്നും മിനർവയ്ക്ക് ലഭിച്ചില്ല.

ബജാജ് ഉയർത്തുന്ന ചോദ്യങ്ങൾ

ഇന്ത്യയിൽ ക്രിക്കറ്റിന് മികച്ച രണ്ടു ദേശീയ ടീമുകളെ ഇറക്കാനുള്ള കരുത്തുണ്ടായത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അടിത്തട്ടിൽ പണം മുടക്കിയിട്ടാണെന്ന് പറയുന്ന ബജാജ് രാജ്യത്ത് പൂർണമായും ഫുട്ബോളിന് മാത്രമുള്ള സ്റ്റേഡിയങ്ങളില്ലെന്ന പക്ഷക്കാരനാണ്. അഖിലേന്ത്യ ഫെഡറേഷനിൽ നടക്കുന്നത് വലിയ അഴിമതിയും കെടുകാര്യസ്ഥതയുമാണ്. ഭാരവാഹികൾക്ക് പന്തുകളിയെക്കാൾ പ്രധാനം സ്ഥാനമാനങ്ങളാണ്. എഐഎഫ്എഫിന്റെ തന്നെ രേഖകൾ അനുസരിച്ച് ഓഫീസിനും ഉദ്യോഗസ്ഥരുടെയും ചെലവുകൾക്കായി ഏകദേശം 57 കോടി രൂപ ഉപയോഗിച്ച വർഷം രാജ്യത്തെ കളിക്കാരെ വളർത്തിയെടുക്കാൻ ചെലവഴിച്ചത് വെറും മൂന്നുകോടി രൂപ മാത്രം- ഒരു അഭിമുഖത്തിൽ ബജാജ് പറഞ്ഞു.

ഫെഡറേഷന്റെ ജനറൽ സെക്രട്ടറി അനിൽ കുമാർ പ്രഭാകരന്റെ പ്രതിമാസ ശമ്പളം പന്ത്രണ്ടര ലക്ഷം രൂപ ആയിരുന്നപ്പോൾ ദേശീയ താരങ്ങൾക്ക് നൽകിയിരുന്നത് പ്രതിദിന ബത്ത വെറും 1500 രൂപയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദേശീയ ടീമിനെ തിരഞ്ഞെടുക്കാൻ ജ്യോത്സ്യന് 25 ലക്ഷം രൂപ നൽകിയ സംഭവം ലോക ഫുട്ബോളിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയതാണ്. ഐ ലീഗിൽ വൻ അഴിമതിയാണെന്നും ക്ലബ്ബുകൾ വർഷം തോറും 80 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടും ഫെഡറേഷനിൽനിന്ന് തിരികെ ഒന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

ലീഗുകൾ, സെലക്ഷൻ കമ്മിറ്റികൾ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എന്നിവ അഴിമതിയിലും പക്ഷപാതത്തിലും മുങ്ങിയിരിക്കുകയാണെന്നും ഇന്ത്യൻ ക്ലബ്ബുകളിൽ ഓഹരിയുള്ള അന്താരാഷ്ട്ര ബെറ്റിംഗ് സിൻഡിക്കേറ്റുകൾ സംസ്ഥാന, ദേശീയ മത്സരഫലങ്ങൾ അട്ടിമറിക്കുന്നതായും അദ്ദേഹം ആരോപിക്കുന്നു. 2017-18 കാലഘട്ടത്തിലെ ഇത്തരം സംഭവങ്ങളെ പറ്റി തെളിവുസഹിതം പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ബജാജ് പറയുന്നു. എഐഎഫ്എഫിലെ അഴിമതിക്കെതിരേ ബജാജ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയാണ് ഭാരവാഹികളെ മാറ്റുന്നതിലേക്കും ഫിഫ ഇന്ത്യയെ താത്കാലികമായി വിലക്കുന്നതിലേക്കും നയിച്ചത്.

മിനർവ മാജിക് അക്കാഡമിയും 2034 ലോകകപ്പ് ബാച്ചും

ഇന്ത്യക്കാരുടെ ശരീരപ്രകൃതിയോ കഴിവോ അല്ല, മോശം സംവിധാനമാണ് പ്രശ്നമെന്ന് വിളിച്ചു പറയുന്നു മിനർവയുടെ മഹാവിജയങ്ങൾ. ചൂട്, ദാരിദ്ര്യം, ക്രിക്കറ്റിന്റെ ആധിപത്യം, ഇന്ത്യക്കാരുടെ ശാരീരികക്ഷമതയുടെ കുറവ് തുടങ്ങി ഇന്ത്യയുടെ ഫുട്ബോൾ പിന്നാക്കാവസ്ഥയ്ക്ക് പതിറ്റാണ്ടുകളായി അധികൃതർ പറയുന്ന ന്യായങ്ങളെ ബജാജ് തള്ളിക്കളയുന്നു. പഞ്ചാബിലെ ഒരു സാധാരണ അക്കാദമിക്ക് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിയെ കുട്ടികളെ തോൽപ്പിക്കാമെങ്കിൽ 'നമ്മൾ ഇതിന് പറ്റിയവരല്ല' എന്ന വാദം തെറ്റാണെന്ന് തെളിയുന്നു.

കഴിവിലും മത്സരക്ഷമതയിലും ഉറച്ചുവിശ്വസിക്കുന്ന ബജാജ് കുട്ടികളെ ജയിക്കാനാണ് പരിശീലിപ്പിക്കുന്നത്, പങ്കെടുത്തതിനുള്ള (പാർട്ടിസിപ്പേഷൻ) സർട്ടിഫിക്കറ്റ് വാങ്ങാനല്ല. തോൽവിയെ വിജയമായി ചിത്രീകരിച്ച് സ്വയം ആശ്വസിക്കുന്ന ഭാരതീയരുടെ രീതി മാറണമെന്നും ജയിക്കാൻ പഠിക്കണമെന്നും അദ്ദേഹം വിശ്വസിക്കുന്നു. വിദേശ കളിക്കാരും വിദേശ സംവിധാനവുമാണ് മികച്ചത് എന്ന അപകർഷത മാറ്റി ഏതു ലോകോത്തര ടീമിനെയും തോൽപ്പിക്കാൻ പോന്നവരാണ് തങ്ങളെന്ന ആത്മവിശ്വാസം ഉണ്ടാക്കിയാലേ ജയിക്കാനാവൂ എന്ന് ബജാജ് പറയുന്നു. ആ രീതിയിലുള്ള പരിശീലനമാണ് മിനർവയിൽ. ലോകോത്തര പരിശീലനമാണ് കുട്ടികൾക്ക് ലഭ്യമാക്കുന്നത്. ദിവസം പലതവണ കൃത്യമായ പരിശീലനം, അന്താരാഷ്ട്ര നിലവാരമുള്ള പോഷകാഹാരം, സ്പോർട്സ് സൈക്കോളജി എന്നിങ്ങനെ.

പഞ്ചാബിലെ മൊഹാലിയിൽ പ്രവർത്തിക്കുന്ന അക്കാദമി ഇന്ത്യൻ ഫുട്ബോളിലെ 'ഫാക്ടറി'യായത് അങ്ങനെയാണ്. അവിടെനിന്നും ഇതുവരെ ഉയർന്നുവന്നത് 240-ലധികം ദേശീയ ഫുട്ബോൾ താരങ്ങളാണ്. വിദൂരഗ്രാമങ്ങൾ മുതൽ പ്രധാന നഗരങ്ങൾ വരെ, വർഷം ഒരു ലക്ഷത്തിലധികം യുവതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ട്രയൽസിൽ നിന്നാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, വിദ്യാഭ്യാസം, പോഷകാഹാരം, പ്രൊഫഷണൽ പരിശീലനം എന്നിവ പൂർണ്ണമായും സൗജന്യമാണ്.

1983-ൽ കപിൽദേവും കൂട്ടരും നേടിയ ലോകകപ്പ് ജയത്തെ 'ഫ്‌ളൂക്ക്' എന്ന് വിശേഷിപ്പിക്കുന്ന ബജാജ് കായികരംഗത്ത് ഒറ്റരാത്രി കൊണ്ട് അത്ഭുതമുണ്ടാക്കാനാവില്ലെന്ന് വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പോരാട്ടത്തിന് വ്യക്തമായ ലക്ഷ്യമുണ്ട്: 2034-ലെ ഫിഫ ലോകകപ്പ്. മിനർവ അക്കാദമി 'വേൾഡ് കപ്പ് ബാച്ച് 2034' എന്ന പേരിൽ ഒരു സമഗ്രപദ്ധതി നടത്തുകയാണ്. ലക്ഷ്യം, 2034-ലെ ലോകകപ്പിൽ ഇന്ത്യക്കായി കളിക്കാൻ ശേഷിയുള്ള ഒരു ടീമിനെ വാർത്തെടുക്കുക. 13, 15 വയസ്സിൽ താഴെയുള്ള മികച്ച കുട്ടികളെയാണ് അദ്ദേഹം 2034-ലെ ലോകകപ്പിന് തയ്യാറാക്കുന്നത്.

അറുപതുകളുടെ മധ്യം വരെ ഏഷ്യൻ വൻകരയിലെ ഫുട്ബോൾ ശക്തികളിൽ ഒന്നായിരുന്നു ഇന്ത്യ. 1951, 1962 ഏഷ്യൻ ഗെയിംസുകളിൽ സ്വർണ്ണ മെഡൽ, 1956-ലെ മെൽബൺ ഒളിമ്പിക്സിൽ നാലാം സ്ഥാനം, 1964-ലെ ഏഷ്യൻ കപ്പിൽ റണ്ണേഴ്സ് അപ്പ്. ഒരുകാലത്ത് ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളെ സ്ഥിരമായി മുട്ടുകുത്തിച്ചിരുന്ന ഇന്ത്യ 2015 ആയപ്പോഴേക്കും ഫിഫ റാങ്കിങ്ങിൽ 173-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരുന്നു. ഐഎസ്എല്ലും ഐ ലീഗുമൊന്നും രോഗചികിത്സയായില്ല.

രഞ്ജീത് ബജാജ് എന്ന ഒറ്റയാൾ പോരാളിക്ക് അർഹിക്കുന്ന പിന്തുണ നൽകാനും അദ്ദേഹം ചൂണ്ടിക്കാട്ടിയ പിഴവുകൾ പരിഹരിച്ച് ഇന്ത്യൻ ഫുട്ബോളിനെ രക്ഷിക്കാനും അധികൃതർ തയ്യാറാവുമോ?