കരയിലൂടെ ഏറ്റവും വേഗത്തില്‍ സഞ്ചരിച്ച മനുഷ്യരിലൊരാളാണ് മൈക്കല്‍ ഷുമാക്കര്‍. എത്രയോ രാജ്യങ്ങളില്‍, ഏതൊക്കെയോ ഭൂഭാഗങ്ങളിലൂടെ, എതിരാളികളെ മറികടന്ന് തീയും പുകയും പറത്തി ഷുമാക്കറുടെ കാര്‍ കുതിച്ചു. അങ്ങനെ കാറ്റുപോലെ കുതിച്ച ഒരാള്‍ വേഗവും കാലവും സമയവുമറിയാതെ കിടപ്പിലായിട്ട് ഒരു പതിറ്റാണ്ട് തികയുന്നു. പത്തുവര്‍ഷമായി കാലം അയാള്‍ക്കുചുറ്റും സ്തംഭിച്ചുനില്‍ക്കുന്നു. ഷുമാക്കറിന് ഓര്‍മയുണ്ടോ? സംസാരിക്കുന്നുണ്ടോ? എഴുന്നേറ്റുനില്‍ക്കുമോ..? അയാളുടെ ഏറ്റവുമടുത്ത കുറച്ച് ആളുകള്‍ക്കുമാത്രമേ ഉത്തരമറിയൂ.

To advertise here,

കാറോട്ടത്തില്‍ ലോകംകണ്ട ഏറ്റവും വലിയ താരങ്ങളിലൊരാളായിരുന്നു ജര്‍മന്‍കാരനായ മൈക്കല്‍ ഷുമാക്കര്‍. കാറോട്ടമത്സരത്തിലെ ഏറ്റവും ഉയര്‍ന്ന വേദിയായ ഫോര്‍മുല വണ്ണില്‍ ഏഴുവട്ടം ചാമ്പ്യനായി ചരിത്രംകുറിച്ചു. 91 ഗ്രാന്‍പ്രീകളില്‍ ഒന്നാമനായി. ബെന്‍ട്ടണ്‍, ഫെരാരി, മെഴ്‌സിഡസ് തുടങ്ങിയ ടീമുകളുടെ അഭിമാനചിഹ്നമായി. പിന്നീട് ലൂയി ഹാമില്‍ട്ടണ്‍ ഏഴു ചാമ്പ്യന്‍ഷിപ്പ് വിജയവുമായി ഷുമാക്കറുടെ റെക്കോഡിന് ഒപ്പമെത്തി. അതുപക്ഷേ, ഷുമാക്കര്‍ അറിഞ്ഞുകാണില്ല. സ്വന്തം മകന്‍ മൈക്ക് ഷുമാക്കര്‍ ഫോര്‍മുല വണ്‍ ഡ്രൈവറായതും ഒരുപക്ഷേ, അറിഞ്ഞുകാണില്ല.

placeholder
മൈക്കൽ ഷുമാക്കറും ഭാര്യ കോറിനയും (ഫയൽ ചിത്രം)

മഞ്ഞുമലയിലെ വീഴ്ച

മൈക്കല്‍ ഷുമാക്കറിന്റെ ജീവിതം മാറിമറിഞ്ഞത് 2013 ഡിസംബര്‍ 29-നാണ്. ഫ്രാന്‍സില്‍, ആല്‍പ്സ് പര്‍വതനിരയിലെ മഞ്ഞുപാളികളില്‍ സ്‌കീയിങ് നടത്തുന്നതിനിടെയുണ്ടായ അപകടം ഷുമാക്കറെ നിത്യനിശ്ശബ്ദതയിലേക്ക് തള്ളിയിട്ടു. മകന്‍ മൈക്കിനൊപ്പം പര്‍വതം ഇറങ്ങവേ നിയന്ത്രണംവിട്ടുവീണ ഷുമാക്കറുടെ തല പാറയിലിടിച്ചു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്ക് ഗുരുതരപരിക്കേറ്റു. ഹെല്‍മറ്റ് ഇല്ലായിരുന്നെങ്കില്‍ അവിടെത്തന്നെ മരിച്ചുപോയേനെ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അപകടസ്ഥലത്തുനിന്ന് വിമാനത്തിലാണ് കൊണ്ടുപോയത്. തുടര്‍ന്ന് ആറുമാസത്തോളം അബോധത്തിലായിരുന്നു. കുറേക്കാലം സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസെയ്നില്‍ വിദഗ്ധ ചികിത്സ. തുടര്‍ന്ന്, അത്യന്താധുനിക മെഡിക്കല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ വീട്ടിലേക്കുമാറ്റി.

44-ാം വയസ്സിലായിരുന്നു അപകടം. അതിനുശേഷം ഷുമാക്കറെക്കുറിച്ച് പുറംലോകം കേട്ടതിലേറെയും കഥകളായിരുന്നു. എഴുന്നേല്‍ക്കാനാകില്ലെന്നും സംസാരിക്കുന്നുണ്ടെന്നും ബോധമുണ്ടെന്നും ഇല്ലെന്നുമെല്ലാം വാര്‍ത്ത പുറത്തുവന്നു. വീട്ടുകാര്‍ അത് ഒരിക്കലും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണം എന്നുമാത്രമാണ് ഭാര്യ കോറിന പറഞ്ഞത്.

ഒരു കാര്യത്തില്‍ സ്ഥിരീകരണമുണ്ടായി, 'അപകടത്തിനുശേഷം ഷുമാക്കറുടെ ആദ്യ അഭിമുഖം' എന്ന വിശേഷണവുമായി 2023-ല്‍ പുറത്തിറങ്ങിയ ജര്‍മന്‍ മാസികയുടെ എഡിറ്ററുടെ പണിപോയി! നിര്‍മിതബുദ്ധിയുടെ സഹായത്തോടെയാണ് അഭിമുഖം തയ്യാറാക്കിയത്. ഇതിനെതിരേ ഷുമാക്കറുടെ കുടുംബം പരാതിനല്‍കിയതോടെ എഡിറ്ററെ പുറത്താക്കി.

ട്രാക്കില്‍ ഷുമാക്കറുടെ പ്രകടനം അവിസ്മരണീയമായിരുന്നു. ആ അപകടം അതിനേക്കാള്‍ അപ്രതീക്ഷിതം. പത്തുവര്‍ഷമായി തുടരുന്ന അജ്ഞാതജീവിതം സമാനതകളില്ലാത്ത അദ്ഭുതമാകുന്നു. അച്ഛന്റെ ഒരു വാക്കുകേള്‍ക്കാന്‍ ഇതുവരെ സ്വന്തമാക്കിയതെല്ലാം ത്യജിക്കാനും തയ്യാറാണെന്ന് മകന്‍ മൈക്ക് ഷുമാക്കര്‍ ഒരിക്കല്‍ പറഞ്ഞു. അതും ഒരുപക്ഷേ, ഷുമാക്കര്‍ അറിഞ്ഞിട്ടുണ്ടാകില്ല.